09/08/2026
പ്രിയപ്പെട്ട റ്റിജു അച്ചന്,
കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ നാട് നേരിട്ട പ്രളയദുരന്തം എല്ലാവരുടെയും ജീവിതത്തിൽ മായാത്ത ഓർമ്മകളാണ് അവശേഷിപ്പിച്ചത്. എന്നാൽ ആ പ്രയാസങ്ങൾക്കിടയിലും ഞങ്ങൾ ഒരിക്കലും ഒറ്റപ്പെട്ടവരായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം.
ആ ദിവസങ്ങളിൽ അങ്ങ് ഒരു വികാരിയുടെ ചുമതല നിർവഹിക്കുക മാത്രമായിരുന്നില്ല. ഞങ്ങളോടൊപ്പം തന്നെ നിന്നു, ഞങ്ങളുടെ പ്രയാസങ്ങൾ സ്വന്തം പ്രയാസങ്ങളായി കണ്ടു, ക്യാമ്പിന്റെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിന്ന് നേതൃത്വം നൽകുകയായിരുന്നു.
ദേവാലയം ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുത്തത് മുതൽ, അവിടെ അഭയം തേടിയവരുടെ എല്ലാ ആവശ്യങ്ങളും ശ്രദ്ധയോടെ നിറവേറ്റാനും, വെള്ളം കയറിയ വീടുകളിലുള്ള കുടുംബങ്ങളെയും, നമ്മുടെ അയൽപ്രദേശങ്ങളിലുള്ളവരെയും സഹായിക്കാനും അങ്ങ് ആത്മാർത്ഥമായി മുന്നിട്ടിറങ്ങി. ആവശ്യമായ ഭക്ഷണവും കുടിവെള്ളവും, വസ്ത്രങ്ങളും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകുന്നതിലും, ആശുപത്രിയിലേക്ക് മാറ്റേണ്ടവരെ സുരക്ഷിതമായി എത്തിക്കുന്നതിലും, ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ഏകോപിപ്പിക്കുന്നതിലും അങ്ങ് കാണിച്ച കരുതൽ ഞങ്ങൾ ഒരിക്കലും മറക്കില്ല.
സ്വന്തം വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗിച്ച് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും, പല വാതിലുകളും മുട്ടി നമ്മുടെ ജനങ്ങൾക്ക് വേണ്ടതെല്ലാം ലഭ്യമാക്കാനും അങ്ങ് നടത്തിയ അശ്രാന്ത പരിശ്രമങ്ങൾ അനേകം കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി. ഏത് സമയത്തും വിളിച്ചാൽ എത്തുന്ന ഒരു അച്ചനെയാണ് ഈ ദിവസങ്ങളിൽ ഞങ്ങൾ കണ്ടത്.
ഈ സേവനപ്രവർത്തനങ്ങൾക്ക് എന്നും ശക്തമായ പിന്തുണയും കരുതലും നൽകിയ നമ്മുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയോടും, ഭദ്രാസന നേതൃത്വത്തോടും, വിവിധ സംഘടനകളോടും, സർക്കാർ സംവിധാനങ്ങളോടും, സന്നദ്ധപ്രവർത്തകരോടും, സഹായഹസ്തവുമായി എത്തിയ ഓരോ വ്യക്തിയോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
അച്ചാ,
ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ധൈര്യം, "പള്ളിയുണ്ട്... അച്ചനുണ്ട്... നമ്മൾ ഒറ്റയ്ക്കല്ല..." എന്ന ഉറച്ച വിശ്വാസമായിരുന്നു. ആ വിശ്വാസമാണ് പലർക്കും ഈ പ്രയാസകരമായ ദിവസങ്ങളെ അതിജീവിക്കാനുള്ള കരുത്തായത്.
അങ്ങയുടെ സ്നേഹത്തിനും കരുതലിനും, വിശ്രമമില്ലാതെ നടത്തിയ സേവനങ്ങൾക്കും, ഞങ്ങളുടെ ഓരോ കുടുംബത്തിനും വേണ്ടി ഹൃദയം തുറന്ന് നിന്നതിനും ഞങ്ങളുടെ സ്നേഹവും ആദരവും നിറഞ്ഞ നന്ദി അറിയിക്കുന്നു.
സർവശക്തനായ ദൈവം അങ്ങയ്ക്ക് ആരോഗ്യവും ശക്തിയും നൽകി, ഇനിയും അനേകരുടെ ജീവിതത്തിൽ ഇത്തരത്തിൽ തന്നെ സ്നേഹത്തിന്റെയും സേവനത്തിന്റെയും മാതൃകയായി നിലകൊള്ളുവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെയും കൃതജ്ഞതയോടെയും,
തിരുവൻവണ്ടൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക
ട്രസ്റ്റി, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, എല്ലാ ഇടവകാംഗങ്ങളും*