05/06/2020
#ക്ഷേത്ര_ദർശനത്തിനായി_തയ്യാറെടുക്കുന്ന #ഭക്തജനങ്ങൾക്കായുള്ള_നിർദേശങ്ങൾ
കോവിഡ് കാലഘട്ടത്തിൽ ക്ഷേത്ര ദർശനത്തിനായി തയ്യാറെടുക്കുന്ന ഭക്തജനങ്ങൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. പത്മകുമാർ നൽകുന്ന നിർദ്ദേശങ്ങൾ...
#ദേവാലയമണികൾ_വീണ്ടും_മുഴങ്ങുമ്പോൾ
കോവിഡ് നിയന്ത്രണത്തെ തുടർന്ന് വിശ്വാസികൾക്കു മുൻപിൽ മാസങ്ങളായി അടഞ്ഞു കിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ നിബന്ധനകളോടെ തുറക്കുകയാണ്. അടഞ്ഞുകിടന്ന ദേവാലയ വാതിലുകൾ കണ്ട് നെടുവീർപ്പിട്ടിരുന്ന ഭക്ത മനസ്സുകൾക്ക് ഏറെ ആശ്വാസകരമാകുന്നതാണീ തീരുമാനം. ദേവാലയങ്ങളിലെ ഉദാത്തമായ ആത്മീയാന്തരീക്ഷത്തിന് ഒട്ടും ഭംഗം വരാതെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച സുരക്ഷാ നിർദേശങ്ങൾ പാലിച്ചു കൊണ്ട്
സർവേ ഭുവന്തി നിരാമയ (സർവരും രോഗത്തിൽ നിന്ന് മുക്തരാകട്ടെ) എന്ന പ്രാര്ഥനയോടാകണം ഭക്തജനങ്ങൾ ദർശനം നടത്തേണ്ടത്. അനുഷ്ടാനങ്ങൾക്കും ചടങ്ങുകൾക്കും ഏറെ വൈകാരികസ്പർശമുള്ള ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് കൂടുതൽ കരുതലും ജാഗ്രതയും ഉണ്ടാവുകയും വേണം.
#ക്ഷേത്ര_ദർശനം
1. ക്ഷേത്രദർശനത്തിന് വരുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കണം.
2. പ്രധാന വാതിലിനു പുറത്തു കൈ കഴുകാനുള്ള സോപ്പും വെള്ളവും സാനിറ്റിസറും ഉണ്ടായിരിക്കണം.
3. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ഇൻഫ്ളുവൻസാ പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ ദർശനത്തിനു ഒരുങ്ങരുത്.
4. പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ,65 കഴിഞ്ഞവർ, ഗുരുതര രോഗം ബാധിച്ചവർ തുടങ്ങിയവർ തത്കാലം ദർശനത്തിൽ നിന്ന് വിട്ടുനിൽക്കണം.
5. ക്ഷേത്രത്തിനകത്തെ സ്ഥലസൗകര്യം അനുസരിച്ചു തിക്കും തിരക്കും ഉണ്ടാകാതെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ദർശനം നടത്താൻ സാധിക്കണം. കഴിയുന്നതും കുറച്ചു സമയം മാത്രം ക്ഷേത്രത്തിനുള്ളിൽ ചിലവഴിക്കുക. മണ്ഡപത്തിലിരുന്ന് ജപം, ധ്യാനം ഇവ ഒഴിവാക്കുക.
6. മിക്ക ക്ഷേത്രങ്ങളിലും നാലമ്പലത്തിനുള്ളിൽ സ്ഥലസൗകര്യം കുറവാണ്. കഴിയുന്നതും നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചുള്ള ദർശനവും പ്രദക്ഷിണവും ഒഴിവാക്കണം. പ്രധാന പൂജകൾ നടത്തുന്നവർ മാത്രം പ്രവേശിച്ചാൽ തിരക്ക് ഒഴിവാക്കാം.
7. സാഷ്ടാംഗപ്രണാമം, ശയനപ്രദക്ഷിണം തുടങ്ങിയവ കുറച്ചുനാളത്തേക്ക് ഒഴിവാക്കുക.
8. അന്യ സംസ്ഥാനത്തിൽ നിന്നുള്ള പൂക്കൾ വേണ്ട. പലർ കൈമാറി എത്തുന്ന പൂക്കൾസുരക്ഷിതമല്ല. അമ്പലത്തിനുള്ളിലെ പൂക്കളാണ് ഏറ്റവും നല്ലത്.
9. പാക്കറ്റിലുള്ള പൂജാദ്രവ്യങ്ങൾ എടുത്ത ശേഷം ശാന്തിക്കാർ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
10. തത്കാലം തീർത്ഥം, പ്രസാദം എന്നിവ നൽകുന്നത് ഒഴിവാക്കാം. മാസ്ക് ധരിച്ചിരിക്കുമ്പോൾ ഇവ അസൗകര്യം ആയിരിക്കും.
11. കാണിക്ക നേരെ വഞ്ചിയിൽ ഇടുക. ശാന്തിക്കാർക്കുള്ള ദക്ഷിണ മറ്റൊരു പാത്രത്തിൽ വെക്കാം. കഴിയുന്നതും നേരിട്ട് സ്പർശിച്ചു കൊണ്ടുള്ള കൊടുക്കൽ-വാങ്ങൽ ഒഴിവാക്കുക.
12. വിശേഷാൽ പൂജകൾക്ക് 3-5 പേരെ മാത്രം അനുവദിക്കുക.
13. ഭജന, സത്സംഗം തുടങ്ങിയവ കുറച്ചുനാളത്തേക്ക് ഒഴിവാക്കുക.
14. അന്യ സംസ്ഥാനങ്ങളിലെ ക്ഷേത്രദർശനങ്ങൾ കുറച്ചു നാളത്തേക്ക് ഒഴിവാക്കുക.
15. വസ്ത്രധാരണത്തിനു മാനദണ്ഡങ്ങൾ ഉള്ള ക്ഷേത്രത്തിൽ പോകുമ്പോൾ സ്വന്തമായി ആവശ്യമുള്ള വസ്ത്രങ്ങൾ കരുതുക.
16. ക്ഷേത്ര ജീവനക്കാർക്ക് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് അറിവും പ്രായോഗിക പരിശീലനവും നൽകണം. സുരക്ഷാ ഉപാധികൾ അവരും സ്വീകരിച്ചിരിക്കണം...