17/07/2026
യാക്കോബായ ഡൽഹി ഭദ്രാസനത്തിന്റെ *ഹെൽപ്പ് ഡെസ്ക് - 8178700696*
ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, കൊൽക്കത്ത, ചണ്ഡിഗഡ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ആദ്യമായി എത്തുന്ന സഭാംഗങ്ങൾക്കു സുരക്ഷയും സഹായവും ഉറപ്പാക്കുന്നതിനായി യാക്കോബായ സുറിയാനി സഭ ഡൽഹി ഭദ്രാസനം ആരംഭിക്കുന്ന പുതിയ 'ഹെൽപ്പ് ഡെസ്‌ക്കിന്റെ' ലോഗോ പ്രകാശനം ചെയ്തു. കിംഗ്‌സ്‌വേ ക്യാമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാൾ ചടങ്ങുകളോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത ഹെല്പ് ഡെസ്ക് കോർഡിനേറ്റർസ് ആയ റെവ. ഫാദർ ബോബി ജോർജ്, ശ്രീ എ ഐ വർഗീസ് , ശ്രീ ബിനു മാത്യു, ശ്രീ മാത്യു കുര്യൻ, ശ്രീ പോൾസൺ എം എ എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ഡൽഹി ഭദ്രാസന കൗൺസിൽ യോഗത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനങ്ങളിലൊന്നാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.
ഹെൽപ്പ് ഡെസ്‌ക്കിലൂടെ ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ:
മുതിർന്ന പൗരന്മാർക്കുള്ള യാത്രാസഹായം: ഡൽഹി വിമാനത്താവളം വഴി ഒറ്റയ്ക്ക് യാത്ര (ഡൊമസ്റ്റിക്- ഇന്റർനാഷണൽ ട്രാൻസിറ്റ്) ചെയ്യുന്ന പ്രായമായവർക്കും, ഭാഷാ പ്രശ്നമുള്ള മറ്റുള്ളവർക്കും ഈ സേവനം വലിയൊരു കാവലാകും. യാത്രാവേളയിലെ ശാരീരിക ബുദ്ധിമുട്ടുകൾ, അപരിചിതമായ ഇടങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥകൾ എന്നിവയിൽ വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷയും ഹെൽപ്പ് ഡെസ്‌ക്ക് നൽകുന്നതാണ് .
വിദ്യാഭ്യാസ - യാത്രാ ആവശ്യങ്ങൾക്കുള്ള പിന്തുണ: ഉന്നതപഠനം, വിദേശയാത്രാ സംബന്ധമായ ട്രാൻസിറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഡൽഹിയിൽ എത്തുന്നവർക്കും ഈ ഹെൽപ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താം.
യാക്കോബായ സഭാംഗങ്ങളുടെയും മറ്റുമലയാളികളുടെയും ക്ഷേമവും സുരക്ഷയും മുൻനിർത്തി, ഡൽഹി ഭദ്രാസനം നടപ്പിലാക്കുന്ന ഈ പുതിയ കാൽവെപ്പ്, ദൂരദേശങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി ഡൽഹിയിൽ എത്തുന്ന ഏവർക്കും വലിയൊരാശ്വാസമായി മാറും.