25/05/2026
ലഹരിക്കെതിരെ
ഒരുമിച്ച് കൈകോർക്കാം
ലഹരിയെ ഒരു സാമൂഹിക തിന്മയായി കണ്ട് അതിനെതിരെ പൊതുമനസ്സ് രൂപീകരിക്കാനും അത് സംബന്ധമായ നിരന്തര പോരാട്ടത്തെ രൂപപ്പെടുത്താനും നമുക്കാവേണ്ടതുണ്ട്. മുഴുവൻ പാപഭാരവും വിദ്യാർഥികളുടെ തലയിൽ വെച്ച് പൊതുസമൂഹത്തിന് രക്ഷപ്പെടാനാവില്ല. ഈ അർഥത്തിൽ പുതിയ സർക്കാർ നിലവിൽവന്ന ഉടനെ, സ്കൂളുകൾ തുറക്കുന്ന സമയത്ത് തന്നെ ലഹരിക്കെതിരെ വലിയ ഒരു പോരാട്ടം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. ഇത് തീർത്തും ആത്മാർത്ഥതയോടെയുള്ള ഇടപെടലായി മാറട്ടെ എന്നാണ് കേരളം ആഗ്രഹിക്കുന്നത്.
'അധികാരികളേ,നിങ്ങളാണ് പ്രതി' എന്ന ആശയത്തിൽ എസ് എസ് എഫ് കഴിഞ്ഞവർഷം ആചരിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ വലിയ സമരമുന്നേറ്റങ്ങൾക്ക് ഊർജ്ജം പകർന്നിട്ടുണ്ട്. ആ ക്യാമ്പയിൻ മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു ആവശ്യം കൂടിയായിരുന്നു ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ഈ കാര്യത്തിൽ കാണിക്കേണ്ട വലിയ ജാഗ്രത.
മനുഷ്യ കുലത്തിന്റെ നിലനിൽപ്പ് കൂടുതൽ ഉത്തരവാദിത്വബോധത്തോടെയുള്ള ഇടപെടലുകളും അനിർവചനീയമായ പാരസ്പര്യവും അടിസ്ഥാനമാക്കിയാണ്.പല നിലയിൽ ജീവിതമെന്ന ഉത്തരവാദിത്വബോധം മറക്കുന്നതാണ് ലഹരി ഉൾപ്പെടെയുള്ള അപകടങ്ങളെ സൃഷ്ടിക്കുന്നത്.
സർക്കാർ മാത്രം വിചാരിച്ചാൽ ഇത് പൂർത്തിയാവും എന്ന് കരുതാനാവില്ല. രക്ഷിതാക്കളും പൊതുസമൂഹവും വിദ്യാർഥി സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും എല്ലാം ഒന്നിച്ചു നിന്ന് കൈവരിക്കേണ്ട വലിയ ലക്ഷ്യമാണ് ലഹരിക്കെതിരെയുള്ള നമ്മുടെ മുന്നേറ്റങ്ങൾ.
ലഹരിയെ ഒറ്റപ്പെട്ട ഒരു പ്രശ്നമായി കണ്ട് പരിഹരിക്കാൻ ആവുന്നതല്ല. മറിച്ച് ആശയപരമായ വലിയ പിൻബലം കൂടി വിഷയം ആവശ്യപ്പെടുന്നുണ്ട്. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട്, ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ആഘോഷങ്ങളും ആഹ്ലാദങ്ങളും ഉണ്ടാവുമ്പോഴും കടമകളും കർത്തവ്യങ്ങളും എല്ലാം ചേർന്ന ഒരു ജീവിത രസതന്ത്രം വിദ്യാർഥികളിലും യുവാക്കളിലും രൂപപ്പെടുത്താൻ നമുക്കാവണം. ലിബറൽ കാഴ്ചപ്പാടുകളുടെ പേരിൽ അരാജക സംസ്കാരങ്ങൾ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളെയും നമുക്ക് കരുതിയിരിക്കാൻ ആവണം.
പുതിയ മുന്നേറ്റങ്ങൾ അത്തരം ആലോചനകൾ കൂടി ഉത്പാദിപ്പിക്കട്ടെ. ഒറ്റസമൂഹമായി നിന്ന് നമുക്ക് പോരാടാം, മുന്നോട്ടു പോകാം.