26/06/2021
ഒരു മെഴുകുതിരിയുടെ അരണ്ട വെളിച്ചം മാത്രം.
ചുറ്റും ഇരുട്ട് തളം കെട്ടിക്കിടക്കുന്നു.
പുറത്ത് ശ്വാനന്മാരുടെ ഓരിയിടലുകൾ.
ഇരുട്ടിനെ വകഞ്ഞു മാറ്റിക്കൊണ്ട് മെഴുകുതിരി വെളിച്ചത്തിന്റെ അടുത്തേക്ക് പോകാം.
വീണ്ടും ശ്വാനന്മാരുടെ ഓരിയിടലുകൾ.
ഈ നായിന്റെ മക്കൾക്ക് ഉറക്കവുമില്ലേ?
മെഴുകുതിരി വെളിച്ചത്തിലേക്ക് അടുക്കും തോറും ബൂട്ട് അടിക്കുന്ന (ബൂട്ട് പോളിഷ് ചെയ്യുന്ന) ശബ്ദം കാതിൽ മുഴങ്ങി കേൾക്കുന്നു.
"അഷ്‌റഫിക്ക ഇങ്ങള് ജിന്നിനെ കണ്ടിട്ടുണ്ടാ"
തണുപ്പൻ ( ആള് പൊതുവെ തണുപ്പൻ മട്ടാണ്) ചോദിച്ചു.
"പിന്നേ ഞാൻ ചെറുപ്പത്തിൽ ഇതേപോലൊരു മെഴുകുതിരി വെളിച്ചത്തിൽ ജിന്നിനെ കണ്ടിട്ടുണ്ട്"
ശരിക്കും?
"ആണെടാ"
ജിന്ന്.
തീയാൽ സൃഷ്ടിക്കപ്പെട്ട വിഭാഗം.
മനുഷ്യന്റെ രക്തം സഞ്ചരിക്കുന്ന പാതയിലൂടെയെല്ലാം ജിന്നിനും സഞ്ചരിക്കാനാകും.
ജിന്നിനെ വശത്താക്കാൻ എന്താ വഴി?
ഞാൻ സ്ഥലത്തെ പ്രധാന ദിവ്യൻ ആട്ടിൻ കുട്ടിയോട് ചോദിച്ചു.
"ആട്ടിൻ കുട്ടിയോ?"
ആഹ്ഹ് അവൻ ആട്ടിൻ കുട്ടിയെ പിടിച്ചുമാറ്റി ആടിന്റെ അകിടിൽ നിന്ന് പാലുകുടിക്കും.
"അപ്പൊ ഇങ്ങളോ?"
ഞാൻ കോഴിക്കുഞ്ഞാ.
കോഴിക്കുട്ടീന്ന് മൊട്ട പൊട്ടിച്ചു കുടിക്കും.
"ഓഹോ അപ്പൊ രണ്ടും കള്ളമ്മാരാണല്ലേ?"
അതേ അതെ.
അന്ന് ഒരു മറവത്തൂർ കനവൊക്കെ ഇറങ്ങിയ കാലമാടാ ഉവ്വേ.
"ജിന്നിനെ പിടിക്കണമല്ലേ? " തെല്ലോന്ന് ആലോചിച്ച ശേഷം ആട്ടിൻകുട്ടി പറഞ്ഞു,
ജിന്നിനെ പിടിച്ചാൽ അത് നമുക്ക് ഇഷ്ടമുള്ളതൊക്കെ തരും ഇഷ്ടമുള്ള സ്ഥലത്തൊക്കെ കൊണ്ടുപോകും.
പക്ഷെ ജിന്നിനെ പിടിക്കുന്നത് അത്ര എളുപ്പപ്പണിയൊന്നുമല്ല.
അതിൽ കുറച്ചു റിസ്ക് എലമെന്റ്സ് ഒക്കെയുണ്ട്.
ഖുർആനിൽ ജിന്നെന്ന് ഒരു അദ്ധ്യായമുണ്ട്.
40 ദിവസം രാത്രി ഒരു മെഴുകുതിരി വെളിച്ചത്തിൽ ഇരുന്ന് മുടങ്ങാതെ അത് പാരായണം ചെയ്യണം.
നീ ഓരോ ദിവസവും ഓരോ രീതിയിൽ പരീക്ഷിക്കപ്പെടും.
ജിന്ന് നായായും നരിയായും നിന്റെ മുന്നിൽ പ്രത്യക്ഷപ്പെടും.
ചിലദിവസങ്ങളിൽ പാമ്പായും വരും, ഒരുപാട് തലയുള്ള പാമ്പ്😳
അത് നിന്റെ മുന്നിൽ പത്തിവിടർത്തിയാടും.
പേടിക്കരുത്.
പേടിക്കുവോ?
"ഇല്ല"
പേടിച്ചാൽ ഭ്രാന്ത് വരും.
നല്ല മുഴുത്ത ഭ്രാന്ത്.
അങ്ങനെ 40 ദിവസം പാരായണം
ചെയ്താൽ ജിന്നിനെ വശത്താക്കാം.
പിന്നെ നീ കോളടിച്ചു എവിടെ പോണമെന്നു പറഞ്ഞാലും ജിന്ന് കൊണ്ടോകും. എന്ത് വേണമെന്ന് പറഞ്ഞാലും ജിന്ന് കൊണ്ടുവന്നു തരും.
പക്ഷെ... പെണ്ണിനെ മാത്രം ചോദിക്കരുത്.
''അതെന്താ"
അങ്ങനെ ചോദിച്ചാൽ ജിന്ന് പെണ്ണിന്റെ രൂപത്തിൽ വരും.
തൊടരുത്.
തൊട്ടാൽ ജിന്ന് തലക്കടിച്ചു കൊല്ലും പറഞ്ഞേക്കാം.
എന്തായാലും ജിന്നിനെ വിളിച്ചുവരുത്താൻ തന്നെ തീരുമാനിച്ചു.
മ്മക്ക് പെണ്ണിനെ വേണ്ടാലോ.
ജിന്നിനോട് എന്തൊക്കെയാ ചോദിക്കാ🤔
ഐസ്ക്രീം പുഴ,
വിഡ്ഢിപെട്ടിയിൽ കണ്ട
മില്കിബാറിന്റെ വലിയ മിഠായി,
10 കെട്ട് തീപ്പട്ടി പടം,
കുറേ......... ഗോലി.......
അങ്ങനെ ഒരു സാദാരണക്കാരന് തട്ടീം മുട്ടീം ജീവിച്ചുപോകാൻ അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം ചേർത്ത് ഞാൻ ഒരു ലിസ്റ്റ് തയ്യാറാക്കി ഖുർആനിൽ വച്ചു.
രാത്രിയുടെ മൂന്നാം യാമം.
നിശബ്ദത.
ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഖുർആൻ ഇരുന്ന ഭാഗത്തേക്ക് പോയി.
പുറത്ത് ശ്വാനന്മാരുടെ ഓരിയിടലുകൾ.
ഡാ ശ്വാനാ........
നിനക്ക് വേറെ പണിയൊന്നുമില്ലേ?
ഞാൻ മേശപ്പുറത്ത് മെഴുകുതിരി കത്തിച്ചു വച്ചു.
ഖുർആനിലെ ജിന്ന് എന്ന അദ്ധ്യായം എടുത്ത് പാരായണം ചെയ്യാൻ ആരംഭിച്ചതും എന്റെ മുന്നിൽ ജിന്ന് പ്രത്യക്ഷപ്പെട്ടു🤯
"അപ്പൊത്തന്നെ പ്രത്യക്ഷപ്പെട്ടൊ? "
ആഹ് അപ്പൊത്തന്നെ പ്രത്യക്ഷപ്പെട്ടു.
ഈ ജിന്നിന് വേറെ പണിയൊന്നുമില്ലേ?
ഫ്ഫൂ........ ജിന്ന് മെഴുകുതിരി ഊതിയണച്ചു. ദാ ഇതുപോലെ ഫ്ഫൂ.......
അഷ്‌റഫും മെഴുകുതിരി ഊതിയണച്ചു.
എന്നിട്ട്?
ഞാൻ ഖുർആൻ മേശപ്പുറത്തിട്ടിട്ട് ഓടി. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് കട്ടിലിൽ കയറിക്കൂടി മൂടിപ്പുതച്ച് കിടന്നു.
എന്നിട്ട്?
എന്നിട്ടോ?
എന്നിട്ടൊന്നൂല.
കഥ തീർന്നോ? ഏഹ്?ഏഹ്?
പോയിക്കിടന്നുങ്ങടാ കൂളേ( തണുപ്പൻ ഇംഗ്ലീഷ് ഭാഷയിൽ).
(കുറച്ച് നേരത്തെ ആലോചനക്ക് ശേഷം )
"അഷ്‌റഫിക്ക ആ ജിന്ന് ഇപ്പഴും
ഇങ്ങടെ കൂടെയുണ്ടോ?"
ആ ജിന്ന് ഞാൻ തന്നെയാടാ ഊളെ.
തണുപ്പൻ ഞെട്ടിയെഴുന്നേറ്റ് അഷ്‌റഫിന്റെ കട്ടിൽ പരിശോധിച്ചു.
കട്ടിൽ ശൂന്യമായിരുന്നു.
കട്ടിലുപോലെ തണുപ്പന്റെ മനസും ശൂന്യമായി. ഹൃദയം വേഗത്തിൽ ഓടാൻ തുടങ്ങി. ശരീരം പേരുപോലെ തണുത്തുമരവിച്ചു. അഷ്‌റഫ് കെടുത്തിയ മെഴുകുതിരി തനിയെ തെളിയിക്കപ്പെട്ടു.
അതിന്റെ തീജ്വാലയിൽ നിന്ന് അഷ്‌റഫിന്റെ മുഖമുള്ള ഒരുഗ്രരൂപം
അവരുടെ റൂമിൽ നിറഞ്ഞു.
ജിന്ന്🤯
എന്റമ്മോ.......
വല്ലാത്തൊരു ജിന്ന്.