27/03/2024
27 March 2024
സുവിശേഷം
മത്താ 26:14-25
മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം!
പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു: ‘‘ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?’’ അവര്‍ അവന് മുപ്പതു വെള്ളിനാണയങ്ങള്‍ വാഗ്ദാനം ചെയ്തു. അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ‘‘നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’’ അവന്‍ പറഞ്ഞു: ‘‘നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാന്‍ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെ വീട്ടില്‍ പെസഹാ ആചരിക്കും.’’ യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര്‍ പെസഹാ ഒരുക്കി. വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: ‘‘സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.’’ അവര്‍ അതീവ ദുഃഖിതരായി; ‘‘കര്‍ത്താവേ, അതു ഞാന്‍ അല്ലല്ലോ’’ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി. അവന്‍ പ്രതിവചിച്ചു: ‘‘എന്നോടുകൂടെ പാത്രത്തില്‍ കൈമുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!’’ അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ‘‘ഗുരോ, അതു ഞാനോ?’’ അവന്‍ പറഞ്ഞു: ‘‘നീ പറഞ്ഞുകഴിഞ്ഞു.’’
കർത്താവിന്റെ സുവിശേഷം