08/12/2023
(ഇന്നത്തെ - സുപ്രഭാതം വെള്ളിപ്രഭാതം)
#സ്വയംഹത്യ_മതം_ശാസ്ത്രം_പരിഹാരം - ഖാജാ മുഹ്‌യിദ്ദീൻ ഹുദവി
#നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ കണക്ക് പ്രകാരം കേരളത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ആത്മഹത്യാനിരക്ക് ഗണ്യമായി വർധിക്കുന്നു എന്നതാണ്. സംസ്ഥാനത്ത് 2021ൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 9549 ആയിരുന്നെങ്കിൽ 2022ൽ 10162 ആയി വർധിച്ചിരിക്കുന്നു. ഏറെ ആശ്ചര്യപ്പെടുത്തുന്നത് അതിൽ 8031 പേരും പുരുഷന്മാരാണ് എന്നുള്ളതാണ്. എന്നാൽ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷകരായ ഡോക്ടർമാർക്കിടയിൽ ഈ വർഷം 11 പേർ ആത്മഹത്യ ചെയ്തു എന്നുള്ളത് വിഷയത്തിന്റെ ഗൗരവം എടുത്തുകാട്ടുന്നു.
കുടുംബപ്രശ്നം, സാമ്പത്തികം, തൊഴിൽ സംഘർഷം, ബന്ധങ്ങളിലെ വിള്ളൽ തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് നിരത്തപ്പെടുന്നുവെങ്കിലും സംഘർഷപ്പെടുമ്പോൾ ഒറ്റക്കാണെന്ന തോന്നൽ സൃഷ്ടിക്കുന്ന സ്വാർഥത, സ്വകുടുംബങ്ങളിലൊതുങ്ങൽ, നിസ്സഹകരണം, സാമൂഹിക പ്രതിബദ്ധതാ കുറവ് തുടങ്ങി പുതിയ സാമൂഹിക വ്യവസ്ഥിതിയും കാരണമായിട്ടുണ്ട്.
പഴയകാലത്തതിനേക്കാൾ സുഖസൗകര്യങ്ങളിൽ മാത്രം ജീവിക്കുന്ന പുതുതലമുറക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കൽ പരിചിതമല്ലാത്തതും സംഘർഷങ്ങളിലെ മാനസിക തകർച്ചക്ക് വലിയൊരു കാരണമാണ്. അമേരിക്കയിലെ ആത്മഹത്യ നിരക്കിനെ കുറിച്ചുള്ള ഒരു പഠനത്തിൽ സൂചിപ്പിക്കപ്പെട്ടത് അണു കുടുംബങ്ങളിൽ പോലും പിതാവ് മാതാവ് മക്കൾ തമ്മിലുള്ള പരസ്പര പങ്കുവെക്കലുകളുടയും ഒന്നിച്ചിരിക്കുന്നതിന്റെയും കുറവുകൾ ആത്മഹത്യകൾക്ക് പിന്നിലുണ്ട്.
ഇവിടെ ഒരു മുസ്ലിം മറ്റൊരു സഹോദരൻ ഒരു ശരീരം പോലെയാണ് എന്ന ഹദീസും കുടുംബബന്ധം ചേർത്തവനെ അല്ലാഹു ചേർക്കുന്നതാണ് എന്ന സാരത്തിലുള്ള ഹദീസും കാലാതീതമായി പ്രസക്തമാവുകയാണ്.
എന്നാൽ ആത്മഹത്യ ചെയ്യുന്നവരിൽ 10ൽ 9 പേരുടേതും ചികിത്സിക്കാൻ സാധിക്കുന്ന മാനസികരോഗമാണെന്ന് (diagnosable psychiatric disorder) പഠനങ്ങൾ സൂചിപ്പിക്കുമ്പോൾ സൈക്കാട്രി ഡോക്ടർമാരും മൈൻഡ് കോച്ചുമാരും കൗൺസിലിംഗ് സെൻററുകളും ഇന്ന് ഏറെയാണെങ്കിലും ഓരോ വ്യക്തിക്കും സ്വയം ആർജിക്കാനാകുന്ന ചില പരിഹാരങ്ങളുണ്ട്.
ഏതു കുറവുകളിലും ഒറ്റപ്പെടലുകളിലും നിവർന്നുനിൽക്കാൻ ഒരു മനുഷ്യന് അവന്റെ തന്നെ മനസിൻ്റെ ശക്തി മാത്രം തിരിച്ചറിഞ്ഞാൽ മതി. പ്രസിദ്ധ മനഃശാസ്ത്ര ഗ്രന്ഥമായ പവർ ഓഫ് യുവർ സബ് കോൺഷ്യസ് മൈൻഡ് എന്ന ഗ്രന്ഥത്തിൽ മനസിൻ്റെ അത്ഭുത ശക്തിയെക്കുറിച്ച് ഐറിസ് മനഃശാസ്ത്ര ചിന്തകൻ ജോസഫ് മർഫി ഇങ്ങനെയാണ് രേഖപ്പെടുത്തിയത് - സമാധാനം, മൈത്രി, സദുദ്ദേശ്യം, ആയുരാരോഗ്യം തുടങ്ങിയ സങ്കൽപങ്ങളിൽ സദാ മനസിനെ ക്രിയാത്മകമാക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും'. ലോകത്ത് അത്ഭുതങ്ങൾ സാധ്യമാക്കിയവരൊക്കെ മനസിൻ്റെ അത്ഭുതശക്തി തിരിച്ചറിഞ്ഞവരായിരുന്നു. ആധുനിക സാങ്കേതിക ഉപകരങ്ങളുടെ കണ്ടുപിടിത്തങ്ങളുടെ നൂറ്റാണ്ടുകൾക്കു മുമ്പ് 15 ടൺ വരെ ഭാരമുള്ള 2.3 ബില്യൻ പടുകൂറ്റൻ കല്ലുകൾ കൊണ്ട് നിർമിച്ച പിരമിഡുകൾ പറഞ്ഞുതരുന്നത് മനുഷ്യ മനസ് സാധ്യമാക്കിയ അത്ഭുതങ്ങളെയാണ്.
വിശുദ്ധ ഖുർആനിൽ മനുഷ്യശരീര സൃഷ്ടിപ്പിന്റെ അത്ഭുതത്തെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു ഉണ്ടെന്ന ദൃഢത കൈവരിക്കാൻ ചിന്തിക്കാൻ ഉതകുന്ന തെളിവുകളായി അതിരില്ലാ ചക്രവാളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കോടാനുകോടി സൂര്യ-ചന്ദ്ര-നക്ഷത്ര- ഗോളങ്ങളും സസ്യലതാദികളും ചുരുക്കിപ്പറഞ്ഞിടത്ത് അതിനോട് ചേർത്തുവച്ചത് ആത്മാവും ജീവനും അടങ്ങിയ മനുഷ്യശരീരത്തിലെ അത്ഭുതത്തെയാണ് (ഫുസ്സിലത്ത്/53).
(سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ)
ചിന്തകളാണ് മനസിന്റെ ഊർജം നിയന്ത്രിക്കുന്നത്. പോസിറ്റീവ് ചിന്തകൾ എപ്പോഴും മനുഷ്യനെ പോസിറ്റീവ് ഊർജം നൽകുന്നു. ശക്തമായ ചിന്തകൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. വലിയ ലക്ഷ്യങ്ങളും ചിന്തകളും ഉണ്ടാകുമ്പോൾ നിസാര ചാപല്യങ്ങളെ മനസ് അവഗണിക്കുന്നു. അതിന് ആദ്യം പഠിക്കേണ്ടത് മനസ് എന്ന അത്യത്ഭുതത്തെക്കുറിച്ചാണ്.
മനസ്സിന്റെ ചിന്തകളെ പ്രത്യക്ഷത്തിൽ യാഥാർത്ഥ്യമാക്കുമ്പോൾ അതിന്റെ കരുത്ത് സർവ്വശക്തനായ അള്ളാഹു അത് സാധ്യമാക്കാൻ കഴിവുള്ളവനാണെന്ന് അവന്റെ പോസ്റ്റീവ് ചിന്തയാണ്.
(أنا عند ظن عبدي بي - مسلم )
എന്ന ഹദീസിന്റെ നേർസാക്ഷ്യം. അല്ലാഹുവിനെ കുറിച്ച് അവൻ സർവ്വസാധ്യ നായ ഐശ്വര്യവാനായി കണക്കാക്കുമ്പോൾ അതിന്റെ പ്രതിഫലനം അവനിലും സാധ്യമാകുന്നു. മനസ്സിന്റെ അത്യത്ഭൂതത്തിന്റെ രസതന്ത്രം അല്ലാഹുവിന്റെ ഈ വാക്കിനെ ദൃഢമായി ഉൾക്കൊള്ളുന്നതിലാണ് ഒളിഞ്ഞു കിടക്കുന്നത്.
#രണ്ടാമതായി ചിന്തകളുടെ ബാഹ്യശരീര ഭാഗമായ തലച്ചോറിനെക്കുറിച്ചുള്ള കൃത്യമായ അവബോധം മാനസിക സംഘർഷങ്ങൾക്കും വിഷാദങ്ങൾക്കും കൃത്യമായ പരിഹാരങ്ങൾ സ്വയം കണ്ടെത്താനാകും. ചിന്തകൾക്കനുസരിച്ച് മനസിനെ മൂന്നായി തിരിക്കാം.
1- യുക്തിയിലും വസ്തുതയിലും അധിഷ്ഠിതമായ റീസണബിൾ മൈൻഡ്. 2- വികാരങ്ങളെ കാര്യകാരണസഹിതം വേർതിരിക്കുന്ന വൈസ് മൈൻഡ്.
3- വികാരങ്ങൾക്കടിമപ്പെട്ട് ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കപ്പെടുന്ന ഇമോഷണൽ മൈൻഡ്. സംഘർഷങ്ങൾ അനുഭവിക്കുമ്പോൾ ആത്മഹത്യപോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ചിലയാളുകൾ എത്തുന്നത് ഇമോഷണൽ മൈന്റിൽ തീരുമാനങ്ങൾ എടുക്കുമ്പോഴാണ്. ആ സമയം അതിനെ വൈസ് മൈൻഡിലേക്ക് മാറ്റുന്നത് പ്രതിസന്ധിയെ മാറ്റിമറിക്കും.
തലച്ചോറിന്റെ ഘടനയിൽ ഇരുഭാഗങ്ങളിലായി ഏകദേശം മധ്യഭാഗത്ത് നിലകൊള്ളുന്ന temporal lobe എന്ന ഭാഗങ്ങളോടാണ് വികാരങ്ങൾ മിക്കവാറും ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ ഓർമശക്തി, പ്രേരണ, നിയന്ത്രണം, പ്രശ്നപരിഹാരം, സാമൂഹിക ഇടപെടൽ, തുടങ്ങിയ ഉയർന്ന അവബോധ പ്രവർത്തനങ്ങളുടെ ഭാഗം ഫ്രണ്ടൽ ലോബിയിലാണ്. അപ്പോൾ വൈകാരിക മനസ്സ് അപകടകരമായ ചിന്തകൾക്ക് തുടക്കം കുറിക്കുമ്പോൾ തന്നെ മുൻഭാഗത്തേക്ക് ചിന്തകളെ മാറ്റിവിടുന്നത് വൈകാരിക ചിന്തകളെ മാറ്റിമറിക്കാനാകും.
#സുജൂദിന്റെ അത്ഭുത സിദ്ധി
സ്കാനിങ് ഉപകരണങ്ങൾ കണ്ടെത്തിയിരുന്നില്ലാത്ത ഒരുകാലത്ത് സങ്കടം, വിഷമം, ഭയം തുടങ്ങിയ വികാരങ്ങളെ അകറ്റാൻ തിരുനബി പെട്ടെന്ന് നിസ്കാരത്തിൽ പ്രവേശിക്കുമായിരുന്നു (അബൂദാവൂദ്).
(عن حذيفة رضي الله عنه، قال: "كان النبي ﷺ إذا حزبه أمرٌ صلى" وفي لفظ: "إذا حزَبه أمرٌ، فزع إلى الصلاة" - رواه أبوداود )
ഈ തിരുവാക്കിന്റെ ശാസ്ത്രീയത നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തേക്കാൾ തല താഴ്ന്നു നിൽക്കുമ്പോൾ ശരീരത്തിലെ രക്തയോട്ടം തലച്ചോറിന്റെ മുൻഭാഗത്തേക്ക് കൂടുതലായി പ്രവഹിക്കുന്നു. അത് ഫ്രണ്ടൽ ലോബിൽ വിവേക ബുദ്ധി അതിശക്തമാക്കുന്നു. വികാരങ്ങൾക്ക് അടിമപ്പെടാതെ പ്രശ്നപരിഹാരങ്ങളും ഭൗതികമായ തീരുമാനങ്ങളും അവിടെയുണ്ടാകുന്നു. ചുരുക്കത്തിൽ ആത്മഹത്യാ പ്രവണതകളും സംഘർഷങ്ങളും ഇല്ലായ്മ ചെയ്യാനും ഏറെ സഹായകമാകുന്നതാണ് നിസ്കാരവും സുജൂദ് അധികരിപ്പിക്കലും.
#മൂന്നാമതായി സംഘർഷങ്ങൾ തീർക്കുന്നിടത്ത് മനസ്സിന്റെ വിശാലത അതിപ്രധാനമാണ്. വിശാലതക്കനുസരിച്ച് കാര്യങ്ങളെ ഉൾക്കൊള്ളാനും ക്ഷമിക്കാനും സഹിക്കാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാനും ശാന്തമായി ഇടപെടാനുമാവും. അത്തരത്തിൽ മനസിന് ശാന്തമാക്കാൻ മെഡിറ്റേഷൻ, യോഗ, ഗ്രാറ്റിറ്റ്യൂഡ് ജേണൽ, ഫോർഗിവ്നസ് ജേണൽ, അൺകണ്ടീഷണൽ ലവ് തുടങ്ങിയ ആർട്ടിഫിഷൽ മാർഗങ്ങൾ ലോകം ഇന്ന് അനുവർത്തിച്ചുപോരുന്നു. എന്നാൽ അതിനൊരു യഥാർത്ഥ ഫോർമുല 14 നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നിർദ്ദേശിക്കുകയായിരുന്നു ഖുർആൻ നിർദ്ദേശിക്കുകയായിരുന്നു തിരുനബി (സ്വ).
ദൈവത്തോടുള്ള അടുപ്പം മനസിൽ സൃഷ്ടിക്കുന്ന ശാന്തതയിൽ നിന്നും സ്വസ്ഥതയിൽ നിന്നുമാണ് മനസിൻ്റെ വിശാലത ഉണ്ടാകുന്നതും എല്ലാം ശാന്തമായി അഭിമുഖീകരിക്കാനുള്ള ശേഷിയുണ്ടാകുന്നതും.
ഖുർആൻ പറയുന്നു, മനസ്സുകൾ ശാന്തമാകുന്നത് തീർത്തും ദൈവസ്മരണ കൊണ്ടാണെന്ന് നിങ്ങൾ അറിയണം (13/28). ഇവിടെ മനസുകൾ എന്നാണ് പ്രയോഗിച്ചത്. പല മനസിന് പല പ്രശ്നങ്ങളാണ്. പ്രശ്നങ്ങൾ എന്തുമാവട്ടെ പരിഹാരം ഒന്നു മാത്രമാണ്. മനസിൻ്റെ ശാന്തത. അതിന് ആവശ്യമായത് ദൈവസ്മരണയും.
മനസിൻ്റെ അത്ഭുതങ്ങളെപ്പറ്റി ആധുനിക പഠനങ്ങൾ കണ്ടെത്തിയത് അഭൗതികമായ പ്രാപഞ്ചികമായ ഒരു ശക്തിയുമായിട്ട് മനസിന് അഭേദ്യ ബന്ധമുണ്ടെന്നാണ്. അതിൽ നിന്ന് ഊർജം സ്വീകരിക്കുന്നത് മനസ്സിനെ ശക്തിപ്പെടുത്തുന്നു. എന്നാൽ വസ്തുതകൾ കണ്ടെത്തുകയും അതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ കണ്ടെത്താനാവാത്തതുമാണ് ശാസ്ത്രത്തിന്റെ പോരായിമ. അതായത് ദൈവികത അംഗീകരിക്കുന്ന ഒരു സമയത്ത് ശാസ്ത്രം കൂടുതൽ വികസിക്കും. ഹദീസുകളിലും ഇസ്ലാമിക നിയമങ്ങളിലും നിറഞ്ഞുനിൽക്കുന്ന അത്ഭുതങ്ങൾ കൂടുതൽ മനസ്സിലാക്കാനുമാകും. യാഥാർത്ഥ്യത്തോട് യോജിക്കുന്ന ശാസ്ത്ര പഠനം വിശ്വാസം ദൃഢപ്പെടുത്തുമെന്നതാണ് പ്രാപഞ്ചിക അത്ഭുതങ്ങൾ എണ്ണിപ്പറഞ്ഞ് "നിങ്ങൾ ചിന്തിക്കുന്നില്ലേ" എന്ന ഖുർആനിലെ ചോദ്യം നിരന്തരമായി നമ്മെ പഠിപ്പിക്കുന്നത്.
ഇന്ത്യയുടെ മിസൈൽമാൻ എ.പി.ജെ അബ്ദുൽ കലാം പറഞ്ഞത് ഒരാൾ ശാസ്ത്രജ്ഞനായിട്ട് ദൈവത്തെ കണ്ടെത്താനായിട്ടില്ലെങ്കിൽ ശാസ്ത്രത്തിൽ നിന്ന് അയാൾക്കൊന്നും നേടാനായിട്ടില്ല എന്നാണ്.
ചുരുക്കത്തിൽ ആധുനിക ആർട്ടിഫിഷലുകൾക്ക് നേടിയെടുക്കാനാവാത്ത മാനസിക സ്വസ്ഥതയും ശാന്തതയും ദൈവസ്മരണക്കുനേടി തരാനാകും. അല്ലാഹുവിന്റെ കൂട്ട് അനുഭവിക്കുന്നവന് എങ്ങനെ ഒറ്റപ്പെടലും അശക്തതയും അനുഭവപ്പെടാനാണ്?. ഒരു പടി കൂടി മുന്നോട്ടു കടന്നാൽ ഹൃദയ തെളിമയിൽ അല്ലാഹുവിന്റെ പ്രവർത്തനങ്ങളെ ഉൾക്കാഴ്ച്ച കൊണ്ട് കാണുന്നവനും അതിന്റെ ലക്ഷ്യം തിരിച്ചറിയുന്നവനും ഒന്നിലും ഭയപ്പാട് ഏതുമില്ല.
നഷ്ടപ്പെടാനായി ഇനി ഒന്നുമില്ലാതിരിന്നിട്ടും ഫലസ്തീനികളുടെ കരുത്ത് അല്ലാഹുവിലെ വിശ്വാസം തന്നെയാണ്. ഈ സാമീപ്യത്തിന്റെയും ശാന്തതയുടെയും ആരംഭം ഹൃദയശുദ്ധീകരണമാണ്.
#തിരുവാക്കിന്റെ ശാസ്ത്രീയത
ആദ്യകാല ശാസ്ത്ര കണ്ടെത്തൽ തലച്ചോറും നാഡീവ്യൂഹങ്ങളുമാണ് ശരീരത്തിലെ വികാരങ്ങളടക്കം എല്ലാം നിയന്ത്രിക്കുന്നത് എന്നായിരുന്നുവെങ്കിൽ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് വൈകാരികമായ കാര്യങ്ങളിൽ തലച്ചോറിനും ഹൃദയത്തിനും തുല്യമായ പങ്കാണുള്ളത്. നാഡീ പ്രേരണകൾ (impulses) വഴി ന്യൂറോളജിക്കലും രക്തപ്രവാഹത്തിലുള്ള ഹോർമോണുകൾ വഴി സന്ദേശങ്ങൾ അയയ്ക്കുന്നത് കാരണം ബയോകെമിക്കലായും ഹൃദയവും തലച്ചോറും പരസ്പരം ആശയവിനിമയം നടത്തുന്നു. തലച്ചോറിനെപ്പോലെ, ഹൃദയത്തിലും നൂറുകണക്കിന് സ്വതന്ത്ര ന്യൂറോണുകളുണ്ട്. ഇത് ഏതാണ്ട് ഒരു മിനി-തലച്ചോറ് പോലെയാണ്, അത് തലച്ചോറിനെപ്പോലെ 'ചിന്തിക്കുന്നില്ല' എങ്കിലും തലച്ചോറിലേക്ക് വലിയ അളവിലുള്ള സിഗ്നലുകൾ അയയ്ക്കാൻ ഇതിന് കഴിയും.
ഹൃദയത്തിന്റെ പ്രധാന പ്രവർത്തനം ശരീരത്തിലുടനീളം രക്തവും ഓക്സിജനും പമ്പ് ചെയ്യുന്നതായതിനാൽ, ഹോർമോണുകൾ എല്ലാ അവയവങ്ങളിലേക്കും തലച്ചോറിലേക്കും സഞ്ചരിക്കുന്നു. എന്തിനധികം, ഹൃദയം ഒരു എൻഡോക്രൈൻ ഗ്രന്ഥിപോലെ പ്രവർത്തിക്കുന്നു. അത് രക്തപ്രവാഹത്തിൽ ധാരാളം ഹോർമോണുകളും നോർ-എപിനെഫ്രിൻ, എപിനെഫ്രിൻ, ഡോപാമൈൻ, ഓക്സിടോസിൻ - എന്നിങ്ങനെയുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളും ഉത്പാദിപ്പിക്കുകയും സ്രവിക്കുകയും ചെയ്യുന്നു. നാഡീ പ്രേരണകളുടെയും ഹോർമോണുകളുടെയും ഉപയോഗത്തിലൂടെ, സിഗ്നലുകൾ തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങളിലേക്ക് അയക്കപ്പെടുന്നു. അവ എങ്ങനെയുള്ള വികാരമാണെന്ന് തലച്ചോറ് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, എന്താണ് പ്രതികരിക്കേണ്ടത് എന്ന് ശരീരത്തിന് സിഗ്നൽ നൽകുന്നു.
ഉദാഹരണത്തിന്, ദേഷ്യം പോലുള്ള വികാരങ്ങൾ അനുഭവപ്പെടുമ്പോൾ, നമ്മുടെ ഹൃദയ താള പാറ്റേണുകൾ കൂടുതൽ ക്രമരഹിതമായിത്തീരുന്നു. ഈ ക്രമരഹിതമായ പാറ്റേണുകൾ സിഗ്നലുകളായി മാറുന്നു. ആ സമയം സംഘട്ടനത്തിനോ അപകടത്തിനോ വേണ്ടി ഒരു വ്യക്തിയെ തയ്യാറാക്കുന്ന "ഫൈറ്റ്-ഓ-ഫ്ലൈറ്റ്" എന്ന ഹോർമോണായ എപിനെഫ്രിൻ രക്തപ്രവാഹത്തിലേക്ക് സ്രവിക്കുന്നു. ഹോർമോണുകൾക്കൊപ്പം ക്രമരഹിതമായ സിഗ്നലുകൾ തലച്ചോറിലേക്ക് അയയ്ക്കുന്നു. ദേഷ്യം തോന്നുന്നുവെന്ന് മസ്തിഷ്കം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ - തലച്ചോറിന്റെ പ്രവർത്തനം ഈ സിഗ്നലുകളാൽ സ്വാധീനിക്കപ്പെടും. അപ്പോൾ നമ്മൾ വിയർക്കുകയും ശ്വാസോച്ഛ്വാസം വേഗത്തിലാകുകയും അല്ലെങ്കിൽ പല്ലുറുമ്പുകയും മുഷ്ടി ചുരുട്ടുകയും ചെയ്യും. സന്തോഷ വികാരങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് തിരിച്ചുള്ള പ്രതികരണങ്ങളും ഇതുപോലെ തന്നെയാണ്.
ഹൃദയവും തലച്ചോറും നിരന്തരമായ ദ്വിമുഖ സംഭാഷണത്തിലാണ്. ഒരു മിനി-തലച്ചോറ് പോലെയാണ് ഹൃദയം. എന്നല്ല ശ്വാസം രക്തപ്രവാഹം തുടങ്ങിയ ശാരീരിക പ്രക്രിയകൾ ശരീരത്തെ ആരോഗ്യപ്രദമായി നിർത്തുന്നതിനാൽ മാനസികമായും ശാരീരികമായും ഹൃദയത്തിന് തലച്ചോറിനേക്കാൾ കൂടുതൽ പങ്കുള്ളതായി മനസ്സിലാക്കാം.
ഇവിടെയാണ് ശാസ്ത്ര സാങ്കേതികവിദ്യകൾ ഒട്ടും കണ്ടുപിടിക്കപ്പെടാത്ത കാലത്തെ തിരുനബിയുടെ ഹദീസ് അത്ഭുതമായി തീരുന്നത്. 'മനുഷ്യ ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട് അത് ശരിയായാൽ ശരീരം മുഴുവനും ശരിയായി അത് മോശമായാൽ ശരീരം മുഴുവനും മോശമായി അത് ഹൃദയമാണ്' (മുസ്ലിം).
വികാരങ്ങൾക്ക് ഹൃദയവുമായി ശക്തമായ ബന്ധമുണ്ടെന്ന പുതിയ കണ്ടെത്തലുകൾ - ഹൃദയത്തിൽ ഉണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ സ്വഭാവത്തിൽ എത്രമാത്രം പ്രതിഫലിക്കുമെന്ന് മനസിലാക്കിത്തരുന്നു. മനസിനെ ശുദ്ധീകരിക്കുന്ന ദൈവസ്മരണയിലേക്ക് നാം തിരിച്ചുനടക്കലാണ് സംഘർഷങ്ങൾ ഇല്ലാത്ത സന്തോഷലോകത്ത് ജീവിക്കാനുള്ള പോംവഴി. മനസിനെ അത്തരത്തിൽ ശാന്ത അവസ്ഥയിൽ പാകപ്പെടുത്തുന്ന പ്രവാചക പകരക്കാരായ മഹത്തുക്കളുടെ സഹവാസവും ഇതിന് ഏറെ ഉപകാരപ്രദമാണ്.