22/03/2024
*വലിയകുളങ്ങര ദേവി ക്ഷേത്രം, ഓച്ചിറ*
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറക്ക് തെക്ക് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വലിയകുളങ്ങര. അവിടെയാണ് പുരാതനമായ വലിയകുളങ്ങര ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൽ രണ്ട് ശ്രീകോവിലിൽ ഭദ്രകാളിക്കും, ദുർഗ്ഗാദേവിക്കും തുല്യപ്രാധാന്യമാണ് നൽകിയിരിക്കുന്നത്. തന്നെ തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയ ദുഃഖങ്ങൾ കേട്ട് പരിഹാരമരുളുന്ന ദേവിയെ ഒരിക്കലെങ്കിലും ആശ്രയിക്കാത്ത വിശ്വാസികളുണ്ടാവില്ല!! ഭക്തരുടെ ആത്മീയ ദാഹം ശമിപ്പിക്കുന്ന വലിയകുളങ്ങര ദേവി എന്നാണ് ഈ ക്ഷേത്രത്തെ പൊതുവേ വിശേഷിപ്പിക്കുന്നത് തന്നെ. ഇവിടെ ദർശനം നടത്തിയാൽ ഗുണങ്ങൾ പലതുണ്ടെന്നാണ് വിശ്വാസം.
ഈ ക്ഷേത്രം കൊല്ലവർഷത്തിൻറെ ആദ്യ നൂറ്റാണ്ടുകളിൽ സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ വാർഷിക ഉത്സവമായി 'മീന ഭരണി' എന്ന പേരിൽ ഒരു ഉത്സവം മാത്രമേ ക്ഷേത്രത്തിൽ നടന്നിരുന്നുള്ളൂ. പിന്നീട് കുംഭത്തിലെ കാർത്തിക നക്ഷത്രത്തിൽ കുംഭഭരണിയും ആഘോഷിക്കാൻ 'കരക്കാർ' തീരുമാനിച്ചു. ഇപ്പോൾ തെക്കേ കരക്കാരുടെ നേതൃത്വത്തിൽ കുംഭ ഭരണിയും വടക്കേ കരക്കാരുടെ നേതൃത്വത്തിൽ മീന ഭരണിയും ആഘോഷിക്കുന്നു. AD 1900- ൻറെ ആരംഭം വരെ 40 മുതൽ 60 അടി വരെ ഉയരമുള്ള 'എടുപ്പുകുതിരകൾ' അണിനിരന്ന് വളരെ വർണ്ണാഭമായാണ് മീന ഭരണി ആഘോഷിച്ചിരുന്നത്.
ഉത്സവദിവസം 'ഗരുഡൻ തൂക്കം' നടത്താൻ കരക്കാർ പ്രത്യേക തരം വാഹനം ഉപയോഗിച്ചിരുന്നു. തോട്ടത്തിൽ നമ്പൂതിരിയുടെ പേരിൽ ഊരാളൻ എന്ന പേരിൽ ഊരയ്മ തൂക്കം അവതരിപ്പിച്ചു. അത് കഴിഞ്ഞ് 'കര'യിലെ മറ്റ് കുടുംബങ്ങൾക്കായി കുറേ തൂക്കങ്ങൾ അവതരിപ്പിക്കും. പിന്നീട് എടുപ്പ് കുതിരകളുടെയും ഗരുഡൻ തൂക്കത്തിൻറെയും നിർമ്മാണം അജ്ഞാതമായ കാരണത്താൽ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോൾ ഈ ക്ഷേത്രത്തിലെ കെട്ടുകാഴ്ചക്ക് 105 അടിയോളം ഉയരമുള്ള എടുപ്പ് കുതിരകളെയാണ് ഉപയോഗിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു.
തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന രണ്ടു ക്ഷേത്രങ്ങളാണ് ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളിയിലുള്ള വലിയകുളങ്ങര ക്ഷേത്രവും കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലുള്ള വലിയകുളങ്ങര ക്ഷേത്രവും. ഈ രണ്ട് ക്ഷേത്രങ്ങളിലെയും ഉത്സവത്തോടനുബന്ധിച്ചുള്ള ജീവിത എഴുന്നള്ളിപ്പും കുതിരയെടുപ്പും പ്രസിദ്ധമാണ്.
കടപ്പാട്