18/11/2019
'സൈബർ അപ്പോസ്തലൻ' ധന്യൻ കാർലോ അക്യൂറ്റിസ് ഉടൻ വാഴ്ത്തപ്പെട്ടവരുടെ നിരയിലേയക്ക്...
വത്തിക്കാൻ സിറ്റി: വിശ്വാസ നിരസത്തിനായി ആധുനിക സാങ്കേതിക വിദ്യയെ പലരും കൂട്ടുപിടിക്കുമ്പോൾ, താൻ ജീവിതം മുഴുവൻ സമർപ്പിച്ച ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യകളെ സമർത്ഥമായി ഉപയോഗിച്ച കൗമാരക്കാരന്റെ സുകൃതങ്ങൾക്കുമേൽ സഭയുടെ കൈയൊപ്പ്. 15-ാം വയസിൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട, ‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധന്യൻ കാർലോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്താനുള്ള അത്ഭുത സൗഖ്യം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ടുകൾ.
ധന്യൻ അക്യൂറ്റിസിന്റെ മാധ്യസ്ഥത്താൽ ബ്രസീലിലെ ഒരു കുഞ്ഞിന് ലഭിച്ച സൗഖ്യം മെഡിക്കൽ സംഘം സ്ഥിരീകരിച്ചെന്നാണ് വിവരം. വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ‘കാർലോ അക്യൂറ്റിസ് അസോസിയേഷ’ന്റെ ഔദ്യോഗിക വെബ് സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ഒരു രോഗസൗഖ്യം, വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിൽ നിർണായകമാണ്.
ലുക്കീമിയ ബാധിച്ച് 2006 ഒക്ടോബർ 12 നാണ് കാർലോ അന്തരിച്ചത്. തിന്മയുടെ നടുക്കടലിൽ അകപ്പെട്ട അനേകരെ ചുരുങ്ങിയ കാലംകൊണ്ട് വിശ്വാസവഴിയിലേക്ക് തിരിച്ച് വിടാൻ അവന് കഴിഞ്ഞു. 1991ൽ ലണ്ടനിൽ ജനിച്ച അക്യൂറ്റിസ്, ദിവ്യകാരുണ്യനാഥനെ പ്രാണനെക്കാളധികം സ്‌നേഹിച്ചു. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ പ്രതിഭാശാലിയായിരുന്ന അവൻ, തന്റെ കഴിവുകൾ പൂർണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്.
ഈശോയോടുണ്ടായിരുന്ന സ്‌നേഹവും ഭക്തിയും കാർലോയെ സമപ്രായക്കാരിൽനിന്ന് വ്യത്യസ്തനാക്കി. 11-ാം വയസിൽ വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവൻ കംപ്യൂട്ടറിൽ ശേഖരിക്കാൻ തുടങ്ങി. അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോകണമെന്ന് കാർലോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രണ്ടര വർഷത്തെ പ്രയത്‌നത്തിനൊടുവിൽ കാർലോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏതാണ്ട് എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളും കോർത്തിണക്കി ഒരു വെബ്‌സൈറ്റും തയാറാക്കി.
ദിവ്യകാരുണ്യത്തിന് മുന്നിൽ അനേകം മണിക്കൂറുകൾ ചെലവഴിക്കുന്നതിലൂടെയും വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങൾ കംപ്യൂട്ടറിൽ ശേഖരിക്കുന്നതിലൂടെയും കാർലോ സദാ ദൈവത്തോടൊപ്പമായിരുന്നു. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് അവൻ ശേഖരിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളിൽ വെർച്വൽ ലൈബ്രറിയുടെ പ്രദർശനവും നടത്തി.
ഈശോയോട് അടുത്തിരിക്കുക എന്നതാണ് തന്റെ ജീവിതക്ഷ്യമെന്ന് അവൻ കൂടെക്കൂടെ പറഞ്ഞിരുന്നു. ദൈവത്തിനിഷ്ടമില്ലാത്ത കാര്യത്തിനായി ഒരു മിനിറ്റുപോലും നഷ്ടപ്പെടുത്താതെ ജീവിച്ചതുകൊണ്ട് തനിക്കു മരിക്കാൻ മടിയില്ലെന്നും അവൻ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ക്രിസ്തുവിനെ സ്വീകരിക്കുന്നതിലൂടെ സ്വർഗത്തിന്റെ മുന്നാസ്വാദനമാണ് ലഭിക്കുകയെന്നായിരുന്നു കുഞ്ഞു കാർലോയുടെ വാക്കുകൾ.
വിശുദ്ധ കുർബാനയിൽ എല്ലാ ദിവസവും അവൻ പങ്കെടുത്തു. കാൻസർ രോഗത്തിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന കാർലോ പാപ്പയ്ക്കും സഭയ്ക്കുംവേണ്ടി കാഴ്ചവെച്ചു. അങ്ങനെ ഈശോയെ ഒരുപാട് സ്‌നേഹിച്ചിരുന്ന കാർലോ അക്യൂറ്റിസ്, തന്റെ 15-ാം വയസിൽ ഈശോയുടെ മുഖം നേരിൽ ദർശിക്കാൻ യാത്രയായി. 2018 ജൂലൈ അഞ്ചിന് ഫ്രാൻസിസ് പാപ്പയാണ്, അക്യുറ്റിസിനെ ധന്യരുടെ നിരയിൽ ഉൾപ്പെടുത്തിയത്.
(കടപ്പാട്: Sunday Shalom)