15/11/2022
*ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ സന്ദർശിച്ചിട്ട് ഒരു നൂറ്റാണ്ട്.*
വിശ്വ മഹാകവി ടാഗോർ ആണ് മഹാഗുരുവിനെ കാണണമെന്ന ആഗ്രഹം ഡോ. പല്പുവിനേയും, കുമാരനാശാനേയും അറിയിച്ചതും അങ്ങനെ ആണ് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയതും. ഉദയ സൂര്യന്റെ പ്രഭയിൽ ഉള്ള മഹാഗുരുവിനെ കണ്ട മാത്രയിൽ 'ഓ... ഗ്രേറ്റ് സെയിന്റ്!' എന്ന് വിസ്മയത്തോടെ മഹാകവിയുടെ ഹൃദയം വാക്കായി മന്ത്രിച്ചു.
"ശ്രീനാരായണ ഗുരുവിനേക്കാള്‍ മികച്ചതോ ഗുരുവിനു തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാല്‍ പ്രശോഭിക്കുന്ന തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല" മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സന്ദര്‍ശന ഡയറിയില്‍ കുറിച്ച വാക്കുകളാണിത്.......
ഇങ്ങനെ ടാഗോർ തുറന്നുപറയുന്നത് നാം ശ്രദ്ധയോടെ ശ്രവിക്കേണ്ടതാണ്. (ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരികനായകനുമാണ് രവീന്ദ്രനാഥ് ടാഗോർ. ഗുരുദേവ് എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു. കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളിസാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യവ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യസംഭാവനകൾ നിരവധിയാണ്. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത-സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ പുരോഗമന-പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകി. ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്-ജനഗണമനയും, അമാർ ഷോണാർ ബാംഗ്ലയും).
"ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു. അത് മലയാളത്തിൽ വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുവല്ലാതെ മാറ്റാരുമല്ല." ഇതായിരുന്നു ടാഗോറിൻ്റെ കൂടെയുണ്ടായിരുന്ന ദീനബന്ധു സി എഫ് ആൻഡ്രൂസിന്റെ വാക്കുകൾ. (ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു പുരോഹിതനും ക്രിസ്തുമതപ്രചാരകനും മതാധ്യാപകനും ഇന്ത്യയിലെ ഒരു സാമൂഹ്യപരിഷ്കർത്താവുമായിരുന്നു സി.എഫ്. ആൻഡ്രൂസ് എന്ന ചാൾസ് ഫ്രീർ ആൻഡ്രൂസ്. മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന ഇദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു പിന്തുണ നൽകിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന ഗാന്ധിജിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിൽ ആൻഡ്രൂസ് വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആൻഡ്രൂസ് നൽകിയ സംഭാവനൾ പരിഗണിച്ച് ഡെൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥികളും ഗാന്ധിജിയും അദ്ദേഹത്തെ 'ദീനബന്ധു' (പാവപ്പെട്ടവന്റെ സുഹൃത്ത്) എന്ന് അഭിസംബോധന ചെയ്തിരുന്നു)...
ഭാരതത്തിലെ മാത്രമല്ല ലോക മഹാത്മാക്കളേയും കണ്ടിട്ടുള്ള, അവരുടെയൊക്കെ മഹത്വം നന്നായറിയുന്ന വിശ്വമഹാകവി ടാഗോറും, സി എഫ് ആൻഡ്രൂസും. മഹാഗുരുവിന്റെ താരതമ്യങ്ങൾക്കതീതമായ മഹത്വം അവരുടെ വാക്കുകളിൽ നമ്മളിലേക്ക് എത്തുമ്പോൾ മഹാഗുരുവിന്റെ ധർമത്തിൽ അധിഷ്ഠിതമായ കർമ്മം ചെയ്തു ആ അനുഗ്രഹം നേടാൻ എല്ലാവര്ക്കും സാധിക്കട്ടെ 🙏
ഷിൻ ശ്യാമളൻ