09/20/2022
ദേവീ മാഹാത്മ്യം :-
ദേവീ ഉപാസനക്ക് പേരുകേട്ട രണ്ട് ഗ്രന്ഥങ്ങളാണ് ദേവീ മാഹാത്മ്യവും ശ്രീ ലളിതാ സഹസ്രനാമവും. ഇത് നിത്യവും ചൊല്ലുന്നവരെ ദേവി തന്റെ സുരക്ഷാ വലയത്തിലാക്കി എന്നും സംരക്ഷിക്കുകയും അന്ന -വസ്ത്രാദികൾക്ക് മുട്ട് വരാതെ സർവ്വൈശ്വര്യങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്യും.
ദുർഗ്ഗാഭഗവതിയെ സ്തുതിക്കുന്ന 700 ശ്ലോകങ്ങൾ അടങ്ങുന്നതാണ് ദേവീ മാഹാത്മ്യം. ഈ കൃതിയ്ക്ക് "ദുർഗ്ഗ സപ്തശതി" എന്നും പേരുണ്ട്. "ചണ്ഡിപാഠം" എന്നും ഇത് അറിയപ്പെടുന്നു. പാഠം എന്നത് അനുഷ്ഠാനപരമായ വായനയെ സൂചിപ്പിക്കുന്നു. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
മാർക്കണ്ഡേയപുരാണത്തിലാണ് ദേവി മാഹാത്മ്യം ഉൾപ്പെടുന്നത്.ഇതിലെ പതിനൊന്നാം അധ്യായം ഏറ്റവും പ്രധാനമായി കണക്കാക്കുന്നു. ഈ അധ്യായം പരാശക്തിയുടെ എല്ലാഭാവങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. പ്രസിദ്ധമായ "സർവ്വമംഗള മംഗല്യേ" എന്ന് തുടങ്ങുന്ന നാരായണീ സ്തുതി ഈ അധ്യായത്തിലേത് ആണ്.
"യാ ദേവീ സർവ്വ ഭൂതേഷു .." എന്നു തുടങ്ങുന്ന പ്രസിദ്ധമായ 21 ശ്ലോകങ്ങൾ ദേവീ മാഹാത്മ്യത്തിലെ അഞ്ചാം അദ്ധ്യായത്തിലാണ് വരുന്നത്. ഇത് നിത്യം ജപിക്കുന്ന ഗൃഹത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും ആയുരാരോഗ്യവും എന്നുമുണ്ടാകും. കണ്ടക ശനി, ഏഴര ശനി, ചൊവ്വാ ദോഷം എന്നു തുടങ്ങി സകലവിധ ഗ്രഹദോഷങ്ങൾക്കും പരിഹാരമാണ് ദേവീ മാഹാത്മ്യ പാരായണം.
ദേവീ മാഹാത്മ്യത്തിലെ പ്രധാനപ്പെട്ട ശ്ലോകങ്ങൾ അടുത്ത ദിവസങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ്. ശ്രീ ലളിതാ സഹസ്രനാമ മാഹാത്മ്യം എത്ര പറഞ്ഞാലും തീരാത്തതാണ്. അത് തുടർന്നുള്ള പോസ്റ്റുകളിൽ നൽകുന്നതാണ്.
ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും ഇത്തവണത്തെ നവരാത്രി വ്രതം അനുഷ്ഠിച്ച് ദേവിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ അഭ്യർത്ഥിക്കുന്നു.