12/06/2026
എന്തുകൊണ്ട് ‘അഖി’കൾ വിമർശിക്കപ്പെടുന്നു?
----------------------------------------
1, അവർക്ക് തൗഹീദിൽ പിഴച്ചു:
മനുഷ്യനെ സംബന്ധിച്ച് ഗാഇബ് ആയ ജിന്നുകളോടും മലക്കുകളോടും മനുഷ്യ കഴിവിൽ പെട്ട കാര്യങ്ങളിൽ സഹായം തേടിയാൽ അത് ശിർക്കല്ല എന്നു ‘അഖി’കൾ വിശ്വസിക്കുന്നു; മൗലാനമാർ പ്രചരിപ്പിക്കുന്നു. ഇതാണ് ‘അഖി’കൾ സലഫിയ്യത്തിൽ നിന്നും പുറത്തു പോകുന്ന ഒന്നാമത്തെ ഘടകം.
2, അവർ മൗദൂദിയുടെ ഹാക്കിമീയ്യത്തുല്ലാഹ് സിദ്ധാന്തം ന്യായീകരിക്കുന്നു:
റുബൂബിയതിന്റെയും ഉലൂയത്തിന്റെയും ഭാഗമായി, പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ അഹ്‌ലുസുന്നയുടെ പണ്ഡിതന്മാർ പഠിപ്പിച്ച ഹാക്കിമീയ്യത്തിനെ
(اَلْحَاكِمِيَّةُ التَّكْوِينِيَّةُ - الحاكمية التشريعية)
ദുർവ്യാഖ്യാനിച്ച് മൗദൂദി രൂപപ്പെടുത്തിയ ബിദ്ഈ ചിന്തയായ ഹാക്കിമീയ്യത്തുല്ലാഹ് സിദ്ധാന്തത്തെ പരസ്യമായി ന്യായീകരിക്കുക എന്ന ഗുരുതരമായ ആശയ വ്യത്യാനം സംഭവിച്ച സംഘമാണ് ‘അഖി’കളുടേത്. ഇതാണ് അവർ സലഫിയ്യത്തിൽ നിന്നും പുറത്തു പോകുന്ന രണ്ടാമത്തെ ഘടകം.
3, അവർ റുഖിയ്യ ശർഇയ്യയുടെ (الرقية الشرعية) പേരിൽ റാഖിമാരെ സൃഷ്ടിക്കുന്നു:-
റുഖിയ്യ ചെയ്യാൻ മറ്റൊരാളോട് ആവശ്യപ്പെടുന്നത് ഈമാനിലും തവക്കുലിലും കുറവ് വരുത്തുന്ന കാര്യമാണെന്ന് പണ്ഡിതന്മാരിൽ വലിയ ഒരു വിഭാഗം പറഞ്ഞിരിക്കെ, സമൂഹത്തിൽ സ്പെഷ്യൽ ‘റാഖി’മാരെ സൃഷ്ടിക്കുന്ന പ്രബോധനമാണ് ‘അഖി’മാരുടെ മൗലാനമാരിൽ ചിലർ ചെയ്തു കൊണ്ടിരിക്കുന്നത്.
ഒരാൾ സ്വയം റാഖിയായി ചമഞ്ഞാൽ പ്രായോഗിക തലത്തിൽ അതിലൂടെ സംഭവിക്കുന്നത്, അയാളുടെ അടുത്ത് റുഖിയ്യ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ആളുകൾ വരുന്ന അവസ്ഥ സൃഷ്ടിക്കുകയാണ്. ഇത് സലഫിയ്യത്തിനു യോജിക്കുന്ന പ്രവർത്തനമല്ല.
ശൈഖ് റബീഹ് ഇബ്നു ഹാദി അൽ മദ്ഖലി(റ) പറഞ്ഞു:
ولهذا قال -صلى الله عليه وسلم-: "لا يسترقون" يعني: لا يطلبون الرقية؛ لأن الرقية سؤال تنقص من إيمانه وتنقص من توكله…
അതുകൊണ്ടാണ് നബി (സ) പറഞ്ഞത്: "അവർ റുഖ്‍യ ആവശ്യപ്പെടുകയില്ല," അതായത്: അവർ മന്ത്രം (റുഖ്‍യ) ആവശ്യപ്പെടുകയില്ല; കാരണം റുഖ്‍യ ഒരു ചോദ്യമാണ്, അത് അവന്റെ ഈമാനിനും ഭരമേൽപ്പിക്കലിനും കുറവ് വരുത്തും.
ശൈഖ് അൽബാനി(റ) പറഞ്ഞു :
"(الَّذِيْنَ لَا يَسْتَرْقُوْنَ)"
"(അവർ മന്ത്രം ആവശ്യപ്പെടാത്തവരാണ്); അതായത്: അവർ മറ്റുള്ളവരോട് തങ്ങൾക്ക് വേണ്ടി റുഖിയ്യ (മന്ത്രം) ചെയ്ത് തരാൻ ആവശ്യപ്പെടാത്തവരാണ്. പകരം അവർ അല്ലാഹുവിൽ പൂർണ്ണമായി ഭരമേൽപിക്കുന്നവരാണ് (തവക്കുൽ ആക്കുന്നവരാണ്).”
ശൈഖ് ഇബ്നു ഉസൈമീൻ(റ) പറഞ്ഞു:
قال ابن عثيمين:
(هم الذين لا يسترقون) أي: لا يطلبون من أحد أن يقرأ عليهم إذا أصابهم شيء؛ لأنهم معتمدون على الله، ولأن الطلب فيه شيء من الذل؛ لأنه سؤال الغير،
(അവർ റുഖിയ്യ ആവശ്യപ്പെടാത്തവരാണ്) അതായത്: തങ്ങൾക്ക് എന്തെങ്കിലും (രോഗമോ പ്രയാസമോ) ബാധിച്ചാൽ തങ്ങളുടെ മേൽ ഓതിത്തരാൻ അവർ ആരോടും ആവശ്യപ്പെടുകയില്ല. കാരണം അവർ അല്ലാഹുവിൽ മാത്രം ആശ്രയിക്കുന്നവരാണ്; കൂടാതെ (അങ്ങനെ ഓതിത്തരാൻ) ആവശ്യപ്പെടുന്നതിൽ ഒരുതരം താഴ്മയോ വിധേയത്വമോ അടങ്ങിയിരിക്കുന്നു, കാരണം അത് മറ്റുള്ളവരോടുള്ള ചോദിക്കലാണ്.
4, അവർ തഖ്‌ലീദിന്റെ വാതിൽ തുറക്കുന്നു:-
ഇൽമിയായ വിഷയങ്ങളുടെ വിധി ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കാതെ പണ്ഡിതന്മാരുടെ കിതാബുകളിലേക്ക് മാത്രം മടക്കി അവസാനിപ്പിക്കുന്ന പ്രവണത പലപ്പോഴും അവരിൽ കാണുന്നു. അവരുടെ കൂട്ടത്തിലെ മുഅല്ലിമും മുത്തഅല്ലിമും ഈ നിലപാടിൽ കാട് കയറുന്ന അവസ്ഥ പരക്കെ കാണപ്പെടുന്നു.
5, ഇഖ്ത്തിലാഫിയായ മസ്അലകളിൽ കക്ഷി താല്പര്യം മുൻനിർത്തി കള്ളം പറയുന്നു, ഗുലുവ്വ് (غلو) സ്വീകരിക്കുന്നു:-
ഉലമാകൾക്കിടയിൽ ഇഖ്ത്തിലാഫ് ഉള്ള മസ്അലകളിൽ കക്ഷി താല്പര്യം ഇവരെ പിടികൂടുന്നു. പ്രസിദ്ധമായ ഇഖ്ത്തിലാഫിയായ മസ്അലകളിൽ പോലും പാർട്ടി താല്പര്യം മുൻനിർത്തി 'ഇജ്മാഅ്’ ജൽപ്പിക്കാൻ വരെ മടിയില്ലാത്ത ‘മുദരിസു’കൾ ഇവരുടെ കൂട്ടത്തിലുണ്ട്.
ഉദാഹരണം : സ്ത്രീകളുടെ മുഖം 'നിരുപാധികം’ ഔറത്താണ്. അത് മറക്കൽ വാജിബാണ്. ഇതിൽ ഇഖ്ത്തിലാഫ് ഇല്ല…
6, ഇവരിൽ പലരും ശുഹ്റത്തിന്റെ (الشُّهْرَةُ) അടയാടകൾ സ്വീകരിക്കുന്നു:-
ഇൽമിന്റെയും സലഫിയ്യത്തിന്റെയും തഖ്‌വയുടെയും അടയാളം സ്വയം കുറിക്കാനായി, ഇവർ സാധാരണ ജനങ്ങളിൽ നിന്നും വ്യതിരിക്തരാണ് എന്ന് വരുത്തി തീർക്കും വിധമുള്ള വസ്ത്രധാരണ രീതി അവലംഭിക്കുന്നു.
നബി(സ) പറഞ്ഞു:
"ആരെങ്കിലും ഈ ദുനിയാവിൽ 'ഥൗബ ശുഹ്‌റത്' (ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വസ്ത്രം) ധരിച്ചാൽ, അന്ത്യനാളിൽ അല്ലാഹു അവനെ അപമാനത്തിന്റെ വസ്ത്രം ധരിപ്പിക്കുന്നതാണ്.”
قال ابن بطال في شرح البخاري:
الذي ينبغي للرجل أن يتزيا في كل زمان بزي أهله ما لم يكن إثما، لأن مخالفة الناس في زيهم ضرب من الشهرة
ഇബ്നു ബത്വൽ 'ശറഹുൽ ബുഖാരി'യിൽ പറഞ്ഞു:
"ഏതൊരു മനുഷ്യനും എല്ലാ കാലഘട്ടത്തിലും തന്റെ നാട്ടുകാരുടെ വസ്ത്രധാരണ രീതി സ്വീകരിക്കുകയാണ് വേണ്ടത്; അത് പാപകരമായ ഒന്നാകാതിരിക്കുന്നിടത്തോളം കാലം. കാരണം, വസ്ത്രധാരണത്തിൽ ആളുകളോട് വിയോജിക്കുന്നത് (അവരിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതി സ്വീകരിക്കുന്നത്) ഒരുതരം 'ശുഹ്‌റത്' (ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പ്രശസ്തി കാംക്ഷിക്കൽ) ആണ്.”