കോട്ടമുകൾ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ വിത്തുകൾ ദൈവം വിതച്ചത് ചില വ്യക്തികളിലൂടെയാണ്. അവരിൽ പ്രധാനി ശ്രീ കെ. ഒ. സക്കറിയ സാർ ആണ്. കോട്ടമുകൾ ഭാഗത്തുള്ള എല്ലാ ആത്മീയ പ്രസ്ഥാനങ്ങളുടെയും തുടക്കത്തിനും മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത് ശ്രീ സക്കറിയ സർ ആയിരുന്നു.
1947ൽ വടക്കടത്തുകാവ് ഗവ. യു. പി. സ്‌കൂളിൽ അധ്യാപകനായി നിയമിതനായ സക്കറിയ സാർ ചെങ്ങന്നൂർ നിന്നും കോട്ടമുകൾ പ്രദേശത്ത് വന്ന
ു താമസമാക്കി. ഓർത്തഡോൿസ് വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചുപോയവരെ ഒരു കുടക്കീഴിൽ എന്ന പോലെ ഒന്നിപ്പിക്കുവാൻ സാറിന് സാധിച്ചു. പ്രദേശത്തെ ഓർത്തഡോൿസ്‌കാരായ ചില കുട്ടികൾ പരുത്തിപാറ സായിപ്പിൻ കുന്നിലുള്ള ബ്രദർൺ മിഷനിൽ സൺഡേസ്കൂളിൽ പോകുന്നത് സാറിന്റെ ശ്രദ്ധയിൽ പെടുകയും അത് അദ്ദേഹത്തെ അലട്ടുകയും ചെയ്തു. വീടുവീടാന്തരം കയറിയിറങ്ങി ചെറിയ കുട്ടികളെയും സ്ത്രീകളെയും ചെറുപ്പക്കാരെയും വിളിച്ചു ചേർത്ത് കുട്ടികൾക്ക് സൺഡേസ്കൂളും സ്ത്രീകൾക്ക് സ്ത്രീസമാജവും യുവജനങ്ങൾക്ക് യുവജനപ്രസ്ഥാനവും നടത്തി വന്നു. ഇതിന്റെയെല്ലാം നേതൃത്വം വഹിച്ചുകൊണ്ട് അദ്ദേഹം വേദപുസ്തകം പഠിപ്പിക്കുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്തു പോന്നു. ക്രിസ്മസ് കാലത്തു സക്കറിയ സാർ യുവജനങ്ങളെ സംഘടിപ്പിച്ചു കരോൾ നടത്തുകയും അതിൽ നിന്നും ലഭിച്ച പിരിവു തുക കൊണ്ട് കൺവൻഷൻ ആരംഭിക്കുകയും ചെയ്തു. (തുടക്കത്തിൽ ആമ്പല്ലൂർ കിഴക്കേതിൽ ഫിലിപ്പോസ് മുതലാളിയുടെ പുരയിടമായ കണിയാം തുണ്ടിൽ പുരയിടത്തിലും പിന്നീട് പനയ്ക്കതെക്കേതിൽ പുരയിടത്തിലും അതിനുശേഷം വർഷങ്ങളോളം ശ്രീ. കോശി ചാക്കോയുടെ പുരയിടത്തിലും കൺവൻഷൻ നടന്നു. ഇപ്പോൾ ചാപ്പൽ നിൽക്കുന്ന സ്ഥലത്താണ് കൺവൻഷൻ നടത്തുന്നത്) അതിന്റെ നടത്തിപ്പിന് വേണ്ടി യൂണിയൻ ക്രിസ്ത്യൻ മിഷൻ എന്ന പേരിൽ ഒരു ആത്മീയ സംഘടന രൂപംകൊണ്ടു. ആദ്യകാലത്തു കോയിപ്പുറത്തു ശ്രീ. കെ. കെ. വർഗീസിന്റെ വസതിയിൽ യുവജനപ്രസ്ഥാനം ഒന്നിടവിട്ട ആഴ്ചകളിൽ ബൈബിൾ ക്ലാസും മീറ്റിങ്ങും നടത്തിവന്നു. തുടക്കത്തിൽ ഏകദേശം 25ൽ പരം അംഗങ്ങൾ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ വൈദ്യുതിവെളിച്ചം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ചിമ്മിനി വിളക്കിന്റെ വെട്ടത്തിലും മെഴുകുതിരി വെളിച്ചത്തിലുമാണ് രാത്രികാല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത് എന്നത് പുത്തൻ തലമുറയിലെ യുവാക്കൾക്ക് പ്രത്യാശ പകർന്നു നല്കുന്നു.
പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രമാണ് പിന്നീടുള്ളത്. പരേതനായ ചാവടിയിൽ റ്റി. ഗീവർഗീസ് മുതലാളി ആത്മീയ പ്രസ്ഥാനങ്ങളുടെ നടത്തിപ്പിനായി സഭയ്ക്ക് ദാനമായി നൽകിയ സ്ഥലത്തു പിൽക്കാലത്തു ഒരു കെട്ടിടം പണിയുകയും അവിടെ ആത്മീയ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചു പോരുകയും ചെയ്തുവന്നു. ബഹുമാനപെട്ട സക്കറിയ സാറിന്റെ മേൽനോട്ടവും നേതൃത്വവും യുവജനപ്രസ്ഥാനത്തിന്റെയും മറ്റു ആത്മീയ പ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക് കാരണമായി. ഇവിടെ സ്മരിക്കുന്നത് അദ്ദേഹത്തെയും ഒപ്പം പ്രവർത്തിച്ച മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ ആത്മീയ പ്രസ്ഥാനപ്രവർത്തകരെയും ആണ്.
പിന്നീട് യൂണിയൻ ക്രിസ്ത്യൻ മിഷൻ പിരിച്ചു വിടുകയും തൽസ്ഥാനത്തു സിറിയൻ ക്രിസ്ത്യൻ മിഷൻ (SCM) എന്ന സംഘടന രൂപംകൊള്ളുകയും ചെയ്തു. ഓർത്തഡോൿസ് സഭയുടെ പുരാതന കൺവൻഷനായ മാക്കാംകുന്ന് കൺവൻഷൻ കഴിഞ്ഞാൽ പഴക്കം കൊണ്ട് അടുത്ത സ്ഥാനമുള്ള കോട്ടമുകൾ കൺവൻഷന്റെ ചുമതല നാളിതുവരെ SCM ഏറ്റെടുത്തു നടത്തുന്നു. ഈ അവസരത്തിൽ SCM സെക്രട്ടറിയായും കോട്ടമുകൾ സെന്റ് തോമസ് സൺഡേസ്കൂൾ അധ്യാപകനായും ഏറെനാൾ സേവനമനുഷ്ഠിച്ച പരേതനായ റ്റി. ഡി. ഫിലിപ്പോസ് സാറിനെ ആദരപൂർവം സ്മരിക്കുന്നു. കൺവൻഷൻ നടത്തിപ്പിനായി പ്രസ്ഥാനപ്രവർത്തകരുടെ നേതൃത്വത്തിൽ കരോൾ സർവീസ് നടത്തിയാണ് ആദ്യകാലങ്ങളിൽ പണം സ്വരൂപിച്ചിരുന്നത് എന്നത് എടുത്തു പറയേണ്ടിയ ഒന്നാണ്.
കാലക്രമേണ അന്നുണ്ടായിരുന്ന സൺഡേസ്കൂൾ കെട്ടിടത്തിന് പകരം ദൈവകൃപയാൽ തൽസ്ഥാനത്തു മനോഹരമായ ഒരു ചാപ്പൽ പണികഴിപ്പിക്കാൻ സാധിച്ചു. 2002ൽ ചാപ്പലിന്റെ കൂദാശകർമങ്ങൾ പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നിർവഹിക്കപ്പെടുകയും ആയതിൽ പ്രസ്ഥാന അംഗങ്ങൾ സജീവമായി നിലകൊള്ളുകയും ചെയ്തു. ഇന്ന് മാർ ബസേലിയോസ് ചാപ്പൽ എന്ന ഈ ദേവാലയത്തെ കേന്ദ്രികരിച്ചാണ് യുവജനപ്രസ്ഥാനവും മറ്റു ആത്മീയ പ്രസ്ഥാനങ്ങളും ഇടവക പള്ളിയായ കണ്ണംകോട് പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നത്.
കടന്നുവന്ന വീഥികളിൽ മാർഗ്ഗദീപമായി നിലകൊണ്ട ഇടവകയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ബഹുമാനപെട്ട പട്ടക്കാരെയും പ്രസ്ഥാനത്തിന്റെ മുൻപ്രവർത്തകരെയും വർത്തമാനകാല പ്രവർത്തകരെയും ആദരവോടെ ഓർക്കുന്നു.
അവലംബം : സെന്റ് തോമസ് യുവജന പ്രസ്ഥാനം വജ്ര ജുബിലീ സ്മരണിക 2010
കടപ്പാട് : ശ്രീ. റ്റി. ഡി. ഫിലിപ്പോസ് സർ (late)
NB: വാമൊഴികളായി ലഭിച്ച ചരിത്രത്തിന്റെ ഒരംശം മാത്രമാണ് മുകളിൽ പരാമർശിച്ചിട്ടുള്ളത്. കൂടുതൽ, കമന്റുകളായി പ്രതീക്ഷിച്ചുകൊള്ളുന്നു.
Alerts
Be the first to know and let us send you an email when St. Thomas Youth Movement, Kottamukal, Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Place Of Worship
Send a message to St. Thomas Youth Movement, Kottamukal, Adoor: