24/10/2022
കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജോൺ വർഗീസ് വിളനിലം ( 87 ) അന്തരിച്ചു. മലങ്കര ഓർത്തോഡോക്സ് സഭ അംഗം ആയിരുന്നു.
കബറടക്ക ശ്രുശൂഷ നാളെ (ചൊവ്വാഴ്ച) തിരുവനന്തപുരം ശ്രീകാര്യം ഓർത്തഡോക്സ് പള്ളിയിൽ വച്ചു നടത്തപെടും.
ചെങ്ങന്നൂരിൽ 1935ൽ വിളനിലം കുടുംബത്തിൽ ജനനം. മാതാപിതാക്കൾ അധ്യാപകർ ആയിരുന്ന ചാണ്ടി വർഗീസും, ഏലിയാമ്മ വർഗീസും.
12-ാം വയസ്സിൽ ലണ്ടൻ ചേംബർ ഓഫ് കൊമേഴ്‌സ് നടത്തിയ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലെ ഇന്റർനാഷണൽ പരീക്ഷയിൽ മികച്ച വിജയം നേടിയതാണ് സ്കൂൾ കാലഘട്ടത്തിലെ ആദ്യകാല നേട്ടം. ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണം, ഉപന്യാസ രചന, കായികം, അഭിനയം മുതലായവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പിന്നീട് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ (ബിഎച്ച്‌യു) ഇംഗ്ലീഷിൽ ഉപരിപഠനത്തിന് ചേർന്നു. അതിനുശേഷം ബിരുദതലത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിലും ബിരുദാനന്തര തലത്തിൽ ദേവഗിരി, കോഴിക്കോട് സെന്റ് ജോസഫ് കോളജിലും ഇംഗ്ലീഷ് പഠിപ്പിച്ചു.
ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഡി ലിറ്റ് ബിരുദം നേടിയ അദ്ദേഹം, യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി.
അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധത്തിന് 1975 -ലെ ജയിംസ് മാർഖം പുരസ്കാരം ലഭിച്ചു.
കേരള സർവകലാശാലയിൽ മാധ്യമ പഠന വകുപ്പ് ആരംഭിച്ചപ്പോൾ അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, 1992 -ൽ വൈസ് ചാൻസലറായി നിയമിതനായി.
ഇംഗ്ലണ്ടിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്നും നേടിയ പിഎച്ച്ഡിയും സര്‍വകലാശാലയില്‍ നല്‍കിയ യോഗ്യതയാ രേഖയുടെ കൂടെ അദ്ദേഹം സമര്‍പ്പിച്ചിരുന്നു.
ഓരേ സമയം മികച്ച ഗവേഷകനും അധ്യാപകനുമായിരുന്നു അദ്ദേഹം. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ പരിഷ്കര്‍ത്താവ് കൂടിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരമ്പരാഗത പഠന രീതിയെ മാറ്റിയെഴുതി, സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്‍റ് സെമസ്റ്റർ (Credit & Semester) സംവിധാനം ആദ്യമായി കൊണ്ട് വന്നത് അദ്ദേഹമായിരുന്നു.
സാങ്കേതിക വിദ്യാഭ്യാസത്തിനായി കേരള സർവകലാശാലയ്ക്കു കീഴിൽ University Institute of Technology (UIT) സ്ഥാപിച്ചതും, താളം തെറ്റിയ പരീക്ഷ നടത്തിപ്പിനെ ചിട്ടയുള്ളതാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങൾ ആയിരുന്നു.എന്ത് പരിഷ്കാരവും സംശത്തോടെ കണ്ടിരുന്ന കേരള സമൂഹം സ്വഭാവികമായും സെമെസ്റ്റർ സമ്പ്രദായത്തെ ആശങ്കയോടെ ആണ് നേരിട്ടത്.1995ൽ സെമെസ്റ്റർ സമ്പ്രദായത്തെ തകർക്കാൻ വലിയ വിദ്യാർത്ഥി പ്രക്ഷോഭം ഉണ്ടായി. വിളനിലത്തിന്റെ നിശ്ചയദാർഢ്യം തന്നെയാണ് സെമെസ്റ്റർ സമ്പ്രദായം കേരളത്തിൽ വിജയിക്കാൻ കാരണം.
ജെ വി വിളിനിലം കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായിരിക്കുമ്പോഴാണ് സര്‍വകലാശാലയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കേരളാ യൂണിവേഴ്സിറ്റിയുടെ ഭൂമിയിൽ പാട്ടത്തിനു ആണ് എകെജി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. സർവകലാശാല നൽകിയിരുന്നു ഭൂമിയെക്കാൾ കൂടുതൽ എകെജി സെന്റർ കയ്യേറി എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപെടുത്തുവാൻ വിളനിലം ഉത്തരവിട്ടിരുന്നു.
ഭൂമി പിന്നീട് സര്‍വകലാശാലയ്ക്ക് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. എന്നാല്‍, ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുമായി വിളനിലം മുന്നോട്ട് പോയി. ഇതോടെ സിപിഎമ്മും കേരളാ വൈസ് ചാന്‍സ്‍ലറും തമ്മില്‍ രണ്ട് ചേരിയിലായി. ഇതോടെ വിളനിലത്തിനെതിരെ സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ രംഗത്തെത്തി.
ഇംഗ്ലണ്ടിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്നും അദ്ദേഹം നേടിയ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണം ഉന്നയിച്ച് എസ്എഫ്ഐ നാല് വര്‍ഷം നീണ്ട സമരത്തിന് തുടക്കം കുറിച്ചു. വൈസ് ചാന്‍സ്‍ലറെ സര്‍വകലാശാല വളപ്പില്‍ കേറ്റാതെ എസ്എഫ്ഐ വഴിയില്‍ തടഞ്ഞു. സര്‍വകലാശാലയിലേക്ക് പോകാന്‍ പറ്റാതായതോടെ ഡോ. ജെ. വി. വിളനിലം സ്വന്തം വീട്ടില്‍ സര്‍വകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേര്‍ത്ത സംഭവം വരെയുണ്ടായിട്ടുണ്ട്. മുൻ മന്ത്രി ജി സുധാകരൻ വീട്ടിൽ വിളിച്ചു നടത്തുന്ന സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട്. തുടർച്ചയായി വീട്ടിൽ വിളിച്ചു ചേർത്ത 3 സിൻഡിക്കറ്റ് യോഗങ്ങളിൽ പങ്കെടുക്കാതെ ഇരുന്ന 6 അംഗങ്ങളെ, വൈസ് ചാന്സലർ യോഗത്തിൽ നിന്നും പുറത്താക്കി.
എസ്എഫ്ഐ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിലൊന്നായിരുന്നു വിളനിലം സമരം. ഒടുവില്‍, ആക്കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ വിളനിലത്തെ ആറ് മാസത്തേക്ക് മാറ്റി നിര്‍ത്തി ഡോ. ഡി ബാബു പോളിനെ താത്കാലിക വൈസ് ചാന്സലർ ആയി നിയമിച്ചു. തുടര്‍ന്ന്, വിളനിലത്തിന്‍റെ പിഎച്ച്ഡി വ്യാജമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണ കമ്മീഷന്‍ എസ്എഫ്ഐയുടെ പരാതിയില്‍ സത്യമില്ലെന്നു കണ്ടെത്തി.
ഇതോടെ ഡോ. ജെ. വി. വിളനിലം സര്‍വകലാശാലാ വൈസ് ചാന്സലർ ആയി തിരിച്ചെത്തി. തിരിച്ചെത്തിയ വിളനിലത്തെ അതെ, എകെജി സെന്‍ററില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഇഎംഎസ് ആദരിക്കുകയും ചെയ്തു.
അങ്ങനെ നാല് വര്‍ഷക്കാലം നീണ്ട ആ സമരത്തില്‍ എസ്എഫ്ഐ പരാജയപ്പെട്ടു. എങ്കിലും എകെജി സെന്‍റര്‍ നില്‍ക്കുന്ന ഭൂമി ഇന്നും സര്‍വകലാശാലയ്ക്ക് തിരികെ ലഭിച്ചില്ല.
ഇംഗ്ലിഷ്, മലയാളം മാധ്യമങ്ങളിൽ ഒരു കാലത്ത് പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗം അദ്ദേഹത്തിന്‍റെ വിദ്യാർത്ഥികളായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
1998-ൽ, University Grants Commission (UGC) അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ Professor Emirates അവാർഡ് നൽകി ആദരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹം ഇന്ത്യയിലെ വിവിധ സർവകലാശാലകൾക്ക് ഗവേഷണ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
മംഗലാപുരം യൂണിവേഴ്സിറ്റി, ധാർവാർ യൂണിവേഴ്സിറ്റി, കർണാടക, എം.എൽ.സി യൂണിവേഴ്സിറ്റി ഓഫ് -ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ NISWASS ലും വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചിട്ടുണ്ട് .
2002 - 2003 മുതൽ NAAC PEER team അംഗമായിരുന്നു.
മാസങ്ങൾ ആയി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം ചിലമ്പിൽ ലെയിനിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.പാളയം ജൂബിലി മിഷൻ ആശുപത്രിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം 25ന് രാവിലെ
എട്ടിന് വസതിയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് രണ്ടിന് ശ്രീകാര്യം ബസേലിയസ് മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂഷ. തുടർന്ന്, നെട്ടയം മലമുകൾ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.