Citizens of New Jerusalem

Citizens of New Jerusalem യേശുക്രിസ്തുവിന്റെ രക്തത്താൽ ഈ ഭൂമി?

17/10/2023
15/08/2023

#ക്രിസ്തുവിന്റെ_രണ്ടാംവരവ്
#സഭയുടെ_പുനരുത്ഥാനം
#ദൈവരാജ്യം
#ലോകാവസാനം
#ന്യായവിധി
#തുടങ്ങിയ_വിഷയങ്ങളിൽ_സത്യവചനത്തെ_ഗ്രഹിച്ച്_ദുരുപദേശങ്ങളെ_ത്യജിക്കുക
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

👉 ഈ വിഷയങ്ങളിൽ വചന സത്യങ്ങളെ തിരിച്ചറിയുകയും, അത് വിശ്വസിക്കുകയും പിൻതുടരുകയും ചെയ്യുക എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. കാരണം നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചു കൊള്ളുക എന്നും, ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല എന്നും വചനം പറയുന്നു. വചന സത്യങ്ങളെ വിശ്വസിച്ച് അനുസരിക്കാത്തവർ നശിച്ചു പോകും. (1 തിമൊ. 4:16, 2 യോഹ. 9, 2 തെസ്സ. 2:10-12, 15)

1⃣ #യേശുക്രിസ്തുവിന്_രഹസ്യവരവില്ല

(a) മൂന്ന് ഗംഭീര ശബ്ദങ്ങളോടെ കർത്താവ് വരുന്നതിനാൽ ആ വരവ് രഹസ്യമല്ല. 1 തെസ്സ.4:16.

(b) മിന്നൽ ദിക്കോട് ദിക്കെല്ലാം തിളങ്ങി മിന്നുന്നതു പോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും എന്നാണ് കർത്താവ് പറഞ്ഞത്. (ലൂക്കൊ.17:24) രഹസ്യമായി വരും എന്നല്ല ഇതിന്റെ അർത്ഥം, എല്ലാവരും കാണും എന്നാണ്.

(c) എല്ലാ കണ്ണുകളും കർത്താവിന്റെ വരവ് കാണും എന്ന് വ്യക്തമായി വചനം പറയുന്നു. every eye (വെളി.1:7)

2⃣ #ക്രിസ്തുവിന്_രണ്ടാംവരവുണ്ട്_മൂന്നാംവരവില്ല
1 തെസ്സ. 4:16 ൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരും (descend from heaven) എന്ന് പറഞ്ഞിരിക്കുന്നു. ഇത് ക്രിസ്തുവിന്റെ രണ്ടാം വരവ് ആണ്. ഈ രണ്ടാം വരവിനെ കുറിച്ച് ആണ് മറ്റെല്ലാ വേദഭാഗങ്ങളിലും പറഞ്ഞിരിക്കുന്നത്. അല്ലാതെ,സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന കർത്താവ് തിരിച്ച് കയറി പോയിട്ട് വരുന്ന ഒരു മൂന്നാം വരവിനെ കുറിച്ച് വചനത്തിൽ ഒരിടത്തും പറയുന്നില്ല.

3⃣ #സഭയുടെ_പുനരുത്ഥാനം_അവസാന_ദിവസത്തിൽ_ആണ്
എന്നിൽ വിശ്വസിക്കുന്നവരെ ഞാൻ അവസാന ദിവസം ഉയർത്തെഴുന്നേൽപ്പിക്കും എന്ന് കർത്താവ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നു. (യോഹ. 6:39, 40, 44, 54 )
ഈ വചനങ്ങളെ നിഷേധിച്ചുകൊണ്ട്, സഭ ഉയർത്തെഴുന്നേറ്റ ശേഷം പിന്നെയും ദിവസങ്ങളുണ്ട്, മഹോപദ്രവകാലം ഉണ്ട്, ആയിരമാണ്ട് വാഴ്ചക്കാലം ഉണ്ട് എന്ന് പഠിപ്പിക്കുന്നത് കർത്താവിന്റെ വാക്കിന് വിപരീതമായ ദുരുപദേശം ആണ്. ഒടുക്കത്തെ നാൾ (last day) എന്നുപറഞ്ഞാൽ പിന്നെയും നാളുകൾ ഉണ്ട്, വർഷങ്ങൾ ഉണ്ട് എന്നല്ല അർത്ഥം.

4⃣ #കർത്താവ്_വരുമ്പോൾ_സുവിശേഷം_അനുസരിക്കാത്തവരെല്ലാം_നിത്യനാശമെന്ന_ശിക്ഷാവിധി_അനുഭവിക്കും
സുവിശേഷം വിശ്വസിച്ച എല്ലാവരിലും അതിശയവിഷയം ആകേണ്ടതിന് കർത്താവ് വരുമ്പോൾ, സുവിശേഷം അനുസരിക്കാത്തവരെ നിത്യ നാശത്തിലേക്ക് അയയ്ക്കും എന്ന് വചനം പറഞ്ഞിരിക്കുന്നു. (2തെസ്സ.1:9,10) അതിനാൽ, ക്രിസ്തുവിന്റെ രണ്ടാം വരവിന് ശേഷം മനുഷ്യജീവിതം ഈ ഭൂമിയിൽ തുടരുന്നു, അക്കാലത്ത് അവിശ്വാസികൾക്ക് രക്ഷിക്കപ്പെടുവാൻ അവസരമുണ്ട് എന്ന് ആരും പഠിപ്പിക്കരുത്. അത് വലിയ വഞ്ചനയാണ്.

5️⃣ #ക്രിസ്തുവിന്റെ_രണ്ടാംവരവിന്_മുൻപ്_സഭാപീഢനം_ഉണ്ടാകും
എന്റെ നാമം നിമിത്തം സകല ജനതകളും നിങ്ങളെ പകയ്ക്കും, കൊല്ലും എന്ന് കർത്താവ് ശിഷ്യന്മാരോട് പറഞ്ഞു. (മത്താ. 24: 9,10) ക്രിസ്തുവിന്റെ _നാമം നിമിത്തം_ "നിങ്ങളെ" കൊല്ലുകയും ചെയ്യും എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്, ''അവനെ കൈക്കൊണ്ട് അവന്റെ _നാമത്തിൽ_ '' വിശ്വസിക്കുന്ന ദൈവമക്കളെ, അഥവാ ക്രിസ്തീയ വിശ്വാസികളെ കുറിച്ച് ആണ്. യേശുവിൽ വിശ്വസിക്കാത്ത, രക്ഷിക്കപ്പെടാത്ത യഹൂദന്മാരെ കുറിച്ച് അല്ല.

6️⃣ #ദൈവജനത്തിന്റെ_രക്ഷയും_മറ്റുള്ളവരുടെ_ശിക്ഷയും_നടക്കുന്നത്_ക്രിസ്തു_വരുമ്പോൾ_ആണ്
(a) നോഹയുടെ കാലത്തും ലോത്തിന്റെ കാലത്തും ദൈവഭക്തന്മാരെ രക്ഷിക്കുകയും മറ്റുള്ളവരെ മുടിച്ചുകളയുകയും ചെയ്തതു പോലെ മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ സംഭവിക്കുമെന്ന് കർത്താവ് പറഞ്ഞു. (ലൂക്കൊ.17:26-36) ഈ വചനത്തിന് വിപരീതമായി, നിത്യശിക്ഷാവിധി ഒരു വാഴ്ച കാലം കഴിഞ്ഞിട്ടാണ് സംഭവിക്കുന്നത് എന്ന് വ്യാഖ്യാനിക്കുന്നത് കർത്താവ് പറഞ്ഞതിന് വിപരീതമായ ഉപദേശം ആണ്.

(b) മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ തൻ്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരുന്ന് സകല ജനതകളെയും മുൻപിൽ കൂട്ടിവരുത്തി അവരെ ന്യായം വിധിച്ച് നിത്യജീവനിലേക്കും നിത്യ അഗ്നിയിലേക്കും അയക്കും എന്ന് മത്തായി 25:31-46 ൽ പറയുന്നു. പിന്നെ ഈ ഭൂമിയിൽ ജീവിതമില്ല, വാഴ്ചയില്ല, രക്ഷിക്കപ്പെടുവാൻ അവസരവും ഇല്ല. നിത്യമായ രണ്ട് അവസ്ഥകളിലേക്ക് മനുഷ്യവർഗ്ഗം പോയിക്കഴിഞ്ഞു.

7️⃣ #ക്രിസ്തുവിന്റെ_രാജ്യം_സ്വർഗ്ഗീയമാണ്_ഐഹികമല്ല
എന്റെ രാജ്യം ഐഹികമല്ല എന്നും,എൻ്റെ രാജ്യം ഐഹികമായിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏൽപ്പിക്കാതെ വണ്ണം എൻ്റെ പടയാളികൾ പോരാടുമായിരുന്നു എന്നും കർത്താവ് പറഞ്ഞു. അതുകൊണ്ട് ക്രിസ്തുവിന്റെ രാജ്യം ലൗകികം അഥവാ ഭൗമികം അല്ല. അത് സ്വർഗ്ഗീയ രാജ്യമാണ് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. (യോഹ.18:36, 2 തിമൊ. 4:18)

8️⃣ #ക്രിസ്തുവിന്റെ_സ്വർഗ്ഗാരോഹണത്തെ_തുടർന്ന്_ദൈവരാജ്യം_സ്ഥാപിക്കപ്പെട്ടു
(a) ക്രിസ്തു രാജത്വം പ്രാപിച്ചത് സ്വർഗ്ഗാരോഹണം ചെയ്തു പിതാവിന്റെ സന്നിധിയിൽ ചെന്നപ്പോൾ ആണ്. (ദാനി. 7:13, 14)

(b) പിതാവ് തനിക്ക് ജാതികളുടെ മേൽ അധികാരം തന്നുകഴിഞ്ഞു എന്ന് യേശു കർത്താവ് സഭയോട് പറഞ്ഞിരിക്കുന്നു. (വെളി.2:26, 27)

(c) ദൈവത്തിൻെറ സിംഹാസനത്തിലേക്ക് എടുക്കപ്പെട്ട ക്രിസ്തു വാഴ്ച ആരംഭിച്ചു എന്ന് വെളി.12:5-10 ൽ പറഞ്ഞിരിക്കുന്നു.

(d) പുതിയ നിയമകാലത്ത് പിതാവിന്റെ വലതുഭാഗത്ത് സിംഹാസത്തിൽ ഇരിക്കുന്ന ക്രിസ്തു ഭൂമിയിൽ ശത്രുക്കളുടെ മദ്ധ്യേ വാഴുകയാണ് എന്ന് വചനം പറയുന്നു. (സങ്കീ.110:1, 2)

(e) ഭൂമിയിൽ ഭരിക്കുന്ന രാജാക്കന്മാരുടെ കാലത്ത് ദൈവരാജ്യം സ്ഥാപിക്കും എന്നായിരുന്നു പ്രവചനം. അതല്ലാതെ രാജാക്കന്മാരെ എല്ലാം ക്രിസ്തുവിന്റെ രണ്ടാം വരവിങ്കൽ നീക്കം ചെയ്ത ശേഷം രാജ്യം സ്ഥാപിക്കും എന്നല്ല പ്രവചനം. (ദാനി. 2:44)

(f) ക്രിസ്തീയ വിശ്വാസികളെ ദൈവപുത്രന്റെ രാജ്യത്തിൽ ആക്കി വെച്ചു എന്ന് വചനം പറയുന്നു. ഭാവി കാലത്ത് രാജ്യത്തിലാക്കും എന്നല്ല. (കൊലൊ. 1:13, 14)

(g) ക്രിസ്തുവിന്റെ രണ്ടാം വരവിങ്കൽ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തിയിട്ട് രാജ്യം പിതാവിനെ ഏൽപ്പിക്കും എന്നാണ് വചനത്തിൽ പറഞ്ഞിരിക്കുന്നത്. രാജത്വങ്ങളെ നീക്കിയ ശേഷം ദൈവരാജ്യം സ്ഥാപിക്കും എന്നല്ല. (1 കൊരി.15:24) അതിനു മുൻപേ നിലവിലുള്ള രാജ്യത്തെയാണ് പിതാവിനെ ഏൽപ്പിക്കുന്നത്.

9️⃣ #ക്രിസ്തുവിന്റെ_രണ്ടാംവരവിങ്കൽ_സകല_മനുഷ്യരും_ഉയർത്തെഴുന്നേൽക്കും
(a) മരിച്ചവർ എല്ലാവരും ദൈവപുത്രന്റെ ശബ്ദം കേട്ട് നന്മ ചെയ്തവർ ജീവിതത്തിന് വേണ്ടിയും തിന്മ ചെയ്തവർ ശിക്ഷാവിധിക്കായിട്ടും ഉയർത്തെഴുന്നേൽക്കുവാനുള്ള നാഴിക വരുന്നു എന്നാണ് കർത്താവ് പറഞ്ഞത്. (യോഹ.5:28, 29) ദൈവജനം ഉയർത്തെഴുന്നേറ്റ ശേഷം അനേക നൂറ്റാണ്ടുകൾക്ക് ശേഷം അവിശ്വാസികൾ ഉയർത്തെഴുന്നേൽക്കുന്നു എന്നല്ല ഈ വചനത്തിന്റെ അർത്ഥം.

(b) ദൈവജനം അവസാന ദിവസം ഉയർത്തെഴുന്നേൽക്കും. തുടർന്ന് സൂര്യൻ ഇരുണ്ടു പോകും. അങ്ങനെയാണ് അത് അവസാന ദിവസം ആകുന്നത്. തുടർന്ന് യഹോവയുടെ ദിവസമാണ്. അത് പ്രതികാരത്തിനായി ദൈവപുത്രൻ മഹാ ക്രോധത്തോടെ വരുന്ന ദിവസമാണ്. അപ്പോൾ യേശുവിനെ വിസ്തരിച്ച ന്യായാധിപ സംഘവും, കർത്താവിനെ കുത്തിത്തുളച്ചവരും, സകല കണ്ണുകളും കർത്താവിന്റെ ആ മഹത്തായ വരവ് കാണും. ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും വിലപിക്കും. (യോവേൽ 2:31, മത്താ. 26:64, വെളി.1:7) അവസാനദിവസം ദൈവജനം ഉയർത്തെഴുന്നേറ്റത്തിനെ തുടർന്നുള്ള പ്രതികാര ദിവസത്തിൽ മറ്റെല്ലാവരും ഉയർത്തെഴുന്നേൽക്കുന്നതു കൊണ്ടാണ് അവർ കർത്താവിന്റെ വരവ് കാണുന്നത്.

🔟 #ക്രിസ്തുവിന്റെ_രണ്ടാംവരവിങ്കൽ_ലോകം_അവസാനിക്കും
(a) നീതിസൂര്യനായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ ഭൂമി ചൂള പോലെ കത്തി വെന്ത് ഉരുകി പോകും. (മലാഖി 4:1,2, യെശ. 66:5)

(b) കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരും. അന്ന് ആകാശവും ഭൂമിയും കത്തിയഴിഞ്ഞ് വെന്ത് ഉരുകിപ്പോകും എന്ന് വചനം പറയുന്നു. മൂലപദാർത്ഥങ്ങൾ വെന്തുരുകുന്ന ആ കർത്താവിന്റെ ദിവസത്തിനായും നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായും കാത്തിരിക്കുവാൻ വചനം ക്രിസ്തീയ വിശ്വാസികളോട് പറയുന്നു. (2 പത്രൊ. 3:10-13)
കർത്താവിന്റെ രണ്ടാം വരവും ലോകത്തിന്റെ അവസാനവും കള്ളനെപ്പോലെ അഥവാ പ്രതീക്ഷിക്കാത്ത സമയത്താണ് സംഭവിക്കുന്നത്. എന്നാൽ ആ വരവിന്റെ ലക്ഷണങ്ങൾ കർത്താവ് പറഞ്ഞു. ലക്ഷണങ്ങൾ ആദ്യം നിറവേറാതെ വരവ് സംഭവിക്കുകയില്ല. "മണവാളൻ വരുവാൻ താമസിക്കുമ്പോൾ" എന്ന് കർത്താവ് പറഞ്ഞതിനാൽ മനുഷ്യർ പ്രതീക്ഷിക്കുന്ന സമയമെല്ലാം കഴിഞ്ഞിട്ടായിരിക്കും താൻ വരുന്നത് എന്ന് മനസ്സിലാക്കാം. (മത്താ.25:5)

👉 സത്യവചനം വിശ്വസിക്കുക. അസത്യം വിശ്വസിച്ച് വഞ്ചിക്കപ്പെടരുത്.

07/10/2022

☘️ 🌷 *വചന വിചാരം* 🌷 ☘️
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
_ഭൂമിയിലുള്ളതല്ല, ഉയരത്തിലുള്ളത് തന്നെ ചിന്തിപ്പിൻ.കൊലൊസ്യർ 3:2_
=============================
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ മേയിച്ചു ജീവജലത്തിന്റെ ഉറവുകളിലേക്ക് നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചു കളയുകയും ചെയ്യും. വെളിപ്പാട് 7:17
🌷
കണ്ണുനീർ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. അത് ഇല്ലാതാക്കുവാൻ ഈ ലോകത്തിൽ ആർക്കും കഴിഞ്ഞു എന്നു വരികയില്ല. ദുഃഖവും സങ്കടവും ഇല്ലാത്ത മനുഷ്യർ ചുരുക്കമാണ്. മറ്റാരും അറിയാത്ത സ്വകാര്യ ദുഃഖങ്ങൾ ദരിദ്രർക്കും ഇടത്തരക്കാർക്കും സമ്പന്നർക്കും ഉണ്ടാകും. മനുഷ്യർ പരിമിതികൾ ഉള്ളവരാകയാൽ മറ്റുള്ളവരുടെ ദുഃഖങ്ങളും സങ്കടങ്ങളും പൂർണ്ണമായി മാറ്റുവാൻ കഴിവില്ല. പലരുടെയും കണ്ണുനീരിന്റെ കാരണങ്ങൾ കഷ്ടത, ദാരിദ്ര്യം, രോഗം, മരണം, സംശയം, അവഗണന, നിരാശ, ഒറ്റപ്പെടൽ, മറ്റ് ദുരിതങ്ങൾ ഒക്കെ ആയിരിക്കാം. സങ്കടപ്പെടുവാനുള്ള കാരണങ്ങൾ നിരവധിയാണ്. അത് മറ്റുള്ളവർക്ക് പലപ്പോഴും അറിയില്ല. എന്നാൽ, ''ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു'' എന്ന് പറഞ്ഞ ദൈവം നമുക്കുണ്ട്. ഹല്ലേലുയ്യാ.. യിസ്രായേൽ മക്കളുടെ മിസ്രയീമിലെ അടിമ വേല നിമിത്തമുള്ള കഷ്ടത ഞാൻ കണ്ടു, അവരുടെ നിലവിളി കേട്ടു, ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു എന്ന് പറഞ്ഞ ദൈവം, എല്ലാ ദൈവജനത്തിന്റെയും സങ്കടങ്ങൾ അറിയുന്നവനാണ്, അതിന് പരിഹാരം വരുത്തുന്നവനാണ്. സന്ധ്യയിങ്കൽ കരച്ചിൽ വന്ന് രാപ്പാർക്കും എന്ന അനുഭവമാണ് ഈ ഭൂമിയിൽ ഉള്ളത്. എന്നാൽ ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. (പുറ. 3:7, സങ്കീ. 30:5)
ഒരു ഉഷസ് വരുന്നു.. നമ്മുടെ കണ്ണുനീർ തുടച്ചു മാറ്റുവാൻ സർവ്വശക്തന് മാത്രമാണ് കഴിവുള്ളത്. നമുക്കു നമ്മുടെയോ മറ്റുള്ളവരുടെയോ കണ്ണീരൊപ്പുവാൻ ചിലപ്പോൾ സാധിക്കും. എന്നാൽ അതിനെ ഇല്ലാതാക്കുന്നതാണ് ദൈവത്തിന്റെ പ്രവർത്തി. എന്നെന്നേക്കുമായി കണ്ണുനീർ തുടക്കുവാൻ ആത്മാവിനെ സൃഷ്ടിച്ച ദൈവത്തിനു മാത്രമേ സാധിക്കൂ. സങ്കടങ്ങളുടെ കാരണം, ഉറവിടം എന്താണെന്ന് അറിഞ്ഞ് കണ്ണുനീർ പ്രവാഹത്തെ തടയുവാൻ, ഇല്ലാതാക്കുവാൻ ദൈവത്തിന് മാത്രമേ സാധിക്കൂ. ദൈവസന്നിധിയിൽ കണ്ണുനീർ ഒഴുക്കിയാൽ അതു കാണുകയും, കാരണം അറിയുകയും, പരിഹാരം വരുത്തുകയും ചെയ്യുന്ന ഒരു ദൈവം നമുക്കുണ്ടല്ലോ. ആ സർവ്വശക്തൻ ഈ ഭൂമിയിലും പുതിയ ഭൂമിയിലും ദൈവജനത്തിന്റെ കണ്ണുനീർ ഇല്ലാതാക്കുന്നു. പുതിയ ഭൂമിയിൽ എന്നന്നേക്കും ഉള്ള അനുഭവം നോക്കൂ: ''ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും; അവൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചു കളയും. ഇനി മരണം ഉണ്ടാവുകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാവുകയില്ല. ഒന്നാമത്തേത് കഴിഞ്ഞു പോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിചെയ്തു.'' (വെളിപ്പാട് 21:3-5)

♦️ ഈ ലോകത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ, ദൈവജനത്തിന് അവിശ്വാസികളിൽ നിന്ന് ഉപദ്രവവും പീഡനവും ഞെരുക്കവും ദുരിതവും മരണവും നേരിടുമ്പോൾ, സന്ധ്യയിങ്കൽ കരച്ചിൽ വന്ന് രാപ്പാർക്കും എന്ന അവസ്ഥയാണ് വരുവാൻ പോകുന്നത്. ദൈവം തന്റെ ജനത്തിന്റെ കഷ്ടതയും പീഢനവും പ്രാണസങ്കടങ്ങളും എല്ലാം അറിയുന്നവനാണ്. ഈ അനുഭവങ്ങൾ വേഗം കഴിഞ്ഞു പോകും. ഇതാ... ആനന്ദഘോഷം വരുന്ന ഒരു ഉഷസ്സ് സമീപിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ കർത്താവ് നീതി സൂര്യനായി ഉദിക്കുന്ന ആ ഉഷസ്സിനായി നമുക്ക് കാത്തിരിക്കാം. അതിനുവേണ്ടിയാണോ നാം കാത്തിരിക്കുന്നത്❓
➖➖➖➖➖➖➖➖➖➖➖

11/08/2022

🌷 #ദൈവം: #പിതാവ്_പുത്രൻ_പരിശുദ്ധാത്മാവ്_ആകുന്നുവോ 🌷
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
'' യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു... ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകല സൈന്യത്തെയും ഞാൻ കൽപ്പിച്ച് ആക്കിയിരിക്കുന്നു.... ഞാൻ തന്നെ യഹോവ; വേറൊരുത്തനുമില്ല.... ഞാൻ അല്ലാതെ വേറൊരു ദൈവമില്ല; ഞാൻ അല്ലാതെ നീതിമാനായ ഒരു ദൈവവും രക്ഷിതാവും ഇല്ല. (യെശയ്യ. 45:11,12,18-22)
=============================
ൈവങ്ങൾ_ഇല്ല
ദൈവം ഏകനാണ് എന്ന് ഇതുപോലെ ബൈബിളിൽ പലയിടങ്ങളിൽ കാണുവാൻ സാധിക്കും. ഈ ദൈവം സൃഷ്ടിമുതൽ ഏകദേശം BC 1500 ൽ മോശെയുടെ കാലം വരെ സർവ്വശക്തിയുള്ള ദൈവമായി പിതാക്കന്മാർക്ക് ദൂതന്മാർ മുഖാന്തരം വെളിപ്പെട്ടു. യഹോവ അഥവാ യാഹ് വെ എന്ന പേരിൽ ദൂതൻ മുഖാന്തരം ദൈവം തന്നെത്തന്നെ ആദ്യമായി വെളിപ്പെടുത്തിയത് മോശെയ്ക്കാണ്. മോശയോട് ദൈവം സ്വയം വെളിപ്പെടുത്തുമ്പോൾ, ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ് എന്ന് പരിചയപ്പെടുത്തി. നിന്റെ നാമം എന്താണെന്ന് യിസ്രായേൽ മക്കൾ എന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയണം എന്ന് ചോദിച്ചപ്പോൾ, ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ പറയണം എന്ന് ദൈവം കൽപ്പിച്ചു. നിത്യമായി സ്ഥിതിചെയ്യുന്നവൻ അഥവാ എന്നെന്നും അസ്തിത്വം ഉള്ളവൻ എന്നാണ് ഇതിന്റെ അർത്ഥം. തുടർന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ് വെ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് പറയുവാനും കൽപ്പിച്ചു. ഞാൻ പിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവം ആയിട്ട് പ്രത്യക്ഷനായി. എന്നാൽ യാഹ് വെ എന്ന നാമത്തിൽ അവർക്ക് വെളിപ്പെട്ടില്ല എന്ന് പ്രത്യേകം പറഞ്ഞു കൊണ്ടാണ് ഈ നാമം വെളിപ്പെടുത്തിയത്.
(പുറപ്പാട് 6:2,3, 3:6, 15,16)
സകലത്തിന്റെയും സൃഷ്ടാവായ ഈ ഏകദൈവം യിസ്രായേലിന്റെ മാത്രം ദൈവമല്ല, സകലരുടെയും ദൈവം തന്നെയാണ്. അതുകൊണ്ട് യാഹ് വെ അഥവാ യഹോവ അല്ലാതെ മറ്റൊരു ദൈവമില്ല.
''യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വത രാജാവും തന്നെ; ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽ നിന്നും ആകാശത്തിൽ കീഴിൽ നിന്നും നശിച്ചുപോകും'' (യിരമ്യാ.10:10,11)
👉 യഹോവ എന്ന നാമം, എബ്രായയിൽ יְהוָ֔ה (YHWH) എന്ന നാല് എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ചാണ് എഴുത്തുകാർ എഴുതിയിരുന്നത്. ഇതോടൊപ്പം സ്വരാക്ഷരങ്ങൾ ചേർത്ത് YAHWEH (യാഹ് വെ) എന്നും യാഹ് എന്നും ഉച്ചരിച്ചു പോന്നു. AD രണ്ടാം നൂറ്റാണ്ടിലാണ് YAHOWA എന്ന് എഴുതി തുടങ്ങിയത്. ന്യായപ്രമാണ കാലത്ത് യാഹ്, അഥവാ യാഹ് വെ എന്നപേരിൽ വെളിപ്പെട്ട ദൈവത്തെക്കുറിച്ച് പുതിയനിയമ എഴുത്തുകാർ എഴുതിയപ്പോൾ കുരിയോസ് (Κύριος)എന്ന ഗ്രീക്ക് നാമമാണ് ഉപയോഗിച്ചത്. അതല്ലാതെ, യാഹ്‌വെ എന്നുതന്നെ എഴുതിയില്ല. പഴയനിയമത്തിലെ വചനങ്ങൾ ഉദ്ധരിച്ച എല്ലാ എഴുത്തുകാരും യാഹ് വെ എന്ന നാമത്തിന് പകരം അങ്ങനെ തന്നെ ചെയ്തു. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ പേരിന്റെ മലയാളം ആണ് കർത്താവ്. ഇംഗ്ലീഷിൽ Lord, Master, Sir എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ട് മാറ്റമില്ലാതെ ഏത് ഭാഷക്കാരും ഉച്ചരിക്കേണ്ടതായ ദൈവനാമം അല്ല യഹോവ എന്ന നാമം എന്ന് നാം മനസ്സിലാക്കണം. അങ്ങനെ ആയിരുന്നു എങ്കിൽ ദൈവാത്മാവിനാൽ നയിക്കപ്പെട്ട പുതിയനിയമ എഴുത്തുകാർ ഇങ്ങനെ എഴുതുക ഇല്ലായിരുന്നു. ന്യായപ്രമാണ കാലത്ത് മാത്രം യാഹ് വെ എന്ന പേരിൽ വെളിപ്പെട്ട ദൈവത്തെ, തുടർന്ന് പുതിയനിയമ കാലത്ത് യേശുക്രിസ്തുവിന്റെ പിതാവായ ഏകസത്യദൈവമായി വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. ''ഏകസത്യദൈവമായ നിന്നെയും'' എന്ന് യേശു ക്രിസ്തു പറഞ്ഞതായി യോഹ. 17:3 ൽ നാം വായിക്കുന്നു. അവൻ എന്റെ പുത്രൻ എന്നും, നീ എന്റെ പുത്രൻ എന്നും ക്രിസ്തുവിനെ കുറിച്ചും, പരിശുദ്ധാത്മാവ്, യഹോവയുടെ ആത്മാവ് എന്നൊക്കെ ദൈവാത്മാവിനെ കുറിച്ചും ചില പഴയനിയമ വചനങ്ങളിൽ പറഞ്ഞിരിക്കുന്നു. എന്നാൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് വ്യക്തമായി വേർതിരിച്ച് പറഞ്ഞിരുന്നില്ല. മഹോന്നതനായ ദൈവം, യഹോവയായ ദൈവം, കർത്താവായ യഹോവ, അത്യുന്നതൻ, സർവ്വശക്തൻ എന്നൊക്കെ ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു.
(2 ശമൂ. 7:14, സങ്കീ.2:7, 7:17, 9:1,2, 18:13, 47:2, 83:18, സങ്കീ. 51:11, യെശ.63:10, 11)

*യേശുക്രിസ്തു ദൈവപുത്രൻ*
യേശുക്രിസ്തു ആരാണ് എന്ന് വളരെ വ്യക്തമായി ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നു. യേശുക്രിസ്തു ദൈവപുത്രൻ ആണെന്ന് യേശുവും ദൈവദൂതനും ശിഷ്യന്മാരും പറഞ്ഞിട്ടുണ്ട്. തിരുവെഴുത്തിലൂടെ അർത്ഥശങ്കയ്ക്ക് ഇടയാകാതെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
(മത്താ.14:33, 16:16, മർക്കൊ. 1:1, ലൂക്കൊ.1:32,35, 3:38, പ്രവൃ. 9:20, റോമ.1:4, 5:10 )

👉 യേശുക്രിസ്തു എപ്പോഴും പിതാവിനെ മഹത്വപ്പെടുത്തി ആണ് സംസാരിച്ചിട്ടുള്ളത്. പിതാവ് എന്നെക്കാൾ വലിയവനല്ലൊ എന്നാണ് പറഞ്ഞത്. പിതാവിനുള്ള സ്ഥാനം ഒരിക്കലും താൻ അവകാശപ്പെട്ടില്ല. പിതാവിനെ ഒഴിവാക്കി ഞാൻ ദൈവമാണ് എന്ന് പറഞ്ഞിട്ടില്ല. മനുഷ്യപുത്രൻ എന്നാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. ദൈവപുത്രൻ എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, പിതാവ് തന്നെയാണ് പുത്രൻ എന്നും, പുത്രൻ തന്നെയാണ് പിതാവ് എന്നും, പരിശുദ്ധാത്മാവും ക്രിസ്തു തന്നെയാണ്, മൂന്നും ഒരാൾ തന്നെ എന്നൊക്കെ ചിലർ പഠിപ്പിക്കുന്നത് വചന വിരുദ്ധമാണ്.

#കാരണം:
1) യേശുവിന്റെ സ്നാന സമയത്ത് ഈ മൂന്ന് വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം കാണാം. മത്താ. 3:16,17

2) മറുരൂപ മലയിൽ യേശു നിൽക്കുമ്പോൾ ഇവൻ എന്റെ പ്രിയപുത്രൻ എന്ന് പറഞ്ഞത് യേശു തന്നെ അല്ല, പിതാവാണ്. മർക്കൊ.9:7

3) പിതാവേ നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമെ എന്ന് അപേക്ഷിച്ചതും ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു എന്ന് ഉത്തരം അരുളിയതും യേശുതന്നെ അല്ല. യോഹ. 12:28

4) പിതാവ് എന്നെക്കാൾ വലിയവനല്ലോ എന്ന് പറഞ്ഞ യേശുവും ആ പിതാവും ഒരാൾ തന്നെയല്ല. യോഹ. 14:28

5) ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു എന്ന് യേശു പറഞ്ഞു. അയച്ച ആളും അയക്കപ്പെട്ട ആളും ഒന്നു തന്നെയല്ല. യോഹ. 8:42

6) യേശു ദീർഘമായി പലപ്പോഴും പ്രാർത്ഥിച്ചത് തന്നോടു തന്നെ അല്ല, പിതാവിനോട് ആണ്. ഉദാഹരണം യോഹന്നാൻ 17.

7) സ്വർഗ്ഗത്തിൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കാണാം. വെളി. 4:2,5, 5:1,6.

8) സ്വർഗീയ സിംഹാസനത്തിൽ ഇരുന്ന് പുസ്തകം നൽകുന്നതും വന്ന് പുസ്തകം വാങ്ങുന്നതും ഒരാളല്ല. ഇത് പിതാവും പുത്രനും ആണ്. വെളി. 5: 7

9) വചനം അനുസരിക്കുന്നവന്റെ അടുക്കൽ വന്ന്, ഞങ്ങൾ വാസം ചെയ്യും എന്ന് യേശു പറഞ്ഞു. ഇത് പിതാവിനെയും പുത്രനെയും കുറിച്ചാണ് എന്ന് അവിടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ വന്ന് വസിക്കും എന്ന് ഒരു വ്യക്തിയെ കുറിച്ച് അല്ല പറഞ്ഞത്. പിതാവിന്റെയും പുത്രന്റെയും ആത്മാവായ പരിശുദ്ധാത്മാവാണ് വചനം അനുസരിക്കുന്ന വ്യക്തിയോടു കൂടെ വസിക്കുന്നത് എന്നതിനാൽ കാര്യം വളരെ വ്യക്തമാണ്. യോഹ. 14:16,23

10) ആശീർവാദം നൽകിയിരിക്കുന്നത് യേശുക്രിസ്തു, ദൈവം, പരിശുദ്ധാത്മാവ് എന്ന മൂന്ന് വ്യക്തിത്വങ്ങളെ വേർതിരിച്ച് പറഞ്ഞാണ്. 2 കൊരി. 13:14

*ദൈവത്തിന്റെ ആത്മാവ്, ക്രിസ്തുവിന്റെ ആത്മാവ്, പരിശുദ്ധാത്മാവ്*
പരിശുദ്ധാത്മാവിനെക്കുറിച്ച് പഴയനിയമത്തിലും പുതിയനിയമത്തിലും വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ ആത്മാവ്, യഹോവയുടെ ആത്മാവ്, പരിശുദ്ധാത്മാവ്, എന്നൊക്കെ പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നു. പ്രവാചകന്മാരിൽ ഉണ്ടായിരുന്ന ആ ദൈവത്തിന്റെ ആത്മാവ്, ക്രിസ്തുവിന്റെ ആത്മാവ് ആണെന്ന് പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു.
(ഉൽപ്പ.1:2, പുറ. 31:4, സംഖ്യ. 24:2, 1 ശമൂ. 10:10, യെശ. 61:1, 63:10,11, പ്രവൃ. 16:6,7, 1 പത്രൊ.1:11)

👉 പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ് എന്ന് ദൈവ വചനം തെളിവ് നൽകുന്നു. ദൈവവും ദൈവപുത്രനും വ്യക്തികൾ ആയതുകൊണ്ട് അവരുടെ ആത്മാവിന് വ്യക്തിത്വമുണ്ട്. വ്യക്തിത്വം ഉള്ളവരുടെ പ്രത്യേകതകൾ ദൈവാത്മാവിനും ഉണ്ട്. പരിശുദ്ധാത്മാവ് സൃഷ്ടിക്കുന്നു, സ്നേഹിക്കുന്നു, ദുഃഖിക്കുന്നു, ഉപദേശിച്ചു തരും, സാക്ഷ്യം പറയും, വഴി നടത്തും, പറഞ്ഞയയ്ക്കും എന്നിവ എല്ലാം ചെയ്യുന്നതായി വചനത്തിൽ പറഞ്ഞിരിക്കുന്നു.
(ഇയ്യോബ് 33:4, റോമർ 15:30, എഫെ. 4:30, യെശ.48:16, 63:10, യോഹ. 14:26, 15:13,26, പ്രവൃ.13:14)

👉 പിതാവിന്റെ അടുക്കൽ ഉള്ള കാര്യസ്ഥനായി യേശുക്രിസ്തുവിനെ കുറിച്ച് പറഞ്ഞിരിക്കുന്നു. പരിശുദ്ധാത്മാവിനെ പിതാവ് അയക്കുന്ന മറ്റൊരു കാര്യസ്ഥൻ ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തിത്വങ്ങൾ ഉണ്ട് എന്നത് ഈ വചനങ്ങളാൽ വ്യക്തമായി തെളിയുന്നു. ഇവർ മൂവരും മൂന്ന് വ്യക്തികൾ ആണ് എന്ന് ഇപ്രകാരം വചനത്തിൽ പറഞ്ഞിരിക്കുന്നു. എന്നാൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവാൻ കല്പിച്ചിട്ടുള്ളതിനാൽ ഇവർ വ്യത്യസ്ഥരായ മനുഷ്യരെ പോലെയല്ല, ഒന്നാണ് എന്ന് മനസ്സിലാക്കണം. നാമങ്ങളിൽ എന്നല്ല പറഞ്ഞത്. ഒരു നാമത്തിൽ മൂന്ന് വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്നു എന്ന് തെളിയുന്നു. ദൈവത്തിന്റെ അധികാരത്തിൽ, കല്പനപ്രകാരം എന്നാണ് നാമത്തിൽ എന്ന ഈ പ്രയോഗത്തിന്റെ അർത്ഥം.
(1 യോഹ. 2:1, യോഹ. 14:16, മത്താ. 28:19, എസ്ഥേർ 8:8)

#ദൈവപുത്രൻ_ദൈവമാണോ
യേശുക്രിസ്തുവിന്റെ ദൈവത്വത്തെ കുറിച്ച് വളരെ ചർച്ചകൾ നടന്നിട്ടുണ്ട്. ദൈവപുത്രനെ ദൈവം മറ്റ് സൃഷ്ടികൾക്ക് മുൻപെ ആദ്യമായി സൃഷ്ടിച്ചതാണ് എന്ന് ചിലർ പഠിപ്പിക്കുന്നു. യേശു മനുഷ്യനായി ജനിച്ചപ്പോൾ ആണ് ദൈവപുത്രൻ എന്ന സ്ഥാനം ഉണ്ടായത്, അതിന് മുൻപ് ദൈവപുത്രൻ നിലവിലില്ലായിരുന്നു (മുൻപ് അസ്തിത്വം ഇല്ല) എന്ന് ചിലർ പഠിപ്പിക്കുന്നു. ദൈവപുത്രൻ പൂർണ മനുഷ്യൻ മാത്രമായിരുന്നു എന്ന് ചിലർ പഠിപ്പിക്കുന്നു. എന്നാൽ തിരുവെഴുത്തിനെ തിരിച്ചറിയാത്തതു കൊണ്ടാണ് ഇവരൊക്കെ തെറ്റി പോകുന്നത് എന്നത് വ്യക്തമാണ്. താഴെപ്പറയുന്ന വചന തെളിവുകളെ ആരും അവഗണിക്കരുത്.

1⃣ ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുള്ള പേരുകൾ ദൈവപുത്രനെ കുറിച്ചും പറഞ്ഞിരിക്കുന്നു. വചനം ദൈവം ആയിരുന്നു, സത്യദൈവം, മഹാദൈവം, സർവ്വത്തിനും മീതെ ദൈവം, ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നവൻ, ദൈവം സ്വന്തപിതാവ് എന്നുപറഞ്ഞ് ദൈവത്തോട് സമമാക്കി എന്നൊക്കെ ദൈവപുത്രനെ കുറിച്ച് പറഞ്ഞിരിക്കുന്നു. ഈ വചനങ്ങൾ ഒക്കെ അവഗണിച്ചിട്ട്, ദൈവപുത്രൻ ദൈവമല്ല എന്നും, ദൈവമേ എന്ന് യേശുക്രിസ്തുവിനെ വിളിക്കുന്നത് തെറ്റാണെന്നും ആരും പറയരുത്.
(യോഹ.1:1, 5:18, റോമ 9:5, 1 യോഹ. 5:20, തീത്തോ. 2:12, കൊലൊ. 2:12)

2⃣ എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ പുത്രനെയും ബഹുമാനിക്കണം എന്ന് പറഞ്ഞിരിക്കുന്നു.
പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.(യോഹ. 5:22,23) ആകയാൽ ദൈവത്തിന് നൽകുന്ന ആദരവ്, ബഹുമാനം, ആരാധന എല്ലാം ദൈവപുത്രനും നൽകേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ അവർ പിതാവിനെ ബഹുമാനിക്കുന്നില്ല.

3️⃣ ദൈവപുത്രനെ അപ്പൊസ്തലന്മാർ ഉൾപ്പെടെ ഉള്ള മനുഷ്യരും, ദൈവദൂതന്മാരും, കെരൂബുകളും ആരാധിച്ചിട്ടുണ്ട്, ആരാധിക്കുന്നുമുണ്ട്. പിതാവിനെപ്പോലെ ആരാധന സ്വീകരിക്കുവാൻ യോഗ്യനാണ് ദൈവപുത്രൻ എന്ന് ഇതിൽ നിന്നും മനസ്സിലാക്കണം.
(മത്താ. 9:18, 14:33, 15:25, 20:20, യോഹ. 9:38, വെളി. 5: 8-13)

4️⃣ ദൈവപുത്രൻ സൃഷ്ടി അല്ല, സൃഷ്ടാവാണ്. സ്വർഗ്ഗത്തിൽ ഉള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും..... അധികാരങ്ങൾ ആകട്ടെ സകലവും അവനിലൂടെയും, അവന് വേണ്ടിയും, അവൻ മുഖാന്തരവും സൃഷ്ടിക്കപ്പെട്ടു എന്നാണ് വചനം പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ദൈവപുത്രൻ സൃഷ്ടാവാണ് എന്ന് നാം മനസ്സിലാക്കണം. സൃഷ്ടി അല്ല. ഉളവായത് ഒന്നും അവനെ കൂടാതെ ള്ളവായതല്ല എന്ന് പറഞ്ഞിരിക്കുന്നതിനാൽ ദൈവപുത്രൻ ഉളവായതല്ല, ഉളവാക്കിയവൻ ആണ്. (കൊലൊ. 1:15,16, യോഹ.1:3)

5️⃣ ലോകം ഉണ്ടാകും മുൻപെ പുത്രന് പിതാവിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം എന്ന് വചനം പറഞ്ഞിട്ടുള്ളതിനാൽ, ലോക സൃഷ്ടിക്ക് മുൻപെ ദൈവപുത്രൻ ഉണ്ട്. ആദിയിൽ വചനം ഉണ്ടായിരുന്നു. മനുഷ്യനായി ജനിച്ചപ്പോൾ അല്ല ദൈവപുത്രൻ ഉണ്ടായത്. (യോഹ. 1:1, 17:5)

6️⃣ ആദ്യജാതൻ എന്നുള്ള പ്രയോഗം ആദ്യം ജനിച്ചവൻ എന്ന അർത്ഥത്തിലല്ല. അത് ഒരു പദവി ആണ്. ഞാൻ യിസ്രായേലിന് പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ എന്ന് ദൈവം പറഞ്ഞു. യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ എന്നും ദൈവം പറഞ്ഞു. ഞാൻ അവനെ ആദ്യജാതൻ ആക്കുമെന്ന് ദാവീദിനെ കുറിച്ചും പറഞ്ഞു. എഫ്രയീം, യിസ്രായേൽ, ദാവീദ് എന്നിവരെക്കുറിച്ച് ആദ്യജാതൻ എന്ന് പറഞ്ഞിട്ടുള്ളതിനാൽ ഇത് ഒരു പദവിയാണ് എന്ന് തെളിയുന്നു. (പുറ. 4:22, യിരമ്യാ. 31:9, സങ്കീ. 89: 20, 27)

7️⃣ ദൈവപുത്രന് ദൈവത്തോട് സമത്വം ഉണ്ടായിരുന്നു. അത് സ്വയം വേണ്ട എന്ന് വെച്ച് തന്നെത്താൻ താഴ്ത്തി മനുഷ്യനായി തീരുകയാണ് ചെയ്തത്. താൻ ദൈവ അവസ്ഥയിൽ (form of God) ആയിരുന്നു. (ഫിലി. 2:6-8)

8️⃣ പിതാവ് പുത്രനെ ദൈവമേ, കർത്താവേ എന്ന് വിളിച്ചിട്ടുണ്ട് എന്ന് വചനം പറയുന്നു. സ്വർഗ്ഗീയ പിതാവ് അങ്ങനെ വിളിച്ചിട്ടുണ്ട്, പക്ഷേ നമ്മൾ അങ്ങനെ വിളിക്കാൻ പാടില്ല എന്ന് പറയുന്ന ഉപദേശം എങ്ങനെ ഉണ്ട് ? തോമാസ് യേശുവിനെ വിളിച്ചതുപോലെ എന്റെ കർത്താവും എന്റെ ദൈവവുമേ എന്ന് മനുഷ്യരായ നമുക്ക് വിളിക്കുന്നതിൽ ഒരു തെറ്റും ഇല്ല എന്ന് നാം അറിയുക. തോമാസിനെ കർത്താവ് വിലക്കിയില്ല എന്നതും ശ്രദ്ധിക്കുക. (എബ്രാ. 1:8-10, യോഹ. 20:28)

9️⃣ യേശു ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്നത് വചനപ്രകാരം ശരിയാണ്. നിങ്ങൾ എന്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും ഞാൻ ചെയ്തുതരും എന്ന് യേശു പറഞ്ഞിട്ടുണ്ട്. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിക്കും എന്ന് എഴുതിയിരിക്കുന്നു. കർത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊള്ളണമെ എന്നും, അവർക്ക് ഈ പാപം നിറുത്തരുതേ എന്നും സ്തേഫാനോസ് യേശുവിനെ വിളിച്ചപേക്ഷിച്ചു. (യോഹ. 14:14, 1 യോഹ.1:9, പ്രവൃ.7:59,60)

🔟 യാഹ് വെ അഥവാ യഹോവ എന്ന നാമം സ്വർഗ്ഗീയ പിതാവിനും ദൈവപുത്രനും ബാധകമായ നാമം ആണ്. ഉദാ: യഹോവ എന്റെ കർത്താവിനോട് എന്ന് സങ്കീ. 110:1 ൽ പറഞ്ഞിരിക്കുന്ന യഹോവ പിതാവാണ്. എന്നാൽ, ദൈവമായ യഹോവയും തന്നോടു കൂടെ സകല വിശുദ്ധന്മാരും വരും എന്ന് സെഖ. 14:5 ൽ പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെ കുറിച്ചാണ്. ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു എന്ന് യെശയ്യാ. 13:5 ൽ പറഞ്ഞിരിക്കുന്നതും യേശുക്രിസ്തുവിനെ കുറിച്ചാണ്. ഇങ്ങനെ പല ഉദാഹരണങ്ങൾ ഉണ്ട്. പിതാവായ ദൈവത്തെ കുറിച്ചും ദൈവപുത്രനെ കുറിച്ചും പറയുവാൻ കർത്താവ് എന്ന അർത്ഥമുള്ള ഗ്രീക്കിലെ കുരിയോസ് (Κύριος) എന്ന നാമം പുതിയ നിയമത്തിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ഒരേ വാക്യത്തിലും കാണാം. (ഉദാ: മത്താ. 22:44, മർക്കൊ. 12:36, ലൂക്കൊ. 20:42)
വെളിപ്പാട് പുസ്തകത്തിൽ
പിതാവിനെ കുറിച്ച് മാത്രം: വെളി. 4:8,11, 11:15, 19:6, 21:22.
പുത്രനെ കുറിച്ച് മാത്രം: 11:8, 17:14, 19:16, 22:20.
👉 അതുകൊണ്ട് കർത്താവേ, ദൈവമേ എന്നൊക്കെ വിളിച്ചു നാം പ്രാർത്ഥിക്കുന്നത് പിതാവിന്റെ കാര്യത്തിലും പുത്രന്റെ കാര്യത്തിലും അന്വർത്ഥമാണ്. അല്ലെങ്കിൽ ആ പ്രാർത്ഥന പിതാവിനോട് ആകുന്നു എന്നും പുത്രനോട് ആകുന്നു എന്നും പറയാം. രണ്ടും ശരിയായ പ്രാർത്ഥന ആണ്.

♦️ പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ, ഒന്നായിരിക്കുന്ന അവസ്ഥയെ രണ്ടു മനുഷ്യർ തമ്മിൽ ഉള്ള ഐക്യത പോലെയല്ല നാം മനസ്സിലാക്കേണ്ടത്. ഒന്നായിരിക്കുന്ന ആ ബന്ധത്തെ ഇന്നും അനേകർക്ക് മനസ്സിലായിട്ടില്ല. അതിന്റെ കാരണം, രണ്ട് മനുഷ്യർ തമ്മിലുള്ള ബന്ധം പോലെയാണെന്ന് അവർ ചിന്തിക്കുന്നത് കൊണ്ടാണ്. ഉദാഹരണമായി തോമസ്, മാത്യു എന്ന രണ്ട് വ്യക്തികളെ കുറിച്ച് ചിന്തിക്കുക. തോമസിൽ വിശ്വസിക്കുന്നവൻ തോമസിൽ അല്ല മാത്യുവിൽ ആണ് വിശ്വസിക്കുന്നത് എന്ന് പറഞ്ഞാലോ ? തോമസിനെ കണ്ടവൻ മാത്യുവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞാലോ ? തോമസ് മാത്യുവിലും മാത്യു തോമസിലും ആണ് എന്ന് പറഞ്ഞാലോ ? ഇതൊക്കെ എത്രത്തോളം നമുക്ക് ഉൾക്കൊള്ളുവാൻ സാധിക്കും? ഇത്തരത്തിൽ ഒരു ബന്ധം രണ്ട് മനുഷ്യർ തമ്മിൽ സാധിക്കുമോ? അങ്ങനെ രണ്ടു മനുഷ്യർക്ക് ഒന്നായിരിക്കുവാൻ സാധിക്കുമോ? ഇല്ല. അതുകൊണ്ട് അത്തരത്തിലുള്ള താരതമ്യം സ്വർഗീയ പിതാവിന്റെയും പുത്രന്റെയും കാര്യത്തിൽ നാം നടത്തരുത്. ഞാനും പിതാവും ഒന്നാകുന്നു, എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ അല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു, എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു, ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു, പിതാവ് എന്നിൽ വസിച്ചുകൊണ്ട് തന്റെ പ്രവർത്തി ചെയ്യുന്നു, എന്നിൽ വിശ്വസിക്കുന്നവന്റെ അടുക്കൽ വന്ന് ഞങ്ങൾ വാസം ചെയ്യും എന്നൊക്കെ കർത്താവ് പറഞ്ഞിക്കുന്നു. അതു കൊണ്ട് ഈ ബന്ധത്തെ നമ്മുടെ ബുദ്ധികൊണ്ട് അളക്കുവാൻ ശ്രമിക്കരുത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്ന് ആകുന്നു, ദൈവം ആകുന്നു.
(യോഹ. 10:30,31, 12:44,45, 14:9-11,23)
👉 ഉപസംഹാരം: തിരുവെഴുത്തിനെ തിരിച്ചറിഞ്ഞ്, പിതാവിനെ ബഹുമാനിക്കുന്നത് പോലെ പുത്രനെയും ബഹുമാനിക്കുവാൻ നമുക്ക് സാധിക്കട്ടെ. അവരുടെ ആത്മാവായ പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമാറാകട്ടെ.

27/04/2022

#വെളിപ്പാട്_11_ൽ_കാണുന്ന_രണ്ട്_സാക്ഷികൾ_ആരാണ്_അല്ലെങ്കിൽ_എന്തിനെ_കാണിക്കുന്നു ❓
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
''അന്ന് ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നൽകും; അവർ രട്ട് ഉടുത്തുകൊണ്ട് 1260 ദിവസം പ്രവചിക്കും.'' വെളിപ്പാട് 11:3.

ഈ രണ്ട് സാക്ഷികളെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. എന്നാൽ ഇവർ ആരാണ് എന്ന് അറിയുവാൻ മറ്റ് വേദഭാഗങ്ങൾ വ്യക്തമായ തെളിവ് നൽകുന്നുണ്ട്. വെളിപ്പാട് പുസ്തകം പ്രതീകാത്മക ഭാഷാ രീതിയിൽ നൽകപ്പെട്ടിരിക്കുന്നു (symbolic language) ഈ രണ്ട് സാക്ഷികളും പ്രതീകങ്ങളാണ്. അവർ ആരുടെ പ്രതീകങ്ങളാണ് എന്ന് മറ്റ് ലളിതമായ വേദഭാഗങ്ങളാൽ പരിശോധിക്കാം.
1⃣ *എന്റെ സാക്ഷികൾ എന്ന് കർത്താവ് പറഞ്ഞതും, യേശുവിന്റെ സാക്ഷികൾ എന്ന് വെളിപ്പാട് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നതും ക്രിസ്തീയ സുവിശേഷകരെ കുറിച്ചാണ്.*
നിങ്ങൾ എന്റെ സാക്ഷികൾ ആകും എന്ന് കർത്താവ് ശിഷ്യന്മാരോട് പറഞ്ഞു. വെളിപ്പാട് പുസ്തകത്തിൽ യേശുവിന്റെ സാക്ഷ്യം വഹിക്കുന്നവരെക്കുറിച്ചും, തങ്ങളുടെ സാക്ഷ്യം ഹേതുവായി അറുക്കപ്പെട്ടവരെ കുറിച്ചും, യേശുവിന്റെ സാക്ഷികളുടെ രക്തം കുടിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ആ വചനങ്ങൾ എല്ലാം ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുന്ന ദൈവമക്കളെ കുറിച്ചാണ്, അഥവാ സഭയെക്കുറിച്ച് ആണ് പറഞ്ഞിരിക്കുന്നത്.
(പ്രവൃ.1:8, വെളി. 1:9, 6:9, 12:17, 17:6, 19:10)

2⃣ *പുതിയ നിയമ കാലത്താണ് രണ്ട് സാക്ഷികൾ പ്രവചിക്കുന്നത് എന്ന് വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നു.*
വെളി. 11:1, 2 വാക്യങ്ങളിൽ ദൈവത്തിന്റെ ആലയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന്റെ സഭയാണ് ദൈവത്തിന്റെ ആലയം എന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
(1 തിമൊ.3:15, 2 കൊരി. 6:16, എഫെ. 2:21,22)
പുതിയനിയമ കാലത്ത് ക്രിസ്തു എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്ന സഭ ഭൂമിയിൽ ഉള്ളപ്പോൾ ആണ് രണ്ട് സാക്ഷികൾ പ്രവചിക്കുന്നത് എന്നതിനാൽ, പുതിയനിയമ കാലയളവിൽ ആണ് രണ്ടു സാക്ഷികളുടെ പ്രവചനം നിറവേറുന്നത് എന്നത് എത്രയും വ്യക്തമായി തെളിയുന്ന കാര്യമാണ്. മാത്രമല്ല, വിജാതിയർ വിശുദ്ധ നഗരത്തെ 42 മാസം ചവിട്ടും എന്നും 11:2 ൽ പറഞ്ഞിരിക്കുന്നു. വിശുദ്ധ നഗരമായ യെരൂശലേമിനെ വിജാതിയരുടെ കയ്യിൽ AD 70 ൽ ദൈവം ഏൽപ്പിച്ചു കൊടുത്തതും, ഭാവിയിൽ ഏൽപ്പിച്ചു കൊടുക്കുവാനിരിക്കുന്നതും പുതിയ നിയമ കാലയളവിൽ തന്നെയാണ്.

3️⃣ *ഈ സഭാ യുഗത്തിന് ശേഷം കാലം ഇല്ല എന്നും, ലോകാവസാനവും നിത്യതയും ആണെന്നും വചനം പറയുന്നതിനാൽ രണ്ടു സാക്ഷികളുടെ പ്രവർത്തന കാലം ഈ കാലത്താണ്.*
യേശുക്രിസ്തുവിന്റെ മഹത്വപ്രത്യക്ഷത ആയ ഒരേയൊരു പ്രത്യക്ഷതയിൽ ആണ് സഭ ഉയർത്തെഴുന്നേൽക്കുന്നത് എന്നും, അത് അവസാന ദിവസത്തിൽ ആണ് എന്നും, കർത്താവ് വരുമ്പോൾ ന്യായവിധി ആണ്, സുവിശേഷം അനുസരിക്കാത്തവർ അപ്പോൾ നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കുമെന്നും വചനം പറയുന്നതിനാൽ സഭാ യുഗത്തിനുശേഷം കാലം ഇല്ല. അതുകൊണ്ട് രണ്ടു സാക്ഷികളുടെ പ്രവർത്തനം ഈ കാലത്താണ്, ഭാവികാലത്തല്ല.
(1 പത്രൊ. 4:13, യോഹ. 6:39,40,44,54, 2 തെസ്സ.1:6-10)

4️⃣ *രട്ട് ഉടുത്തുകൊണ്ട് പ്രവചിക്കും എന്നത് മാനസാന്തരത്തെ കുറിച്ചുള്ള വചനങ്ങളെ അറിയിക്കും എന്ന കാര്യത്തെ കാണിക്കുന്നു*
മാനസാന്തരത്തെ കാണിക്കുന്ന പ്രതീകമാണ് രട്ട്. മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണമെന്ന് ശിഷ്യന്മാരോട് കർത്താവ് പറഞ്ഞു. യരൂശലേമിൽ തുടങ്ങി ഭൂമിയുടെ അറ്റത്തോളം നിങ്ങൾ എന്റെ സാക്ഷികൾ ആകുമെന്നും കർത്താവ് ശിഷ്യന്മാരോട് പറഞ്ഞു. യേശുവിന്റെ സാക്ഷ്യം പ്രവചനത്തിന്റെ ആത്മാവ് തന്നെ. അതുകൊണ്ട് യേശുവിനെ കുറിച്ച് സാക്ഷ്യം പറയുന്നവൻ പ്രവചിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് വേണ്ടി പകരം സംസാരിക്കുന്നതാണ് പ്രവചനം. ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുന്നവർ പ്രവചിക്കുകയാണ് ചെയ്യുന്നത്.
(യോനാ 3:5,6,8, 1 രാജാ. 21:27, ലൂക്കൊ. 24:47, പ്രവൃ.1:8, വെളി.19:10)

5️⃣ *രണ്ടുപേർ പ്രവചിക്കുന്നത് ഒത്തുചേർന്ന, സുസംഘടിതമായ പ്രവർത്തനത്തെ കാണിക്കുന്നു.*
കർത്താവ് തന്റെ ശിഷ്യന്മാരെ ഈരണ്ടായി അയച്ച്, നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു, നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു, എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു എന്ന് പറഞ്ഞു. (ലൂക്കോസ് 10:1,16) ക്രിസ്തുവിന്റെ സാക്ഷികൾ പുതിയനിയമ കാലയളവിൽ സഹകരിച്ച് പ്രവർത്തിച്ച് സുവിശേഷീകരണത്തിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ ശുശ്രൂഷയെ ആണ് രണ്ട് സാക്ഷികളുടെ പ്രവചനത്തിലൂടെ കാണിച്ചു തന്നിരിക്കുന്നത്. സാക്ഷികളുടെ വാക്ക് സ്വീകരിക്കാത്തവർ ദൈവത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.

6️⃣ *രണ്ട് സാക്ഷികൾ ആരാണെന്ന് പറഞ്ഞിരിക്കുന്നത്, അവർ സഭയെ പ്രതിനിധീകരിക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ്.*
അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്ന രണ്ട് ഒലിവ് വൃക്ഷവും രണ്ട് നിലവിളക്കും ആകുന്നു എന്ന് വെളിപ്പാട് 11:4 ൽ പറഞ്ഞിരിക്കുന്നു. ഇനി സമാന്തര വേദഭാഗം ആയ സെഖര്യാവ് 4 നോക്കുക. അവിടെ പറഞ്ഞിരിക്കുന്ന രണ്ട് ഒലിവ് വൃക്ഷം, യോശുവ, സെരുബ്ബാബേൽ എന്നീ രണ്ട് അഭിഷിക്തന്മാർ ആണ്. യോശുവ മഹാപുരോഹിതനും സെരുബ്ബാബേൽ ദേശാധിപതിയും ആയിരുന്നു. ആത്മികമായും ഭരണപരമായും ജനത്തിന് നേതൃത്വം നൽകിയത് ഇവർ ആയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ദൈവം ആലയം പണി നടത്തിച്ചത് എന്നും, തന്റെ ആത്മാവിനാൽ ദൈവം അവരോടുകൂടെ പ്രവർത്തിച്ചു എന്നും വചനം പറയുന്നു.
(സെഖ. 4:6-14, ഹഗ്ഗായി 1:12-2:5)
പുതിയനിയമ കാലത്ത് ദൈവാലയം ആയ സഭയുടെ പണിക്കായി നേതൃത്വം കൊടുക്കുവാൻ ദൈവം ആത്മാവിനാൽ നിയമിച്ചിരിക്കുന്ന ദൈവവേലക്കാരാണ് സാക്ഷികൾ എന്ന വസ്തുത ഇതിൽനിന്നും നാം മനസ്സിലാക്കേണം. തന്റെ ആത്മാവിനാൽ വേലക്കാർ മുഖാന്തരം പ്രവർത്തിച്ച് ദൈവം സഭയെ വളരുമാറാക്കുന്നു, ദൈവാലയത്തെ പണിതുവരുന്നു.
(എഫെ. 4:11, 2: 20-22,1 കൊരി. 3:5-9, 1 പത്രൊ. 5:2,3, എബ്രാ.13:17)
👉 രണ്ട് സാക്ഷികൾ നിലവിളക്കും ആണെന്ന് പറഞ്ഞിരിക്കുന്നു. നിലവിളക്കുകൾ സഭകൾ ആകുന്നു എന്ന് കർത്താവ് തന്നെ അർത്ഥം വ്യാഖ്യാനിച്ചിട്ടുണ്ട്. (വെളി. 1:20) അതുകൊണ്ട് രണ്ട് സാക്ഷികൾ കേവലം രണ്ട് വ്യക്തികളെയല്ല കാണിക്കുന്നതെന്നും, സഭയെ ആണ് പ്രതിനിധീകരിക്കുന്നതെന്നും സംശയലേശമെന്യേ വ്യക്തമാണ്. ക്രിസ്തീയ പ്രവർത്തകരിലൂടെ സഭ സുവിശേഷത്തിന്, ക്രിസ്തുവിന്റെ വചനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ കുറിച്ച് ലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടുന്ന പുതിയനിയമ കാലമാണ് രണ്ട് സാക്ഷികളുടെ പ്രവർത്തന കാലം. ഒലിവ് വൃക്ഷം, നിലവിളക്ക് എന്നീ രണ്ട് പ്രതീകങ്ങളാൽ ദൈവാത്മാവ് ഇത് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ദൈവ വേലക്കാർ പരസ്പരം യോജിച്ച് സംയുക്തമായും സംഘടിതമായും നടത്തുന്ന സുവിശേഷീകരണം അവസാനിക്കുന്ന ഒരു സമയമുണ്ട്. അതാണ് സാക്ഷ്യം തികയ്ക്കുന്ന സമയം. (വെളി.11:7)

7️⃣ *രണ്ട് സാക്ഷികൾക്ക് ദൈവം നൽകിയിരിക്കുന്ന അധികാരം സഭയ്ക്ക് നൽകപ്പെട്ടിരിക്കുന്ന അധികാരമാണ്.*
ആരെങ്കിലും അവർക്ക് ദോഷം ചെയ്യുവാൻ ഇഛിച്ചാൽ അവരുടെ വായിൽ നിന്ന് തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്ക് ദോഷം വരുത്തുവാൻ ഇഛിക്കുന്നവർ ഇങ്ങനെ മരിക്കേണ്ടിവരും. (വെളി. 11:5) ഇതും പ്രതീകാത്മകമായി പറഞ്ഞിരിക്കുന്നതാണ് എന്ന് നാം മനസ്സിലാക്കണം. രണ്ടുപേരുടെയും വായിൽനിന്നും തീ പുറപ്പെട്ട് ആളുകളെ എല്ലാം കത്തിച്ചുകളയുന്ന അക്ഷരികമായ സംഭവം ആയിട്ട് നാം മനസ്സിലാക്കരുത്. അവർ അപ്രകാരം പ്രതികാരം നടത്തുന്ന സ്വഭാവം ഉള്ളവരല്ല. ക്രിസ്തുവിന്റെ സാക്ഷികളാണ്, ക്രിസ്തുവിന്റെ സ്വഭാവമുള്ളവരാണ് അവർ.
🔹 ദൈവമക്കൾക്ക് നൽകിയിരിക്കുന്ന വലിയ ശക്തിയും അധികാരവും ആണ് ഇവിടെ കാണിച്ചിരിക്കുന്നത്. ദൈവവചനം തീ പോലെയാണ് എന്ന് പറഞ്ഞിരിക്കുന്നു. ''ഇതാ ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും, ഈ ജനത്തെ വിറകും ആക്കും; അവർ അതിന് ഇരയായിത്തീരും'' എന്ന് യിരമ്യാ പ്രവാചകനോട് ദൈവം പറഞ്ഞിരിക്കുന്നത് നാം ശ്രദ്ധിക്കുക. ശിഷ്യന്മാർ അറിയിക്കുന്ന ദൈവവചനം പാപങ്ങൾ മോചിക്കപ്പെടുവാൻ ഉള്ള വഴിയാണ്. അത് അനുസരിക്കാത്ത മനുഷ്യരുടെ പാപങ്ങൾ അഴിയപ്പെടാതെ ഇരിക്കുമെന്നും, യേശുവിന്റെ സാക്ഷികളുടെ വായിൽ നിന്ന് വരുന്ന കർത്താവിന്റെ വചനം ആയ സുവിശേഷം അനുസരിക്കാത്തവർ ആ വചനങ്ങളാൽ വിധിക്കപ്പെടുകയും, നിത്യനാശമായ കെടാത്ത തീ ഉള്ള നരകത്തിൽ പോകും എന്നും പറഞ്ഞിരിക്കുന്നു. സാക്ഷികൾക്ക് ദോഷം വരുത്തുവാൻ ആഗ്രഹിക്കുന്ന ശത്രുക്കൾ ഇങ്ങനെ രണ്ടാം മരണത്തിന് ഇരയാകും, ദൈവത്തിന്റെ പ്രതികാരം അവർക്ക് ലഭിക്കും. ഇതാണ് സാക്ഷികളുടെ വായിൽ നിന്ന് വരുന്ന തീയാൽ അവരുടെ ശത്രുക്കൾ മരിച്ചുപോകും എന്ന് വെളിപ്പാടിൽ പറഞ്ഞിരിക്കുന്നത്.
(യിരമ്യ. 23:29, യോഹ. 12:48, 20:21-23, മത്താ.18:18, 1 കൊരി. 6:2, റോമർ 2 :16, 1 പത്രൊ. 1:25, 2 തെസ്സ.1:10, വെളി.20:14)
♦️മഴ പെയ്യാതവണ്ണം ആകാശം അടച്ചു കളയുവാനും, വെള്ളത്തെ രക്തം ആക്കുവാനും, ഇഛിക്കുമ്പോൾ ഒക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിക്കുവാനും സാക്ഷികൾക്ക് അധികാരമുണ്ട്. ഇതും സാക്ഷികളുടെ പ്രവചന കാലമായ ഈ പുതിയ നിയമ കാലയളവിൽ സഭയ്ക്കു നൽകപ്പെട്ടിരിക്കുന്ന അധികാരമാണ്. ദൈവ ഇഷ്ടപ്രകാരം ഉള്ള അപേക്ഷ ദൈവം കേൾക്കുന്നു എന്നുള്ളത് നമുക്ക് ദൈവത്തോടുള്ള ധൈര്യം ആകുന്നു എന്നും, ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനായിരുന്നു, അവൻ പ്രാർത്ഥിച്ചപ്പോൾ ദേശത്ത് മഴ പെയ്യാതിരിക്കയും, വീണ്ടും പ്രാർത്ഥിച്ചപ്പോൾ മഴപെയ്തു എന്നും, നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു എന്നും സഭയോട് പറഞ്ഞിരിക്കുന്നു.
(1 യോഹ. 5:14, യാക്കോ. 5:16-18)
ക്രിസ്തുവിന്റെ സാക്ഷികളുടെ പ്രാർത്ഥനയുടെ ഫലമായി ദൈവമാണ് വെള്ളത്തെ രക്തം ആക്കുന്നതും സകല ബാധ കൊണ്ട് ഭൂമിയെ ദണ്ഡിപ്പിക്കുന്നതും. ആകാശം അടച്ചു കളയുവാനുള്ള അധികാരം ഏലിയാവ് ഉപയോഗിച്ചതുപോലെ സഭയ്ക്കും ഈ അധികാരങ്ങൾ ഉപയോഗിക്കുവാൻ സാധിക്കും. വിശുദ്ധന്മാരുടെ പ്രാർത്ഥനയ്ക്ക് മറുപടിയായി അനേകം ബാധകളെ ദൈവം ഭൂമിയിൽ വരുത്തുന്നതിനെക്കുറിച്ചും, വെള്ളം രക്തമാക്കുന്നതിനെക്കുറിച്ചും വെളിപ്പാട് 8, 9, 16 അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്നു.

🌹 *സാക്ഷികൾ കൊല്ലപ്പെടുന്നു*
രണ്ടു സാക്ഷികൾ, ക്രൂശിക്കപ്പെട്ട ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന സഭയുടെ പ്രതിനിധികൾ ആയതിനാൽ സഭയെ കാണിക്കുന്നു എന്നും, ഈ പുതിയനിയമ കാലയളവിൽ തന്നെയാണ് സാക്ഷികളുടെ പ്രവചന കാലം എന്നും നാം കണ്ടു. ഈ കാലത്തെ കുറിച്ചാണ് പ്രതീകാത്മകമായി 42 മാസം എന്നും, 1260 ദിവസം എന്നും പറഞ്ഞിരിക്കുന്നത്. ക്രൂശിന്റെ വചനം സംയുക്തമായും സഹകരിച്ചും ഏകോപിച്ചും ഘോഷിക്കപ്പെടുന്ന ഈ പ്രവർത്തനം അവസാനിക്കുവാൻ പോവുകയാണ്. സാക്ഷികൾ തങ്ങളുടെ സാക്ഷ്യം തികച്ചശേഷം കൊല്ലപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. ആഴത്തിൽ നിന്ന് കയറി വരുന്ന മൃഗം ആണ് അവരെ കൊന്നു കളയുന്നത്. (വെളി. 11:7) രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപെടും; അപ്പോൾ അവസാനം വരും എന്ന് സാക്ഷ്യം തികയ്ക്കുന്ന സമയത്തെക്കുറിച്ച് കർത്താവ് പറഞ്ഞു. അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏൽപ്പിക്കുകയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകയ്ക്കും എന്ന് കർത്താവ് ശിഷ്യന്മാരെ കുറിച്ച് പറഞ്ഞു. (മത്താ. 24:9,10,14)
ഇത് കർത്താവിന്റെ രണ്ടാം വരവിന്റെ ലക്ഷണമായി പറഞ്ഞത് ആകയാൽ സഭ ക്രിസ്തുവിന്റെ വചനം സാക്ഷീകരിക്കുന്ന സംഘടിത പ്രവർത്തനം ഇല്ലാതാകുന്നത് കർത്താവിന്റെ രണ്ടാം വരവിന്റെ തൊട്ടുമുൻപുള്ള കാലത്ത് ആണെന്നും, തുടർന്ന് രണ്ടാം വരവും ലോകാവസാനവും സംഭവിക്കും എന്നും എത്രയും വ്യക്തമാണ്. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും തന്റെ അടുക്കലുള്ള സഭയുടെ സമാഗമനവും സംഭവിക്കുന്നതിനു മുൻപ് നാശയോഗ്യനും അധർമ്മ മൂർത്തിയും ആയവൻ വെളിപ്പെട്ടു വരും എന്ന് വചനം പറയുന്നു (2 തെസ്സ. 2:1-4)

📖 കർത്താവിന്റെ രണ്ടാം വരവിന് മുൻപായി വെളിപ്പെട്ടു വരുന്ന മൃഗം എന്ന അധർമ്മ മൂർത്തി ലോകത്തെ മുഴുവൻ ഭരിക്കുന്ന കാലത്ത് ഈ വചനങ്ങൾ നിറവേറും. ലോകത്തിലെ സകല മനുഷ്യരും ആ ഏകലോക ചക്രവർത്തിയെ ദൈവമായി ആരാധിക്കണം എന്ന് കൽപ്പിക്കപ്പെടുന്ന ആ കാലത്ത് മരണം സഹിച്ചു കൊണ്ടും വിശ്വസ്തത പാലിക്കുന്ന ക്രിസ്തുവിന്റെ സാക്ഷികൾ കൊല്ലപ്പെടും എന്നുള്ളതാണ് മൃഗത്തിന് ലഭിക്കുന്ന താൽക്കാലിക വിജയം. എന്നാൽ തലയിലെ ഒരു രോമം പോലും നശിച്ചു പോകുന്ന നഷ്ടം ക്രിസ്തുശിഷ്യന്മാർക്ക് ഉണ്ടാകുകയില്ല. കർത്താവ് അവരെ ഉയർത്തെഴുന്നേൽപ്പിക്കും എന്നതിനാൽ അവർ പ്രാണനെ നേടുകയാണ് ചെയ്യുന്നത്. (ലൂക്കൊ. 21:16-19)
അങ്ങനെ, രണ്ടു സാക്ഷികൾ ആരെ പ്രതിനിധീകരിക്കുന്നുവോ ആ സഭയോട് ആഴത്തിൽ നിന്ന് കയറി വരുന്ന മൃഗം യുദ്ധം ചെയ്ത് സുവിശേഷീകരണ പ്രവർത്തനങ്ങളെ ഇല്ലാതാക്കും.

🌷 *വീഥിയിൽ കിടക്കുന്ന ശവം*
അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിലെ വീഥിയിൽ അവരുടെ ശവം കിടക്കും. (വെളി.11:8)
ക്രിസ്തുവിന്റെ സാക്ഷികൾ ചെയ്തുകൊണ്ടിരുന്ന സംഘടിതമായ സുവിശേഷ പ്രവർത്തനങ്ങൾ ഇല്ലാതാകുന്നു. ദൈവമക്കളിൽ അനേകരെ കൊന്നൊടുക്കി. സാക്ഷികളുടെ സാക്ഷീകരണത്തെ തകർത്തുകളഞ്ഞു. അനാഥമായി പെരുവഴിയിൽ കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട ശവത്തിന്റെ അവസ്ഥയാണ് സഭയ്ക്ക് ആ കാലത്ത് ലോകത്തിൽ ഉണ്ടാകുന്നത്. സഭയെ ചവറു പോലെ തള്ളിക്കളഞ്ഞിരിക്കുന്നു. ആരാലും മാനിക്കപ്പെടുന്നില്ല. എല്ലാവരും ക്രിസ്തുശിഷ്യന്മാരെ പകയ്ക്കുകയാണ് ചെയ്യുന്നത്. സങ്കീർത്തനം 79:1-3 ൽ പറഞ്ഞിരിക്കുന്ന അനുഭവം പോലെയാണ് ഇത്. അവിശ്വാസികളുടെ സമൂഹമായ ഈ ദുഷ്ട ലോകമാണ് മഹാനഗരം. ലോകമദ്ധ്യെ സഭയ്ക്ക് നേരിടുന്ന അവസ്ഥ അനാഥ പ്രേതത്തിന് തുല്യമാണ്. ആ അവസ്ഥ, മൂന്നര ദിവസം അഥവാ അൽപകാലം സകലമനുഷ്യരും കാണും.

*മഹാനഗരം*
അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതും ആണ് മഹാനഗരം. ഇത് യരുശലേം നഗരം അല്ല. കാരണം മഹാനഗരം എന്ന് വെളിപ്പാടിൽ പറഞ്ഞിട്ടുള്ളത് മഹതിയാം ബാബിലോണിനെ ആണ്. യരൂശലേമിനെ വിശുദ്ധ നഗരം എന്നാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, കർത്താവിനെ ക്രൂശിച്ചത് യരൂശലേം നഗരത്തിൽ അല്ല. നഗര വാതിലിന് പുറത്തുവച്ച് കഷ്ടം അനുഭവിച്ചു എന്നും, യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപം ആണെന്നും വചനത്തിൽ പറഞ്ഞിരിക്കുന്നു. അതിനാൽ നഗരത്തിനുള്ളിൽ അഥവാ നഗരത്തിൽ അല്ല. (വെളി. 18:10, 11:2, എബ്രാ. 13:12, യോഹ. 19:20)
👉 ദൈവജനം അവരുടെ സ്വന്തമല്ലാത്ത ദേശത്ത് ശത്രുക്കളുടെ മദ്ധ്യെ ജീവിക്കുന്ന പരദേശ വാസത്തെ കാണിക്കുന്നതാണ് ബാബിലോൺ എന്ന പേര്. അവിശ്വാസികളും മ്ലേഛ സ്വഭാവം ഉള്ളവരുമായ മനുഷ്യസമൂഹത്തെ ഒരു സ്ത്രീയായും, അവർ വസിക്കുന്ന ഈ ലോകത്തെ ഒരു മഹാനഗരം ആയും വെളി. 17,18 അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നു. ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും ഈ ലോകത്തിന് പേര് പറഞ്ഞിരിക്കുന്നത്, മ്ലേഛ സ്വഭാവം നിറഞ്ഞ അവസ്ഥയെയും ദൈവജനം ഉപദ്രവിക്കപ്പെടുന്ന അനുഭവത്തെയും കാണിക്കുന്നു.
സഭയെ തകർത്തു മുടിച്ച് സുവിശേഷീകരണ പ്രവർത്തനങ്ങളെ ഇല്ലാതാക്കിയിട്ട് ലോകം മതിമറന്നു സന്തോഷിച്ചു കൊണ്ടിരിക്കുമ്പോൾ.... അപ്പോൾ അതാ ക്രിസ്തുവിന്റെ സാക്ഷികൾ ദൈവത്തിന്റെ ജീവശ്വാസം ഉള്ളിൽ വന്നു ജീവിച്ച് എഴുന്നേൽക്കുന്നു. സഭ പുനരുത്ഥാനം പ്രാപിക്കുന്നു. ഇവിടെ കയറി വരുവിൻ എന്നൊരു മഹാശബ്ദം സ്വർഗ്ഗത്തിൽനിന്ന് പറയുന്നത് കേട്ടു അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്ക് കയറി.
(വെളി.11:12)

♦️കർത്താവിന്റെ രണ്ടാം വരവിങ്കൽ ആണ് സഭ ഉയർത്തെഴുന്നേൽക്കുന്ന തും ആകാശ മേഘങ്ങളിൽ എടുക്കപ്പെടുന്നതും എന്ന് വചനം പറയുന്നു. (1 തെസ്സ. 4:16,17) അതുതന്നെയാണ് ഇവിടെയും വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ഭൂകമ്പം ഉണ്ടാകുകയും, ഏഴാം കാഹളം ഊതുകയും, ദൈവത്തിന്റെ ക്രോധദിവസം വരികയും ചെയ്യുന്നു. പ്രതികാര ദിവസം സമാഗതമായി, ദൈവജനത്തിന് പ്രതിഫലവും മരിച്ചവർക്ക് ശിക്ഷാവിധിയും നൽകുവാനുള്ള കാലം വന്നു എന്നുള്ള പ്രഘോഷണം ഉണ്ടായതായി നാം വായിക്കുന്നു. കർത്താവിന്റെ രണ്ടാം വരവിങ്കൽ ലോകാവസാനം സംഭവിക്കുകയും മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിച്ച് ന്യായവിധി നടത്തി ദൈവജനത്തെ നിത്യജീവിതത്തിലേക്കും മറ്റുള്ളവരെ നിത്യ നരകത്തിലേക്കും അയയ്ക്കും എന്ന് വചനത്തിൽ നാം വായിക്കുന്നു. തുടർന്ന് ദൈവജനം പുതിയ ഭൂമിയിൽ എന്നെന്നേക്കും ജീവിക്കും. ആമേൻ, ഹല്ലേലൂയ്യാ.
(2 പത്രൊ. 3:10-13, യോഹ. 5:25-29, മത്താ.16:27, 25:31-46)

住所

Manjummel
Kochi-shi, Kochi
683501

ウェブサイト

アラート

Citizens of New Jerusalemがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

Citizens of New Jerusalemにメッセージを送信:

共有する

カテゴリー