01/07/2026
സ്‌ഥാനാരോഹണം ചരിത്ര ദിനത്തിൽ.
പുത്തൻകുരിശ് : ക്രൈസ്തവ സഭയിൽ 12 ശ്ലീഹന്മാരുടെ ഓർമ്മദിനത്തിൽ മലങ്കര യാക്കോബായ സുറിയാനി സഭയിൽ ശ്ലൈഹീക പാരമ്പര്യത്തിലേക്ക് മോർ ഗ്രിഗോറിയോസ് ഗ്രബ്രിയേൽ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം. 150 വർഷം മുൻപ് നടന്ന ചരിത്ര പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസ് സമാപിച്ചത് ജൂൺ 30ന് ആയിരുന്നു എന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്.
കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞു സഭയുടെ ദൗത്യം നിറവേറ്റാൻ നവാഭിഷിക്ത മെത്രാപ്പൊലീത്തയ്ക്കു കഴിയുമെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അനുമോദന യോഗത്തിൽ പറഞ്ഞു. സിറോ മലബാർ സഭ കോതമംഗലം രൂപതാ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, അൽമായ ട്രസ്‌റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേർന്ന് ബൊക്കെയും പൂമാലയും നൽകി.
സുറിയാനി സഭയിലെ സ്വിറ്റ് സർലൻഡ് - ഓസ്ട്രിയ ആർച്ച് ബിഷപ് മോർ ദിവന്നാസിയോസ് ഇസ ഗുർബൂസ്, മലങ്കര സുറിയാനി കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപതാ ബിഷപ് ഡോ. യൂഹാനോൻ മോർ തിയഡോഷ്യസ്, വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസ്, മാർത്തോമ്മാ സുറിയാനി സഭ വികാരി ജനറൽ റവ.ഡോ. സി.എ. വർഗീസ്, വടവാതൂർ പൗരസ്യ വിദ്യാപീഠത്തിലെ റവ. ഡോ. പോളി, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് എന്നിവർ പ്രസംഗിച്ചു.
സുന്നഹദോസ് സെക്രട്ടറി മോർ തിമോത്തിയോസ് തോമസ്, മോർ ഇവാനിയോസ് മാത്യൂസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ ദിയസ്കോറസ് കുര്യാക്കോസ്, മോർ തേവോദോസിയോസ് മാത്യൂസ്, മോർ അപ്രേം മാത്യുസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, ഡോ. മോർ കൂറിലോസ് ഗീവർഗീസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ അത്തനാസിയോസ് ഏലിയാസ്, മോർ ഗ്രിഗോറിയോസ് കുര്യാക്കോസ്, മോർ ഇവാനിയോസ് കുര്യാക്കോസ്, മോർ ഐറേനിയസ് പൗലോസ്, മോർ ക്ലീമീസ് കുര്യാക്കോസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ പീലക്സിനോസ് സഖറിയാസ്, മോർ ഐസക് ഒസ്താത്തിയോസ്, മോർ യൂലിയോസ് ഏലിയാസ്, മോർ അലക്സാന്ത്രയോസ് തോമസ്, മോർ അന്തിമോസ് മാത്യൂസ്, മോർ തിമോത്തിയോസ് മാത്യൂസ്, മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സ്ഥാനാരോഹണ ശുശ്രൂഷയിൽ കാർമികരായി.
താൽക്കാലികമായി പള്ളികൾ നഷ്ടപ്പെട്ട 19 ഇടവകകൾക്ക് കാലം ചെയ്ത് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഒരുലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകി.
© Elias Mattappillil