29/12/2025
വിശാഖഷഷ്ഠി
പാതായ ദേഹി ഭുവി മാതാവു
തന്നുദരപാതാളദുര്‍ഗ്ഗതി കലര്‍-
ന്നേതാദൃശ വ്യഥകളോതാന്‍ പ്രയാസതു
നീ താനറിഞ്ഞു മനമേ!!
പ്രേതാധി മേലിലിനിയേതാണഹോ
ദിവസമേതാള്‍ക്കുമിന്നിതിലഹോ
ഭൂതാധിപന്‍ പളനിപൂതാലയന്‍
കരുണ നേതാവിതിന്‍ സുഗതയേ.
സര്‍വ്വേശ്വരാ, ഈ ദേഹം മണ്ണില്‍ പതിക്കുന്നതിന് അമ്മയുടെ ഉദരമാകുന്ന പാതാളത്തില്‍നിന്നും പുറപ്പെട്ടമ്പോള്‍ തന്നെ വിധിച്ചിട്ടുള്ളതാകുന്നു. ഈ സംസാരസാഗരത്തിലെ അനുഭവ മണ്ഡലത്തില്‍ ഇപ്രകാരമുള്ള എത്രയോ ദുഃഖദുരിതങ്ങള്‍ വന്നുഭവിച്ചു. അതെല്ലാം അല്ലയോ, മനസ്സേ പറഞ്ഞറിയിക്കാന്‍ എനിക്ക് ആവതില്ല. എന്നാകിലും എല്ലാം നീ അറിയുന്നു വരുംകാലങ്ങളില്‍ വന്നുഭവിക്കാന്‍ പോകുന്ന മാരകമായ ആധിവ്യാധികള്‍ എന്നാണ്, ഏതാണ്, എന്നിലേക്ക് എത്തുന്നത്. ഇല്ല, ആ ദിവസം എപ്പോഴാണ് വന്നണയുന്നത് എന്ന് പോലും ആരുമറിയുന്നില്ല. എല്ലാമറിയുന്നവന്‍ സര്‍വ്വഭൂതങ്ങളുടെയും അധിപനായി പളനീപുരം ആലയമാക്കിയിട്ടുള്ള കാരുണ്യവാരിധിയായിട്ടുള്ള ശ്രീഷണ്‍മുഖാ, നീ മാത്രമാണ് ഞങ്ങള്‍ക്കു നേര്‍വഴി.