17/03/2025
"ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"
തങ്ങളുടെ മുന്നിൽ കാത്തിരിക്കുന്നത് അവർ പ്രതീക്ഷിക്കുന്ന അബൂസുഫിയാന്റെ കച്ചവടസംഘമല്ല മറിച് സർവായുദ്ധസജ്ജരായ ഖുറൈശി സൈന്യമാണ്.
നാല്പതോളം ആളുകളടങ്ങുന്ന കച്ചവടസംഘത്തെ നേരിടാൻ തയ്യാറായി വന്ന അവർക്ക് തങ്ങളിനി നേരിടേണ്ടി വരുന്നത് ആയിരത്തോളം വരുന്ന ഖുറൈശി സംഘത്തയാണെന്ന യാഥാർഥ്യം മനസിലാക്കിയ ആ നിമിഷം..!
ഈ സാഹചര്യത്തിൽ പിന്മാറൽ ഭിരുത്വമാണ്..! കാരണം, ഞങ്ങളെങ്ങാനും പേടിച്ച് പിന്മാറുകയാണെങ്കിൽ അഹങ്കാരിയായ അബൂജഹലിന്റെയും സംഘത്തിന്റെയും പക്കൽ നിന്ന് അതിന്റെ പരിണിതഫലം അവർ പിന്നീടുള്ള യാത്രയിൽ മുഴുനീളെ അനുഭവിക്കേണ്ടി വരും. മാത്രമല്ല, മദീനയിൽ ഖുറൈശികളെ മനസ്സ്കൊണ്ട് പിന്തുണകുന്ന മൂനാഫിക്കുകളും ജൂതന്മാരും തങ്ങളുടെ ദൗർബല്യമെങ്ങാനും മനസ്സിലാക്കിയാൽ, അവരൊക്കെയും ഒരുമിച്ച് ചേർന്നാൽ, പിന്നീട് തങ്ങളുടെ അതിജീവനം മദീനയിലും അസാധ്യമാണ്. അത്കൊണ്ട് മുന്നോട്ടുള്ള നിലനിൽപ്പിനായി അവിടെ ആ യുദ്ധം അവർക്ക് അനിവാര്യമായി വരികയാണ്...!
യുദ്ധം പ്രതീക്ഷിച്ചിട്ടല്ല അവർ ഇറങ്ങി പുറപ്പെട്ടത്..!
മാത്രമല്ല, അതിനു വേണ്ടിയുള്ള യാതൊരു ഒരുക്കവും അവരുടെ കൈവശമില്ല.നാല്പതു ആളുകളടങ്ങുന്ന അബൂസുഫിയാന്റെ ചെറിയസംഘത്തിന് പകരം അവരെ തേടി വരുന്നത് അബൂജഹലും, ഖുതുബയും, ഷൈഭയും, ഉമ്മയ്യ്ബ്നു ഖലഫും,ഉക്‌ബയും അടങ്ങുന്ന മക്കയുടെ കണ്ണും കരളുമാണ്.ആയിരത്തോളം വരുന്ന ആ ശത്രു സൈന്യത്തിന് മുൻപിൽ ധീരതയോടെ മുന്നേറുക മാത്രമാണ് ഇനിയുള്ള ഏക പോംവഴി...!
ഇതവരുടെ ഒടുക്കത്തെ മുന്നേറ്റമാണെന്ന് വിധിയെഴുതിയവരുടെ പരിഹാസത്തിന് മുൻപിൽ അവർ അവരുടെ നേതാവിന്റെ പ്രതികരണം കാത്തിരിക്കുകയാണ്...വരാനിരിക്കുന്ന തങ്ങളുടെ വിധിയെ തന്റെ മാത്രമായൊരു തീരുമാനത്തിലേക്ക് മടക്കാതെ ആ സംഘത്തിന്റെ നേതാവ് മുഹമ്മദ് (സ) അവിടെ കൂടിയ മുഹാജിറുകളോടും അൻസാറുകളോടുമായി ചോദിച്ചു...:
"ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"
ആ ചോദ്യത്തിന് മറുപടിയെന്നോണം മുഹാജിറുകളുടെ ഭാഗത്ത് നിന്ന് അബൂബക്കർ സിദ്ധീഖ് (റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു:
"പ്രവാചകരെ,നിങ്ങൾ ധൈര്യത്തോടെ മുന്നേറുക...ഞങ്ങൾ താങ്കളുടെ കൂടെയുണ്ട്..!"
അബൂബക്കർ(റ വിന്റെ മറുപടികേട്ടു നിന്ന പ്രവാചകൻ വീണ്ടും അതേ ചോദ്യം തന്നെ ആ സദസ്സിനോട് ചോദിച്ചു :
"ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"
അപ്പോൾ സദസ്സിൽ നിന്ന് ഉമർ (റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു:
"റസൂലെ,ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം.. സധൈര്യം മുന്നോട്ട് പോവുക...!"
രണ്ട് തവണയും ഞങ്ങൾ തയ്യാറാണെന്നുള്ള മറുപടി കേട്ടിട്ടും പ്രവാചകൻ വീണ്ടും അവരോട് ചോദിക്കുയാണ്..:
"ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"
സദസ്സിൽ നിന്ന് മിഖ്ദാദ് (റ) പറഞ്ഞു:
"പ്രവാചകരെ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക, ഒരിക്കലും മൂസ(അ)ന്റെ അനുയായികൾ അദ്ദേഹത്തോട് പറഞ്ഞത്പോലെ നന്ദികെട്ട വാക്കുകൾ ഞങ്ങൾ പറയുകയില്ല..നിങ്ങൾ യുദ്ധം ചെയ്യുക, ഞങ്ങൾ നിങ്ങളുടെ കൂടെ തന്നെയുണ്ടാകും..നിങ്ങളുടെ ഇടതും വലതും മുൻപിലും പിന്നിലും നിന്ന് ഞങ്ങൾ ശക്തമായി പോരാടും.. "
ആ മൂന്ന് പേരുടെ അനുകൂല മറുപടികൾ കേട്ടിട്ടും വീണ്ടും പ്രവാചകൻ അവരോട് അതേ ചോദ്യം തന്നെ ആവർത്തിച്ചു: "ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"
ആ സദസ്സിലെ ഏറ്റവും പ്രധാനപെട്ട മൂന്നാളുകൾ,അവരെ പ്രതിനിധീകരിച്ച് തൃപ്തികരമായ മറുപടികൾ പറഞ്ഞിട്ടും എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ആ ചോദ്യം പ്രവാചകൻ ആവർത്തിക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന അവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ എഴുന്നേറ്റ് നിന്ന് ചോദിച്ചു :
"റസൂലെ...ഞങ്ങളുടെ പ്രതികരണത്തിനാണോ നിങ്ങൾ കാത്തിരിക്കുന്നത്..?"- അൻസാറുകളുടെ നേതാവ് ഔസ് ഗോത്രത്തിന്റെ തലവൻ സഅദ് ഇബ്നു മുആദ്(റ) ആയിരുന്നത്...സഅദ്(റ)ന്റെ ആ ചോദ്യത്തിന് മറുപടിയായി പ്രവാചകൻ പറഞ്ഞു:
"അതെ..നിങ്ങളുടെ അഭിപ്രായമാണ് എനിക്ക് അറിയേണ്ടത്...!"
ആ കൂട്ടത്തിലുള്ള പ്രധാനപ്പെട്ട എല്ലാവരും ഒരുപോലെ അനുകൂല മറുപടികൾ പറഞ്ഞിട്ടും വീണ്ടും പ്രവാചകൻ ആ ചോദ്യം ചോദിക്കാനുള്ള കാരണം എന്താണെന്നുള്ളത് പിന്നീടാണ് അവർക്ക് മനസ്സിലായത്.ആദ്യം മറുപടി പറഞ്ഞ മൂന്നാളുകളും മുഹാജിറുകളിൽ പെട്ടവരായിരുന്നു(മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ വന്നവർ) പക്ഷെ,നബി(സ) അറിയേണ്ടത് അൻസാറുകളുടെ(മദീനക്കാരുടെ) പ്രതികരണമായിരുന്നു. കാരണം മദീനക്കാരുമായി പ്രവാചകന്റെ കരാറനുസരിച്ച് മക്കയിൽ നിന്ന് പാലായനം ചെയ്യപ്പെട്ട തങ്ങളെ മദീനയിൽ വെച്ച് കൊണ്ട് സംരക്ഷിക്കാമെന്നും, പ്രതിരോധത്തിന് അവരെ സഹായിക്കാമെന്നുമായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം അവരുടെ കരാറിനു നേരെ വിപരീതമാണ്.
ഇവിടെ സംഭവം അരങ്ങേറാൻ പോകുന്നത് മദീനക്ക് പുറത്താണ് മാത്രമല്ല അവരെ തേടി വരുന്നത് അവർ പ്രതീക്ഷിച്ച സംഘവുമല്ല...!
സാഹചര്യമങ്ങനെ ആയത്കൊണ്ട് തന്നെ അവരുടെ പിന്തുണ ചോദിച്ചു വാങ്ങേടത് തന്റെ കടമയാണെന്ന ബോധ്യത്തോടെയാണ് നബി(സ) ആ ചോദ്യമങ്ങനെ ആവർത്തിച്ചകൊണ്ടിരുന്നത്..!
പ്രവാചകന്റെ ചോദ്യത്തിന് പിന്നിലുള്ള ഉദ്ദേശം മനസ്സിലായ സഅദ്(റ) എഴുന്നേറ്റ് നിന്ന്കൊണ്ട് പറഞ്ഞു:
"റസൂലെ..ഞങ്ങൾ നിങ്ങളിലും നിങ്ങൾ പറഞ്ഞ മുഴുവൻ കാര്യങ്ങളിലും വിശ്വസിച്ചവരാണ്, നിങ്ങൾ കൊണ്ടുവന്ന എല്ലാ കാര്യങ്ങളും സത്യമാണെന്ന് ഒന്നടങ്കം സാക്ഷ്യപെടുത്തിയ ആളുകളാണ്, അത്കൊണ്ട് തന്നെ നിങ്ങൾ ഇഷ്ട്ടമുള്ള ആളുകളോട് ബന്ധം സ്ഥാപിക്കുക,ഇഷ്ടമുള്ള ആളുകളുമായി ബന്ധം മുറിക്കുക. നിങ്ങൾ ഞങ്ങളുടെ സമ്പത്തിൽ നിന്ന് ഇഷട്ടമുള്ളത് എടുക്കുക,ഇഷ്ട്ടമുള്ളത് തിരികെ തരിക,നിങ്ങൾ ഞങ്ങളിൽ നിന്ന് വാങ്ങുന്നതാണ് ഞങ്ങൾക്ക് പ്രിയങ്കരം, വാങ്ങാതിരിക്കുന്നത് സങ്കടവും..,
പ്രവാചകരെ, നിങ്ങൾ എന്താണോ കൽപ്പിക്കുന്നത് അത് തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. ഇനി താങ്കൾ യാത്ര ചെയ്ത് ഭൂമിയുടെ ഏതറ്റത്തേക്ക് ക്ഷണിച്ചാലും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും, അതിനി സമുദ്രത്തിലേക്ക് പ്രവേശിക്കാൻ പറഞ്ഞാൽ അതിനും ഞങ്ങൾ സന്നദ്ധരാണ്. ആയതിനാൽ..,
താങ്കൾ ഉദ്ദേശിക്കുന്ന വഴിയിൽ നീങ്ങി കൊള്ളുക, എവിടേക്കാണെങ്കിലും ഞങ്ങൾ നിങ്ങളുടെ പിറകിലുണ്ടാകും.ഞങ്ങളുടെ കൂട്ടത്തിൽ ഒരാളും മടിച്ച് നിൽക്കുകയില്ല,യുദ്ധത്തിൽ ക്ഷമയും പോരാട്ടത്തിൽ ആത്മാർത്ഥതയുമുള്ള ആളുകളാണ് ഞങ്ങൾ..,
താങ്കളുടെ കണ്ണിന് കുളിർമയേക്കുന്ന ചില രംഗങ്ങൾ ഞങ്ങളിലൂടെ അല്ലാഹു ചിലപ്പോൾ നിങ്ങൾക്ക് കാണിച്ചു തന്നേക്കാം.അത് കൊണ്ട്, സൃഷ്ട്ടാവിന്റെ അനുഗ്രഹത്താൽ ഞങ്ങളെയും കൊണ്ട് താങ്കൾ മുന്നോട്ട് പോവുക."
സഅദ് ബ്ന് മുആദ്(റ) ന്റെ മനോഹരമായ ഈ മറുപടി കേട്ട് റസൂൽ സന്തോഷിക്കുകയും മുഖം പ്രസ്സനമുള്ളതാവുകയും ചെയ്തു.
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിന്റെ തുടക്കത്തിലേക്ക് ഭൗതികതയുടെ സകലതിനെയും വെല്ലുവിളിച്ച് ആ കൊച്ചു സംഘത്തെയും വഹിച്ച് അവരുടെ നേതാവ് മുഹമ്മദ് (സ) മുന്നോട്ട് നീങ്ങി..ആ ബദറിലേക്ക്...!
ബദർ:എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്..[2:249]
Courtesy ✍️🏻 : Nihad Sayed