23/05/2026
🕉️ഇന്ന് നീരെഴുന്നള്ളത്ത്🕉️
വൈശാഖോത്സവത്തോടനുബന്ധിച്ചുള്ള ദൈവത്തെകാണൽ, പ്രക്കൂഴം (മേടത്തിലെ വിശാഖംനാളിൽ) എന്നീ രണ്ടു ചടങ്ങുകൾക്കുശേഷം പിന്നെ നടക്കുന്നത് നീരെഴുന്നള്ളത്താണ്. മകംനാളിലാണ് നീരെഴുന്നള്ളത്ത് എന്ന ചടങ്ങ് കൊട്ടിയൂരിൽ നടക്കുന്നത്.ആദ്യമായി സ്ഥാനികരും,അവകാശികളും അക്കരെ പ്രവേശിക്കുന്നത് നീരെഴുന്നള്ളത്തിൻനാളിലാണ്.തണ്ണീർകുടി എന്ന ചടങ്ങ് നടക്കുന്നതും ഈ ദിവസംതന്നെയാണ്. കൊട്ടിയൂരിലെ ജന്മസ്ഥാനികരായ ഒറ്റപ്പിലാൻപണിക്കർ, ( കുറിച്യസ്ഥാനികൻ,) ജന്മആശാരി , കാടൻ, പുറങ്കലയൻ എന്നിവരാണ് തണ്ണീർകുടി എന്ന ഈ ചടങ്ങ് നടത്തുന്നത്. ഇക്കരെക്ഷേത്രനടയിൽ വെച്ചും, മന്ദഞ്ചേരി വെച്ചുമാണ് തണ്ണീർകുടി എന്ന ചടങ്ങ് നടത്തുന്നത്.
കിള്ളിവരവ് എന്ന ചടങ്ങ് നടക്കുന്നതും നീരെഴുന്നള്ളത്ത്നാളിലാണ്.കൂത്തുപറമ്പ് പുറക്കുളം തിരൂർ ഗണപതിതെരുക്ഷേത്രത്തിൽനിന്നാണ് ഈദിവസം മണിയൻ ചെട്ട്യാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരിസംഘം കാൽനടയായിട്ട് ഇക്കരെ സന്നിധിയിൽ എത്തുന്നത്.
പ്രക്കൂഴംനാൾ മുതൽ വ്രതംനോൽക്കുന്ന ഈ സംഘമാണ് ഒൻപതുദിവസം കൊണ്ട് ഉത്സവാവശ്യത്തിനു വേണ്ട വിളക്കുതിരികൾ, കൂത്തിരി ,കിള്ളിശീല,തലപ്പാവ്, ഉത്തരീയം എന്നിവ നിർമ്മിച്ചുകൊണ്ടുവരുന്നത്.
ആദ്യമായി അക്കരെ ക്ഷേത്രസന്നിധിയിലേക്ക് കടക്കുന്നതിനും ഉണ്ട് പ്രത്യേകം ചിലചിട്ടകൾ. ഇക്കരെക്ഷേത്രത്തിൽ
നിന്നും പടിഞ്ഞീറ്റനമ്പൂതിരിയുടെയും, സമുദായിയുടെയും നേതൃത്വത്തിൽ ജന്മസ്ഥാനീകരും, മറ്റു അവകാശികളും അക്കരയ്ക്ക് പുറപ്പെടും. സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദഞ്ചേരിയിലെത്തി, ഉരുളിക്കുളത്തിൽ നിന്ന് കൂവയില പറിച്ചെടുക്കും. ഇവരെയും കാത്ത് ഒറ്റപ്പിലാൻപണിക്കർ , ജന്മാശാരി, പുറങ്കലയൻ ഇവർ ബാവലിക്കരയിൽ കാത്തു നിൽക്കും. പറിച്ചെടുത്ത കൂവയിലയിൽ ജലംശേഖരിച്ച് ആദ്യം ഒറ്റപ്പിലാനും, തുടർന്ന് പടിഞ്ഞീറ്റയും സ്വയംഭൂ മൂടിക്കിടക്കുന്ന സ്ഥാനത്ത് തീർത്ഥാഭിഷേകം നടത്തുന്നു. ആശാരി മുഴക്കോലുകൊണ്ട് മണിത്തറ അളന്നു തിട്ടപ്പെടുത്തുകയും, പുറങ്കലയൻ ചുറ്റുപാടും വൃത്തിയാക്കുകയും ചെയ്യുന്നു. അതിനുശേഷം എല്ലാവരും തിരിച്ച് ഇക്കരെയെത്തുന്നു. ഐതിഹ്യപ്രകാരം സ്വയംഭൂവിൽനിന്ന് രക്തം ഒഴുകുന്നതുകണ്ട കുറിച്യൻ, പടിഞ്ഞീറ്റയെ വിവരമറിയിച്ച്,തീർത്ഥാഭിഷേകം നടത്തിയതിന്റെ പ്രതീകമായിട്ടു് നടക്കുന്ന ചടങ്ങാണിത്.വാവലിക്കെട്ട് എന്ന ചടങ്ങ് നടക്കുന്നതും നീരെഴുന്നള്ളത്തിനോടനുബന്ധിച്ചാണ്.സന്നിധിയിൽ കയ്യാലകളുടെ നിർമ്മാണവും,തിരുവഞ്ചിറ ശുചിയാക്കൽ മുതലായ പ്രവർത്തികളും നീരെഴുന്നള്ളത്തിന്റെ പിറ്റേന്നാളാണ് ആരംഭിക്കുന്നത്.
ഇക്കരെക്ഷേത്രത്തിലെ
ആയില്യാർകാവിൽ രണ്ടാമത് പൂജയും, അപ്പട നിവേദ്യവും നടക്കുന്നത് നീരെഴുന്നള്ളത്തിൻനാളിലാണ്. മറ്റെവിടെയും കാണാത്തതരത്തിലുള്ള ഒരു പ്രത്യേകപ്രസാദമാണ് പ്രക്കൂഴംനാളിലും, നീരെഴുന്നള്ളത്ത്നാളിലും ആയില്യാർകാവിൽ നിവേദിക്കുന്ന അപ്പട. അരിപ്പൊടിയും, മഞ്ഞളും ചേർത്ത് കനലിൽ ചുട്ടെടുക്കുന്ന ഈ വിശിഷ്ടപ്രസാദം ആയില്യാർകാവിൽവെച്ച് ഭൂതഗണങ്ങൾക്ക്
വേണ്ടിനടത്തുന്ന പൂജയോടനുബന്ധിച്ച് ലഭിക്കുന്ന പ്രസാദമാണ്.
നീരെഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചാംനാൾ മഹാദേവന് നെയ്യാട്ടം. നെയ്യാട്ടത്തിനായുള്ള നെയ്യമൃത് വ്രതക്കാർ പ്രക്കൂഴംനാൾ മുതൽ തന്നെ വ്രതംആരംഭിച്ചു.
വ്രതത്തിന്റെ മൂന്നാംഘട്ടമായി തങ്ങളുടെ വീടുകളിൽ നിന്ന്മാറി പ്രത്യേകമായുള്ള
മഠങ്ങളിൽ താമസമാരംഭിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ വ്രതക്കാർ ഒത്തുചേർന്ന് മഠങ്ങളിൽ
നെയ്യാട്ടത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി.....
ഗോവിന്ദാ ഹരിഗോവിന്ദാ.....
കടപ്പാട്
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️