08/09/2025
ഗാന്ധിജിയെ മോഹൻ എന്ന് വിളിക്കാൻ അടുപ്പമുള്ള സ്നേഹിതനാണ് , ബ്രിട്ടീഷ് ആംഗ്ലിക്കൻ പുരോഹിതനായ സി എഫ് ആൻഡ്രൂസ്.
ഈ ദേശം അസാധരണ അനുകമ്പയുള്ള അയാൾക്ക് നൽകിയ ചെല്ലപ്പേര് ദീനബന്ധുവെന്നായിരുന്നു.
1922 നവംബർ പതിനഞ്ച് വൈകുന്നേരം ഗുരുവിനെ സന്ദർശിക്കാൻ വൈദിക മഠത്തിലെത്തിയ ടാഗോറിനോടൊപ്പം സി.എഫും ഉണ്ടായിരുന്നു.
കവി കുമാരനാശനായിരുന്നു ദ്വിഭാഷി.
ഗുരു അയാളുടെ ഉള്ളിൽ ആഴത്തിൽ പതിയുകയാണ്. ഒരു പക്ഷേ ടാഗോറിനുള്ളിലെന്നതിനെക്കാളേറെ.
അനന്തരം പാരീസിലുളള തൻ്റെ മിസ്റ്റിക്ക് സ്നേഹിതൻ റൊമൈൻ റോളണ്ടിന് അയാൾ ഇങ്ങനെ എഴുതും,
നമ്മുടെ ക്രിസ്തു അറബിക്കടലിൻ്റെ ഓരത്തു കൂടി ഒരു ഹിന്ദു സന്യാസിയുടെ ചേല ചുറ്റി അലയുന്നത് ഞാൻ കണ്ടു.
ക്രിസ്തുവിനെ പോലെയെന്നല്ല, ക്രിസ്തു.
തഥാഗതൻമാരാണ് ഗുരുക്കൻമാർ.'അവിടം വരെ എത്തിയവർ' എന്നൊരു സൂചനയുണ്ട് ആ പദത്തിൽ.മരണമുൾപ്പെടെയുള്ള എല്ലാ ജലരാശികൾക്കും കുറുകെ നീന്തിയവർ ആ തീരത്ത് നിൽപ്പുണ്ട്. അവിടെയായിരിക്കുമ്പോഴും കടലിൻ്റെ അടിത്തട്ടുപോലും കാണുന്നുണ്ടവർ.വജ്രസൂചിയുള്ള മിഴികളാണ് അവരുടേത്. അവരിൽ നിന്നും നമുക്ക് ഒന്നും മറച്ച് വയ്ക്കാനില്ല.കാലിൽ പെട്ടു പോവുകയാണ് നമ്മുടെ ശിരോ ലിഖിതം.തന്നിലേക്ക് പ്രലോഭിപ്പിക്കുന്ന വന്യമായ ഒരഴക് കാലിനുണ്ട്. ഒന്നു കാലു നനയ്ക്കാനുള്ള മടിയേയുള്ളൂ. പിന്നെ വിറയലുണർത്തുന്ന മട്ടിൽ നിങ്ങളിങ്ങനെ മുന്നോട്ട്, മുന്നോട്ട്.
ദ്വിജൻ, രണ്ടു ജന്മങ്ങളുള്ള ഗുരുവിൻ്റെ ജീവിതത്തിലെ ആദ്യത്തെ കടശി ഒരു ചെറിയ ഗ്രാമത്തിൻ്റെ അധ്യാപകൻ , നാണു ആശാൻ എന്ന വിശേഷണത്തിലൊടുങ്ങും. ആന്തരിക സഞ്ചാരത്തിൻ്റെ രണ്ടാം പാദം ആരംഭിക്കുമ്പോൾ കടലോരങ്ങളായിരുന്നു ഗുരുവിൻ്റെ ഇഷ്ടഭൂപടം. കുറെക്കാലം വേളിയിൽ ഒരു കുടിൽ കെട്ടി പാർത്തു. പിന്നീട് മറ്റൊരു കടലോര ഗ്രാമമായ അഞ്ചു തെങ്ങിലെ ശിവക്ഷേത്രത്തിലായിരുന്നു.കാര്യമായി പുറത്തിറങ്ങിയിട്ടില്ല. ഉറ്റ മിത്രങ്ങളിലൊരാൾ ആ നാട്ടിലെ വൈദ്യനായിരുന്നു.
അലഞ്ഞത് കൂടുതലും തീരങ്ങളിലൂടെയായിരുന്നു.
തീരത്തുള്ള കൂരകളിൽ നിന്ന് മീൻകൂട്ടിയുണ്ട് ഇറയത്തോ കടപ്പുറത്തോ അന്തിയുറങ്ങി , അങ്ങനെയൊരു കാലം. തിരുനെൽവേലി, നാഗർ കോവിൽ കന്യാകുമാരി ഒക്കെ താൻ ജനിച്ചു വളർന്ന ദേശത്തിൽ നിന്ന് തുലോം വിഭിന്നമായിരുന്നു. അമ്മാൾ എന്ന യോഗിനിയുടെ പ്രസാദം ലഭിക്കുന്നത് നാഗർ കോവിലിൽ വെച്ചാണ്. അലയൊടുങ്ങാത്ത അനുകമ്പയുടെ ഒരു കടൽ ഒരാളുടെ ആന്തരിക സത്തയെ സദാ മിനുക്കിക്കൊണ്ടിരുന്നു. അതിലയാൾ കടലിലെ ഉപ്പുപാവ പോലെ കുതിർന്നു പോകും.
മരുത്വാമലയിലെ പിള്ളത്തടം ഗുഹയായിരുന്നു ഗുരുവിൻ്റെ ബോധിവൃക്ഷം. ഇപ്പോൾ പോലും അങ്ങോട്ടുള്ള സഞ്ചാരം എളുപ്പമല്ല. കന്യാകുമാരിക്ക് ഏതാനും കിലോ മീറ്റർ മുമ്പുള്ള പൊറ്റയടി ഗ്രാമത്തിലാണത്. ആറു വർഷക്കാലം സ്വയം വരിച്ച ഏകാന്തതയിലും ഇരുട്ടിലും ഗുരു അവിടെ തപസ്സിരുന്നു. ഒടുവിൽ പൂർണ്ണ ജ്ഞാനത്തിൻ്റെ മിന്നലേറ്റു ബോധത്തിലേക്ക് ഉണരുമ്പോൾ കൺ മുമ്പിൽ തീരമില്ലാത്ത കടലാണ് , വെളിച്ചത്തിൻ്റെ കടൽ.
ഇളം പ്രായത്തിലെ ഇഷ്ടപുസ്തകമായ ഗീതഗോവിന്ദത്തിലെന്ന പോലെ ചുറ്റിനുമുളള പ്രപഞ്ചം മുഴുവൻ ഇപ്പോൾ ഗാഢാലിംഗത്തിലാണ് .ആഴിയും തിരയും കാറ്റുമാഴവും ചേർന്ന് പുതിയൊരു അദ്വൈതമെഴുതുകയാണ്. തീരമില്ലെന്നത് ശ്രദ്ധിക്കണം. അവിടത്തെ മഹസ്സാകുന്ന ആഴമേറിയ ആഴിയിൽ ഒരാൾ മുങ്ങിപ്പോവുകയാണ്. അടിത്തട്ടിലെ ആ പവിഴഗൃഹത്തിൽ പ്രാണൻ അതിൻ്റെ സമാധാനം കണ്ടെത്തുകയാണ്. ഇനിയും ഗുരു അലഞ്ഞേക്കാം, എന്നാലത് ശരീരം കൊണ്ട് മാത്രമായിരിക്കും. ഉള്ളം അലയടങ്ങിയ കടലുപോലെ അസ്പന്ദമാകും. ഗുരു അതിങ്ങനെ പിന്നീട് ഓർത്തെടുക്കും: കൈവല്യം ഒരു കടൽ പോലെയാണ്. അതിൽ സമസ്ത പ്രപഞ്ചവും ഞാനും വിമലത കൈവരിക്കും.
കടലേ,എല്ലാം മായ്ക്കുന്ന കടലേ.
വേദാന്തമൊക്കെ എത്ര ലളിതമായിട്ട് ഗുരു നമുക്ക് പറഞ്ഞു തരുന്നത്: അധികമൊന്നും അതിൽ പഠിക്കാനില്ല. ഒരു തിര എങ്ങനെ കടലിൽ നിന്ന് അന്യമല്ലയോ അതുപോലെ , ഇക്കാണുന്ന പ്രപഞ്ചം യഥാർത്ഥ സത്തയിൽ നിന്ന് അന്യമല്ല. ഇതറിഞ്ഞാൽ മതി. മറക്കരുത്. നിത്യ സാധന കൊണ്ട് ഈ അറിവിന്നെ നില നിർത്തണം. One should use common words to say uncommon things എന്ന ആർതർ ഷോപ്പനോവരുടെ പാഠം കൃത്യമായി പാലിച്ചത് ഭൂമിയിലെ ഗുരുക്കൻമാരായിരുന്നു. 'ആത്മാവ് കവർച്ച ചെയ്യപ്പെട്ടവർ' എന്നൊരു വാക്ക് ഗുരു ഉപയോഗിച്ച് കാണുന്നു. അത് തിരിച്ച് പിടിക്കാനുള്ള നമ്മുടെ പ്രയത്നങ്ങളിൽ എത്ര സൗമ്യമായാണ് ഗുരു കൂട്ടു വരുന്നത്.
കടലോളം പ്രിയപ്പെട്ട മറ്റൊരു രൂപകം ഗുരുവിനില്ലെന്ന് തോന്നുന്നു. ഗുരു തമിഴിലും എഴുതിയിരുന്നു.തേവാരപ്പതികങ്ങൾ ഗുരുവിന്റെ വളരെ പ്രധാനപ്പെട്ട തമിഴ് കൃതിയാണ് .തമിഴ് ഭാഷയിൽ തേവാരം പൊതുവേ ശൈവ സ്തോത്രങ്ങളാണ്. അവയുൾപ്പെടെയുള്ള അനേകം കൃതികളിൽ കടലിൻ്റെ മുഴക്കമുണ്ട്.ദർശനമാലയിൽ അത് ജീവിതത്തിൻ്റെ ആവർത്തനത്തെയാണ് ദ്യോതിപ്പിക്കുന്നത് .അനുകമ്പാ ദശകത്തിൽ അത് കരുണയുടെ അലയാണ്.
ആരാണ് ഗുരുവിൻ്റെ ഈശ്വരൻ?കാലത്തിൻ്റെയും ചരിത്രത്തിൻ്റെയും നാവികൻ.പ്രക്ഷുബ്ദ്ധമായ ഒരു കടലിനെ കുറുകെ കടക്കാനുള്ള യാനപാത്രം, ആവിക്കപ്പൽ !
വൃത്തിയായിയിരുന്നു ഗുരുവിൻ്റെ ഇഷ്ട പാഠം.
ചെറിയ ചെറിയ അമ്പലങ്ങളെ പ്രോത്സാപിപ്പിച്ചതുപോലും അത്തരം പരിസരങ്ങൾ ഉറപ്പു വരുത്തുന്ന ശുദ്ധിയെ പ്രതിയായിരുന്നു. മലയാളി അകത്തും പുറത്തും അടിമുടി പൊടി പുരണ്ടിരിക്കുകയാണ്. അതിരില്ലാത്ത കടലുപോലുള്ള ഗുരുവിൻ്റെ ബോധത്തിൽ ഇടയ്ക്കിടെ മുങ്ങി നിവരുന്നതാണ് അയാളുടെ Emotional Hygiene- ലേക്കുള്ള നടവഴി.
കടൽക്കരയിൽ ഇപ്പോഴും ഗുരു നിൽപ്പുണ്ട്.വിളക്കുമാടം പോലെ. കടലിൽ പെട്ടവർക്ക് പ്രകാശം നൽകുക മാത്രമല്ല ആ അടയാളത്തിൻ്റെ ധർമ്മം.എത്ര ദൂരം നമ്മൾ കരയിൽ നിന്ന് അകന്നു പോയെന്നുള്ള സൗമ്യമായ ഓർമ്മപ്പെടുത്തൽ കൂടിയാണത്. പ്രകാശവർഷങ്ങൾ എന്നൊക്ക പറയുന്നത് പോലെ അത്ര എളുപ്പത്തിൽ സാധകർക്ക് തുഴഞ്ഞെത്താനാവാത്ത ഗുരു വർഷങ്ങൾ !
ബോബിയച്ചൻ[ Fr. Boby Jose kattikadu] എഴുതിയത്.