30/05/2026
ലിൻസ്, ഓസ്ട്രിയ | 30 മെയ് 2026.
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി, ഓസ്ട്രിയയിലെ വ്യവസായ നഗരമായ ലിൻസിൽ ആദ്യമായി വിശുദ്ധ കുർബാന 2026 മെയ് 30-ന് രാവിലെ 10:30 ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അർപ്പിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഉന്നത വിദ്യാഭ്യാസത്തിനായി ലിൻസിലേക്ക് വന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലിൻസിൽ സ്ഥിരതാമസമാക്കിയ കുടുംബങ്ങള്‍ക്കും ആത്മീയ കൂട്ടായ്മയായി ഇത് മാറി.
ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലിത്തയുടെ ആശീര്‍വാദത്തോടെ വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ഇടവക വികാരിയും യൂറോപ്പ് ഭദ്രാസന സെക്രട്ടറിയുമായ റവ. ഫാ. ജോഷ്വ റമ്പാന്‍ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. തന്റെ സന്ദേശത്തിൽ വിശ്വാസികൾ എവിടെയായിരുന്നാലും സഭാജീവിതത്തിലും ആരാധനയിലും സജീവമായി പങ്കുചേരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സുറിയാനി പാരമ്പര്യത്തോടും സഭയുടെ ആത്മീയ പൈതൃകത്തോടും വിശ്വസ്തത പുലർത്തുവാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
ലിൻസിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയില്‍ ആണ് വിശുദ്ധ കുര്‍ബാന ക്രമീകരിച്ചത്. വികാരി ഫാ. ജോഹന്നസ് വിശുദ്ധ കുര്‍ബാനയുടെ ആദ്യോയോടന്തം സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറി.
ഭദ്രാസന കൗൺസിലിനെ പ്രതിനിധീകരിച്ച് ശ്രീ. ജോൺസൺ വാഴലാനിക്കൽ, കമാൻഡർ ജോർജ് പടിക്കക്കുടി എന്നിവർ പങ്കെടുത്തു. വിയന്ന ഇടവക ട്രഷറർ ശ്രീ. സുനിൽ കോര, ജോയിന്റ് സെക്രട്ടറി ശ്രീ. ആൽബർട്ട് ഉള്ളൂരിക്കര, യൂത്ത് സെക്രട്ടറി ശ്രീ. റോബിൻസ് ഉള്ളൂരിക്കര, മദ്ബഹ ശുശ്രൂഷക ലീഡർ ശ്രീ. ജോളി തുരുത്തുമ്മേൽ, സൺഡേ സ്കൂൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വിയന്ന ഇടവകയിലെ നിരവധി വിശ്വാസികളും ആരാധനയില്‍ സംബന്ധിച്ചു.
ലിൻസ് കോൺഗ്രിഗേഷന്റെ കോർഡിനേറ്റർമാരായ ശ്രീ. എൽദോ മാത്യു, ശ്രീ. ബേസിൽ ബ്രീസ് എന്നിവരുടെ നേതൃത്വത്തിൽ ഈ ചരിത്രപരമായ ശുശ്രൂഷ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. അവരുടെ സമർപ്പിത സേവനവും നേതൃത്വവും പ്രത്യേകം അഭിനന്ദിക്കപ്പെട്ടു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ലിൻസ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ സ്നേഹവിരുന്ന് (ആഗാപ്പെ) ഒരുക്കപ്പെട്ടു. ശ്രീ. എൽദോ മാത്യു, ശ്രീ. ഷിബു ജോൺ, ശ്രീ. സിബി എബ്രഹാം, ശ്രീ. ബേസിൽ ബ്രീസ്, ശ്രീമതി നീനു എന്നിവർ ഈ സ്നേഹവിരുന്നിന്റെ ക്രമീകരണങ്ങൾ നടത്തുകയും വിശ്വാസികളെ സ്നേഹപൂർവ്വം സ്വീകരിക്കുകയും ചെയ്തു. ഈ കൂട്ടായ്മ വിശ്വാസികൾക്ക് പരസ്പര സൗഹൃദവും സഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി മാറി.