22/10/2024
ആദം (عليه السلام) ന്റെ വിഷയത്തിൽ സംഭവിച്ചതിനെ കുറിച്ച് പറയുകയാണെങ്കിൽ. അത് ബാഹ്യമായി അനുസരണക്കേട് ആയി തോന്നുമെങ്കിലും ആന്തരികമായി ആദം (عليه السلام) ന്റെ ഏറ്റവും വലിയ ബഹുമതിയെ ആണ് സൂചിപ്പിക്കുന്നത്. അവിടുത്തേക്ക് പരിപൂർണ്ണമായ അറിവും അല്ലാഹുവിന്റെ മഅരിഫത്തും (ദിവ്യ) സാനിധ്യവുമായി ബന്ധപ്പെട്ട ഉപചാരങ്ങളും അടങ്ങുന്ന ദൈവീകമായ വെളിപാട് നൽകപ്പെട്ടു, അതോടൊപ്പം അതിന്റെ സ്ഥാനം എത്ര വലുതാണെങ്കിലും അടിമത്വത്തിന്റെ താഴ്ന്ന അവസ്ഥയും അതിന്റെ നിരാശ്രയത്വവും അവിടുത്തേക്ക് അറിയിക്കപ്പെട്ടു. അതിൽ അടങ്ങിയിട്ടുള്ള ബഹുമതിയെ കുറിച്ച് പറയുകയാണെങ്കിൽ, ശപിക്കപ്പെട്ട ഇബ്ലീസ് ആദം (عليه السلام) നെ അല്ലാഹു പുറത്താക്കാൻ വേണ്ടി അദ്ദേഹത്തെ കൊണ്ട് തെറ്റ് ചെയ്യിപ്പിക്കാൻ പരിശ്രമിച്ചപ്പോൾ - അദ്ദേഹം ഈ കാര്യത്തിൽ കിണഞ്ഞു പരിശ്രമിച്ചു - അല്ലാഹു ആദം (عليه السلام)ൽ അനുസരക്കേട് കൊണ്ട് വന്നു, അതിലൂടെ അല്ലാഹുവിന്റെ അടുക്കൽ ആദം (عليه السلام) നുള്ള സ്ഥാനത്തിന്റെ മിന്നോളി ശൈത്താന് കാണിച്ച് കൊടുക്കാൻ വേണ്ടിയാണ് അപ്രകാരം അനുവർത്തിച്ചത്. അത് അല്ലാഹു (سبحانه وتعالى) അവന്റെ ഹാലിന്റെ നാവ് കൊണ്ട് ഇപ്രകാരം പറഞ്ഞത് പോലെയാണ്:
“അദ്ദേഹത്തെ നമ്മുടെ സവിധത്തിൽ നിന്നും പുറത്താക്കാൻ നീ ഉദ്ദേശിക്കുന്നുവെങ്കിൽ, നമ്മളിൽ നിന്നും അകറ്റി അദ്ദേഹത്തെ ഇകെഴ്ത്താൻ നിങ്ങൾ താല്പര്യപ്പെടുന്നുവെങ്കിൽ, അത് ഒരിക്കലും സാധിക്കുകയില്ല. കാരണം അദ്ദേഹത്തെ മുഴുവൻ സൃഷ്ടികളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തതാണ്, അദ്ദേഹത്തിന് വേണ്ടിയാണ് ഈ പ്രപഞ്ചം തന്നെ ഞാൻ ഉണ്ടാക്കിയത്, അദ്ദേഹത്തിനെ സൃഷ്ടിക്കാൻ വേണ്ടി അല്ലായിരുന്നുവെങ്കിൽ ഈ സൃഷ്ടി കൊണ്ട് എനിക്ക് ഒരു ഉദ്ദേശവും ഉണ്ടാവുമായിരുന്നില്ല, സൃഷ്ടി മുഴുവൻ - അതിൽ ചിലർ അദ്ദേഹത്തേക്കാൾ മഹത്വമുള്ളവരാണെന്ന് പ്രകടമാവുമെങ്കിലും, ഉദാഹരണത്തിന് മലക്കുകൾ - അവ എല്ലാം അദ്ദേഹത്തിന്റെ സേവനത്തിലാണ്. കാരണം അദ്ദേഹമാണ് സൃഷ്ടിയുടെ മുത്ത്, സൃഷ്ടി മുഴുവനും ആ മുത്തിനെ സംരക്ഷിക്കുന്ന കവചമാണ്, അദ്ദേഹത്തിന്റെ ഉള്ളിൽ നാം വെച്ചിട്ടുള്ള രഹസ്യം കൊണ്ടും، അദ്ദേഹത്തിന്റെ ഹൃദയത്തിൽ നാം വെച്ചിട്ടുള്ള മറഞ്ഞ നിധി കൊണ്ടും അദ്ദേഹം എങ്ങാനും ഈ ലോകത്തുള്ള മുഴുവൻ അനുസരണക്കേട് കൊണ്ടും എന്നോട് അനുസരണക്കേട് കാണിച്ചാൽ പോലും അദ്ദേഹത്തെ ഞാൻ തരംതാഴ്ത്തുകയോ അകറ്റുകയോ ഇല്ല, അദ്ദേഹത്തോട് നാം കോപിക്കുകയില്ല. കാരണം അദ്ദേഹത്തിന്റെ സത്ത കൊണ്ട് തന്നെ എന്റെ പ്രിയനാണ്, അദ്ദേഹത്തിന്റെ അവസ്ഥ എന്താണെങ്കിലും ശരി, അദ്ദേഹം അനുസരണയിൽ ആണെങ്കിലും ശരി അനുസരണക്കേടിൽ ആണെങ്കിലും ശരി. അദ്ദേഹത്തിൽ നിന്നും എന്ത് സംഭവിച്ചാലും അദ്ദേഹത്തിൽ ഒരു കുറവും ഇല്ല തന്നെ, അതിന്റെ സൂക്ഷിക്കപ്പെട്ട രഹസ്യ (കാരണം) നമ്മുടെ പക്കലാണ്”
ഈ ഒരു കാരണം കൊണ്ടാണ് അവൻ പറഞ്ഞത്:
فَتَلَقّٰۤی اٰدَمُ مِنْ رَّبِّهٖ كَلِمٰتٍ فَتَابَ عَلَیْهِ ؕ
അനന്തരം ആദം തൻ്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി
അദ്ദേഹത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സൂക്ഷിക്കപ്പെട്ട രഹസ്യം കൊണ്ടാണ് അല്ലാഹു അദ്ദേഹത്തിന് മുഴുവൻ ലോകത്തേക്കാൾ മഹത്വം നൽകിയത്. അദ്ദേഹത്തിന് തെറ്റ് സംഭവിച്ചപ്പോൾ സ്വർഗ്ഗത്തിലെ എല്ലാ അവസ്ഥകളും അദ്ദേഹത്തെ ഒഴിവാക്കി, എത്രത്തോളമെന്നാൽ അദ്ദേഹത്തിന്റെ എല്ലാ വസ്ത്രങ്ങളും അദ്ദേഹത്തിൽ നിന്നും വിട്ട് പോവുകയും അദ്ദേഹത്തിൽ നിന്നും പറന്ന് പോവുകയും ചെയ്തു, പരീക്ഷണം അദ്ദേഹത്തെ പൊതിഞ്ഞതായി അദ്ദേഹം കണ്ടു, പക്ഷെ ഉബൂദിയ്യത്തിന്റെ പദവിൽ നിന്നും അദ്ദേഹം ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. മറിച്ച് താഴ്ന്ന അവസ്ഥ കൊണ്ടും അവമതി കൊണ്ടും റുബൂബിയ്യത്തിന്റെ മഹത്വത്തിലേക്ക് അദ്ദേഹം മടങ്ങുകയും അല്ലാഹുവിന്റെ ഗാഭീര്യത്തിന്റെ മുമ്പിൽ അതിവിനയം പ്രകടിപ്പിക്കുകയും സ്വന്തം നഫ്സിന്റെ കുറവുകളെ തിരിച്ചറിയും ആണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ കുറവുകൾ തിരിച്ചറിഞ് കൊണ്ട് അദ്ദേഹം പറഞ്ഞു:
رَبَّنَا ظَلَمْنَاۤ اَنْفُسَنَا ٚ— وَاِنْ لَّمْ تَغْفِرْ لَنَا وَتَرْحَمْنَا
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്യേണമേ
അദ്ദേഹം ഒരിക്കലും അല്ലാഹുവിന്റെ ശത്രുവിനെ പോലെ പെരുമാറിയിട്ടില്ല. എന്നാൽ സൂക്ഷിക്കപ്പെട്ട രഹസ്യം അടങ്ങിയിട്ടില്ലാത്ത ഇബ്‌ലീസിനെ റബ്ബ് അവന്റെ സാനിധ്യത്തിൽ നിന്നും പുറത്താക്കിയപ്പോൾ, ശപിക്കപ്പെട്ട അവസ്ഥയും അകൽച്ചയും കൊണ്ട് അവന്റെ മുകളിൽ വിധിച്ചപ്പോൾ, അവൻ ഒരിക്കലും താഴ്ന്ന അവസ്ഥ കൊണ്ടും വിനയം കൊണ്ടും അല്ലാഹുവിന്റെ മഹത്വത്തിലേക്ക് തിരിഞ്ഞിരുന്നില്ല, മറിച്ച് ശപിക്കപ്പെട്ടവൻ പോയത് അവന്റെ സ്വന്തം നഫ്സിനെ മഹത്വപ്പെടുത്തുന്നതിലേക്കും തന്റെ റബ്ബിനോട് കോപിക്കുന്നതിലേക്കും അല്ലാഹുവിലുള്ള അവിശ്വാസം പ്രകടിപ്പിക്കുന്നതിലേക്കും ആണ്. അദ്ദേഹം തന്റെ റബ്ബിനോട് ദേഷ്യം പിടിച്ച് കൊണ്ട് പറഞ്ഞു:
فَبِعِزَّتِكَ لَاُغْوِیَنَّهُمْ اَجْمَعِیْنَ ۟ۙ
നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.
فَبِمَاۤ اَغْوَیْتَنِیْ لَاَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِیْمَ
നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും.
ثُمَّ لَاٰتِیَنَّهُمْ مِّنْ بَیْنِ اَیْدِیْهِمْ وَمِنْ خَلْفِهِمْ وَعَنْ اَیْمَانِهِمْ وَعَنْ شَمَآىِٕلِهِمْ ؕ— وَلَا تَجِدُ اَكْثَرَهُمْ شٰكِرِیْنَ
പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.
ഇത് അല്ലാഹുവിലുള്ള അവിശ്വാസത്തിന്റെ (കുറിപ്പ്: കുഫ്‌റിന്റെ) ഏറ്റവും മോശപ്പെട്ട അവസ്ഥയാണ്. മുഴുവൻ സൃഷ്ടിയിലും ഈ രൂപത്തിൽ അളളാഹുവിനോട് സംസാരിച്ച ഒരാളും വേറെ ഉണ്ടാവുകയില്ല, ഈ രൂപത്തിൽ കുറ്റപ്പെടുത്താൻ ആരും തുനിയുക പോലുമില്ല. അങ്ങനെ ഒരു കാര്യം അവനിൽ നിന്നും ഉണ്ടായത് അവന്റെ ഉള്ളിൽ അല്ലാഹു വെച്ച ഒരു കാര്യം കൊണ്ടാണ്, അങ്ങനെ അദ്ദേഹതെ അല്ലാഹു തിന്മയുടെയും പരാജയത്തിന്റെയും തിരസ്കരണത്തിന്റെയും ശാപത്തിന്റെയും അധസ്ഥിതാവ്സ്ഥയുടെയും പാത്രമാക്കി മാറ്റി. അല്ലാഹുവിന്റെ കാവാടത്തിൽ നിന്നും അവന്റെ സാമീപ്യത്തിലും നിന്നും സാനിധ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട മുഴുവൻ ആളുകളും പിന്തുടരുന്ന ഒരു നേതാവാക്കി അദ്ദേഹത്തെ അല്ലാഹു മാറ്റി. അദ്ദേഹത്തിന് മറുപടിയായി അല്ലാഹു പറഞ്ഞ കാര്യമാണ് തുടരെ കൊടുത്ത ആയത്തിലുള്ളത്:
اخْرُجْ مِنْهَا مَذْءُوْمًا مَّدْحُوْرًا ؕ— لَمَنْ تَبِعَكَ مِنْهُمْ لَاَمْلَـَٔنَّ جَهَنَّمَ مِنْكُمْ اَجْمَعِیْنَ ۟
നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.
ആദം (عليه السلام)ന് സംഭവിച്ച കാര്യത്തിൽ അദ്ദേഹത്തിന്റെ മഹത്വം സ്ഥിരപ്പെടുത്തുന്ന വീക്ഷണമാണിത്.
അദ്ദേഹത്തിന്റെ കഥയിൽ അടങ്ങിയിട്ടുള്ള അറിവുകളെ കുറിച്ച് പറയുകയാണെങ്കിൽ, ഒന്നാമത്തെ അറിവ് അദ്ദേഹത്തെ അല്ലാഹു പെരുകുട്ടികൾക്ക് ഒരു ഉദാഹരണമാക്കി വെച്ചു എന്നതാണ്. അവരിൽ ആരെങ്കിലും കാലുകൾ ഇടറി അവരുടെ റബ്ബിന്റെ കല്പനകൾക്ക് എതിരായി പ്രവർത്തിക്കുകയും ശേഷം തൗബ ചെയ്ത് കൊണ്ടും തെറ്റ് സമ്മതിച്ച് കൊണ്ടും അവനിലേക്ക് മടങ്ങുകയും ചെയ്‌താൽ അവന് അവന്റെ റബ്ബിൽ നിന്നും പാപമോചനവും സ്വീകാര്യതയും അപ്പോൾ തന്നെ ലഭിക്കുന്നതാണ്.
രണ്ടാമത്തെ അറിവ്, ഇലാഹിയായ സാനിധ്യത്തിൽ പ്രിയങ്കരനായ വ്യക്തി, അദ്ദേഹം എത്ര സപീപസ്ഥനും സംരക്ഷിക്കപ്പെട്ടവനും ആണെങ്കിലും ശരി, അദ്ദേഹം അല്ലാഹുവിന്റെ സാനിധ്യത്തിൽ നിന്നുള്ള ക്ലേശങ്ങളുടെയും കൗടില്യങ്ങളുടെയും അടി കൊണ്ട് പരീക്ഷിക്കപ്പെടുന്നതാണ്. അതിലൂടെ അദ്ദേഹം ആന്തരികമായും ബാഹ്യമായും വേദനിക്കും, ഇലാഹിയായ സാനിധ്യത്തിന് ഇത് ആവശ്യമാണ് എന്ന് അറിയിച്ച് തരാനാണ് ഇങ്ങനെ സംഭവിക്കുന്നത്. കാരണം പ്രിയന് തന്റെ റബ്ബിൽ നിന്നും തന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമാണ് ലഭിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ റബ്ബിനോടുള്ള സ്നേഹത്തിന്റെ അവകാശവാദം ശരിയാവണമെന്നില്ല. കാരണം അദ്ദേഹം റബ്ബിനെ ഇഷ്ടപ്പെടുന്നത് തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് കൊണ്ട് മാത്രമായിരിക്കും. അത് കൊണ്ട് ഏറ്റവും വലിയ പരീക്ഷണങ്ങൾ നല്കികൊണ്ടല്ലാതെ (അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ) സത്യസന്ധത വെളിവാവുകയില്ല, (സ്നേഹത്തിൽ സത്യസന്ധത ഉള്ള വ്യക്തി) ആ സമയത്തും തന്റെ സ്നേഹത്തിൽ നിന്നും ഒട്ടും വ്യതിചലിച്ച് പോവുകയില്ല. ഇബ്‌റാഹീം ബിൻ അദ്ഹം (رضي الله عنه) പറഞ്ഞത് പോലെ:
ولو قطعتني في الحب إربا – لما حن الفؤاد إلى سواك
സ്നേഹത്തിൽ നീ എന്നെ കഷ്ണം കഷ്ണമായി മുറിച്ചാൽ പോലും
നിന്നെ അല്ലാതെ ഒന്നിനെയും എന്റെ ഹൃദയം ആഗ്രഹിക്കുകയില്ല.
അത് കൊണ്ട് സ്നേഹത്തിന്റെ സത്യസന്ധത അറിയുന്നത് പരീക്ഷിക്കപ്പെടുമ്പോളാണ്. സരിയ്യ് സിഖത്തി (رضي الله عنه) നെ കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:
അദ്ദേഹത്തിന്റെ അടുക്കൽ ഒരു ദിവസം ഒരാൾ വന്നു, അപ്പോൾ അദ്ദേഹം കരയുകയായിരുന്നു, ആ മനുഷ്യൻ അദ്ദേഹത്തോട് ചോദിച്ചു: “എന്തിനാണ് നിങ്ങൾ കരയുന്നത്?”
അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു മണിക്കൂർ ഉറങ്ങിയിരുന്നു, അപ്പോൾ ഞാൻ എന്റെ നഫ്സിനെ അല്ലാഹു (سبحانه وتعالى) യുടെ മുമ്പിൽ ആയി കണ്ടു, അവൻ എന്നോട് പറഞ്ഞു: “അല്ലയോ സരിയ്യ്, ഞാൻ സൃഷ്ടി മുഴുവൻ പടച്ചപ്പോൾ അവയെല്ലാം എന്നോടുള്ള സ്നേഹം അവകാശപ്പെട്ടു, അപ്പോൾ ഞാൻ ദുനിയാവിനെ അതിന്റെ ഭംഗിയിലും അലങ്കാരത്തിലും പടച്ചു, മുഴുവൻ ആളുകളും അതിലേക്ക് ഓടി, പത്തിൽ ഒരു വിഭാഗം മാത്രം ബാക്കിയായി (കുറിപ്പ്: പോയില്ല), ആ പത്തിൽ ഒരു വിഭാഗത്തിന് വേണ്ടി ഞാൻ സ്വർഗ്ഗം പടച്ചു, അവർ അതിന്റെ സൗന്ദര്യവും അലങ്കാരവും കണ്ടപ്പോൾ അവരെല്ലാവരും അതിലേക്ക് ഓടി, അതിൽ പത്തിൽ ഒരു വിഭാഗം മാത്രം ബാക്കിയായി (കുറിപ്പ്: പോയില്ല), ബാക്കിയായ പത്തിൽ ഒരു വിഭാഗത്തിന്റെ മുന്നിൽ പരീക്ഷണത്തിൽ നിന്നുള്ള ഒരു അണു പുറത്തുവിട്ടു, അവരെല്ലാവരും ഓടി പോയി, പത്തിൽ ഒരു ഭാഗം മാത്രം അവശേഷിച്ചു. എന്നിട്ട് ഞാൻ ആ പത്തിൽ ഒരു വിഭാഗത്തോട് പറഞ്ഞു: “നിങ്ങൾ ദുനിയാവ് ആഗ്രഹിക്കുന്നില്ല, നിങ്ങൾ സ്വർഗ്ഗത്തെ തിരഞ്ഞെടുത്തില്ല, നിങ്ങളെ പരീക്ഷണങ്ങൾ ഓടിച്ചില്ല, നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്?”. അപ്പോൾ അവർ പറഞ്ഞു: “നിനക്കറിയാമല്ലോ നമ്മൾ എന്താണ് ആഗ്രഹിക്കുന്നതെന്ന്”, ഞാൻ അവരോട് പറഞ്ഞു: “നിങ്ങളുടെ ശ്വാസത്തിന്റെ എണ്ണത്തിന് അനുസരിച്ച് ഞാൻ നിങ്ങളിലേക്ക് പരീക്ഷണങ്ങൾ അയക്കും, നിങ്ങൾ ക്ഷമ ഉള്ളവരാകുമോ?” അപ്പോൾ അവർ പറയും: “നീ ആണ് പരീക്ഷണം നൽകുന്നതെങ്കിൽ, നിനക്ക് ഇഷ്ടമുള്ളത് ചെയ്തു കൊള്ളൂ” അപ്പോൾ ഞാൻ പറഞ്ഞു: “നിങ്ങളാണ് എന്റെ യദാർത്ഥ അടിമകൾ”
സ്നേഹത്തിന്റെ മേഖലയിൽ ഇങ്ങനെയാണ് പരീക്ഷിക്കപ്പെടുക. സ്നേഹത്തിന്റെ സത്യസന്ധത പരീക്ഷണം കൊണ്ട് അല്ലാതെ തിരിച്ചറിയാൻ സാധിക്കുകയില്ല.
അല്ലാഹുവിനോടുള്ള സ്നേഹം കൊണ്ട് തീവ്രമായ ഞെരുക്കങ്ങളും വേദനകളും അനുഭവിക്കേണ്ടി വന്ന ഒരു വലിയ്യിനോട് വലിയ ഔലിയാക്കളിൽ പെട്ട ഒരാൾ പറഞ്ഞു. (ഞെരുക്കം അനുഭവിക്കുന്ന) വലിയ്യ് അദ്ദേഹത്തോട് പറഞ്ഞു: “ദുനിയാവ് എനിക്ക് കുടുസ്സാക്കപ്പെട്ടിരിക്കുന്നു, മരണത്തിലേക്കുള്ള വഴി പോലും എനിക്ക് കണ്ടെത്താനാവുന്നില്ല” മഹാനായ വലിയ്യ് അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങൾ അല്ലാഹുവിന്റെ സ്നേഹം രുചിച്ചിട്ടുണ്ടോ?” അദ്ദേഹം പറഞ്ഞു: “അതെ”, മഹാനായ വലിയ്യ് പറഞ്ഞു: “പർവതത്തിന് പോലും പിടിച്ച് നിക്കാൻ പറ്റാത്ത ഒരു പരീക്ഷണം നിങ്ങളിലേക്ക് വന്നിട്ട് അതിൽ ഒരു ആണു പോലും കുറയാതിരിക്കാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഇല്ല” , അപ്പോൾ മഹാനായ വലിയ്യ് പറഞ്ഞു: “എന്നാൽ നിങ്ങൾ അല്ലാഹുവിന്റെ സ്നേഹം രുചിച്ചിട്ടില്ല. മാത്രവുമല്ല നിങ്ങൾ അതിന്റെ സുഗന്ധം പോലും ആസ്വദിച്ചിട്ടില്ല.”
(ദൈവീകമായ) സാനിധ്യത്തിലുള്ള സ്നേഹം സത്യസന്ധമാണോ എന്ന് തിരിച്ചറിയൽ ഇങ്ങനെയാണ്."
(തുടരും)
- സയ്യിദുനാ ശൈഖ് അഹ്മദ് തിജാനി (റ)
https://t.me/suhail_khairy
(Source: Jawahir al-Ma'ani. Translation: Suhail Khairy)