07/02/2025
ഈ ദിനം ആയിരം സുദിനം
എൻ കെ എം ബെളിഞ്ച
(ജന. സെക്രട്ടറി SჄS ബദിയടുക്ക സോൺ)
SჄS ബദിയടുക്ക സോൺ കമ്മറ്റിയുടെ നവഭാരവാഹികളുടെ പ്രഥമ കാബിനറ്റിന് ആത്മീയ ധന്യ തുടക്കം. പ്രസ്ഥാനത്തിൻ്റെ കപ്പിത്താനെന്നറിയപ്പെടുന്ന സൈനുൽ മുഹഖ്കീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ മഖാം സിയാറത്തോടെയുള്ള തുടക്കം പ്രവർത്തന ഗോഥയിൽ ഉശിര് പകരുന്നതായിരുന്നു. SჄS എന്ന യുവജന പ്രസ്ഥാനത്തിന് ഊര്കളിൽ വേരുകളുണ്ടാക്കിയ നേതാവാണ് ശൈഖുന ത്വാഹിർ തങ്ങൾ. അവരുടെ പാദം പതിഞ്ഞ മണ്ണാണ് ബദിയടുക്കയും പരിസരവും. പുതിയ ലോകത്തോടെ സംവദിക്കുമ്പോഴുണ്ടാകുന്ന പ്രതിലോമ ചിന്തകൾ മറികടക്കാൻ നവ നേതൃത്വത്തിന് സാധിക്കാൻ ആ ദർബാർ കാരണമാകുമെന്നതിൽ സംശയമില്ല.
സാമൂഹ്യ സാംസ്കാരിക മേഖലയിൽ പ്രവർത്തന മുദ്ര പതിപ്പിച്ച എസ് വൈ എസിൻ്റെ കരുത്തുറ്റ നേതൃത്വമായിരുന്നു ഖുദ്വത്തുസ്സാദാത്ത് കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ. അവരുടെ മഹനീയ സവിധത്തിൽ നിന്ന് പ്രാർത്ഥനയോടെ പ്രവർത്തനം ആരംഭിക്കാമെന്ന അഭിലാഷം പൂവണിഞ്ഞു. ആശീർവാദം തേടി തങ്ങളുടെ വീട്ടിലെത്തുമ്പോൾ സമയം രാവിലെ പത്ത് മണിയോട് അടുത്തിരുന്നു.വിവിധ മഹല്ലുകളിൽ നിന്ന് പ്രശ്ന പ്രതിവിധികൾ തേടിയെത്തിയവരുടെ നീണ്ട നിര കാണുമ്പോൾ പതിയെ പതുങ്ങിയെങ്കിലും അവിടുത്തെ ഉമ്മറപ്പടിയിൽ നിന്നപ്പോൾ ആറ്റൽ പോലെ വന്ന കുളിർ തെന്നൽ മെയ്യും മനസ്സും നിറയുന്നതായിരുന്നു.
ബദിയടുക്ക സോൺ കമ്മറ്റിക്കാരാണെന്ന് പറഞ്ഞപ്പോൾ ഭാരവാഹികളെ ചോദിച്ചറിഞ്ഞു.
ആത്മാർത്ഥതയുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. മുത്ത് നബി പഠിപ്പിച്ച ദീനീ ദഅവത്താണിതെന്ന ഓർമ വേണം. അവിടുത്തോടുള്ള അദമ്യ സ്നേഹമാണ് വേണ്ടത്.അതിനായിരിക്കണം സംഘടന പ്രവർത്തനം. സ്വർഗ്ഗം പുൽകാൻ നിമിത്തമാകുന്ന ഉത്തരവാദിത്തങ്ങളാണ് ഓരോര്ത്തരും ഏറ്റെടുത്തിരിക്കുന്നത്. വീഴ്ച വരുത്താതെ മുന്നേറണമെന്ന തങ്ങളുടെ ഉപദേശം തേട് ചിത്തം തളരിതമായി. ദുആ ചെയ്ത തന്നതിന് ശേഷം
" യാ ലെത്വീഫ് " ചൊല്ലാനുള്ള ഇജാസത്തും ബർകത്തിനായ് 10 രൂപയുടെ പളങ്ങുന്ന നോട്ടും. മർമ്മം നോക്കിയുള്ള കുറേ നർമ്മങ്ങളും...
അവിടുത്തേക്ക് ദീർഘായുസ്സ് നൽകണേ അല്ലാഹ്.... ആമീൻ
ശേഷം കുമ്പോൽ തങ്ങൾ മഖാമിലെ കൂട്ട സിയാറത്ത് കഴിഞ്ഞാണ് ഓരോര്ത്തരും പിരിഞ്ഞത്. ആത്മനിർവൃതി പകർന്ന പ്രഥമ ദിനം ആയിരം ദിനത്തേക്കാൾ ഉത്തമമായി തോന്നിയതിലുമുണ്ട് ഒരു ബറക്കത്ത്.നാഥൻ സ്വീകരിക്കട്ടെ...
സമ്പൂർണ്ണവും സൗഹൃദവും സുദൃഢവുമായിരുന്നു പ്രഥമ കാബിനറ്റ്. പുതിയ പദ്ധതികളുടെ ആവിഷ്കരണങ്ങൾ ആവേശത്തോടെ ഓരോ കാബിനറ്റഗംങ്ങളും സ്വീകരിച്ചത് ശുഭ തുടക്കത്തിൻ്റെ ലക്ഷണമാണ്. പ്രഥമ കാബിനറ്റിന് ആതിഥ്യമേകാൻ സാധിച്ചതും ഏറെ സന്തോഷം നൽകി. സഹ ഭാരവാഹികളെ സൽകരിച്ചതിൽ പ്രിയതമക്കാണ് ഏറിയ പങ്ക്...പ്രത്യേക പ്രാർത്ഥന നടത്തിപ്പിരിഞ്ഞ് പോകുമ്പോൾ ഇനിയെപ്പോഴെന്നായിരുന്നു ചോദ്യം. സംഘടന പ്രവർത്തന ഓരോ യൂണിറ്റും സ്വയം പര്യാപ്തത നേടുകയും ദീനീ ചിട്ടയുള്ളതും സംഘടന ബോധമുള്ള പ്രവർത്തകരെ വാർത്തെടുക്കുകയെന്നതാണ് പ്രഥമ ലക്ഷ്യം. നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ