25/08/2026
കാരുണ്യത്തിന്റെ ആൾരൂപം.
പ്രവാചകനെ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയത് ലോകാനുഗ്രഹിയായാണ്. മനുഷ്യരെ ഞെരിച്ചു കൊണ്ടിരിക്കുന്ന ഭാരങ്ങൾ ഇറക്കിവെക്കുന്നവനായാണ്. അവരെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ അഴിച്ചു മാറ്റുന്നവനും. അവശരോടും അശരണരോടുമുള്ള കൃപയും കാരുണ്യവും പ്രവാചകന്റെ പ്രകൃതത്തിൽ അലിഞ്ഞു ചേർന്നതാണ്. ഹിറാ ഗുഹയിൽ വെച്ച് വേദ വചനങ്ങൾ ഏറ്റുവാങ്ങി, ഭയ വിഹ്വലനായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സഹധർമ്മിണി ഖദീജാ ബീവി പറഞ്ഞ ആശ്വാസ വചനങ്ങൾ ഇക്കാര്യം കൃത്യമായി വ്യക്തമാക്കുന്നു.
"തീർച്ചയായും അല്ലാഹു അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. കൈവിടുകയില്ല. അങ്ങ് ബന്ധുക്കളോട് നല്ല നിലയിൽ വർത്തിക്കുന്നു. സത്യം മാത്രം പറയുന്നു, അശരണരെ സഹായിക്കുന്നു, അതിഥികളെ സൽക്കരിക്കുന്നു, ദുരിത ബാധിതർക്ക് താങ്ങാകുന്നു."
അപരന്റെ വേദന ആത്മ വേദനയാക്കി പരിഹാരം കണ്ടെത്തിയ പ്രവാചകൻ അഗതികളെയും അനാഥകളെയും അവശരെയും നിരാലംബരെയും ചേർത്ത് നിർത്തി. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി.
ഒരു പെരുന്നാൾ ദിവസം വഴിയിൽ കരഞ്ഞു കൊണ്ടിരുന്ന അനാഥ ബാലനെ പ്രവാചകൻ ചേർത്ത് പിടിച്ചു, "ഞാൻ നിന്റെ പിതാവാകുകയും ആയിഷ നിൻറെ മാതാവാകുകയും ഫാത്തിമ നിന്റെ സഹോദരിയാവുകയും ചെയ്യുന്നത് നിനക്ക് സന്തോഷമാകില്ലേ?" എന്ന് ചോദിച്ച് അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവന് നല്ല ആഹാരം നൽകി. പുതുവസ്ത്രം അണിയിച്ചു. അതായിരുന്നു പ്രവാചകൻ. മനുഷ്യസ്നേഹത്തിന്റെ ആൾരൂപം. കാരുണ്യത്തിൻറെ നിറകുടം. സമൂഹത്തിന് വേണ്ടി സമസ്ത സുഖ സൗകര്യങ്ങളും ത്യജിച്ച ത്യാഗി വര്യൻ.
Shaikh Muhammed Karakunnu