29/04/2026
'നീണ്ട തലമുടി. കുത്തഴിഞ്ഞ വേഷവിധാനങ്ങൾ. മ്യൂസിക്കിനോടും ലഹരിയോടുമുള്ള അതിഭ്രമം...' തൊള്ളായിരത്തി എഴുപതുകളിൽ കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ട്രെൻഡായി മാറിയ പ്രത്യേകതരം ഒരു സംസ്കാരമായിരുന്നു ഇത്. ഹിപ്പിയിസം എന്നായിരുന്നു ഈ കുത്തഴിഞ്ഞ ജീവിതരീതിയെ ആളുകൾ വിളിച്ചിരുന്നത്. ആധുനികത, യുക്തിചിന്ത എന്നീ ഓമനപ്പേരുകളിലാണ് ഈ അധാർമിക പ്രവണത വിദ്യാർഥി യുവജനങ്ങൾക്കിടയിൽ പ്രചരിച്ചത്. സമരങ്ങളും വിപ്ലവചിന്തകളും ഒത്തുചേർന്നതോടെ ഹിപ്പിയിസം സമൂഹത്തിൽ പിടിമുറുക്കാൻ തുടങ്ങി. എന്നാൽ ഒരാവേശത്തിൻ്റെ പുറത്ത് അതിൽ ഭാഗമായവരായിരുന്നു ഭൂരിഭാഗവും. പലപ്പോഴും മതപ്രഭാഷണത്തിന് പോകുമ്പോൾ അത്തരം വേഷഭൂഷാദികളുള്ള യുവാക്കളെ അഭിമുഖീകരിക്കേണ്ടി വന്നു.
ആക്ഷേപിക്കുന്നതിന് പകരം അവരെ ചേർത്തുനിർത്തി സംസ്കരിക്കുകയായിരുന്നു പരിഹാരം. സുന്നി വിദ്യാർഥികൾക്കൊരു സംഘടന വേണമെന്ന ചർച്ച ചൂടുപിടിച്ചത് അതിൻ്റെ കൂടി പശ്ചാത്തലത്തിലാണ്. എസ്എസ്എഫ് ഔദ്യോഗികമായി രൂപപ്പെടുന്നതിന്റെ മുമ്പ് തന്നെ വിവിധയിടങ്ങളിൽ അതേപേരിലും അല്ലാതെയും സംഘടനാ ഘടകങ്ങൾ നിലവിൽ വന്നിരുന്നു. പഠന, അധ്യാപന, പ്രഭാഷണ വേളകളിൽ പലപ്പോഴും അത്തരം കൂട്ടായ്മകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. 1965ൽ കോഴിക്കോട് കൊടുവള്ളിക്കടുത്ത നടമ്മൽപൊയിലിൽ നടന്ന ജംഇയ്യത്തു ത്വലബ വാർഷിക സമ്മേളനത്തിലെ ഉദ്ഘാടകനായതും 1972ൽ പൂനൂർ ഗവൺമെൻ്റ് ഹൈസ്കൂൾ യൂണിറ്റ് രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയതും അക്കാലത്തെ ഓർമകളാണ്. ഔദ്യോഗികമായി നിലവിൽ വന്നതിനുശേഷം എസ് എസ് എഫിൻ്റെ പ്രധാന അജണ്ട താലൂക്ക് കമ്മിറ്റി രൂപീകരണങ്ങളും സമ്മേളനങ്ങളുമായിരുന്നു. ശൈഖുനാ ഇകെ ഹസൻ മുസ്‌ലിയാർക്കൊപ്പം അങ്ങനെയുള്ള നിരവധി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
എസ്എസ്എഫ് സജീവമായതോടെ മത-ഭൗതിക വിദ്യാർഥികൾക്കിടയിലുള്ള അടുപ്പം വർധിക്കുകയും ഹിപ്പി കൾച്ചർ പതുക്കെ അപ്രത്യക്ഷമാവുകയും ചെയ്തു. വിദ്യാർഥികൾക്കിടയിൽ എസ് എസ് എഫ് കൊണ്ടുവന്ന നവജാഗരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും എസ് വൈ എസിനും വലിയ മുതൽക്കൂട്ടായി. നവീനവാദികൾ സുന്നീ സ്ഥാപനങ്ങളും പള്ളികളും കയ്യേറുകയും സ്കൂൾ പാഠപുസ്തകങ്ങളിൽ തങ്ങളുടെ ആശയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്ത ഘട്ടമായിരുന്നു അത്. തുടക്കം മുതൽ തന്നെ എസ് വൈ എസ് ഈ കടന്നു കയറ്റങ്ങളെ എതിർത്തിരുന്നു. പുത്തനാശയക്കാരുടെ പാലപ്പറ്റ പള്ളി കയ്യേറാനുള്ള ശ്രമം, സ്കൂൾ അറബി പാഠപുസ്തകത്തിൽ പാരമ്പര്യ വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളിക്കൽ എന്നിവയെ തുടർന്ന് എസ്എസ്എഫും ഇത്തരം അനീതികൾക്കെതിരെ ശക്തമായി രംഗത്തുവന്നു. അതിനുശേഷം കേരളത്തിൽ പള്ളികൾ കയ്യേറാനോ പാഠപുസ്തകങ്ങളിൽ വികല ആശയങ്ങൾ ഉൾപ്പെടുത്താനോ പുത്തനാശയക്കാർക്ക് സാധിച്ചിട്ടില്ലെന്നത് എസ്എസ്എഫിൻ്റെ പ്രസക്തി അറിയിക്കുന്നുണ്ട്.
ലക്ഷക്കണക്കിന് പ്രവർത്തകരുള്ള, ഇന്ത്യൻ മുഴുവൻ പടർന്നു പന്തലിച്ച, വ്യവസ്ഥാപിത സംവിധാനങ്ങളും കർമപദ്ധതികളുമുള്ള മഹത്തായ സംഘടനയാണ് ഇന്ന് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ. പാരമ്പര്യ മൂല്യങ്ങളുടെ സംരക്ഷണവും ദേശീയ അന്താരാഷ്ട്ര തലങ്ങളിലുള്ള വൈവിധ്യമാർന്ന പ്രബോധന പ്രവർത്തനങ്ങളും സംഘടനയെ സജീവമാക്കുന്നു. അധാർമിക, നശീകരണ ചിന്തകൾ യുവതലമുറയെ വരിഞ്ഞുമുറുക്കുമ്പോൾ നമുക്ക് മുന്നിൽ വെക്കാനുള്ളത് എസ്എസ്എഫ് എന്ന പരിഹാരമാണ്. നാളിതുവരെയുള്ള സംഘടനാ ചരിത്രവും ഇടപെടലും പരതുമ്പോൾ എല്ലാവർക്കും അത് ബോധ്യപ്പെടും. വിശുദ്ധ ഇസ്‌ലാമും തിരുനബി(സ്വ)യും പകർന്ന മൂല്യങ്ങളിൽ ഉറച്ചുനിന്ന്, മഹത്തുക്കളുടെയും മുൻഗാമികളുടെയും ഓർമകളിൽ നിന്ന് ഊർജമുൾക്കൊണ്ട്, നാളിതുവരെ നാം സാധിച്ചെടുത്ത വിപ്ലവങ്ങളിൽ പ്രചോദിതരായി പുതുതലമുറക്ക് വേണ്ടി മുന്നിട്ടിറങ്ങാൻ നമുക്ക് വലിയ ബാധ്യതയുണ്ട്. എല്ലാവരുടെയും ശ്രദ്ധയും ഉത്സാഹവും അക്കാര്യത്തിൽ ഉണ്ടാവണമെന്ന് ഉണർത്തുന്നു. ഈ സ്ഥാപക ദിനത്തിൽ എന്റെ ആശംസയും പ്രാർഥനയും നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
(ഫോട്ടോ: എസ്എസ്എഫ് ഇരുപതാം വാർഷിക ഖാദിസിയ്യ സമ്മേളനത്തിൽ നിന്ന്)