സെന്റ് ആൻഡ്രൂസ് ബസലിക്ക അർത്തുങ്കൽ, തെക്കെ ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് അർത്തുങ്കൽ ബസലിക്ക. വിശുദ്ധ ആൻഡ്രൂസ് അപ്പോസ്തലന്റെ നാമോധയത്തിലുള്ള ബസലിക്ക വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ പേരിലാണ് ലോകപ്രശസ്തമായി തീർന്നത്. അർത്തുങ്കലിലെ ക്രിസ്തുമത സാന്നിദ്ധ്യം 7-ാം നൂറ്റാണ്ടിനു മുൻപേയുള്ള കാലയളവിലാണ്. പോർച്ചുഗീസുകാരുടെ വരവിനുശേഷം ജെസ്യൂട്ട് മിഷനറിമാർ അർത്തുങ്കലിൽ ശ്രദ്ധകേന്ദ്രീകരിച്ചു,
1530 മുതൽ അവർ അർത്തുങ്കലിൽ മിഷനറി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. 1560 - ൽ മതപരിവർത്തനത്തിന് നിരോധനമുണ്ടായിരുന്നതിനാൽ പള്ളി നിർമ്മിക്കുന്നതിനുള്ള അനുവാദം നാട്ടുരാജാവിൽ നിന്നും നേടാൻ സാധിച്ചില്ല. പിന്നീട് ഫാ. ഗാസ്ഫർ പയസ് അർത്തുങ്കലിലെ ആദ്യവികാരിയായിവരുകയും, തുടർന്ന് 1581-ൽ കൊച്ചി രാജാവ് വീരകേരളവർമ്മ മരംകൊണ്ട് പള്ളി നിർമ്മിക്കുവാൻ അനുവാദം നൽകി. പിന്നീട് അർത്തുങ്കലിന്റെ രണ്ടാമത്തെ വികാരിയായിവന്ന ഫാ. ജിയാക്കോമോ ഫെനീസിയോ 1602-ൽ പള്ളിപുതുക്കി പണിയുന്നതിനുള്ള അനുമതി നേടി. 33 വർഷകാലം അർത്തുങ്കൽ ചിലവഴിച്ച അദ്ദേഹം അർത്തുങ്കലിന്റെ അപ്പോസ്തലൻ എന്നാണറിയപ്പെട്ടിരുന്നത്.
1647-ൽ ഇറ്റലിയിൽ നിന്നും കപ്പൽമാർഗം വിശുദ്ധ സെബസ്ത്യാനോസിന്റെ അത്ഭുത തിരുസ്വരൂപം കൊണ്ടുവരുകയും അതിനുശേഷം അർത്തുങ്കൽ ദേശം പ്രശസ്തമാവാൻ തുടങ്ങി. റോമൻ ചക്രവർത്തിയുടെ പടത്തലവനായിരുന്നു വിശുദ്ധ സെബസ്ത്യാനോസ്,ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ AD 286-ൽ ധീരരക്തസാക്ഷിത്വം വരിച്ചു. സാംക്രമീകരോഗങ്ങളാൽ പീഠനങ്ങൾ സഹിച്ചിരുന്ന ആളുകൾ വിശുദ്ധ സെബസ്ത്യാനോസിനെ വിളിച്ചു മാദ്ധ്യസ്ഥം അപേക്ഷിക്കുകയും രോഗസൗഖ്യം പ്രാപിക്കുകയും ചെയ്തു. ജാനുവരിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുവാൻ തുടങ്ങിയതിനു ശേഷം നാനാജാതി മതസ്ഥരെയും അർത്തുങ്കലിലേക്ക് ആകർഷിച്ചുതുടങ്ങി. പിന്നീട് അർത്തുങ്കൽ പള്ളി എല്ലാ മതസ്ഥരുടെയും തീർത്ഥാന കേന്ദ്രമായി മാറി. 1602-ൽ കല്ലിൽ നിർമ്മിച്ച പള്ളിയോടു ചേർന്ന് 1870-ൽ ഒരു പള്ളിമേടയും ബെൽ (മണി) ടവറും സ്ഥാപിച്ചു. 1900-ൽ പുതിയ പള്ളി നിർമ്മാണം തുടങ്ങുകയും, നീണ്ട 60 വർഷക്കാലത്തിനു ശേഷം പണി പൂർത്തിയാക്കുകയും, 1967-ൽ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കയുമുണ്ടായി. മറ്റൊരു പുരാതനമായ ആചരമായിരുന്നു ശബരിമല കയറി അയ്യപ്പനെ വണങ്ങി വരുന്ന ഭക്തർ, അർത്തുങ്കലിൽ വന്ന് വിശുദ്ധ സെബസ്ത്യാനോസിനെയും വണങ്ങുന്നത്. അത് ഇപ്പോഴും തുടർന്നു പോരുന്നു.
എല്ലാ വർഷവും ജനുവരി 10 മുതൽ 27 വരെയാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നത്.ലക്ഷക്കണക്കിനാൾക്കാരാണ് തിരുനാളിൽ പങ്കെടുക്കുവാൻ വരുന്നത്. തിരുനാളിന്റെ പ്രധാന ദിവസമായ ജനുവരി 20-ൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണത്തിൽ ലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുക്കാറുണ്ട്. അർത്തുങ്കൽ പള്ളിയെ 2010 മെയ് 21-ന് ബസലിക്ക പള്ളിയായി പദവി ഉയർത്തുവാന് സഭ തീരുമാനിച്ചു. തുടർന്ന് 2010 ഒക്ടോബർ 1-ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയോടു കൂടി അർത്തുങ്കൽ പള്ളി അർത്തുങ്കൽ ബസലിക്കയായി ഉയർത്തപ്പെട്ടു.
ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോട് എല്ലാവരുടെയും സംരക്ഷകനായി അർത്തുങ്കലിൽ വാഴുന്നു.