RehoBoth International Ministry

RehoBoth International Ministry Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RehoBoth International Ministry, Christian church, Edmonton, AB.

10/28/2023

Good morning

"മരുഭൂമിയിൽ ഹ്യദ്യമായി സംസാരിക്കുന്ന ദൈവം"

ഏലീയാവിൻ്റെ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ വന്നപ്പോൾ ഏലീയാവു ബേർശബെ മരുഭൂമിയിലേക്കു ഓടിപ്പോയി. അവിടെ വച്ചു ദൈവം ഏലീയാവിനോടു ഹ്യദ്യമായി സംസാരിച്ചു. ദൂതന്മാരെ ഭക്ഷണത്തിനായി ഒരുക്കി. ദൈവം നമ്മോടു ഹ്യദ്യമായി സംസാരിക്കുന്നതു ജീവിതത്തിലെ മരുഭൂമിപോലെയുള്ള
ഉണങ്ങിയതും വരണ്ടതുമായ അനുഭവങ്ങളിൽ കൂടി കടന്നുപോകുമ്പോഴാണു.
യിസ്രായേൽ മരുഭൂമിയനുഭവങ്ങളിൽ കൂടി കടന്നപ്പോൾ ദൈവസാന്നിധ്യം
ഉണ്ടായി. ഹോശേയ പ്രവാചകൻ
മുഖാന്തിരം യഹോവ അരുളിച്ചെയ്തു.

"അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
അവിടെനിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്വരയെയും കൊടുക്കും.
ഹോശേയ 2:14,15

വേദനകളുടെ തീവ്രതകളിൽ,
കഷ്ടതകളുടെ മൂർദ്ധന്യത്തിൽ
ഹ്യദ്യമായി ദൈവം നമ്മോടു സംസാരിക്കും. യാക്കോബ് ഏകനായി, ദു:ഖിച്ചു,കല്ലിനെ തലയിണയാക്കി വച്ചുറങ്ങുമ്പോഴാണു ദൈവദർശനം കാണുന്നതു.

ആത്മീയമായ ജീവിതത്തിൽ ഉന്നതനിലവാരം പുലർത്തിയ
ഭക്തന്മാരെല്ലാം
മരുഭൂമിയനുഭവത്തിൽ കൂടി കടന്നുപോയവരാണു. യോഹന്നാൻ സ്നാപകനു ദൈവത്തിന്റെ അരുളപ്പാടു ലഭിച്ചതു മരുഭൂമിയിൽ നിന്നാണു.

'ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
ലൂക്കൊസ് 3:2

ഈ അരുളപ്പാടു ലഭിച്ചപ്പോൾ യേശു സാക്ഷാൽ ദൈവത്തിന്റെ
പുത്രനെന്നും ലോകത്തിൻ്റെ പാപം ചുമക്കുന്ന കുഞ്ഞാടാണെന്നും അവൻ്റെ ചെരിപ്പിന്റെ വാർ അഴിപ്പാനുള്ള
യോഗ്യത തനിക്കില്ലെന്നും യോഹന്നാൻ സ്നാപകൻ വിളിച്ചു പറഞ്ഞു. ജീവിതത്തിലെ മരുഭൂമിയനുഭവങ്ങൾ ദൈവം നമ്മോടു ഹ്യദ്യമായി സംസാരിക്കുവാനാണു. മാത്രമല്ല
ദൈവത്തിന്റെ അരുളപ്പാടുകൾ
ലഭിക്കുന്നതിനാണു.

ചിലപ്പോൾ ജീവിതത്തിലെ മരുഭൂമിയനുഭവങ്ങൾ
നമ്മെ നല്ല പരിശീലകരാക്കിമാറ്റും. മരുഭൂമിയനുഭവങ്ങളിൽ കൂടി
നാം കൊള്ളാകുന്നവരായി മാറും.
ദാവീദിൻ്റെ ആടുകളെ മേച്ചുകൊണ്ടുള്ള ജീവിതം ഒരു
പരിശീലനക്കളരിയായിരുന്നു.
ആടുകളെ കൊല്ലുവാൻ വന്ന സിംഹത്തേയും കരടിയേയും കൊല്ലുവാൻ ദാവീദിനു കഴിഞ്ഞു. ഈ പരിശീലനം ഫെലസ്ത്യമല്ലനായ
ഗോല്യാത്തിനെ നിഷ്പ്രയാസം
കൊല്ലുവാൻ ദാവീദിനെ പ്രാപ്തനാക്കി.

മോശെ തൻ്റെ അമ്മാവിയപ്പൻ്റെ ആടുകളെ നാല്പതു വർഷം മേയ്ച്ചു നടന്നു.
അതു മോശെയുടെ പരിശീലനകാലമായിരുന്നു. കോപിഷ്ടനായിരുന്ന മോശെയെ
ഈ മരുഭൂവാസം ഭൂവിലെ
ഏറ്റവും സൗമ്യനായ മനുഷ്യൻ എന്നു ദൈവം പറയത്തക്ക വിധത്തിൽ മാറ്റിയെടുത്തു.

ജീവിതത്തിലെ കനത്ത മരുഭൂമിയനുഭവങ്ങൾ നമ്മെ തളർത്തരുതു.
മരുഭൂമിയനുഭവങ്ങളിൽ ഉയരത്തിൽ നിന്നും ശക്തിയിറങ്ങി മരുഭൂമിയെ നീരോട്ടമുള്ള ഒരു
പൂങ്കാവനമാക്കും.

" ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
യെശയ്യാവു 32:15

ഹാഗാറിനു മരുഭൂമിയിൽ നീരുറവയെ തുറന്ന ദൈവം നമുക്കും നീരുറവയെ തുറക്കും.
മരുഭൂമിയിൽ ചാരുവാൻ നമുക്കു നമ്മുടെ പ്രിയൻ്റെ മാർവ്വിടമുണ്ടു. ജ്ഞാനികളിൽ
ജ്ഞാനിയായ ശലോമോൻ
തൻ്റെ ഉത്തമഗീതത്തിൽ പ്രാണപ്രിയനായ യേശുവിന്റെ
മാറിൽ ചാരി നിൽക്കുന്ന മണവാട്ടിയെ കണ്ടു പറഞ്ഞു.

' മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?
ഉത്തമഗീതം 8:5

ജീവിതത്തിലെ മരുഭൂമിയനുഭവങ്ങൾ കണ്ടു
ആടിയുലയേണ്ട..നമ്മോടു ഹ്യദ്യമായി നമ്മുടെ അരുമനാഥൻ
മരുഭൂമിയനുഭവങ്ങളിൽ സംസാരിക്കും. നാം
ദൈവശബ്ദം കേൾക്കും. നമുക്കു ദർശനങ്ങളും അരുളപ്പാടും ലഭിക്കും. ഒടുവിൽ പ്രിയൻ്റെ മാറിൽ ചാരി നാം നിൽക്കുന്ന ഭാഗ്യനാൾ എത്രയും വേഗം സമാഗതമാകും.

"നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ചു തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.
യെശയ്യാവു 50:10

Have a blessed and joyful day

09/29/2023

Good morning

"ആത്മാവിനെ അനുസരിച്ചു നടപ്പിൻ. എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല"
ഗലാത്യർ 5:16

ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമാണു. എന്താണു ജഡത്തിന്റെ പ്രവർത്തികൾ?

" ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം,
വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
ഗലാത്യർ 5:19-21

ജഡത്തിന്റെ പ്രവർത്തികൾ മരിക്കണം. ആത്മാവിനാൽ നാം
ജീവിക്കണം. യേശു ജീവിച്ചതു
അങ്ങനെയാണു

" ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
1പത്രൊസ് 3:18

ആത്മാവിനാൽ നടത്തപ്പെടുന്ന മക്കളെ കുറിച്ചു റോമർക്കെഴുതിയ ലേഖനത്തിൽ
വിശദമായി പ്രതിപാദിക്കുന്നു.

"ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.
നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
റോമർ 8:5,6,8,9, വാക്യങ്ങൾ.

നമ്മിൽ വസിക്കേണ്ടതു ജഡികമോഹങ്ങളല്ല. പരിശുദ്ധാത്മാവാണു. ഒരു പ്രാവു
ഒരിക്കലും മലിനമായ ഇടങ്ങളിൽ വസിക്കയില്ല. അതുപോലെ പരിശുദ്ധാത്മാവും. നമ്മുടെ ശരീരം ദൈവാത്മാവു വസിക്കുന്ന മന്ദിരമാണു. ജഡികപാപങ്ങൾ മൂലം പരിശുദ്ധാത്മാവു ശരീരത്തിൽ നിന്നും ദു:ഖത്തോടെ ഇറങ്ങിപോകുവാൻ ഇടവരരുതു.
പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കരുതു. ആത്മാവിനെ
കൂടാതെ നമുക്കു ഈ ലോകത്തിൽ ഒന്നും ചെയ്യുവാൻ
സാദ്ധ്യമല്ല. നമ്മുടെ സഹായകനാണു പരിശുദ്ധാത്മാവു. സകല സത്യത്തിലും വഴി നടത്തുന്നതു
പരിശുദ്ധാത്മാവാണു.
പരിശുദ്ധാത്മാവു നമ്മുടെ കാര്യസ്ഥനാണു.യേശു ഈ ലോകത്തിൽ നിന്നും വിടവാങ്ങുന്നതിനു മുൻപേ ഇങ്ങനെ പറഞ്ഞു

'എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
യോഹ 16:7,8

"എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.അപ്പൊ.പ്ര 1:8

യേശുവിന്റെ മരണശേഷം ഭീതിയിലായിരുന്നു ശിഷ്യന്മാർ.
എന്നാൽ യേശു വാഗ്ദത്തം ചെയ്ത ഈ ആത്മാവിനു വേണ്ടി കാത്തിരിന്നു അവർ ഏകമനസ്സോടെ പ്രാർത്ഥിച്ചു. അവരിൽ തീയ്യായി പരിശുദ്ധാത്മാവിറങ്ങി. അവർ ശക്തിപ്രാപിച്ചു എല്ലായിടത്തും
ധൈര്യപൂർവ്വം ചെന്ന് യേശുവിനെ സുവിശേഷിച്ചു
മരണം കൈവരിച്ചു.

ജീവിതത്തിൽ പ്രശ്നങ്ങളിൽ നാം
ഭീരുക്കളായി മാറുന്നതു ഈ ആത്മാവു നമ്മിൽ വസിക്കാത്തതുകൊണ്ടാണു. ദൈവം നമുക്കു നൽകിയിരിക്കുന്നതു ഭയത്തിന്റെ
ആത്മാവിനെയല്ല.

" ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു"
2 തിമൊഥെയൊസ് 1:7

ഈർപ്പമുള്ള അടുക്കളയാണെങ്കിൽ അടുപ്പിൽ
തീ കത്തുവാൻ വിഷമമാണു. അടുപ്പിൽ തീ കത്തികൊണ്ടിരുന്നാൽ ഇഷ്ടികകൾക്കു ചൂടും തട്ടി ഭിത്തിയിലെ ഈർപ്പത്തെ നീക്കം ചെയ്തു അവ ഉണങ്ങിയിരിക്കും.
പരിശുദ്ധാത്മാവിൻ്റെ ജ്വലനം ഹ്യദയങ്ങളിൽ ഉണ്ടായാൽ പാപത്തെ കത്തിച്ചു കളയുവാൻ
സാധിക്കും.

"നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും. ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
റോമർ 8:13,14

പരിശുദ്ധാത്മാവിന്റെ നിറവിനും പുതുക്കത്തിനുമായി നമ്മുടെ ഹ്യദയത്തിലെ സകല അറകളേയും തുറന്നിടാം.
രഹസ്യപാപങ്ങളാൽ ഹ്യദയത്തിൻ്റെ അറകൾ പൂട്ടിയിടാൻ ഇടവരരുതു. ദൈവത്തെ കൂടാതെ ആർക്കെങ്കിലും ഹ്യദയത്തിൽ
പ്രഥമസ്ഥാനം നൽകിയാൽ അതു നിരാശയിലേക്കും പരാജയത്തിലേക്കും നയിക്കും.
ഭൂമിയിൽ ദൈവം നമുക്കു നൽകിയ സകലതും ദൈവത്തിന്റെ ദാനം ഒന്നു മാത്രമാണു. പരിശുദ്ധാത്മാവു
ഹ്യദയത്തിൽ വസിച്ചാൽ
പരിശുദ്ധാത്മാവിനാൽ നാം നയിക്കപ്പെടും.
അങ്ങനെയുള്ളവർ ശരീരമാകുന്ന ആലയത്തെ വിശുദ്ധവും നിർമ്മലവുമായി
സൂക്ഷിക്കും. അവരിൽ നിന്നും ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം, എന്നിവ
ഒഴുകിവരും. ആത്മാവുള്ളവരാണു
ക്രിസ്തുയേശുവിന്നുള്ളവർ. അവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചു നിശ്ചയമായും ജീവിതത്തിൽ വിജയം
കൈവരിക്കും.

Have a blessed and joyful day

https://youtu.be/gxwk2sr8zKY
10/06/2022

https://youtu.be/gxwk2sr8zKY

We are to serve and sacrifice for others. Living to serve others is Jesus' way of life! To be a servant of Jesus means we must be willing to give up all righ...

09/30/2022

Good morning

"വിശ്വാസം കാത്തുസൂക്ഷിക്കുക"

അവസാനശ്വാസം വരെ വിശ്വാസം കാത്തുസൂക്ഷിച്ച പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു.

"ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ"
2തിമൊഥെയൊസ് 4:6-8

എത്ര പ്രത്യാശ നിറഞ്ഞ വാക്കുകൾ. നീറോ ചക്രവർത്തി തല അരിയാൻ പോകുന്നുവെന്നു
മനസ്സിലാക്കി മരണം മുന്നിൽ കണ്ടുകൊണ്ടു കാരാഗ്യഹത്തിൽ വസിക്കുമ്പോഴും തൻ്റെ വേല തികച്ചു എന്ന നിർവ്യതിയോടെ, നീതിയുടെ കിരീടമണിയുമെന്നു പ്രത്യാശിക്കുന്ന പൗലൊസ് തൻ്റെ നിജപുത്രനായ തിമൊഥെയൊസിനെ വചനത്താലും പരിശുദ്ധാത്മ നിറവിനാലും ഭാവി ശുശ്രൂഷകൾക്കായി ഉറപ്പിക്കുന്നു. ഇന്നു ശാസ്ത്രത്തിനും യുക്തിക്കും അടിമപ്പെട്ടു ദൈവവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണു നാം ജീവിക്കുന്നതു. യേശു ചോദിക്കുന്ന ഒരു ചോദ്യം എത്രയോ പ്രസക്തമാണു.

"എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” എന്നു കർത്താവു പറഞ്ഞു.
ലൂക്കൊസ് 18:8

നാം നമ്മുടെ വിശ്വാസം ഒന്നു പരിശോധന ചെയ്യണം.
ആദ്യവിശ്വാസം ഇപ്പോഴും മുറുകെ പിടിച്ചിട്ടുണ്ടോ?
വെളിപ്പാടു പുസ്തകത്തിൽ എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതിയതിൽ ഒരു ദൂതു അവരുടെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റമായിരുന്നു. നാം ഏതിലാണു
വീണുപോയതെന്നു നാം ഒരു വിശ്വാസശോധന ചെയ്യണം.

"നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ.
2 കൊരിന്ത്യർ 13:5

" അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.
1പത്രൊസ് 1:7

പരിശോധിക്കപ്പെടാത്ത വിശ്വാസം വിലയേറിയതല്ല. അബ്രാഹാമിനു മമ്രേയുടെ തോപ്പിലുണ്ടായ വിശ്വാസം മോറിയാമലയിൽ പരീക്ഷിക്കപ്പെട്ടപ്പോഴും ഉണ്ടായി.
ആ വിശ്വാസത്തിന്റെ പരിശോധന പുകഴ്ച്ചക്കും തേജസിനും മാനത്തിനും കാരണമായി.ജീവിതത്തിൽ കൈതാങ്ങുവാൻ ആളില്ലാതെ വരുമ്പോൾ , രോഗങ്ങളാൽ വലയുമ്പോൾ, കടഭാരത്താൽ തളരുമ്പോൾ നമ്മുടെ വിശ്വാസം എവിടെ നിൽക്കുന്നു എന്നു ശോധന ചെയ്യണം. വിശ്വാസം നിർവ്യാജമായിരിക്കേണം.
അതിൽ കാപട്യം ഉണ്ടാകരുതു.
ശരിയായ വിശ്വാസം ദൈവസന്നിധിയിൽ നമ്മെ താഴ്ത്തും.പൗലൊസ് അപ്പൊസ്തലനു അഹങ്കരിക്കുവാൻ ഒരുപാടു ഗുണഗണങ്ങൾ ഉണ്ടായിരുന്നു.
പൗലൊസിൻ്റെ ഉത്തരീയത്തിൽ
പോലും അത്യത്ഭുത രോഗശാന്തിയുണ്ടായിരുന്നു. വലിയ വിദ്യാസമ്പന്നനും ജ്ഞാനിയും ആയിരുന്നു. എന്നിട്ടും പൗലൊസ് എളിമയോടെ പറഞ്ഞു.

"ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
1കൊരിന്ത്യർ 15:9,10

ശരിയായ വിശ്വാസമുള്ളവൻ വിനയമുള്ളവനും ഞാനാകുന്നതു
ദൈവക്യപയാലാകുന്നു എന്നു
വിശ്വസിക്കുന്നവനും ആകുന്നു.
പാപികളിൽ ഒന്നാമനാണെന്നു
പൗലൊസ് സമ്മതിച്ചു.

" ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ"
1തിമൊഥെയൊസ് 1:15

പൗലൊസ് ദൈവസന്നിധിയിൽ ഏറ്റവും അധികമായി വിനയപ്പെട്ടു. പാപികളിൽ ഒന്നാമനെന്നു സമ്മതിച്ചു. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ പൊന്നുപോലെ പുറത്തുവരുവാനുള്ള ആഴമായ വിശ്വാസം വേണമെന്നു പഠിപ്പിച്ചു.
ക്രിസ്തു യേശുവിന്റെ നല്ല ഭടനാകണമെങ്കിൽ വിശ്വാസത്താൽ കഷ്ടം സഹിക്കണം എന്നു പഠിപ്പിച്ചു.
പൗലൊസിനെപോലെ വിശ്വാസത്താൽ നല്ല പോർ
പൊരുതി ഓട്ടം തികക്കാം.

" വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
1തിമൊഥെയൊസ് 6:12

മരണം വരെ ഏതു സാഹചര്യത്തിലും വിശ്വാസം കാത്തു വിശുദ്ധിയോടെ ജീവിക്കാം..

Have a blessed and joyful day

09/25/2022
09/25/2022

Good morning

"കർത്താവിന്റെ സ്വസ്ഥതയിലേക്കു പ്രവേശിക്കാം"

"എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിന്നും ബാബേൽനിവാസികൾക്കു സ്വസ്ഥത വരുത്തേണ്ടതിന്നും അവരുടെ വ്യവഹാരം അവൻ ശ്രദ്ധയോടെ നടത്തും.
യിരെമ്യാവു 50:34

ബാബേൽ പ്രവാസത്തിങ്കൽ യിസ്രായേലിന്റെ നിലവിളി കേട്ടു
അവരുടെ വ്യവഹാരം തീർത്തു സ്വസ്ഥത നൽകിയ ദൈവം ഇന്നും ജീവിക്കുന്നു. നമ്മുടെ വ്യവഹാരങ്ങളും ദു:ഖങ്ങളും എന്തുമായികൊള്ളട്ടെ. നമ്മുടെ നിലവിളി കേട്ടു സ്വസ്ഥത നൽകുന്ന ഒരു ദൈവമുണ്ടു.
ജോസഫിൻ്റെ സങ്കടം ദൈവം കേട്ടു. യാക്കോബിനും
ലാബാനും ഇടയിൽ ദൈവം യാക്കോബിനു സ്വസ്ഥത വരുത്തി. സാത്താൻ തീച്ചൂളകൾ
എത്ര ചൂടാക്കിയാലും ദൈവം അതിന്റെ മദ്ധ്യത്തിൽ ഇറങ്ങിവന്നു നമുക്കു സ്വസ്ഥത നൽകും.

നമ്മുടെ ദൈവം സകലശത്രുക്കളിൽ നിന്നും രക്ഷിച്ചു സ്വസ്ഥത നൽകും.

"ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.
ആവർത്തനം 25:19

" ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.
2 ശമുവേൽ 7:11

യേശു ഭവനത്തിൽ ഉണ്ടെങ്കിൽ അവിടെ സ്വസ്ഥത ഉണ്ടാകും. യേശു അലറുന്ന കടലിനുമീതെ നടന്നുവന്നപ്പോൾ ശിഷ്യരിൽ സ്വസ്ഥത ഉണ്ടായി. യേശു യായിറോസിൻ്റെ വീട്ടിൽ വന്നപ്പോൾ അവിടെ സ്വസ്ഥതയുണ്ടായി. യേശു കല്യാണവീട്ടിൽ വന്നപ്പോഴും മരണവീട്ടിൽ വന്നപ്പോഴും അവിടെ സ്വസ്ഥതയുണ്ടായി. ദൈവത്തിന്റെ സാന്നിധ്യം എവിടേയും സമാധാനവും സ്വസ്ഥതയും നൽകും.

യഹോവ മോശെയോടു
പാലും തേനും ഒഴുകുന്ന ദേശമായ കനാനിലേക്കു യിസ്രായേൽ ജനത്തെ കൊണ്ടു പോകാൻ കല്പിച്ചു. ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു.
അപ്പോൾ മോശെ യഹോവയോടു പറഞ്ഞു.

"ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ.അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
അവൻ അവനോടു: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.
പുറപ്പാടു 33:13-15

മോശക്കു യിസ്രായേൽ ജനത്തെ നയിക്കുവാൻ ശക്തി പകർന്നതു
ഈ ദൈവീക സാന്നിധ്യമായിരുന്നു. ഹ്യദയത്തെ കഠിനമാക്കുന്നവരും, ദൈവത്തെ പരീക്ഷിക്കുന്നവരും, ദൈവത്തിൻ്റെ വഴികളെ വിട്ടു പാപത്തിൽ ജീവിക്കുന്നവരും യഹോവയുടെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു 95-ാം സങ്കീർത്തനത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

"ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.
ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.
95-ാം സങ്കീർത്തനം 8-11

"അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക"
എബ്രായർ 4:11

Have a blessed and joyful day

09/24/2022

Good morning

"ജീവിതം തുറക്കാനാവാത്ത പൂട്ടി മുദ്രയിട്ട പുസ്തകമോ"

"ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു.
ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു.
അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ടാ; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴു മുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.വെളിപ്പാടു 5:1-5

ഇവിടെ കയറി വരിക എന്നു പറയുന്ന ഒരു ശബ്ദം യോഹന്നാൻ കേട്ടു. യോഹന്നാൻ കയറിവന്നപ്പോൾ കാണുകയാണു ഏഴു മുദ്രയിട്ട ഒരു പുസ്തകം. ഒരു ദൂതൻ ശക്തമായ ശബ്ദത്താൽ ഘോഷിച്ചു പറയുന്നു. ആ പുസ്തകം തുറപ്പാനും, മുദ്രപൊട്ടിപ്പാനും ആരാണു യോഗ്യൻ? ആരും തുറക്കാൻ
യോഗ്യനായി കാണാത്തതിനാൽ
യോഹന്നാൻ അപ്പൊസ്തലൻ കരയുവാൻ തുടങ്ങി.അപ്പോൾ ദൂതൻ യോഹന്നാനോടു കരയേണ്ട. ഈ പുസ്തകം വാങ്ങുവാൻ യോഗ്യനായി ഒരുവൻ ഉണ്ടു. യഹൂദഗോത്രത്തിലെ
സിംഹവും ദാവീദിന്റെ വേരുമായവൻ അതിനു യോഗ്യൻ എന്നു വിളിച്ചു പറഞ്ഞു.യോഹന്നാൻ യഹൂദ ഗോത്രത്തിലെ സിംഹത്തെ കാണുവാൻ ശബ്ദം കേട്ട സ്ഥലത്തേക്കു എത്തി നോക്കി.
അപ്പോൾ കണ്ടതു സിംഹത്തെ അല്ല. അപ്പോൾ കണ്ടതോ അറുക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞാടിനെ.

"ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.അവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽനിന്നു പുസ്തകം വാങ്ങി.വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.
പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;
വെളിപ്പാടു 5:6-10

സകലത്തിലും ജയം നേടിയ നിത്യമായ യേശുവാകുന്ന കുഞ്ഞാടാണു ഏഴുമുദ്രയിട്ട പുസ്തകം തുറപ്പാൻ യോഗ്യനായവൻ. യഹൂദഗോത്രത്തിലെ സിംഹം.
മുദ്രതുറക്കുമ്പോൾ ഓരോരുത്തർക്കും പ്രവർത്തികൾക്കനുസരിച്ച ന്യായവിധി ലഭിക്കും. പാപം ചെയ്തവർ യേശുവിനെ സിംഹം പോലെ കാണുന്നു. എന്നാൽ യോഹന്നാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നതു സിംഹത്തെയല്ല അറുക്കപ്പെട്ട കുഞ്ഞാടിനെയാണു. പാപം ചെയ്യുന്നവർക്കു യേശു സിംഹം പോലെയും അനുതപിച്ചുവരുന്ന പാപിക്കും നിർമ്മലമായവർക്കും
യേശു കുഞ്ഞാടു പോലെയും കാണപ്പെടുന്നു.

നമ്മുടെ ജീവിതം പൂട്ടി മുദ്രയിട്ട ഒരു പുസ്തകമാണോ? എന്തെല്ലാം പാപങ്ങളെയാണു ആരും കാണാത്ത വിധം നാം പൂട്ടി മുദ്രയിട്ടിരിക്കുന്നതു? മറ്റാർക്കും മുദ്രപൊട്ടിച്ചു നമ്മുടെ തെറ്റുകൾ കണ്ടെത്തുവാൻ കഴിഞ്ഞില്ല എന്നു വരാം.എന്നാൽ മുദ്രയിട്ട പുസ്തകങ്ങളെ തുറക്കുവാൻ ശക്തനായ ഒരുവൻ ഉണ്ടു. മുദ്ര പൊട്ടിപ്പാൻ യോഗ്യനായവൻ യേശു മാത്രം. ഒന്നും അവൻ്റെ ദ്യഷ്ടിയിൽ നിന്നും മറഞ്ഞിരിക്കയില്ല. ഗൂഢമായതു
എല്ലാം വെളിവാകും. അതിനു യോഗ്യനായവൻ എല്ലാം മുദ്ര പൊട്ടിച്ചു പുറത്തു കൊണ്ടുവരും.
നമുക്കുവേണ്ടി അറുക്കപ്പെട്ട നിലയിൽ കാണുന്ന
കുഞ്ഞാടിനെ നോക്കുക. ഹ്യദയങ്ങളെ ആ തിരുസന്നിധിയിൽ തുറക്കാം.ആ കുഞ്ഞാടിന്റെ ഒരു തുള്ളി രക്തത്താൽ നമ്മുടെസകല പാപമാലിന്യങ്ങളേയും അലിയിച്ചു കളയാം..

"ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ."
വെളിപ്പാടു 22:14

Have a blessed and joyful day

09/23/2022

Good morning

"നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?"

ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും
ദൈവഭക്തിയോടെ ജീവിക്കുന്നവർക്കു പ്രത്യാശയുണ്ടു.

" നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
സദ്യശവാക്യങ്ങൾ 23:17,18

ഇയ്യോബ് ഏതു സാഹചര്യത്തിലും ദൈവഭക്തി മുറുകെ പിടിച്ചു. ഇയ്യോബിൻ്റെ
ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
ഓട്ടിൻ കഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നുകൊണ്ടിരുന്നപ്പോഴും ദൈവഭക്തി മുറുകെ പിടിച്ചുകൊണ്ടിരുന്നു. "നീ ഇനിയും നിൻ്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ" എന്ന ഭാര്യയുടെ
പരിഹാസവാക്കുകൾക്കു അവൻ്റെ ഭക്തിയെ കുറയ്ക്കുവാൻ കഴിഞ്ഞില്ല. . ഇയ്യോബിന്റെ സ്നേഹിതനായ തേമാന്യനായ എലീഫസ് ഇയ്യോബിനെ കുറിച്ചു ഇപ്രകാരം സാക്ഷിക്കുന്നു.

"നീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?
ഇയ്യോബ് 4:3-7

എത്ര വലിയ സാക്ഷ്യമാണു ഇയ്യോബിനെ കുറിച്ചു സ്നേഹിതനായ എലീഫസ് പറയുന്നതു. ഇയ്യോബിൻ്റെ ഉപദേശങ്ങൾ തളർന്നവർക്കു
ശക്തി പകർന്നുവെന്നും, വീണുപോയ അനേകരെ ഇയ്യോബ് മുഴങ്കാലിൽ ഉറപ്പിച്ചു
ശക്തിപ്പെടുത്തിയെന്നും അതുകൊണ്ടു ഉള്ളം ഭ്രമിക്കേണ്ട
കാര്യമില്ലെന്നും എലീഫസ് ഇയ്യോബിനെ ഉപദേശിക്കുന്നു. മാത്രമല്ല ഇയ്യോബിന്റെ ഭക്തിയെ കുറിച്ചും നടപ്പിൻ്റെ നിർമ്മലതയെ കുറിച്ചും ഏറ്റവും മനോഹരമായ സാക്ഷ്യമാണു എലീഫസ് പറഞ്ഞതു.

ഇയ്യോബിനു തൻ്റെ ഭക്തി ആശ്രയവും തൻ്റെ നടപ്പിൻ്റെ
നിർമ്മലത പ്രത്യാശയും ആയിരുന്നു. അതുകൊണ്ടു ഇയ്യോബ് പറഞ്ഞു. തീയ്യിലൂടെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും എന്നു. അബ്രാഹാം, യിസഹാക്ക് യാക്കോബ്, ദാവീദു എന്നിവർ ദൈവത്തെ ഭയപ്പെട്ടു ഭക്തിയോടെ ജീവിച്ചു. പൊത്തിഫേറിൻ്റെ വീട്ടിൽ പാപം ചെയ്യാനുള്ള സകല സാദ്ധ്യതകളും ഉണ്ടായിട്ടും ജോസഫ് ദൈവത്തെ ഭയപ്പെട്ടു ഭക്തിയോടെ ജീവിച്ചു. ദാനിയേൽ
രാജകൊട്ടാരത്തിൽ പോലും ദൈവത്തെ ഭയപ്പെട്ടു ഭക്തിയോടെ ജീവിച്ചു.

നിർദോഷി ഒരിക്കലും നശിച്ചുപോകയില്ല.നേരുള്ളവൻ മുടിഞ്ഞു പോകയില്ല. ദൈവഭയവും ദൈവഭക്തിയും ഉള്ളവർ പാപങ്ങളിൽ വീഴുകയില്ല. അതിനാൽ
ദൈവഭയത്തോടും ഭക്തിയോടും
കൂടി ജീവിക്കാം. ദൈവഭക്തിയിൽ ജീവിക്കുന്നവർക്കു ഒരു പ്രതിഫലം ദൈവം വാഗ്ദത്തം ചെയ്യുന്നു. നിർമ്മലമായ ഹ്യദയത്തിനായി ദാവീദു പ്രാർത്ഥിച്ചപോലെ പ്രാർത്ഥിക്കാം.

" ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
51-ാം സങ്കീർത്തനം 10-ാം വാക്യം

Have a blessed and joyful day

Address

Edmonton, AB
TP

Website

Alerts

Be the first to know and let us send you an email when RehoBoth International Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to RehoBoth International Ministry:

Featured

Share