04/08/2026
* #ഖാസിയാർ #ഉപ്പാപ്പ മർഹും ബേപ്പൂർ ഖാസി പി.പി. മുഹമ്മദ് കോയ മുസ്‌ലിയാർ*
സത്യപാതയിലെ നിർഭയനായ ഖാസി
മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ നേതൃത്വം വഹിക്കുകയും, മതപരമായ തർക്കങ്ങളിലും സംശയങ്ങളിലും ശറഇയ്യായ കൃത്യതയോടെ തീർപ്പ് കൽപ്പിക്കുകയും ചെയ്യുക എന്നത് കേവലമൊരു പദവിയല്ല; മറിച്ചു ദൈവികമായ വലിയൊരു ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം അതിന്റെ പൂർണ്ണതയോടെ നിർവ്വഹിക്കുകയും, ഹഖിന് (സത്യത്തിന്) വേണ്ടി ആരുടെ മുന്നിലും അടിയറവ് പറയാതെ ജീവിക്കുകയും ചെയ്ത അപൂർവ്വ പണ്ഡിതശ്രേഷ്ഠനായിരുന്നു ബേപ്പൂർ ഖാസിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ മുൻ ഖജാൻജിയുമായിരുന്ന മർഹൂം പി.പി. മുഹമ്മദ് കോയ മുസ്‌ലിയാർ.
ഏകദേശം 640 വർഷത്തിലധികം പഴക്കമുള്ള പ്രൗഢമായ ആത്മീയ പാരമ്പര്യമുണ്ട് ബേപ്പൂർ ഖാസി സ്ഥാനത്തിന്. തെക്കു ഫറോക്ക് ചാലിയാർ പുഴ മുതൽ വടക്ക് കല്ലായി പുഴ വരെയും, കിഴക്ക് കൊളത്തറ ചുങ്കം മൂർക്കനാട് പുഴ മുതൽ പടിഞ്ഞാറ് കടൽത്തീരം വരെയുമുള്ള 13 മഹല്ല് പ്രദേശങ്ങളിലായിരുന്നു പരമ്പരാഗതമായി ബേപ്പൂർ ഖാസിമാരുടെ അധികാരപരിധി.
മദ്രാസ് ഗവൺമെന്റിന്റെ 1880-ലെ ആക്ട് പ്രകാരം 1882 ജനുവരി 6-ന് കോയമരക്കാരകത്ത് മമ്മത് എന്ന മുഹമ്മദ് മുസ്‌ലിയാരെ ഔദ്യോഗിക ഖാസിയായി നിശ്ചയിച്ചു. ഈ പണ്ഡിത തറവാട്ടിലെ 8-ാമത്തെ ഖാസിയായാണ് പി.പി. മുഹമ്മദ് കോയ മുസ്‌ലിയാർ നിയോഗിക്കപ്പെടുന്നത്. 1933-ൽ ബേപ്പൂർ ഖാസിയായി അവരോധിതനായ മഹാനവർകൾ, താൻ വഫാത്താകുന്നതുവരെ സമുദായത്തിന് കൃത്യമായ ദിശാബോധം നൽകി.
സമസ്തയുടെ മുൻനിരയിലെ സംഘാടകൻ
1934-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ രജിസ്റ്റർ ചെയ്യുമ്പോൾ അതിന്റെ പ്രഗത്ഭരായ 40 കേന്ദ്ര മുശാവറ അംഗങ്ങളിൽ ഒരാളായിരുന്നു മർഹൂം ബേപ്പൂർ ഖാസി. സമസ്തയുടെ ട്രഷററായിരുന്ന അബ്ദുള്ള കോയ ഹാജിയുടെ നിര്യാണത്തെ തുടർന്ന് അവിടുന്ന് സമസ്തയുടെ ഖജാൻജിയായി (ട്രഷറർ) തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഹഖിന്റെ പക്ഷത്തുറച്ച നിർഭയ നിലപാടുകൾ
എത്ര വലിയ പ്രതാപശാലിയോ സ്വാധീനമുള്ള ആളോ എതിർഭാഗത്തു നിന്നാലും സത്യത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ ഖാസിയാർ തയാറായിരുന്നില്ല.
*"നിങ്ങൾ ആരെന്തു പറഞ്ഞാലും ദീനിനോട് എനിക്കൊരു ഹഖുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഒരു ഭയവുമില്ല. ഹഖിനെതിരിൽ ഞാൻ വല്ലതും ചെയ്താൽ ആഖിറത്തിൽ എന്റെ രക്ഷക്ക് നിങ്ങൾ ആരും ഉണ്ടായിരിക്കില്ല!"* ഖാസിയാർ പറയുമായിരുന്നു
* മുത്തന്നൂർപള്ളിക്കേസ് (1950കൾ): സുന്നി യുവജന സംഘത്തിന്റെ (SYS) പേരിൽ ഏറ്റെടുത്ത് രാപ്പകലില്ലാതെ സാമ്പത്തിക സഹായമടക്കം സ്വരൂപിച്ച് മുൻപന്തിയിൽ നിന്നു.
* കോഴിക്കോട് പാളയം മുഹ്‌യുദ്ധീൻ പള്ളിക്കേസ്: 1958 മുതൽ മരണം വരെ സുന്നി അവകാശ സംരക്ഷണത്തിനായി കേസിന്റെ മുഴുവൻ നടത്തിപ്പ് ചുമതലയും ഏറ്റെടുത്തു പ്രവർത്തിച്ചു.
വെളുത്തു നീണ്ട മൈലാഞ്ചി പുരട്ടിയ താടിയും, തലപ്പാവും, നീളക്കുപ്പായവും കൈയിൽ തസ്ബീഹ് മാലയുമായി നടന്നു വരുന്ന ഖാസിയാരെ ഇതര മതസ്ഥർ പോലും ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്നു.
1969 സഫർ 20-നായിരുന്നു വഫാത്ത്. അവിടുത്തെ വഫാത്തിനു ശേഷം മകൻ പി.ടി. അബ്ദുൽ ഖാദിർ മുസ്‌ലിയാർ (9-ാമത്തെ ഖാസി) 47 വർഷക്കാലം ബേപ്പൂർ ഖാസിയായി. നിലവിൽ ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ പി.ടി. മുഹമ്മദ് അലി മുസ്‌ലിയാർ ബേപ്പൂരിലെ 10-ാമത്തെ ഖാസിയാണ്
ഈ പരമ്പര പടച്ചതമ്പുരാൻ അന്ധ്യനാൾ വരെ നിലനിർത്തി അനുഗ്രഹിക്കട്ടെ... ആമീൻ
🖊️...ബേപ്പൂർ ഖാസി പിടി മുഹമ്മദ് അലി മുസ്‌ലിയാർ