11/04/2021
ഈശോയുടെ ദൈവത്വ പ്രഖ്യാപനത്തിന്റെ പുണ്യസ്മരണ ഉണർത്തുന്ന പുതുഞായർ തിരുനാൾ.
ഉയിർപ്പ് തിരുന്നാളിന് ശേഷം വരുന്ന ഞായറാഴ്ച പുരാതന കാലം മുതലേ നസ്രാണികൾക്ക് പുതുഞായറാണ്. തോമാശ്ലീഹാ വിഖ്യാതമായ "എന്റെ കർത്താവും എന്റെ ദൈവവും" എന്ന വിശ്വാസപ്രഖ്യാപനം നടത്തുന്നതിന്റെയും ഓർമയാചരിക്കുന്ന ദിവസം. സുവിശേഷങ്ങളിൽ നാം കണ്ടുമുട്ടുന്ന വിശ്വാസ പ്രഖ്യാപനങ്ങളിൽ ഏറ്റവും അഴമുള്ളതും ശക്തമായതും തോമാശ്ലീഹായുടെ ഈ വിശ്വാസപ്രഖ്യാപനമാണ്. ഈശോയെ ദൈവമായി ഏറ്റു പറയുന്ന ആദ്യത്തെ വിശ്വാസ പ്രഖ്യാപനം. അതുകൊണ്ട് പുതുഞായർ ഈശോയുടെ ദൈവത്വം അനുസ്മരിക്കുന്ന ദിവസം കൂടിയാണ്. മലയാറ്റൂർ പോലുള്ള മാർത്തോമൻ തീർത്ഥാടന കേന്ദ്രങ്ങളിൽ അത്യാഘോഷപൂർവം കൊണ്ടാടുന്ന തിരുന്നാൾ. നസ്രാണികളുടെ എല്ലാ ദേവാലയങ്ങളിലും ആഘോഷിക്കപ്പെടുന്ന തിരുന്നാൾ. വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർതോമാശ്ലീഹായുടെ മിശിഹാനുഭാവത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും അനുസ്മരണമായ പുതുഞായർ നസ്രാണികൾക്ക് പിതൃസ്മരണയുടെ ദിനവുമാണ്.
ലത്തീൻ സഭ പുനരുദ്ധരിച്ചതും സിറോ മലബാറിലെ ലത്തീനീകരണ വാദികൾ അവഗണിച്ചതുമായ ആദിമ സഭയുടെ പുണ്യപൈതൃകമായ ഈസ്റ്റർ ജാഗരണത്തോടനുബന്ധിച്ചുള്ള മാമ്മോദീസ ക്രമത്തിൽനിന്നാണ് പുതുഞായർ എന്ന പേരിന്റെ ഉത്ഭവം. പുതുതായി മാമോദീസാ സ്വീകരിച്ച വിശ്വാസികൾ അതിനുശേഷം ആദ്യമായി കുർബാനക്ക് പള്ളിയിൽ വരുന്ന ഞായറാഴ്ച എന്ന അർത്ഥത്തിലാണ് ഈ ഞായർ പുതുഞായർ എന്ന് വിളിക്കപ്പെട്ടത്. തോമാശ്ലീഹായിൽ നിന്ന് ലഭിച്ചതും തലമുറകളിലൂടെ കൈമാറി വന്നതുമായ വിശ്വാസാനുഭവത്തിലേക്ക് മാമ്മോദീസയിലൂടെ ഒരു വ്യക്തി ചേർക്കപ്പെടുന്നു എന്നാണ് പുതുഞായർ ആചരണത്തിന്റെ അർഥം.
നിർഭാഗ്യമെന്നു പറയട്ടെ, ജോൺ പോൾ മാർപാപ്പ 2000 -ആം ആണ്ടിൽ ലത്തീൻ സഭക്ക് വേണ്ടി ഈസ്റ്റർ കഴിഞ്ഞ് വരുന്ന ഞായറാഴ്ച വിശുദ്ധ ഫൗസ്റ്റീന കൊവാൽസ്കായുടെ മൗതീകാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ദൈവകരുണയുടെ തിരുന്നാളായി പ്രഖ്യാപിച്ചു. കേട്ട പാതി, കേൾക്കാത്ത പാതി സ്വന്തം സഭയെക്കുറിച്ച് തികഞ്ഞ അജ്ഞരായ നസ്രാണി പുരോഹിതർ രൂപക്കൂടും പണിത് ഓടി, തോമാശ്ലീഹായെ ചവിട്ടു പുറത്താക്കി വിശുദ്ധ ഫൗസ്റ്റീനയെ സ്ഥാപിക്കാൻ. പിതൃഹത്യ, അല്ലാതെന്ത് പറയാൻ. നൂറ്റാണ്ടുകളുടെയും തലമുറകളുടെ പാരമ്പര്യമുള്ള, സ്വന്തം സഭാ സ്ഥാപകന്റെ തിരുന്നാൾ 19 വര്ഷം പഴക്കമുള്ള ഒരു ലത്തീൻ തിരുന്നാളിനുവേണ്ടി ഒഴിവാക്കാനുള്ള ആ "ആഗോളകത്തോലിക്കാ വിശാല മനസ്സ്" ആരും കാണാതെ പോകരുത്. എല്ലാ സഭകളുടെയും പൊതു പൈതൃകമായ ഈസ്റ്റർ ജാഗരണത്തിലെ മാമോദീസ ലത്തീൻ സഭ പുനരുദ്ധരിച്ചത് കണ്ടില്ലെന്ന് നടിച്ച നസ്രാണി പുരോഹിതന്മാർ ലത്തീൻ അനുകരണത്തിനായി യാതൊരു ഉളുപ്പുമില്ലാതെ തോമാശ്ലീഹായെ ആട്ടിപ്പുറത്താക്കി. വിശുദ്ധ ഫൗസ്റ്റീനയെയും ദൈവകരുണയെയും അനുസ്മരിക്കരുതെന്നൊന്നും പറയുന്നില്ല. അതിനുവേണ്ടി സ്വന്തം അപ്പനെ തള്ളിപ്പറയരുത്; പിത്രുശൂന്യത കാണിക്കരുത്, അത്രതന്നെ. നിര്ബന്ധമാണെങ്കിൽ നമ്മുടെ സഭയിൽ മറ്റൊരു ദിവസം (പുതുഞായർ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ചയോ ഞായറാഴ്ചയോ) ദൈവകരുണയുടെ തിരുന്നാൾ ആഘോഷിക്കാമല്ലോ?
തോമാശ്ലീഹായുടെ പേരിലുള്ള പള്ളികളിൽ പോലും (ഉദാ: പാലാ സൈന്റ്റ് തോമസ് കത്തീദ്രൽ) കഴിഞ്ഞ വർഷങ്ങളിൽ യാതൊരു ഉളുപ്പിമില്ലാതെ പുതുഞായർ ഒഴിവാക്കിയോ പരിമിതപ്പെടുത്തിയോ ദൈവകരുണയുടെ തിരുന്നാൾ അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. റോമനീകരിക്കപ്പെട്ട വൈദികർക്ക് തോമാശ്ലീഹായുടെ പുതുഞായർ തിരുന്നാളിനോട് അവമാനമായിരിക്കാമെങ്കിലും നസ്രാണികളായ നമുക്ക് വിശ്വാസത്തിൽ നമ്മുടെ പിതാവും ശ്ലീഹയുമായ മാർത്തോമ്മായെ മറക്കാനാവില്ലല്ലോ?