23/03/2022
#പാതിനോമ്പ്
വലിയ നോമ്പിന്റെ 25ാംദിവസം. ഈ ദിവസത്തിനു പലവിധത്തിൽ പ്രാധാന്യമുണ്ട്.
യിസ്രായേൽ മക്കളുടെ മരുഭൂമിയിൽ കൂടിയുള്ള കനാൻ യാത്രയുടെയും (സംഖ്യാ. 21:4-9) വലിയ നോമ്പിലൂടെയുള്ള നമ്മുടെ
സ്വർഗ്ഗീയ യാത്രയുടെയും (യോഹന്നാൻ. 7:14-15) മദ്ധ്യേ ആണ്.
ക്രിസ്ത്യാനികളുടെ പതാകയാകുന്ന സ്ളീബായുടെ
ഉയർത്തലും (യോഹ. 3:13-27 സങ്കീ. 24:1-9).
ഒരുവന്റെ യാത്രാമദ്ധ്യേ യാത്ര നിർത്തുകയും, പോയ വഴിയെക്കുറിച്ചും, ശേഷിച്ച വഴിയെക്കുറിച്ചും ചിന്തിക്കുകയും, യാത്രയിൽ നിന്നും നേടിയ പരിശീലനംകൊണ്ടു തെറ്റുകളെ ഒഴിവാക്കുകയും യാത്ര വിജയപ്രദമാക്കുവാൻ പുതിയ ശക്തി പ്രാപിക്കുകയും
ചെയ്യുന്നതുപോലെ, നമ്മുടെ ക്രിസ്തീയജീവിതത്തിന്റെയും, ഈ നോമ്പിന്റെയും മദ്ധ്യത്തിൽ എത്തിയവരായ നാം, നമ്മുടെ ജീവിതവും, നോമ്പും എത്രമാത്രം വിജയകരമായിരുന്നു എന്നും, നമ്മിൽ ശേഷിച്ചിട്ടുള്ള കുറവുകളെ പരിഹരിക്കണമെന്നും കരുതി കർത്താവിന്റെ ക്രൂശാകുന്ന പതാക പിടിച്ചുകൊണ്ട് കാൽവറിയെ ലക്ഷ്യമാക്കി മുൻപോട്ട് യാത്ര തുടരുകയും ചെയ്യണം.
https://qrgo.page.link/Pe76L
2. പിച്ചളസർപ്പം (സംഖ്യ. 21:4-9)
യിസ്രായേൽക്കാർ ഈജിപ്തിൽനിന്ന് രക്ഷപ്പെട്ട് ചെങ്കടലിലൂടെ പലായനം ചെയ്യുകയും കനാനിലേക്കുള്ള യാത്രാമദ്ധ്യേയുള്ള
ഹോർപർവ്വതത്തിൽ എത്തിയപ്പോൾ ദൈവത്തിനും മോശയ്ക്കും
വിരോധമായി ജനം പിറുപിറുക്കുകയും, മിസ്രേമിൽ നിന്നു പുറപ്പെട്ടതിൽ ദു:ഖിക്കുകയും, അവരോടുള്ള ദൈവത്തിന്റെ വാഗ്ദാനത്തെയും, വ്യാപാരത്തെയും, മന്നായെയും അവർ പുച്ഛിക്കുകയും ചെയ്തതുകൊണ്ട് ദൈവം അവരോട് അത്യധികം കോപിക്കുകയും, അവരുടെ ഇടയിൽ വിഷമുള്ള സർപ്പങ്ങളെ അയച്ചു കഠിനമായി അവരെ
ശിക്ഷിക്കുകയും, അത് മുഖാന്തിരം അനേകർ മരിക്കുകയും ചെയ്തപ്പോൾ അവർ മോശയെ സമീപിക്കുകയും, അവരുടെ കുറ്റം സമ്മതിക്കുകയും ചെയ്തതിനാൽ ഒരു പിച്ചളസർപ്പത്തെ ഉണ്ടാക്കി അവരുടെ പാളയമദ്ധ്യത്തിൽ സ്ഥാപിക്കണമെന്നും അഗ്നിസർപ്പങ്ങളാൽ
കടിയേറ്റവർ അതിൽ നോക്കിയാൽ രക്ഷപ്പെടുമെന്നും ദൈവം
കല്പിച്ചതനുസരിച്ച് മോശ പ്രവർത്തിക്കുകയും അതിൽ നോക്കിയവർ മരണത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.
https://qrgo.page.link/Pe76L
3. സ്ളീബാ.
ഈ ദിവസത്തിൽ പള്ളിമദ്ധ്യേ വി. സ്ളീബാ ഉയർത്തുന്നു. പഴയനിയമത്തിൽ കണ്ടതായ നിഴൽ പുതിയനിയമത്തിൽ
പൊരുളായിത്തീരുന്നു. പിച്ചളസർപ്പത്തിനു പകരം സ്ളീബായെ
ഇവിടെ നാം ദർശിക്കുന്നു. പിച്ചളസർപ്പം മുഖാന്തിരം അഗ്നിസർപ്പങ്ങളുടെ വിഷം മാറ്റുവാൻ കഴിഞ്ഞതിന്റെ ആ മർമ്മം (മോശ മരുഭൂമിയിൽ സർപ്പം ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടണം. (യോഹ.3:14) നമുക്കു മനസ്സിലാകുന്നു. പാപദേശമാകുന്ന
മിസ്രേമിൽനിന്നും സ്വർഗ്ഗദേശമാകുന്ന കനാനിലേയ്ക്കുള്ള യാത്ര
നമ്മുടെ നോമ്പാണെന്നും, ക്രിസ്തു ഏകരക്ഷകനാണെന്നും
ക്രൂശ് മുഖാന്തിരമാണെന്നും, സർപ്പം ജഡത്തെ കടിക്കുന്നതു
പോലെ പാപം ആത്മാവിനെ കടിക്കുമെന്നും, പിച്ചളസർപ്പം ക്രൂശിന്മേലുള്ള കർത്താവിന്റെ ദൃഷ്ടാന്തമായിരുന്നു എന്നും ഇതിനകം
നാം മനസ്സിലാക്കി കഴിഞ്ഞു.
https://qrgo.page.link/Pe76L
4, യാത്രാലക്ഷ്യം (മത്താ. 17:22-27)
തന്റെ കഷ്ടാനുഭവങ്ങളെക്കുറിച്ച് തന്റെ ശിഷ്യന്മാരോട്
ക്രിസ്തു പ്രസ്താവിക്കുന്നത് ഇദംപ്രഥമമായിട്ടാണ്. തന്റെ കഷ്ടാനുഭവവും മരണവും എപ്പോഴും തന്റെ കൺമുമ്പിൽ ഉണ്ടായിരുന്നു.
അതുകൊണ്ട് നമ്മുടെ നോമ്പും ഭക്ഷണത്തിൽനിന്നും പാപത്തിൽ
നിന്നുമുള്ള വിടുതൽ മാത്രമായാൽ പോരാ നമ്മുടെ നോമ്പിൽ
കർത്താവിന്റെ കഷ്ടതകളെ കലർത്തുകയും നമ്മുടെ പാപങ്ങളെ
ഓർത്ത് തന്റെ കഷ്ടതകളാൽ നമ്മുടെ പാപ വ്രണങ്ങളെ സുഖപ്പെടുത്തുകയും ചെയ്യണം.
https://qrgo.page.link/Pe76L
5. അബ്ഗാർ രാജാവ്
ഉറഹായിലെ രാജാവായിരുന്ന അബ്ഗാർ രാജാവിന് പിടിപെട്ട കുഷ്ഠരോഗം സൗഖ്യമാക്കുന്നതിനായി നമ്മുടെ കർത്താവ് വി. തോമാശ്ലീഹായുടെ സഹോദരനായ ആദായിയെ ഉറഹായിലേക്ക് അയക്കുകയും വി.ആദായി ശ്ലീഹാ ഉറഹായിൽ സഭ സ്ഥാപിക്കുകയും ചെയ്തതിന്റെ ഓർമ്മ (യോഹ. 12:20-27 വരെ)
https://qrgo.page.link/Pe76L
6, സ്ളീബാരാധന
സ്ളീബാരാധന എന്നു പറഞ്ഞാൽ കുരിശിനെ ആരാധിക്കുകയെന്നല്ല കുരിശിക്കപ്പെട്ടവനെ ആരാധിക്കുക എന്നാണ് അർത്ഥം.
(1കൊരി.1 അദ്ധ്യായം) ദൈവമല്ലാതെ ആരാധ്യനായി
വേറെ ആരും ഇല്ല.
1. നാം ചെയ്യേണ്ടത് :
പള്ളിമദ്ധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്രൂശിങ്കലേയ്ക്ക്
നമ്മുടെ ദൃഷ്ടിയെ നാം പതിപ്പിക്കുക. പറുദീസായിലെ ജീവന്റെ
വൃക്ഷം ഇതുതന്നെയാണ്. സാത്താന്റെ ഫലങ്ങളെ നീ തിന്ന്, ശാപഗ്രസ്ഥനാകുന്നതിനുമുമ്പ് ജീവവൃക്ഷത്തിന്റെ ഫലമാകുന്ന ക്രിസ്തുവിങ്കലേയ്ക്ക് ഓടിയെത്തി അദ്ദേഹത്തെ ഭക്ഷിക്കുക.
നാം ഓരോരുത്തരും ഓരോ ദൈവാലയങ്ങളാകയാൽ
ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും, ആരാധിക്കുകയും, ആനന്ദം അനുഭവിക്കുകയും ചെയ്യേണ്ടതാണ്. (1 കൊ.
3:16,17)
നോമ്പിന്റെ ദൈർഘ്യംകൊണ്ടും, ജാഗരണംകൊണ്ടും
പ്രാർത്ഥനകൊണ്ടും, വ്രതംകൊണ്ടും നമുക്കു ക്ഷീണം തട്ടിയിട്ടുണ്ടെങ്കിൽ ജീവവൃക്ഷമാകുന്ന കുരിശിന്റെ ചുവട്ടിൽ വിശ്രമിക്കുകയും, അതിൽ നിന്നുള്ള ഫലങ്ങളാകുന്ന വി. കൂദാശകളെ അനുഭ
വിക്കുകയും, ക്രൂശിക്കപ്പെട്ട ക്രിസ്തുവിലേയ്ക്കു നോക്കുകയും
ചെയ്താൽ നാം ഒരിക്കലും ലജ്ജിക്കേണ്ടിവരുകയില്ല. (സങ്കീ. 34:5-8).
https://qrgo.page.link/Pe76L
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്