31/08/2026
ചങ്ങനാശ്ശേരി അതിരൂപത കണ്ട ഏറ്റവും പ്രശസ്തരും, പ്രഗത്ഭരും ആയ രണ്ടു വൈദികർ ആയിരുന്നു കണ്ടങ്കേരി അച്ഛനും, തൊട്ടാശേരി അച്ഛനും. രണ്ടുപേരും ചങ്ങനാശ്ശേരിയിലെ അറിയപ്പെടുന്ന കുടുംബത്തിൽ നിന്നു ഉള്ളവർ ആയിരുന്നു. ഇവരുടെ കർമ്മപഥം പല രീതിയിൽ നല്ല സാമ്യം ഉള്ളത് ആയിരുന്നു. എന്നാൽ ഇവരുടെ കാല ശേഷം ഇവരെ ഓർമിക്കാനോ ഇവർ ചെയ്ത നല്ല കാര്യങ്ങൾ അർഹിക്കുന്ന രീതിയിൽ ഉൾകൊള്ളാനോ അത് അടുത്ത തലമുറയിലേക്ക് അറിവ് ആയി പകരാനോ ആരും മെനക്കെട്ട് കണ്ടിട്ടില്ല. ഇവർ രണ്ടുപേരോടും വേണ്ട രീതിയിൽ നീതി പുലർത്തിയോ എന്ന് വേണ്ടപ്പെട്ടവർ അതിനു ഉത്തരവാദിത്തം ഉള്ളവർ ഇപ്പോൾ എങ്കിലും ഒന്ന് ചിന്തിക്കുന്നത് എന്തുകൊണ്ടും നല്ലത് ആയിരിക്കും.
മോൺസിഞ്ഞോർ സിറിയക് കണ്ടങ്കേരി, 1852 ഇൽ ജനിച്ചു 1919 ഇൽ വിടപറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രശസ്തനായ ഒരു വൈദികനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മധ്യതിരുവിതാംകൂറിലെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ട പ്രമുഖരിൽ ഒരാളാണ് അദ്ദേഹം.
പാറേൽ പള്ളിയുടെ യഥാർത്ഥ ശില്പി. ( ഇത് ഇപ്പോൾ പലർക്കും പറയാൻ മടി ഉള്ളത് പോലെ തോന്നുന്നു ) 1904 ഇൽ ആണ് ഇദ്ദേഹം പാറേൽ പള്ളി ചങ്ങനാശ്ശേരിയിലുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി സമ്മാനിച്ചത്. അക്കാലത്തു ഫ്രാൻസിൽ നിന്നു കേരളത്തിൽ എത്തിയ മാതാവിന്റെ ഒരുപോലെ ഉള്ള മൂന്നു രൂപങ്ങളിൽ ഒന്ന് പാറേൽ പള്ളിയിൽ സ്ഥാപിച്ചു ആ പള്ളിയുടെ മഹത്വം കൂടുതൽ തിളക്കം ഉള്ളതാക്കി. ചങ്ങനാശ്ശേരിയിൽ കോട്ടയം വികാരിയാത്തിന് ആസ്ഥാനം ഉറപ്പിച്ച സംഘടകൻ. വികാരി ജനറാൾ, രൂപതയുടെ ഭരണാധികാരി, ചങ്ങനാശ്ശേരിയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനംങ്ങൾക്കും സന്യാസിനി ഭവനത്തിനും അഗതി മന്ദിരങ്ങൾക്കും തുടക്കം കുറിച്ച പ്രഗത്ഭൻ. ചങ്ങനാശ്ശേരി പട്ടണത്തിലെ വികസന, സാമൂഹ്യ, മതസൗഹാർദ്ദ മണ്ഡലത്തിൽ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച കർമ്മയോഗി.അക്ഷരം തെറ്റാതെ പറയാൻ പറ്റുന്ന ആത്മീയ ഗുരു.
ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ കണ്ടങ്കേരി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.പൗരോഹിത്യം 1878-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. ചങ്ങനാശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു.1908-ൽ ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാളായി നിയമിതനായി. മാർപാപ്പ അദ്ദേഹത്തിന് 'ഡൊമസ്റ്റിക് പ്രെലേറ്റ്' (Domestic Prelate) പദവി നൽകി ആദരിക്കുകയും, അദ്ദേഹം 'മോൺസിഞ്ഞോർ' എന്ന് അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. മധ്യതിരുവിതാംകൂറിൽ ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ എത്തിക്കുന്നതിൽ അദ്ദേഹം മുൻകൈ എടുത്തു.ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
മരിച്ച ശേഷം ഇദ്ദേഹത്തെ താൻ സ്ഥാപിച്ച നൂറുകണക്കിന് മരിയ ഭക്തർ ദിവസവും എത്തുന്ന പാറേൽ പള്ളിയിൽ ആണ് അടക്കം ചെയ്തത്. അധികം ആരും അറിയാതെ അദ്ദേഹം അവിടെ അന്ത്യ വിശ്രമം ആയി. കോടികൾ മുടക്കി പണിയുന്ന പുതിയ പള്ളിയിൽ അദ്ദേഹത്തിന് ഇനി എന്തെങ്കിലും പ്രാധാന്യം ഉണ്ടാവുമോ എന്ന് അറിയില്ല.ആരും ഓർമ്മിക്കാത്ത ആ ഓർമ ഇനി അവിടെ കാണാൻ സാധ്യത ഇല്ല. പാറേൽ പള്ളിയിൽ അന്ത്യ വിശ്രമം കൊണ്ട ഈ പ്രഗത്ഭ കർമ്മ യോഗിക്കു അർഹിക്കുന്ന അംഗീകാരം, ആദരവ് കിട്ടിയിട്ടുണ്ടോ എന്നത് ഒരു ചോദ്യം തന്നെ ആണ്.
ഫാദർ ഡൊമിനിക് തോട്ടാശേരി ചങ്ങനാശ്ശേരി നഗരസഭയുടെ പ്രഥമ പ്രസിഡന്റ്, 1922 മുതൽ 1925 വരെ, ആയിരുന്നു. ഭാരതത്തിൽ ആദ്യമായിട്ട് ആണ് ഒരു കത്തോലിക്ക പുരോഹിതൻ ഇലക്ഷനിൽ മത്സരിച്ചു നഗര പിതാവിന്റെ സ്ഥാനത്തു വന്നത്. ചങ്ങനാശ്ശേരി ചന്ത കടവിലെയും സസ്യ മാർക്കറ്റിലെയും വറ്റാത്ത കിണറും ചിത്ര കുളത്തിന്റെ കരയിലെ ഔഷധസിദ്ധിയായ താന്നിമരവും ഈ അച്ചന്റെ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്.
തോട്ടാശേരിയച്ചൻ പ്രസിഡന്റ് പദത്തിൽ ഇരിക്കുമ്പോൾ അന്നത്തെ കൗൺസിലിൽ ഭാരത കേസരി മന്നത്ത് പത്മനാഭനും അംഗമായിരുന്നു എന്ന് പറയുമ്പോൾ ആണ് ശരിക്കും അച്ഛനു കിട്ടിയ അംഗീകാരം എത്രയോ വലുത് ആയിരുന്നു എന്ന് മനസ്സിലാക്കേണ്ടത്.
കേരളത്തിലെ ജനങ്ങൾ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറ്റി ഒന്പതിലെ വെള്ളപ്പൊക്കം, അന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി കുട്ടനാട്ടുകാരെ അവിടെ നിന്നും ചങ്ങനാശ്ശേരിയിൽ സുരക്ഷിതമായി എത്തിച്ചു.വ്യാപാരികളും പൊതുജനങ്ങളും ഒന്നിച്ചു നിന്നു അവർക്ക് ഭക്ഷണവും വസ്‌ത്രവും നൽകി. (തൊട്ടാശേരി അച്ചന്റെ കൂടുതൽ വിവരങ്ങൾ ഒരിക്കൽ ശ്രീ. വിനോദ് പണിക്കർ വളരെ വിശദമായി ഇവിടെ പറഞ്ഞിട്ടുണ്ട്.)
ഇവരെ ഒക്കെ പിന്നീട് വന്ന തലമുറയ്ക്ക് പരിചയപ്പെടുത്താൻ വേണ്ടപ്പെട്ടവർ, അതിനു ഉത്തരവാദിത്തം ഉള്ളവർ മിനക്കെട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ മനഃപൂർവം ഒഴിഞ്ഞു മാറി. ഇവർക്കു ഒക്കെ സ്വന്തമായി അന്ന് PR വർക്ക് ഇല്ലാതെ പോയതും ഒരു പ്രശ്നം ആവാം.എങ്കിലും വല്ലപ്പോഴും ഒക്കെ ചിലരുടെ പ്രസംഗ മധ്യേ ഇവരെ ഓർമ്മിച്ചു കേൾക്കുന്നു. വളരെ സന്തോഷം തോന്നുന്നു അങ്ങനെ കേൾക്കുമ്പോൾ. ഇക്കാലത്തു പേരും പെരുമയും പ്രശസ്തിയും ഒക്കെ നിലനിർത്താൻ ഓരോരുത്തർ പെടാപ്പാട് നടത്തുമ്പോൾ ഇവരെ പോലുള്ള വ്യക്തിത്വങ്ങൾ എന്നും എക്കാലവും ജന മനസ്സുകളിൽ വേറിട്ട് നിൽക്കും.ഒരിക്കലും കെടാത്ത വിളക്കുകൾ ആയി എന്നും ജനമനസ്സിൽ ഉണ്ടാവും. അടുത്ത കാലത്ത് ചങ്ങനാശ്ശേരിപള്ളിയുടെ സമീപം തുടങ്ങിയ പുതിയ മ്യൂസിയത്തിൽ അവിടെ ഇവർക്കു വേണ്ട പരിഗണന കൊടുക്കും എന്ന് പറഞ്ഞു ചില ഇടപാടുകൾ നടന്നു എങ്കിലും അതും ജലരേഖ ആയി പോയി.
( ഈ രണ്ടുപേരെയും കുറിച്ചു വ്യക്തമായ രേഖകളോ ആധികാരികമായ വിവരങ്ങളോ ആരുടെയും പക്കൽ ഇല്ല എന്നതാണ് ദുഖകരമായ സത്യം. ഇവിടെ പറഞ്ഞത് എല്ലാം പലയിടത്തും വായിച്ചു അറിഞ്ഞതും പലരും പറഞ്ഞു കേട്ടതും പല പ്രസംഗം കേട്ടതിൽ നിന്നും മനസ്സിലാക്കിയത് ഒക്കെ ആണ് 🙏🙏🙏)