12/02/2023
മരണാനന്തരജീവിതം ഓർത്തഡോക്സ് വീക്ഷണത്തിൽ......
➡️എന്താണ് മരണം ❓️❓️❓️
പൊതുവായ മതബോധനങ്ങളിൽ എല്ലാം തന്നെ ഭൗമീകശരീരത്തിൽ നിന്നുള്ള ആത്മാവിന്റെ വേർപാടിനെ മരണമെന്ന് വിവക്ഷിക്കുന്നു. തീർച്ചയായും ഓർത്തഡോക്സ് പാരമ്പര്യത്തിലും അങ്ങനെ തന്നെയാണ് പറയുന്നത്. മഹാനായ ആംഗലേയ കവി ജോൺ മിൽട്ടൻ മരണത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
"Death is the golden key that opens the palace of eternity."
നിത്യതയുടെ കൊട്ടാരം തുറക്കുവാനുള്ള സ്വർണതാക്കോൽ ആണ് മരണം.
പരിശുദ്ധനായ യോഹന്നാൻ ശ്ലീഹാ എഴുതിയ സുവിശേഷം 11:25-26,
ലാസറിന്റെ ഭവനത്തിൽ യേശുതമ്പുരാൻ മാർത്തയോട് പറയുന്നു,
"എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും."
പരിശുദ്ധനായ പൗലോസ് ശ്ലീഹാ കൊരിന്തിലെ ജനതക്ക് എഴുതിയ രണ്ടാം ലേഖനം 5:1 ഇപ്രകാരം പറയുന്നു,
"കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോകയാൽ, സ്വർഗത്തിൽ കൈപണിയല്ലാത്ത ഒരു നിത്യഭവനം ഉണ്ടെന്ന് ഞങ്ങൾ അറിയുന്നു."
ആദ്യപിതാവായ ആദം മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ടു, ആയതിനാൽ അവന്റെ സന്തതിപരമ്പരകളായ നാം മണ്മയർ ആകുന്നു. യഥാർത്ഥത്തിൽ മൺമയമായ മനുഷ്യശരീരം പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്ന്,ഒൻപതുമാസത്തോളം സ്ത്രീയുടെ ഉദരത്തിൽ സെൽ ഡിവിഷൻ നടന്ന് രൂപീകരിക്കപ്പെടുന്നതാണ്.എന്നാൽ ആ ഭൗമശരീരത്തിൽ ജീവന്റെ തുടിപ്പ് അഥവാ ആത്മാവിനെ പകരുന്നത് ദൈവം ആണ്.
ആയതിനാൽ ദ്രവത്വപൂർണമായ ഭൗമീകശരീരം മണ്ണിലേക്ക് ചേർക്കപെടുന്നു അഥവാ വിതക്കപ്പെടുന്നു. ശവസംസ്കാരത്തെ ഒരു ചെടി നടുന്നതിന് തുല്യം ആയി ശ്ലീഹാ ഉപമിക്കുന്നു.
1 കൊരിന്ത്യർ 15:42-44,
"ഭൗമീകശരീരം വിതക്കപ്പെടുന്നു ആത്മീയശരീരം ഉയർക്കപ്പെടുന്നു. ദ്രവത്വത്തിൽ വിതക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയർക്കപ്പെടുന്നു. പ്രാകൃത ശരീരം വിതക്കപ്പെടുന്നു, ആത്മീയ ശരീരം ഉയർക്കപ്പെടുന്നു".
➡️ആത്മാവും ശരീരവും വേർപിരിയപ്പെട്ട ശേഷം എന്ത് സംഭവിക്കുന്നു ❓️❓️❓️
പൗലോസ് ശ്ലീഹാ പഠിപ്പിച്ചത്പോലെ മരണാവസ്ഥയ്ക്ക് ശേഷം പ്രാകൃതശരീരം മണ്ണിൽ വിതക്കപ്പെട്ടിരിക്കുന്നു. അപ്പോൾ ആത്മാവ് എവിടെ?
ഇവിടെ ആത്മാവും ശരീരവും തമ്മിൽ ഒരു ഇടവേളകാലമാണ്. ഒരു intermediate stage ആണ്.
ആത്മാവ് മറ്റൊരു അവസ്ഥയിലേക്ക് കടക്കുകയാണ്. പിതാക്കന്മാർ വ്യാഖ്യാനിക്കുന്നത് മരണശേഷം ആത്മാവ് "Hedes" അഥവാ പാതാളം എന്ന അവസ്ഥയിലേക്ക് കടക്കുന്നു.
(Hedes എന്ന വാക്കിന്റെ ഉത്ഭവം ഗ്രീക്ക് മിതോളജിയിലെ മരണത്തിന്റെ ദേവനും, പാതാളത്തിന്റെ രാജാവും ആയ Hedes ഇൽ നിന്നാണ്)
പാതാളത്തിന് രണ്ട് തലങ്ങൾ ഉണ്ട്.
1) പറുദീസാ അഥവാ Paradise അഥവാ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും, യാക്കോബിന്റെയും മടി.
(സ്കീപ്പാമേൽ കിടന്നുകൊണ്ട് മാനസാന്തരപ്പെട്ട കള്ളനോട് യേശുതമ്പുരാൻ പറയുന്നത് നീ ഇന്ന് എന്റെ കൂടെ പറുദീസായിൽ ഇരിക്കും എന്നാണ്)
2) ശീയോൾ
ഒരു കാര്യം മനസ്സിലാക്കേണ്ടത്
"Paradise is not equivalent to Heaven and Sheol is not equivalent to Hell."
രണ്ടും രണ്ടാണ് എന്നാൽ പറുദീസ എന്നത് നീതിമാന്മാർക്കും വിശുദ്ധന്മാർക്കും ഉള്ളതും അത് സ്വർഗ്ഗത്തിന്റെ മുന്നനുഭവവുമാണ്.
ശീയോൾ എന്നത് ദുഷ്ടന്മാർക്കായി വേർതിരിക്കപ്പെട്ടിരിക്കുന്നതും നരകത്തിന്റെ മുന്നനുഭവവുമാണ് അത്.
പുരുഷൻമാരുടെ ശവസംസ്കാരം ഒന്നാം ക്രമത്തിൽ ഇപ്രകാരം പാടുന്നു.
"സ്വർഗകവാടം ഭേദിക്കും
പറുദീസിൻ താക്കോൽ മിശിഹാ
തവ ശരണേ മൃതനാം ദാസ-
ന്നൻപാൽ വാതിൽ തുറ-ക്കേ-ണമേ"
"വത്സലരേ പാതാളത്തിൻ
വഴിയും പാർപ്പിടവും പാർത്താൽ
നിങ്ങളെ വേർപിരിയാനെന്നെ
യിപ്പോളാഹ്വാനം ചെയ്തു"
പാതാളത്തിൽ ആത്മാക്കൾക്ക് Consciousness അഥവാ ബോധം ഉണ്ട്. അവർക്ക് ദൈവവുമായി സംസർഗ്ഗവും ഉണ്ട്.
വേദപുസ്തക ഉദാഹരണം എടുത്താൽ
1) മത്തായി ശ്ലീഹാ എഴുതിയ സുവിശേഷം 2:17
അവിടെ നമുക്ക് കാണാൻ ആവുന്നത്, മിശിഹായുടെ ജനനസമയത്ത് ഹെരോദാ രാജാവ് രണ്ട് വയസ്സിനുതാഴെയുള്ള ആൺകുട്ടികളെ കൊലപ്പെടുത്താൻ കൽപ്പന ഇറക്കിയ സമയം, റാമയിൽ നിലവിളി ഉയർന്നപ്പോൾ, ആ കാലത്തിനു നൂറ്റാണ്ടുകൾ മുൻപ് ജീവിച്ച യാക്കോബ് പിതാവിന്റെ ഭാര്യ "റാഹേൽ തന്റെ മക്കളെ ചൊല്ലി കരഞ്ഞു" എന്ന് നാം വായിക്കുന്നു.
2)ലാസറിന്റെയും, ധനവാന്റെയും ഉപമയിലും ഇതേ അവസ്ഥ നമുക്ക് ദർശിക്കുവാൻ സാധിക്കും.
➡️കർത്താവിന്റെ രണ്ടാമത്തെ വരവും, പുനരുത്ഥാനവും, ന്യായവിധിയും.
പാതാളം എന്ന കർത്താവിന്റെ രണ്ടാമത്തെ വരവ് വരെയുള്ള അവസ്ഥ ഭേദിച്ച് കബറുകളും, പാറകളും പൊളിയുന്നു, കബറുകളിൽ വിതക്കപ്പെട്ട പ്രാകൃതശരീരം ആത്മാവ് നിറഞ്ഞു പുതിയ ആത്മീയ ശരീരം ആയി ഉയർക്കപ്പെടുന്നു. പ്രാകൃതശരീരത്തിന്റെ തേജസ്സ് വേറെ ആത്മീയ ശരീരത്തിന്റെ തേജസ്സ് വേറെ എന്ന് പൗലോസ് ശ്ലീഹാ ഓർമിപ്പിക്കുന്നത് പോലെ.
ശേഷം കർത്താവിന്റെ സൃഷ്ടിശക്തിയുള്ള വചനത്താൽ ചിതറിപോയ സൃഷ്ടി വീണ്ടും പുനർക്രമീകരിക്കപ്പെടുന്നു.
തുടർന്ന് കർത്താവിന്റെ സിംഹാസനം ഒരുക്കപ്പെടുന്നു, ന്യായവിധി ആരംഭിക്കുന്നു. തുടർന്ന് അവനവൻ ചെയ്ത പ്രവർത്തികൾക്ക് അനുസരണമായി പ്രതിഫലം ലഭിക്കുന്ന ഭ്രമജനകമായ നിമിഷം. ആ സമയം സ്വർഗ്ഗവും നരകവും വിധിക്കപ്പെടുന്നു. സ്വർഗീയസന്തോഷത്തിലേക്ക് വിശുദ്ധരും നീതിമാന്മാരും, നിത്യദണ്ഡനത്തിലേക്ക് ദുഷ്ടന്മാരും ചേർക്കപ്പെടുന്നു.
മരണമെന്ന് കേട്ടാൽ ഭയപ്പെട്ട് പോകുന്ന ഒരു സമൂഹത്തിൽ, മരണാനന്തരജീവിതത്തെകുറിച്ച് സംസാരിച്ചാൽ അല്പമെങ്കിലും പ്രത്യാശ അവരുടെ ജീവിതത്തിൽ ജനിപ്പിക്കുവാൻ സാധിച്ചാൽ അത് ഈ എഴുത്തിന്റെ പൂർത്തീകരണമായി കാണുന്നു.... ☦️🤍
✒️അബ്രഹാം