10/06/2015
വിശുദ്ധ കുര്‍ബാനയുടെ ഒരുക്കം..
ഓര്‍ത്തഡോക്‍സ് വിശ്വാസത്തില്‍ഒരു ദിനം ആരംഭിക്കുന്നത് രാത്രി മുതല്‍ അല്ല, പ്രത്യുത സന്ധ്യ മുതല്‍ ആണ് (സന്ധ്യ മുതല്‍ സന്ധ്യ വരെ). അപ്രകാരം വി. കുര്‍ബാനയുടെ ഒരുക്കവും സന്ധ്യ മുതല്‍ ആരംഭിക്കുന്നു. വി. കുമ്പസാരവും ഏഴു നേരത്തെ യാമപ്രാര്‍ഥനകളും കല്പിക്കപെട്ട പ്രാര്‍ത്ഥനകളും നടത്തിയിട്ട് വേണം വിശ്വാസികള്‍ വി. കുര്‍ബാനയില്‍ സംബന്‍ധിക്കാവൂ എന്ന് പരിശുദ്ധസഭ നിഷ്കര്‍ശിക്കുന്നു. പൌരസ്ത്യ ഓര്‍ത്തഡോക്‍സ് ആശ്രമങ്ങളില്‍ സന്‍ധ്യാനമാസ്കാരത്തിന്‍ ശേഷം ആരും പരസ്പരം സംസാരിക്കുക കൂടി ഇല്ല. അത്രയേറെ പ്രാധാന്യത്തോടെ ആണ് വി.കുര്‍ബാനയ്ക്ക് ഒരുങ്ങേണ്ടത്. ഇത്രയും ഒരുക്കത്തിന്‍ ശേഷം പട്ടക്കാരന്‍റെ കരങ്ങളാല്‍ “ഹൂസോയോ” എന്ന പാപപരിഹാര പ്രാര്‍ത്ഥനയും കുര്‍ബാന സ്വീകരിക്കുന്ന വിശ്വാസികള്‍ പ്രാപിക്കേണ്ടതാകുന്നു. നമസ്കാരങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം വചനശ്രുശ്രൂഷയും സുദീര്‍ഘമായ അനുതാപപ്രാര്‍ഥനകള്‍ക്കും (പ്രോമിയോന്‍, ഹൂസോയോ, സെദറാ) ശേഷം മാത്രമാണ് വി. കുര്‍ബാന ആരംഭിക്കുന്നത്.
പൌരസ്ത്യ ഓര്‍ത്തഡോക്‍സ് സഭകളിലെ വി. കുര്‍ബാനയെ മൂന്നുഭാഗങ്ങളായി തിരിക്കാം: തൂയോബോ (ഒരുക്ക ശ്രുശ്രൂഷ – Prothesis), പരസ്യ ശ്രുശ്രൂഷ, കൃതജ്ഞതാ ശ്രുശ്രൂഷ (post communion).
തൂയോബോ (ഒരുക്ക ശ്രുശ്രൂഷ) – Prothesis
വിശ്വാസികള്‍ പള്ളിയകത്തെ പ്രാകാരത്തില്‍നിന്നു നമസ്കരിക്കുമ്പോള്‍ പുരോഹിതസ്ഥാനി വി.മദ്ബഹായില്‍ കയറി നടത്തുന്ന ശ്രുശ്രൂഷ ആണ് തൂയോബോ. ഈ സമയം മദ്ബഹ തിരശീലയിട്ട് മൂടിയിരിക്കും. യേശുവിന്‍റെ ജനനത്തിനായി പ്രാര്‍ഥനയോടെ കാത്തിരുന്ന യഹൂദരേപോലെയാണ് വിശ്വാസികള്‍ പുറത്തു നിന്ന് പ്രാര്‍ത്ഥിക്കുന്നതും പുരോഹിതനകത്ത് ഒരുങ്ങുന്നതും. തൂയോബൊക്ക് രണ്ടുക്രമം ഉണ്ട്:
1. മലക്കിസദേക്കിന്‍റെ ക്രമം. ഇവിടെ പുരോഹിതന്‍ ചിട്ടയായ പ്രാര്‍ഥനകളിലൂടെ അപ്പവീഞ്ഞുകളെ ത്രോണോസ്സിന്‍മേലായി (ബലിപീഠം) ക്രമപെടുത്തുന്നു. ഇവിടെ മാതാവിനോടും പരിശുധന്‍മാരോടും ഉള്ള മധ്യസ്ഥപ്രാര്‍ത്ഥനകളും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും കുര്‍ബാനയില്‍ ഓര്‍ക്കേണ്ട ആളുകളെയും സര്‍വജനതക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥനകളെല്ലാം പാപമോചനം യാചിക്കുന്നവയും അനുതാപപൂരിതവും ആണ്.
2. അഹരോന്‍റെ ക്രമം പുരോഹിതൻ അംശവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് പഴയ നിയമ യാഗങ്ങളുടെ പൂര്‍ത്തീകരണം ആണ് വിശുദ്ധ കുര്‍ബാന എന്നതിന്‍റെ സൂചകമായി ഈ ശുശ്രൂഷ നടത്തുന്നു.
തൂയോബോക്ക് ശേഷം വി. കുര്‍ബാന പരസ്യമായി ആരംഭിക്കുന്നതിനു മുന്നമായി പഴയനിയമ വായന ക്രമീകരിച്ചിരിക്കുന്നു. ഇത് പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണം ആണ് പുതിയനിയമം എന്നും, പഴയനിയമം ഇല്ലാതെ പുതിയനിയമം ഇല്ലെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം ക്രിസ്തുവിന്‍റെ ജനനം കാത്തിരുന്ന യിസ്രായേലുകാരുടെ അവസ്ഥയും നമ്മെ ധ്യാനിപ്പിക്കുന്നു.
പരസ്യാരധന (The Public Rite)
പരസ്യാരധന എന്ന വി. കുര്‍ബാനയുടെ രണ്ടാം ഭാഗത്തെ വീണ്ടും രണ്ടു ഭാഗങ്ങള്‍ ആയി തിരിക്കാം: പൊതുവായുള്ള പരസ്യാരാധനയും അനഫോറയും. പരസ്യാരാധന ആരംഭിക്കുന്നത് “നിന്നെ പ്രസവിച്ച മറിയാമും….” എന്നാണ്, അപ്പോള്‍ മറ നീക്കുന്നു. ഇതിനു ഒരു അര്‍ഥം ഉണ്ട്. വി.മര്‍ത്തമറിയം അമ്മയുടെ ഉദരം ആകുന്ന മറവിടത്തില്‍നിന്നും ലോകത്തിലേക്ക് (പുല്‍കുടിലില്‍) യേശു ജനിച്ചു വീണു. ആ സമയം മദ്ബഹ പുല്‍കൂടിനെയും ത്രോണോസില്‍ ജാതംചെയ്ത ക്രിസ്തുവിന്‍റെ സാന്നധ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍, കാഴ്ചകള്‍ അര്‍പ്പിച്ചു വണങ്ങിയ വിദ്വാന്‍മാരെ പോലെ പുരോഹിതന്‍ ധൂപം അര്‍പ്പിച്ചു ബലിപീഠം ചുറ്റി നാല്കോണുകളും ചുംബിക്കുന്നു. പുരോഹിതന്‍റെ മുന്നിലും പുറകിലും ചിറകടിക്കുന്ന മാലാഖമാരെ പോലെ മരുവഹ്സാകള്‍ (ഓര്‍ത്തഡോക്‍സ് ആരാധനയില്‍ ഉപയോഗിക്കുന്ന മാലാഖമാരുടെ രൂപം കൊത്തിയ മണികളോട് കൂടിയ കിലുക്കുന്ന ഒരു ഉപകരണം) പറന്നു ശബ്ദം ഉണ്ടാക്കുന്നു. പുരോഹിതന്‍റെ മുന്നില്‍ കത്തിയ മെഴുകുതിരി പിടിച്ചുകൊണ്ട് പോകുന്നു. അത് ഇടയരെ വഴികാണിച്ച വാനിലെതാരത്തെ സൂചിപ്പിക്കുന്നു. ഈ സമയം “നിന്‍ മാതാവ് വിശുദ്ധന്‍മാർ…..”എന്ന ഗാനം ആലപിക്കുന്നു. ഈ ഗാനത്തില്‍ യേശു ആരാണെന്നും എന്താണെന്നും എന്തിനുവേണ്ടി മനുഷ്യനായി എന്നുള്ളതും ഓര്‍ത്തു ധ്യാനിച്ച് കൊണ്ട് ദൈവത്തോട് കൃപ യാചിക്കുന്നു. യേശുവിന്‍റെ ജനനം സര്‍വജനത്തിനും ആണെന്നുള്ളത്‌കൊണ്ട് എല്ലാവര്‍ക്കും ധൂപംവീശിയിട്ട് പുരോഹിതന്‍ ത്രൈശുദ്ധകീര്‍ത്തനത്തിലേക്ക് കടക്കുന്നു. ഇത് കര്‍ത്താവ് ശുദ്ധനും ശക്തിമാനും മരണം ഇല്ലാത്തവനും ആണെന്ന എടുത്തുപറഞ്ഞു ദൈവത്തെ സ്തുതിക്കയും നമുക്കായി ക്രിസ്തു സഹിച്ച കഷ്ടതയും ക്രൂശുമരണവും ഓര്‍ത്തു ദൈവത്തോട് കരുണ യാചിക്കുകയും ചെയ്യുന്നു.
പൊതുവായുള്ള പരസ്യാരാധന (Rite of Catechumens)
ആദ്യം അപ്പോസ്തോലപ്രവര്‍ത്തികളില് നിന്നോ പൊതു ലേഖനത്തില്‍ നിന്നോ വായിക്കുന്നു. ഇത് ആദ്യം വചനം യഹൂദരോടരിയിച്ചതിനെ സൂചിപ്പിക്കുന്നു. പിന്നീട് പൌലോസ് ശ്ലീഹ എഴുതിയ ലേഖനം വായിക്കുന്നു. ഇത് ജാതികളോടു സുവിശേഷം അറിയിച്ചതിനെ ഒര്‍പ്പിക്കുന്നു. ശേഷം പുരോഹിതന്‍ ഏവന്‍ഗെലിയോന്‍ (സുവിശേഷം) വായിക്കുന്നു. സഭ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് ക്രിസ്തുവിന്‍റെ ജീവിതത്തെ ആധാരമാക്കി ഓരോ ദിവസ്സവും വായിക്കേണ്ട വേദഭാഗങ്ങളെ വളരെ ചിട്ടയോടും ചേര്‍ച്ചയോടും കൂടെ ക്രമീകരിച്ചിരിക്കുന്നു. അതോടെ വചനശ്രുശ്രൂഷ അവസാനിക്കുന്നു. ശേഷം അനഫോറ ആരംഭിക്കുന്നതിനു മുന്‍പേ അവസാനഘട്ട ഒരുക്കം എന്നതുപോലെ പ്രോമിയോന്‍ (preface) വായിച്ച് ഹൂസോയോ (പാപപരിഹാര പ്രാര്‍ത്ഥന) ചൊല്ലി സെദറാ വായിക്കുന്നു. വളരെ ആഴമേറിയ അര്‍ത്ഥങ്ങളെ വഹിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ കരുണയും പാപമോചനവും നിത്യജീവനും യാചിക്കുന്നതും വാങ്ങിപോയവരെ ഓര്‍ക്കുന്നതും ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങളെ ചോദിച്ചുവാങ്ങുന്നതും ആകുന്നു. നിരയായുള്ള ഈ പ്രാര്‍ഥനകളുടെ അവസാനത്തിലായി ധൂപകുറ്റിവാഴ്വു (കര്‍ത്താവിന്‍റെ മാമൂദീസ). ഇവിടെ പിതാവിനെയും പുത്രനെയും പരിശുധാത്മാവിനെയും സ്തുതിക്കയും അവര്‍ മൂന്നു വ്യക്തികളും ഏകസാരാംശം ആണെന്നും നമ്മെ ചൂണ്ടികാണിക്കുകയും ചെയ്യുന്നു (ധൂപകുറ്റിയില്‍ പലതായി വെവേറെ ഉള്ള ചങ്ങലകളെ ക്രമമായി ചേര്‍ത്ത് പിടിച്ചു ഒന്നാക്കുന്നത് മൂലം ഇത് സാധിക്കുന്നു). ഒരേ സമയത്തുള്ള ത്രിത്വത്തിന്‍റെ സാന്നിധ്യത്തെ കാരണം ഇത് നമ്മെ കര്‍ത്താവിന്‍റെ മാമോദീസയെ ഒര്‍പ്പിക്കുന്നു. അവിടെ എല്ലാവരും ചേര്‍ന്ന് വിശ്വാസപ്രമാണം ഏറ്റുചൊല്ലുന്നു. ഇനിയുള്ള ആരാധന വിശ്വാസികള്‍ക്ക് മാത്രമുള്ളതാണ് അതിനാല്‍ അന്യരും അവിശ്വാസികളും പുറത്തുപോകൂ എന്ന മൌന ആഹ്വാനവുമായി ശ്രുശ്രൂഷക്കാരന്‍ ധൂപം വീശി പള്ളിയുടെ പടിഞ്ഞാറേ നട വരെ വരുന്നു. ഈ സമയം “യാചിക്കെണ്ടും സമയമിത..”എന്ന ഗാനം പാടുന്നു. പാട്ടിനെ അര്‍ത്ഥവത്താക്കി കൊണ്ട് പുരോഹിതന്‍ പേരുകള്‍ ഓര്‍ത്തു എല്ലാവര്‍ക്കും ആയി കരുണകളും പാപമോചനവും യാചിക്കുന്നു. “സ്തൌമെന്‍കാലൊസ്” (Let us stand well): ശ്രുശ്രൂഷക്കരന്‍റെ നല്ലവണ്ണം നില്‍ക്കുക വി. കുര്‍ബാന ആരംഭിക്കുന്നു എന്ന ആഹ്വാനത്തോടെ അനഫോറ ആരംഭിക്കുന്നു.