20/05/2026
*വിശ്വാസത്തിന്റെ വീട് പണിത മഹത് കർമ്മയോഗി ശ്രീ എം.ഒ ബേബി നിത്യതയിൽ ചേർന്നു*
പരുമല തേവേരി, നിരണം കിഴക്കുംഭാഗം മാലിപുറത്ത് തറവാട്ടിലെ കുടുംബാംഗവും, കടപ്ര ബേത്ലഹേം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ അഭിമാനസ്തംഭവുമായിരുന്ന ശ്രീ എം.ഒ ബേബി. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം സഭാസേവനത്തിന്റെ നിസ്വാർത്ഥ പാത സ്വീകരിച്ച അപൂർവ വ്യക്തിത്വമായിരുന്നു.
ബേതൂളിലെ ഓർത്തഡോക്സ് ആരാധനയുടെ തുടക്കം അദ്ദേഹത്തിന്റെ പുണ്യഗൃഹത്തിൽ നിന്നായിരുന്നു. കൽക്കട്ട ഭദ്രാസനത്തിന്റെ മേൽനോട്ടത്തിലും, നാഗ്പൂർ ഓർത്തഡോക്സ് വൈദിക സെമിനാരിയിലെ ആചാര്യന്മാരുടെയും വൈദിക ശ്രേഷ്ഠരുടെയും സാന്നിധ്യത്തിലും, പതിറ്റാണ്ടുകളോളം ആ ഭവനം വിശ്വാസികൾക്ക് ദൈവാലയസമാനമായി മാറി. മാസംതോറും അവിടെ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയും, വർഷങ്ങളോളം മുഴങ്ങിയ ഓർത്തഡോക്സ് കൺവെൻഷനുകളും ബേതൂളിനെ മധ്യഭാരതത്തിലെ പ്രധാന സഭാകേന്ദ്രങ്ങളിലൊന്നാക്കി ഉയർത്തി.
കാലം ചെയ്ത ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ജോർജ് അച്ചനായിരുന്ന കാലത്ത് തേവേരിയിൽ ഭവനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന കൺവെൻഷൻ മാതൃക, ശ്രീ എം.ഒ ബേബി ബേതൂളിലും പുനരാവിഷ്കരിച്ചു. അനേകം മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും ശെമ്മാശന്മാരുടെയും പാദസ്പർശത്താൽ ആ ഭവനാങ്കണം പവിത്രമായി.
അദ്ദേഹം കൊളുത്തിയ വിശ്വാസദീപം തലമുറകളിലേക്ക് കൈമാറപ്പെട്ടു. മകൻ ഫാ. ബിനോജ് എം. ബേബി കൽക്കട്ടാ ഭദ്രാസനത്തിലെ പട്‌നാ മാർ ഗ്രീഗോറിയോസ് ഇടവകയുടെ വികാരിയായും, മരുമകൻ ഫാ. ജയ് സൺ ജോസഫ് ഡൽഹി ഭദ്രാസനത്തിലെ ലക്നൗ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ വികാരിയായും സേവനം അനുഷ്ഠിക്കുന്നു. പുത്രി ഡോ. ബിൻസി എം. ബേബി കൊച്ചമ്മയും, മരുമകൾ ശ്രീമതി ഷെർലി വർഗീസ് കൊച്ചമ്മയും സഭാശുശ്രൂഷകളിൽ സജീവ സാന്നിധ്യമാണ്.
സംസ്കാര ശുശ്രൂഷ:
2026 മേയ് 22, വെള്ളിയാഴ്ച.
ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് നിരണം കിഴക്കും ഭാഗം മാലിപുറത്ത് ഭവനത്തിലും, ദൈവാലയത്തിലെ ശുശ്രൂഷ ഉച്ചകഴിഞ്ഞ് 1:00 മണിക്ക് കടപ്ര ബേത്ലഹേം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും നടക്കുന്നതാണ്.
മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ടാ ഭദ്രാസനാധിപൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും , ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്തയുടെയും, വന്ദ്യ വൈദിക ശ്രേഷ്ടർ എന്നിവർ ചേർന്ന് മുഖ്യകാർമികത്വം വഹിക്കും.
മധ്യപ്രദേശിൽ ചിതറിക്കിടന്ന മലയാളി ഓർത്തഡോക്സ് വിശ്വാസികളെ ഒരു കുടുംബമായി ചേർത്തിണക്കി, സഭയ്ക്ക് അടിത്തറ പാകിയ ദീർഘദർശിയായ സംഘാടകനെയാണ് മലങ്കര സഭയ്ക്ക് നഷ്ടമായത്. ശ്രീ ബേബി എം.ഒ.യുടെ ധന്യസ്മരണകൾ വരും തലമുറകൾക്ക് വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും വഴിവിളക്കായി നിലനിൽക്കും.
ഷിബി പോൾ മുളന്തുരുത്തി
ദിൽഷാദ് ഗാർഡൻ