09/08/2026
കാലം മാറുന്നു… തലമുറകൾ കടന്നുപോകുന്നു… എന്നാൽ ചില ബന്ധങ്ങൾ കാലത്തിനും തലമുറകൾക്കും അതീതമായി കൽപാന്തകാലത്തോളം നിലനിൽക്കും. അത്തരമൊരു ആത്മബന്ധത്തിന്റെ ഓർമ്മകൾ ഇന്നും നിറഞ്ഞുനിൽക്കുന്ന ഇടമാണ് പെരുമുക്ക് ശ്രീ കാരേക്കാട് ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിൽ കാലത്തിൻ്റെ കുത്തൊഴിക്കിൽ പെട്ട് അന്യംനിന്നു പോകാതെ ഇന്നും പൂർവ്വസൂരികൾ ചിട്ടപെടുത്തിയ അതേ അനുഷ്ഠാനങളോടും പാരമ്പര്യത്തോടുകൂടിയും വർഷംതോറും പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തിവരുന്നു.
ഭദ്രകാളി ക്ഷേത്രങ്ങളിൽ ഭദ്രകാളി പ്രീതിക്കായി നടത്തിവരുന്ന അതിപ്രധാന വഴിപാടുകളിലൊന്നാണ് പള്ളിപ്പാന എന്ന അനുഷഠാന കർമ്മം, ഭക്തജന വിശ്വാസപ്രകാരം 96 മഹാവ്യാധികളിൽ നിന്നും , രോഗശമനത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കുമായി ഭദ്രകാളി പ്രീതിക്കായി നടത്തുന്ന അതിവിശേഷ ചടങ്ങാണ് പാന. പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ വഴിപാട് പാനയായും ഭക്തർ നടത്തിവരുന്നുണ്ട്.
ഈ അനുഷ്ഠാന കലാ പാരമ്പര്യത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത പേരാണ് പാന ആശാൻ ആലംങ്കോട് ഗോവിന്ദൻകുട്ടി നായർ.
ശ്രീ ഗോവിന്ദൻകുട്ടി നായർ കേവലം പാന ആശാൻ മാത്രമായിരുന്നില്ല. പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ അടിയന്തരക്കാരനായി, തന്റെ മരണംവരെ ക്ഷേത്രത്തിനുവേണ്ടിയും ഈ കലാരൂപത്തെ നിലനിർത്തി പോരുന്നതിനും ആത്മാർത്ഥമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ ഓരോ കാര്യത്തോടും അദ്ദേഹത്തിന് ആഴത്തിലുള്ള ആത്മബന്ധമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രവുമായി ചേർന്നുനിന്നതായിരുന്നു. പ്രത്യേകിച്ച് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ തന്നെയാണ് അദ്ദേഹം കൂടുതലായും പാന നടത്തിയിരുന്നത്. ക്ഷേത്രവും അദ്ദേഹവും തമ്മിലുള്ള ആ ആത്മബന്ധം, പാനയുടെ പാരമ്പര്യത്തെയും കൂടുതൽ സവിശേഷമാക്കി.
തൻ്റെ കാലശേഷം ഈ ആചാരനുഷ്ഠാനം അന്യംനിന്നു പോകാതിരിക്കാനായി ഗോവിന്ദൻകുട്ടി നായർ മകനായ ആലങ്കോട് ശ്രീ കുട്ടൻ നായരെ വിധിയാംവണ്ണം എല്ലാം പഠിപ്പിക്കുകയും ക്ഷേത്രo അടിയന്തിര ക്കാരനാക്കുകയുംതുടർന്ന് കുട്ടൻ നായർ പിതാവിന്റെ പാത പിന്തുടർന്ന് ക്ഷേത്ര ടിയന്തിരവും പാനയുടെ പാരമ്പര്യവും ഒട്ടും തനിമ ചോരാതെ മുന്നോട്ടുകൊണ്ടുപോയി, വർഷങ്ങളോളം ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്ര ചടങ്ങുകളേയും പാനയുടെയും ആചാരപരമായ പാരമ്പര്യം അദ്ദേഹം കാത്തുസൂക്ഷിച്ചു.
കാലം പിന്നിട്ടു. ശ്രീ കുട്ടൻ നായരും വിടപറഞ്ഞു. എന്നാൽ പിതാവിൽ നിന്നും പകർന്നുകിട്ടിയ പാരമ്പര്യത്തിന് അവിടെയും അവസാനമുണ്ടായില്ല.
ഇന്ന് കുട്ടൻ നായരുടെ മക്കളായ ആലങ്കോട് മണികണ്ഠനും ആലങ്കോട് സന്തോഷും, ശിഷ്യരായ രാമകൃഷ്ണൻ നായരും, ക്ഷേത്രം വെളിച്ചപ്പാട് അപ്പുകുട്ടൻ നായർ എന്നിവരിലൂടെയും ക്ഷേത്ര അടിയന്തിരവും പള്ളിപ്പാനയുടെ പാരമ്പര്യവും തുടർന്നുകൊണ്ടുപോകുന്നു.
അതോടൊപ്പം, ക്ഷേത്ര സംരക്ഷണകമ്മിറ്റി അംഗങ്ങളുടെയും, നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ എല്ലാ വർഷവും മുടക്കം കൂടാതെ പള്ളിപ്പാന അതിന്റെ തനത് രീതിയിലും ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്തിവരുന്നു.
ഗോവിന്ദൻകുട്ടി നായർ, കുട്ടൻ നായർ എന്നിവരെപ്പോലുള്ള പൂർവികർ സമർപ്പണ മനോഭാവത്തോടെ കാത്തുസൂക്ഷിച്ച വിശ്വാസ പാരമ്പര്യത്തിൻ്റെ തുടർച്ച ഇന്നും നിലനിർത്തി കൊണ്ടുപോകാൻ കഴിയുന്നതിൽ ക്ഷേത്ര കമ്മറ്റിക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്.
ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറിയ പാരമ്പര്യം.
ഒരു നാടിന്റെ വിശ്വാസവും കൂട്ടായ്മയും ഒന്നിക്കുന്ന ആത്മീയ അനുഷ്ഠാനം.
കാരേക്കാട് ഭഗവതി ക്ഷേത്രത്തിലെ പള്ളിപ്പാന ഇന്നും തുടരുമ്പോൾ, അതിനൊപ്പം ജീവിക്കുന്നത് ഒരു പഴയ ആചാരമല്ല — പൂർവികർ പകർന്നുനൽകിയ വിശ്വാസവും ഓർമ്മകളും നമ്മുടെ തനത് പൈതൃകവുമാണ്.
കാലം എത്ര മാറിയാലും, ഈ പാരമ്പര്യത്തിന്റെ തനിമയും വിശുദ്ധിയും കാത്തുസൂക്ഷിച്ച് വരും തലമുറകളിലേക്കും പള്ളിപ്പാന കൈമാറപ്പെടട്ടെ.
ശ്രീ കാരക്കാട് ഭഗവതി ക്ഷേത്ര സംരക്ഷണ സമിതി