Biju Madathikunnel

Biju Madathikunnel This is my personal page

ഷോൾഡർ ബാഗ്എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേയ്ക്ക് വണ്ടി കാത്തുനിൽക്കുമ്പോഴാണ് സുഹൃത്തുക്കളെന്നു തോന്നിക്കുന്ന രണ്ട് വൃദ്ധ...
12/10/2025

ഷോൾഡർ ബാഗ്

എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേയ്ക്ക് വണ്ടി കാത്തുനിൽക്കുമ്പോഴാണ് സുഹൃത്തുക്കളെന്നു തോന്നിക്കുന്ന രണ്ട് വൃദ്ധർ ഒരു ടാക്സിയിൽ നിന്നും ഇറങ്ങുന്നത് കണ്ണിൽപ്പെട്ടത്. ‍ഡ്രൈവർ ഡിക്കിയിൽ നിന്നും ലഗേജെല്ലാം എടുത്തു കൊടുത്ത് കഴിഞ്ഞ് അവരിലൊരാൾ ടാക്സി ചാർജ് കൊടുത്തു കൊണ്ടിരിക്കെ എൻ്റെ ഫോൺ ശബ്ദിച്ചു. ഫോണിലൂടെ സംഭാഷണത്തിലായിരിക്കുമ്പോഴും പണം കൊടുത്ത് ലഗേജെടുക്കുന്ന വൃദ്ധൻ്റെ മുഖത്ത് കണ്ണുകളുടക്കി. വല്ലാത്ത ഒരു ദൈന്യതയും, സങ്കടവും അയാളുടെ മുഖത്തുണ്ടായിരുന്നു. ജീൻസിനകത്ത് ഷർട്ട് ഇൻസേർട്ട് ചെയ്ത് പ്രത്യക്ഷത്തിൽ കുലീനത തോന്നിക്കുമെങ്കിലും, ഷർട്ടിൻ്റെ ഏറ്റവും മുകളിലത്തെ ബട്ടൻസിനടുത്ത് നിറച്ചും കറ പറ്റിയ പാടുകൾ കണ്ടു. മുൻപേ നടന്നു തുടങ്ങിയ ആൾ മാസ്ക് ധരിച്ചിരുന്നുവെങ്കിലും, അയാളുടെ ഫ്രഞ്ചു താടിയും, കണ്ണുകളിലെ ഭാവവും ഉറച്ച സ്വഭാവത്തെ പ്രതിഫലിപ്പിച്ചു. ഫോണിന്റെ മറുതലയ്ക്കലുള്ള വ്യക്തിയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും, പതിവിനു വിപരീതമായി കണ്ണുകൾ ഈ വൃദ്ധരെ അനുഗമിച്ചു. ടാക്സി വിട്ടു കഴിഞ്ഞാണ് പണം കൊടുത്ത മനുഷ്യൻ തന്റെ ഷോൾഡർ ബാഗ് എടുക്കാൻ മറന്നു എന്നു തിരിച്ചറിയുന്നത്. മറ്റേയാളവട്ടെ ധൃതിയിൽ ഏതാനും ചുവടുകൾ വെച്ച് ഗേറ്റ് ലക്ഷ്യമാക്കി നടന്നു കഴിഞ്ഞിരുന്നു. നിമിഷാർദ്ധത്തിനുള്ളിൽ രണ്ടാമത്തെ വൃദ്ധന്റെ മനസ്സ് മേഘാവൃതമാകുന്നതും, എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായതയിൽ കൂട്ടുകാരനെ വിളിക്കാൻ ശ്രമിക്കുന്നതും കണ്ടു. മനസ്സെത്തുന്നിടത്ത് ശരീരമെത്താത്തതുകൊണ്ടാവണം, സുഹൃത്തിനെ വിളിക്കാൻ റോഡിൽ നിന്നും മുകളിലേയ്ക്ക് കയറിയ അയാൾ നിയന്ത്രണം വിട്ട് പിന്നിലേയ്ക്ക് അടി തെറ്റി വീണു. തൊട്ടടുത്തു നിന്ന രണ്ടു പേർ അയാളെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ, തനിക്കു കാര്യമായൊന്നും പറ്റിയിട്ടില്ല എന്ന് അയാൾ പറഞ്ഞു കൊണ്ടിരുന്നു. മുൻപേ പോയ സുഹൃത്ത് തിരിച്ചെത്തി, ഫോണിലേയ്ക്ക് ചൂണ്ടി ടാക്സിക്കാരനെ വിളിക്കാൻ പറയുമ്പോൾ, ഫോണിൽ നിസ്സഹായതയോടെ ടാക്സി ഡ്രൈവറുടെ നമ്പർ തിരയുന്ന അയാളുടെ മാനസികാവസ്ഥയുടെ ചൂടേറ്റ് എൻ്റെ ഉള്ള് നൊന്തു.

ഈ രണ്ടു വൃദ്ധർ സുഹൃത്തുക്കളാണോ, ബന്ധുക്കളാണോ എന്നറിയില്ല.ടാക്സി ഡ്രൈവറുടെ നമ്പർ അവർ കണ്ടെത്തുമേ എന്നും അറിയില്ല. അവരുടെ എയർ ടിക്കറ്റും പേഴ്സും ഡോക്കുമെന്റുകളും ആ ടാക്സിയിലായിപ്പോയിട്ടുണ്ടാവുമോ? എങ്കിൽ തീർച്ചയായും അവർക്ക് ഫ്ലൈറ്റ് മിസ് ചെയ്യാനുള്ള സാധ്യത ഏറെയാണ്. അയാൾക്ക് ഒരു കുടുംബമുണ്ടാവുമോ ആവോ? മക്കളുണ്ടെങ്കിൽ അവരെവിടെയായിരിക്കും? അയാളുടെ മുഖത്തെ ദൈന്യത എന്തിൻ്റെ ബാക്കി പത്രമാണ്?

വാർദ്ധക്യം അതിന്റെ നിഴലുകളുടെ നീളം കൊണ്ടെന്നെ ഭയപ്പെടുത്തി. ഫോൺ സംഭാഷണം അവസാനിപ്പിച്ച് കാറിൽ തിരിച്ച് താമസസ്ഥലത്തേയ്ക്ക് തിരിക്കുമ്പോഴും, ബാഗ് നഷ്ടപ്പെട്ട മനുഷ്യന്റെ മുഖം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.

ബിജു മഠത്തിക്കുന്നേൽ

22/07/2023
04/04/2023
പ്രണയത്തിന്റെ ജീവരസങ്ങള്‍സ്വയം പ്രകാശിപ്പിക്കുക എന്നതല്ലാതെ പ്രണയത്തിന് മറ്റൊരു തൃക്ഷ്ണയില്ല. അഥവാ ചില ആഗ്രഹങ്ങളെ എന്നിട...
14/02/2022

പ്രണയത്തിന്റെ ജീവരസങ്ങള്‍

സ്വയം പ്രകാശിപ്പിക്കുക എന്നതല്ലാതെ പ്രണയത്തിന് മറ്റൊരു തൃക്ഷ്ണയില്ല. അഥവാ ചില ആഗ്രഹങ്ങളെ എന്നിട്ടും നിലനിര്‍ത്തണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അതിങ്ങനെയാവട്ടെ;
ഒരരുവി പോലെ ഒഴുകി രാവിനോട് കിന്നാരം ചൊല്ലി ഒഴുകുക. മൃദുലമായിരിക്കുന്നതിന്റെ നൊമ്പരമറിയുക. പ്രണയത്തിന്റെ ആത്മപാഠങ്ങളില്‍ പരിക്കേല്‍ക്കുക.
അവബോധത്തോടും ആനന്ദത്തോടും ചോര പൊടിയുക.
വിരിഞ്ഞ മനസ്സോടെ പുലരിയില്‍ ഉണരുക. പ്രണയസുഗന്ധമുള്ള മറ്റൊരു ദിനത്തിന് കൃതജ്ഞത പറയുക. മധ്യാഹ്നത്തില്‍ വെറുതെയിരുന്ന് പ്രണയസമാധിയെ ധ്യാനിക്കാനും, അന്തിയില്‍ നമ്രതയൊടെ വീടണയാനും, പ്രിയമുള്ളൊരാള്‍ക്ക് ചങ്കില്‍ പ്രാര്‍ത്ഥനയും ചുണ്ടില്‍ സ്തുതിഗീതവുമായി മിഴിപൂട്ടാനും. (പ്രണയം, ഖലീല്‍ ജിബ്രാന്‍)

ഖലീല്‍ ജിബ്രാന്‍ പ്രണയത്തെക്കുറിച്ച് കുറിച്ചിട്ട ഈ വരികള്‍ മനോഹരമാണ്. പ്രണയമെന്ന മാസ്മരിക കാന്തികവലയത്തെക്കുറിച്ച് എത്ര മനോഹരമായാണ് ജിബ്രാന്‍ സംസാരിക്കുന്നത്. സ്‌നേഹമെന്ന തടിച്ച പുസ്തകത്തിലെ വര്‍ണചിത്രങ്ങളുള്ള ചെറിയ അദ്ധ്യായമാണ് പ്രണയം. ഒരു മനുഷ്യനും ആയുസ്സിന്റെ വഴികളില്‍ ഏതെങ്കിലും പ്രണയതീരങ്ങളിലടുക്കാതെ കടന്നു പോകുന്നില്ല. മനുഷ്യനായി വളര്‍ന്നു പന്തലിക്കുന്നതിനിടയില്‍ അവഗണിക്കാനാവാത്ത പ്രണയത്തിന്റെ ജീവരസങ്ങള്‍ നമ്മുടെ ചില്ലകളിലേയ്ക്ക് അറിഞ്ഞും അറിയാതെയും ഒഴുകിയെത്തുന്നുണ്ട്. ഹൃദയഹാരിയായ പ്രകൃതിക്കാഴ്ചകള്‍ പോലെ മനസ്സിന്റെ ജാലകങ്ങള്‍ക്കപ്പുറത്ത് നിറമുള്ള ഒരുപാട് കാഴ്ചകള്‍ പ്രണയം കൊണ്ട് വരുന്നുണ്ട്.
ഫെബ്രുവരി മാസത്തിന്റെ പകുതിയില്‍ ആഘോഷിച്ചിരുന്ന റോമന്‍ ഉത്സവമായ ലൂപെര്‍കാലിയ (lupercalia), വാലന്റൈന്‍സ് ഡേയ്ക്ക് അടിസ്ഥാനമായതില്‍ വസന്തമെന്ന പ്രകൃതി പ്രതിഭാസത്തിനും സ്ഥാനമുണ്ട്. ഫലദായകത്വാചാരങ്ങളുമായി (fertility rites) ബന്ധപ്പെട്ട് വസന്തകാലത്തിന്റെ ആരംഭത്തില്‍ നറുക്കുവീഴുന്ന സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചുവരുന്ന പതിവ് ലൂപെര്‍കാലിയ ഉത്സവത്തിലുണ്ടായിരുന്നു. ഗെലേഷ്യന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയാണ് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ഈ പതിവ് നിര്‍ത്തലാക്കിയത്. ലൂപെര്‍കാലിയയ്ക്ക്ു പകരം അദ്ദേഹം വിശുദ്ധ വാലന്റൈനെ ഈ ദിനത്തിലനുസ്മരിക്കാന്‍ കല്‍പ്പനയിട്ടു. പതിനാലാം നൂറ്റാണ്ടുവരെ ഇന്ന് നാം കാണുന്നതു പോലെ പ്രണയവുമായി ബന്ധപ്പെടുത്തി വലന്റൈന്‍സ് ഡേ ആഘോഷിച്ചിരുന്നില്ല. വിശുദ്ധന്മാരായ മൂന്നു വ്യത്യസ്ത വാലന്റൈന്‍മാരെ ഈ ദിനവുമായി ബന്ധിപ്പിച്ച് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, യുദ്ധത്തില്‍ നിന്ന് പുരുഷന്‍മാന്‍ ഒഴിവാക്കപ്പെടുന്നതിനായി റോമാ ചക്രവര്‍ത്തിയുടെ കല്‍പന ധിക്കരിച്ച് രഹസ്യമായി കമിതാക്കളെ വിവാഹം കഴിപ്പിച്ചിരുന്ന ഒരു 'വിശുദ്ധ വാലന്റൈ'ന്റെ കഥകളാണ് കൂടുതല്‍ പ്രചാരത്തില്‍. അങ്ങനെയാണ് ഫെബ്രുവരി 14 പ്രണയവുമായി ബന്ധപ്പെട്ട ദിനമായി പരിണമിക്കുന്നത്.

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും പോലെ ഉടല്‍ പുഷ്പിക്കുന്ന ഒരു കാലം മനുഷ്യനുമുണ്ട്. ശരീരത്തിന്റെ വസന്തകാലം. അവിടെ നിന്നാണ് ശരീരഗന്ധിയായ സ്‌നേഹത്തിന്റെ സൂക്ഷതലങ്ങളറിയാന്‍ നമ്മളാരംഭിക്കുന്നത്. ഉടല്‍ ഒരാളെ പ്രലോഭിപ്പിക്കാനാരംഭിക്കുന്നു. ജീവനേകുക എന്ന പ്രകൃതിയുടെ ഏറ്റം രഹസ്യാത്മകമായ നിയോഗത്തിലേയക്ക് മനുഷ്യന്റെ ഉടലുണരുന്നു. മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യരെ വ്യത്യസ്തനാക്കി നിര്‍ത്തുന്ന, മനസ്സും, സ്‌നേഹിക്കുവാനുള്ള കഴിവും, വൈകാരികതയുടെ വിഹായസ്സുകളിലൂടെ അവരെ കൊണ്ടുപോകുന്നു. സ്വയം കണ്ടെത്താനും ബന്ധങ്ങളുടെ അടരുകള്‍ പരിശോധിക്കുവാനും ആരംഭിക്കുന്ന ഒരു കാലംകൂടിയാണ് ഇവിടെ തെളിയുന്നത്. ഇണചേരാനുള്ള സ്വാഭാവികവാസനകളുടെ ചാരുതയ്ക്ക് സ്‌നേഹത്തിന്റെ ചിറകുകള്‍ ലഭിക്കുമ്പോഴാണ് അനുരാഗത്തിന്റെ വഴികളിലൂടെ ഒരാള്‍ സഞ്ചരിച്ചു തുടങ്ങുക. എന്നിരുന്നാലും പ്രണയം യൗവനത്തിന്റെ മാത്രം ഭാവമല്ല. അസാധാരണമായ സ്‌നേഹത്തിന്റെ സൂക്ഷ്മഭാവങ്ങളെ വിരിയാക്കാനുള്ള മാന്ത്രികത അതിനുണ്ട്. ശരീരത്തിനും ഭൗതികതയ്ക്കുമപ്പുറത്തേയ്ക്ക് വളരാന്‍ അതിനു കഴിയും.

പ്രണയം തീര്‍ച്ചയായും പരിക്കേല്‍പ്പിക്കുന്നതാണ്. സ്‌നേഹത്താന്‍ മുറിയപ്പെടുന്നില്ലെങ്കില്‍ ജീവിതത്തില്‍ ആരും സ്ഫുടം ചെയ്‌തെടുക്കപ്പെടുന്നില്ല. അഹംബോധത്തിനുപ്പുറത്ത് അപരബോധത്തിലേയ്ക്കും ആ്തമബോധത്തിലേയ്ക്കും സ്‌നേഹം നമ്മെ നയിക്കണം. ഇന്ദ്രിയങ്ങളുടെ ജാലകങ്ങള്‍ തുറന്ന് നില്‍ക്കുന്ന നമ്മുടെ മുമ്പില്‍ നമ്മെ ആകര്‍ഷിച്ച് ഒരുപാട് മനുഷ്യര്‍ കടന്നുവരും. ലിംഗബോധത്തില്‍ നിന്ന് വിസ്മയം നിറഞ്ഞ മിഴികളോടെ നോക്കുമ്പോള്‍ പരസ്പരപൂരകമായ വ്യക്തിത്വങ്ങളുടെ ഭംഗി നമ്മെ വിസ്മയിപ്പിക്കുകയും ചില ഇഷ്ടങ്ങള്‍ മനസ്സിനെ തരളിതമാക്കുകയും ചെയ്യും. അങ്ങനെയാണ് അനുരാഗത്തിന്റെ കടവില്‍ നിന്ന് തീര്‍ച്ചയില്ലാത്ത യാത്രയ്ക്കായി നാം തോണിയിറക്കുന്നത്. സ്‌നേഹത്തിന്റെ ഒരുപാട് കാണാക്കാഴ്ചകളാണ് പ്രണയം സമ്മാനിക്കുന്നത്. അത് അനിശ്ചതത്വങ്ങളിലൂടെയും നൊമ്പരങ്ങളിലൂടെയും ഉള്ള ഒരു യാത്രയാണ്. ഒരു ഒരു വ്യക്തി മറ്റൊരു വ്യക്തിയെ പ്രകാശിപ്പിക്കുന്ന സ്‌നേഹത്തിന്റെ ആരാധനയാണ് പ്രണയം. ശരീരത്തില്‍ തുടങ്ങി ആത്മാവിലവസാനിക്കേണ്ട തിരിച്ചറിവുകളുടെ ആഘോഷമാണത്. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേയ്ക്ക് വലിച്ചു കെട്ടിയ നൂല്‍പ്പാലങ്ങളിലൂടെ സാഹസികമായ തന്നെ പ്രണയിനികള്‍ നടക്കുന്നു. അന്തരാത്മാവിലെവിടെയോ തനിക്കില്ലാത്ത ഒരു മറുപാതിയെ അന്വേഷിക്കുന്നു.

കൗമാരത്തിലാണ് ഒരാളുടെ ലിംഗബോധത്തിലൂന്നിയ തനിമ തെളിഞ്ഞു തുടങ്ങുന്നത്. കുട്ടി എന്ന ലേബലില്‍ നിന്ന് പുരുഷനായും സ്ത്രീയായും മാറുന്ന, ആശയക്കുഴപ്പങ്ങളുടെയും, പുഷ്പിക്കലിന്റെയും കാലം. പുതിയ ജാലകങ്ങളൊക്കെത്തുറന്ന് പുതിയ വായുവിനെ ഉള്ളില്‍ സ്വീകരിക്കുകയും പുതിയ കാഴ്ചകള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു ഇക്കാലത്ത്. ഇണയെത്തേടുന്നതും പ്രണയിക്കുന്നതും വിലക്കപ്പെട്ടിരുന്ന സംസ്‌കാരം അന്യമായിക്കൊണ്ടിരിക്കുകയാണെങ്കിലും ഇന്നും പൊതുചിന്താധാരയില്‍ പ്രണയം ശരിയായി അംഗീകരിക്കപ്പെടുകയും സംസാരിക്കപ്പെടുകയും പ്രോത്സാഹിക്കപ്പെടുകയും ചെയ്യുന്നില്ല. അതിനുള്ള മാനസിക പക്വത അധികം മലയാളികള്‍ക്കും ഇല്ലെന്നു തോന്നാറുണ്ട്. മതങ്ങള്‍ പൊതുവെ പ്രണയത്തിനെതിരായിരുന്നു എന്നതും ഇതിനൊരു കാരണമായിരിക്കാം. ബൈബിളിന്റെ ആദ്യപുസ്തകം മുതല്‍ അനുരാഗം ആഘോഷിക്കപ്പെടുമ്പോള്‍ വേലിക്കെട്ടുകള്‍ കൊണ്ട് അതിനെ പ്രതിരോധിക്കുയായിരുന്നില്ലേ നാം? സ്വാതന്ത്ര്യം ജീവിക്കാനും ആസ്വദിക്കാനും കഴിവില്ലാത്ത ഒരു ജനതയായി ഭയത്തിന്റെ തേരില്‍ യാത്രചെയ്യുന്നവരല്ലേ നാം? കപടമായ സദാചാരബോധവും സ്വാതന്ത്ര്യം നല്‍കാത്ത ഉടമസ്ഥതാബോധവും (possessiveness) അപക്വമായ സാമൂഹിക ബോധമാണ് എന്നും സൃഷ്ടിക്കുക. രണ്ട് കമിതാക്കളെ കാണുമ്പോള്‍ ഉള്ളില്‍ സന്തോഷം തോന്നേണ്ടതിനു പകരം മനസ്സ് കലുഷിതമാക്കുന്നവര്‍ക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. മറ്റുള്ളവരുടെ സന്തോഷവും സ്വാതന്ത്ര്യവും കൃതജ്ഞതയോടെ നോക്കിക്കാണാന്‍ നാം പഠിക്കുകയും എല്ലാവരേയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രണയം എപ്പോഴും തിരസ്‌കരിക്കപ്പെടാനുള്ള ഒരു സാധ്യതയുണ്ട്. കാരണം ഒരാളോടുള്ള ഇഷ്ടം തിരിച്ചു സംഭവിക്കണമെന്നില്ല. നിരാകരിക്കപ്പെടുന്ന പ്രണയാഭ്യര്‍ത്ഥന ഹിംസാത്മകമാകാതിരിക്കണമെങ്കില്‍ അത് മനസ്സിലാക്കാനുള്ള വൈകാരിക പക്വത പ്രണയത്തിലേര്‍പ്പെടാനാഗ്രഹിക്കുന്നവര്‍ക്കുണ്ടാകണം. സ്‌നേഹം പിടിച്ചുവാങ്ങിക്കേണ്ടതോ, പ്രലോഭിപ്പിച്ചു വാങ്ങിക്കേണ്ടതോ അല്ല. അതിനു സ്വാഭാവികമായ ഒരു ഭംഗി വേണം. ഒരു പൂവു വിടരുന്നതുപോലെയും കാറ്റുവീശുന്നതുപോലെയും നിര്‍മലവും സ്വച്ഛവുമാകണം. നാം സ്‌നേഹിക്കുന്നതല്ലാം നമുക്കു സ്വന്തമാക്കാനാവില്ല. നാം സ്‌നേഹിക്കുന്നവരെയെല്ലാം സ്വന്തമാക്കാനുമാവില്ല. എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നില്ല എന്ന മാനുഷികചുറ്റുപാടിനെ ശാന്തമായി നാം അംഗീകരിക്കേണ്ടതുണ്ട്. ആകര്‍ഷണത്തിലും ആരാധനയിലുമാവാം ചില പ്രണയങ്ങളാരംഭിക്കുന്നത്. അതിലെല്ലാം ഒരുതരം മാന്ത്രികതയുമുണ്ട്. പക്ഷേ നമ്മിലേയ്ക്കു തിരിയാത്ത മനസ്സിനെ പ്രതി തലപുകയ്ക്കാതെ നമുക്കു നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയണം. ചില പ്രണയങ്ങള്‍ സൗഹൃദങ്ങള്‍ വഴിമാറി സംഭവിക്കുന്നതാണ്. പക്വമായ ഒരു ബന്ധമായി വികസിച്ച് അതു പലപ്പോഴും വിവാഹത്തിനും കുടുംബജീവിതത്തിനും കാരണമാകാം. ദീര്‍ഘനാള്‍ പ്രണയിച്ചു വിവാഹം കഴിച്ച്, അധികനാള്‍ കഴിയുന്നതിനു മുമ്പ് വേര്‍പിരിഞ്ഞ ചില വ്യക്തികളെ കാണാനിടയായിട്ടുണ്ട്. പ്രണയിക്കുമ്പോള്‍ ഒരാള്‍ തന്റെ സ്വഭാവത്തിന്റെ ഏറ്റവും നല്ല മുഖം മറ്റേയാളെ കാണിക്കുകയും വിവാഹത്തിനു ശേഷം തനി സ്വഭാവം കാണിക്കുകയും ചെയ്യുന്നതുകൊണ്ടാവാം ഇത്. വിവാഹത്തിനു മുമ്പ് പ്രണയത്തില്‍ സൗഹൃദത്തിനു പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ ഡേറ്റിംഗ് പോലെയല്ലെങ്കിലും പരസ്പരം മനസ്സിലാക്കി വിവാഹത്തിലേയ്ക്കു പ്രവേശിക്കേണ്ടത് പ്രധാനപ്പെട്ടതാണ്.

പ്രണയത്തെക്കുറിച്ചുള്ള പൊതുബോധ നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ശരീരവും അതിന്റെ ആസക്തികളും ഹിംസയും കുത്തി നിറച്ച സിനിമകള്‍ ചെറുപ്പം മുതലേ കണ്ടു ശീലിക്കുന്ന യുവത അബോധത്തിലെങ്കിലും അതേവികാരങ്ങളെ സ്വായത്തമാക്കുകയും പുറത്തെടുക്കുകയും ചെയ്യും. നമുക്കു ചുറ്റും എത്രയോ അനുഭവങ്ങള്‍! ഇതില്‍ പലപ്പോഴും ഇരയാകുന്നതോ സ്ത്രീകളും! പുരുഷമേധാവിത്വത്തിന്റെ പാര്‍ശ്വഫലമായി പ്രണയവും ചിലപ്പോള്‍ പുഴുക്കുത്തുകളുള്ളതായി മാറുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യത്തെ പൗരുഷം കൊണ്ട് കീഴ്‌പ്പെടുത്തുന്നത് ഹീറോയിസം ആയി കരുതുന്ന കുറെപ്പേരെയെങ്കിലും കാണാനാവും. അത്തരം സിനിമകളും കുറവല്ല. ഇനിയും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് സ്ത്രീകളെ ഓര്‍ക്കുന്നു. നമ്മുടെ സംസ്‌കാരം പക്വമാകട്ടെ എന്നു പ്രത്യാശിക്കുന്നു. സ്ത്രീകള്‍ ഉണരുന്ന കാലമാണിത്. സ്‌ത്രൈണതയുടെ ബലവും സുഗന്ധവും ഇനിയുള്ള കാലങ്ങളെ കൂടുതല്‍ ഭംഗിയുള്ളതാക്കും. ഹിംസകള്‍ക്ക് ഇരകളാകാതെ ബലമുള്ള അമ്മമാരും ഭാര്യമാരും സഹോദരിമാരും പ്രണയിനികളും പുത്രിമാരും സുഹൃത്തുക്കളുമായി സ്ത്രീകളുണരുന്ന ഒരു സംസ്‌കാരത്തിലെ പ്രണയത്തിന് സുഗന്ധമുണ്ടാവൂ.

പ്രണയത്തിലും വിവാഹത്തിലും ലൈംഗികതയെ അമിതപ്രാധാന്യത്തോടെ കണ്ടാല്‍ ക്രമേണ ജീവിതത്തില്‍ കല്ലുകടികളുണ്ടാവും. ഒരാളുടെ ലൈംഗികത അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. പക്ഷേ ലൈംഗികതയെക്കഴിഞ്ഞും വലുതാണ് ഒരാളുടെ തനിമ. ലൈംഗികതയുടെ നിറമുള്ള കണ്ണടകളില്ലാതെ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്കു നോക്കാന്‍ ഒരാളുടെ ഉള്ളം പാകപ്പെടുമ്പോഴാണ് യഥാര്‍ത്ഥ ആത്മസ്വാതന്ത്ര്യം അയാള്‍ക്ക് കൈവരുന്നത്. സ്ത്രീയാവുക പുരുഷനാവുക എന്നതിലും വലുതാണ് മനുഷ്യനാവുക എന്നത്. സ്വന്തമാക്കാതെയും ഒരാള്‍ക്കു പ്രണയിക്കാനാവും. ഒരു പുഷ്പം ഇറുത്തു മേശപ്പുറത്തു വെയ്ക്കുന്നതിലും സന്തോഷം പൂക്കളെ കണ്ട് അവയുടെ സൗന്ദര്യം അകലെ നിന്നാസ്വദിച്ച് കടന്നുപോകുന്നതിലുണ്ടാവുമ്പോള്‍ നമ്മുടെ ഉളളില്‍ സ്‌നേഹം നിര്‍മലമായി എന്നര്‍ത്ഥം. സ്‌നേഹത്തിനു ചിറകു വരുന്നതപ്പോഴാണ്. പരസ്പരബഹുമാനത്തോടെ സൗന്ദര്യാത്മകദൂരം പാലിച്ച് സ്‌നേഹത്തില്‍ യാത്ര ചെയ്യാന്‍ കഴിയുക എന്നതിലും സുന്ദരമായെന്തുണ്ട്?
ജിബ്രാന്റെ വരികള്‍ വീണ്ടും കടമെടുക്കട്ടെ!

നിങ്ങള്‍ ഒരുമിച്ചു മൊട്ടിട്ടു, നിതാന്തം അങ്ങനെ തന്നെയായിരിക്കും. മരണത്തിന്റെ തൂവെള്ള ചിറകുകള്‍ നിങ്ങളുടെ പ്രാണനെ ചിതറിക്കുമ്പോഴും അങ്ങനെ തന്നെ, എന്തിന് ദൈവത്തിന്റെ നിശ്ശബ്ദ സ്മൃതിയിലും നിങ്ങള്‍ ഒരുമിച്ചായിരിക്കും.
എന്നിട്ട്ും നിങ്ങള്‍ക്കിടയില്‍ ചില അകലങ്ങളുണ്ടാവട്ടെ. അതിനിടയില്‍ സ്വര്‍ഗ്ഗീയമായ ഒരു തെന്നല്‍ വീശട്ടെ. സ്‌നേഹിക്കുക ഉടമ്പടികളില്ലാതെ. രണ്ട് ആത്മാക്കളുടെ കരകള്‍ക്കിടയില്‍ തിരയിളകുന്ന ഒരു കടലുള്ളതുപോലെ. (പരിണയം, ഖലീല്‍ ജിബ്രാന്‍)

ബിജു മഠത്തിക്കുന്നേല്‍ സി. എസ്. എസ്. ആര്

29/08/2021

വിമർശനങ്ങൾ നമുക്ക് ആവശ്യമാണ്. വളരണമെങ്കിൽ വിമർശനങ്ങൾ കൂടിയേതീരൂ. വ്യക്തികളായാലും പ്രസ്‌ഥാനങ്ങളായാലും, വിമർശനങ്ങളെ സ്വീകരിക്കാനോ അംഗീകരിക്കാനോ കഴിയാത്തവർക്ക് വളർച്ച ഉണ്ടാവില്ല. എന്ന് മാത്രമല്ല നശിച്ചുപോകാനും സാധ്യതകളുണ്ട്. വിമർശനങ്ങളെ തീർച്ചയായും തുറന്ന മനസ്സോടെ സ്വീകരിക്കേണ്ടതാണ്. എന്നാൽ എല്ലാ വിമർശനങ്ങളെയും ഒരുപോലെ സ്വീകരിക്കേണ്ടതുണ്ടോ? ഇല്ല എന്നാണ് ഉത്തരം. രണ്ടു തരത്തിലുള്ള വിമർശനങ്ങൾ ഉണ്ട്.

1 constructive criticism
2 destructive criticism

Constructive criticism ന്റെ ഉദ്ദേശ്യം വിമർശിക്കപ്പെടുന്ന വ്യക്തിയുടെ, അല്ലെങ്കിൽ സംവിധാനത്തിന്റെ നന്മ മാത്രമായിരിക്കും.

വിമർശിക്കുന്നത് പ്രവൃത്തിയെ ആയിരിക്കും അത്‌ ചെയ്ത വ്യക്തിയെക്കാൾ.

Constructive ആയി വിമർശിക്കുന്നവർക്ക് ഒന്നിന്റെ positives ഉം negtives ഉം കാണാൻ കഴിയും. അവിടെ പരിഹാസവും അവഹേളനവും കാണില്ല. മറിച്ച് മുറിപ്പെടുത്താത്ത ഭാഷ ആയിരിക്കും.

Destructive criticism ആകട്ടെ നേരെ മറിച്ച്, തകർച്ചയോ നാശമോ അവഹേളനമോ ഉദ്ദേശിച്ചുള്ളതായിരിക്കും.
അത് പുറപ്പെടുന്നത് വിമർശിക്കുന്നവരുടെ ഉള്ളിൽ അടിഞ്ഞു കൂടിയിരിക്കുന്ന frustrations, വെറുപ്പ്, agression, അസൂയ, അമർഷം എന്നിങ്ങനെ പല കാരണങ്ങളിൽ നിന്നാകാം. അവരുടെ ഭാഷ കൂടുതൽ നെഗറ്റീവ് ആയിരിക്കും. പലപ്പോഴും പരിഹാസത്തിന്റേതായിരിക്കും. പരിഹാസം കൂടുതൽ ആയുധമായി ഉപയോഗിക്കുന്നവരുടെയുള്ളിൽ, hidden agression നും insecurity യുമാണ് ഉണ്ടാവുക. (ഇടയ്ക്കൊക്കെ ചെറുതായി ട്രോളുന്നതിനെയോ തമാശകൾ പറയുന്നതിനെയോ അല്ല ഉദ്ദേശിച്ചത്, മറിച്ച് എപ്പോഴും harsh ആയ പരിഹാസം ആയുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്).

Destructive criticisms നടത്തുന്നവർക്ക് നൻമയുടെ വശം കാണാൻ ബുദ്ധിമുട്ടാണ്. ഇനി കണ്ടാലും അതിനെ ഉൾക്കൊള്ളാനും appreciate ചെയ്യാനും വളരെ ബുദ്ധിമുട്ടായിരിക്കും. മിക്കപ്പോഴും അന്ധമായ വെറുപ്പിൽ നിന്നോ ഇഷ്ടമില്ലായ്മയിൽ നിന്നോ ഒക്കെ വരുന്നതായത് കൊണ്ട് എപ്പോഴും എന്തെങ്കിലും negatives കണ്ടു പിടിക്കാൻ ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇക്കൂട്ടർ തിരിച്ചുള്ള വിമർശനങ്ങളെ സ്വീകരിക്കാൻ കൂട്ടാക്കുകയോ തിരുത്തലുകളെ അംഗീകരിക്കുകയോ ഇല്ല.

ഈ രണ്ട് തരത്തിലുള്ള വിമർശനങ്ങളും ഉളവാക്കുന്ന ഫലവും രണ്ട് തരത്തിലുള്ളതാണ്. Constructive criticism ഉൾക്കാഴ്ച്ചകളിലേയ്ക്കും, തിരിച്ചറിവുകളിലേയ്ക്കും തിരുത്തലുകളിലേയ്ക്കും നയിക്കുമ്പോൾ destructive criticism വേദനയും, അപമാനവും, വിദ്വേഷവും, നിരുത്സാഹവും ഉളവാക്കുന്നു.

നിരന്തരമായി destructive criticism നടത്തിക്കൊണ്ടിരിക്കുന്നവരുണ്ട്. വീട്ടിൽ ആയാലും നാട്ടിൽ ആയാലും സമൂഹ മാധ്യമങ്ങളിൽ ആയാലും.
എപ്പോഴും പരാതിയും കുറ്റവും കുറവും പരിഹാസവും മാത്രം പറയുന്നവർ. ഇവരുടെ വാക്കുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ നാട്ടിലും സമൂഹ മാധ്യമങ്ങളിലും ഒക്കെയുണ്ടാകും. എപ്പോഴും കുറ്റവും കുറവും മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നതും ഇതേ മാനസ്സികാവസ്‌ഥ തന്നെയാണ്.

ഇത്രയും എഴുതിയത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില കാര്യങ്ങൾ കണ്ട് വിഷമം തോന്നിയത് കൊണ്ടാ ണ്. നിരന്തരമായി പരിഹസിക്കുകയും എപ്പോഴും കുറ്റം പറയുകയും ചെയ്യുന്ന ചില ഗ്രൂപ്പ് ആളുകളാണ് സാധാരണക്കാരുടെ പ്രതികരണങ്ങളെ രൂക്ഷമാക്കിയത്. ഒരിക്കലും തങ്ങളെ കേൾക്കാൻ തയ്യാറല്ലാത്ത, feelings നെ validate ചെയ്യാനോ respect ചെയ്യാനോ തയ്യാറാകാത്ത, എന്നാ ൽ കുറ്റം പറയാനും പരിഹസിക്കാനും മുൻപിൽ നിൽക്കുന്ന ഒരു കൂട്ടം ആളുകളോടും അവരുടെ മനോഭാവങ്ങളോടുമുള്ള പ്രതികരണം. വ്യക്തിഹത്യകളിലേക്ക് നയിക്കുന്ന പ്രതികരണങ്ങളോട് ഒരിക്കലും യോജിക്കുന്നില്ല. പക്ഷെ പരിഹാസം മുഖമുദ്രയാക്കിയവർ കുത്തിയിളക്കിയിട്ടാണ് അത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നതെങ്കിൽ പിന്നെ ഇരവാദം നടത്തിയിട്ട് കാര്യവുമില്ല.

മിക്കവാറും ഈ destructive criticism നടത്തുന്നവർ അവരുടെ പൂർവ്വ കാല ങ്ങളിൽ ഇത്തരത്തിലുള്ള emotinal abuse നോ, bullying നോ ഒക്കെ വിധേയരായവർ ആയിരിക്കാം. വീട്ടിൽ നിന്നോ community യിൽ നിന്നോ ഒക്കെ നിരന്തരം negative criticism മാത്രം കേട്ട് negative ആയവരാകാം. Discriminate ചെയ്യപ്പെടുകയോ, ഒറ്റപ്പെടുകയോ ചെയ്ത തങ്ങളുടെ മനസ്സിലുള്ള വേദനയും വെറുപ്പുമൊക്കെ അറിഞ്ഞും അറിയാതെയും ഇത്തരത്തിൽ പ്രകാടിപ്പിക്കുന്നതാകാം ഉദാഹരണത്തിന് മാതാപിതാക്കളോടോ teachers നോടൊ ഉള്ള ദേഷ്യം പിന്നീട് ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ അധികാരികളോടും, community ലെ അധികാരികളോടുള്ള അമർഷം സമൂഹത്തിൽ എല്ലാത്തരത്തിലുള്ള അധികാരികളോടും ഒക്കെ പ്രകടിപ്പിച്ചേക്കാം displace ചെയ്തേക്കാം.

ചില നിരന്തര വിമർശനങ്ങളും അവഹേളനങ്ങളും Narcissistic personaality യുടെ ഭാഗവും ആകാം. മറ്റുള്ളവരൊക്കെ തന്നെക്കാൾ എല്ലാത്തരത്തിലും മോശപ്പെട്ടവരാണെന്ന് വരുത്തി തീർക്കാനും തെളിയിക്കാനും ഇവർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും. തിരിച്ചു ചെറുതായൊരു വിമർശനം വന്നാൽ upset ആവുകയും agressive ആവുകയും ചെയ്യും.

ചുരുക്കത്തിൽ പറഞ്ഞു വന്നത് ഇതാണ്. വിമർശനങ്ങൾ നടത്തുമ്പോഴും സ്വീകരിക്കുമ്പോഴും പിന്തുണയ്ക്കുമ്പോഴും ചിന്തിക്കണം. അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം, അതുളവാക്കാൻ പോകുന്ന ഫലം, പറയുന്ന രീതി.

വ്യക്തികളിലോ സംവിധാനത്തിലോ കുറ്റവും കുറവുകളും മാത്രമേ കാണാൻ പറ്റുന്നുള്ളുവെങ്കിൽ It's high time for you to turn to yourself.

ഇരട്ട പേരിടുന്നതും, മുൻ വിധികളോടെ അടച്ചാക്ഷേപിക്കുന്നതും അല്ല തിരുത്താനുള്ള വഴികൾ. അത്‌ provoke ചെയ്യാനും agresssive ആക്കാനുമാണ് ഉപകരിക്കുക. പരിഹാസത്തിന്റെ പീഠങ്ങളിൽ നിന്ന് താഴെയിറങ്ങി സഹാനുഭൂതിയോടെ ഒന്ന് കേട്ട് തുടങ്ങിക്കേ... തിരുത്തലുകൾ സംഭവിക്കുന്നത് കാണാം.

നെഗറ്റീവ് മാത്രം പറയാനും എഴുതാനുമായി ജീവിക്കുന്നവരോട് സഹതപിക്കാം. അതേ സമയം അവർ ഉണ്ടാക്കാൻ ഇടയുള്ള ഭിന്നതകളെക്കുറിച്ച് ജാഗരൂകരുമാകാം.

Nisha Jose
Director
Vathil Foundation, Kottayam

Address

Kaladi

Alerts

Be the first to know and let us send you an email when Biju Madathikunnel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share