22/03/2018
33. ഓശാനാ (ഓ! ദൈവമേ ഞങ്ങളെ രക്ഷിക്കണമേ). O! Lord Save us.
December 4, 2014 at 12:50pm
Fr. Joy Jacob David.
വായനക്ക്: യോഹ. 12:12-19. മത്താ. 21:1-3, മാർക്ക്. 11:1-10, ലുക്കോ. 19:29-38. "സീയോൻ പുത്രീ... ഭയപ്പെടേണ്ടാ ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറി വരുന്നു." യശ. 40:9, സെഘ. 9:9. 'ഓശാനാ' എന്ന വാക്കിന്റെ അർഥം "ദൈവമേ ഞങ്ങളെ രക്ഷിക്കാ" എന്നാണു. സങ്കീ. 118: 25-26. "കര്ത്താവിന്റെ നാമത്തിൽ വരുന്നവനായ മശിഹാ ഞങ്ങളെ രക്ഷിക്കുക" എന്നാണു അവർ ആർത്തു പറഞ്ഞത്. ഈ രക്ഷ, മശിഹാക്ക് മാത്രം കഴിയുന്ന ഒരു കാര്യവും ആണ്. തന്മൂലം അവർ (സാമാന്യ ജനം) അവനെ മശിഹ എന്ന് ആ ദിവസം സ്വീകരിച്ചു എന്നാണു അതിനാൽ കാണിക്കുന്നത്.
യുദ്ധത്തിന്നായി രാജാക്കന്മാർ കുതിരയെ ഉപയോഗിച്ചിരുന്നെങ്കിലും സമാധാനം ആശംസിച്ചു കൊണ്ട് പ്രവാചകന്മാരും രാജാക്കന്മാരും യാത്ര ചെയ്തിരുന്നത് കഴുതമേൽ ആയിരുന്നു. ദൈവ ജനമായ യിസ്രായേലിന് സമാധാനം ആശംസിച്ചു കൊണ്ട് ദൈവാലയത്തിലേക്കു ഒരു രാജാവിന്റെയും പ്രവാചകന്റെയും പ്രൌഡിയോടെ എഴുന്നള്ളിയ യേശു മശിഹായെ ആബാലവൃദ്ധം ജനം "ഓ, മശിഹായെ ഞങ്ങളെ രക്ഷിക്കാ" എന്ന് ആർത്തു പാടി സ്വീകരിച്ചു. എന്നാൽ യഹൂദാ പ്രമാണികൾ അന്ന് അവനെ കൊല്ലുവാൻ പദ്ധതി തയ്യാറാക്കി ! ആ യഹൂദാ പ്രമാണിമാർ ഓശാനാ പാടിയ ജനത്തെ കൊണ്ട് തന്നെ അവനെ "ക്രൂശിക്കാ...ക്രൂശിക്കാ" എന്ന് ആർത്തു പറയിപ്പിച്ചു !! തുടർന്ന് വെള്ളിയാഴ്ച അവനെ അവർ ക്രൂശിക്കയും ചെയ്തു. അധികാരം തലയ്ക്കു പിടിച്ച മനുഷ്യർ മദ്യം കുടിച്ചിരിക്കുന്നവരെ പോലെ ധിക്കാരികളും അഹങ്കാരികളും സുബോധം നഷ്ടപ്പെട്ടവരും ആയിരിക്കും. അവർക്കു അവരുടെ അധികാരം നിലനിർത്തുക എന്നതിലുപരി മറ്റൊന്നും ചിന്തിക്കാനുണ്ടാകയില്ല. ഒരു കുടുംബത്തെയോ ദേശത്തെയോ രാജ്യത്തെയോ പോലും അതിനുവേണ്ടി ബലി കഴിക്കുവാനും അവർ തയ്യാറാകും. ലോകത്തുണ്ടായിട്ടുള്ള അനേകം യുദ്ധങ്ങൾ കോടാകോടി മനുഷ്യരുടെ ബലിയിലൂടെയല്ലേ പരിസമാപ്തിയിൽ എത്തിയത്...?!!! അവയിലൂടെ ചിലരുടെ എല്ലാം വെക്തി താല്പര്യങ്ങളും അധികാരങ്ങളും മാത്രമല്ലേ പരിരക്ഷിക്കപ്പെട്ടതു... ?!
ഓശാനാ കഴിഞ്ഞിട്ട് ഉടനെ തന്നെ സംഭവിച്ച മറ്റൊരു കാര്യം അവൻ ശപിച്ച അത്തി വൃക്ഷം ഉണങ്ങിപ്പോയി എന്നതായിരുന്നു. മത്താ. 21: 18-22. മാർക്ക്. 11:13. അവൻ അങ്ങോട്ടുള്ള യാത്രയിൽ വിശന്നിട്ടു തളിർത്ത് നിന്ന ഒരു അത്തി വൃക്ഷത്തെ സമീപിച്ചു എന്നാൽ അതിൽ ഇല അല്ലാതെ ഒന്നും കണ്ടില്ലാ. ഇനി നിന്നിൽ നിന്ന് ആരും ഒന്നും ഭക്ഷിക്കാതെ പോകട്ടെ എന്ന് അവൻ ശപിച്ചു. ഇത് ഇസ്രയേലിനെ സംബന്ധിച്ചും ശരിയാണ്. അത്തി മരം ഇസ്രായേലിന്റെ കോടി അടയാളം ആയിരുന്നു. ഇസ്രായേൽ ജനത്തിന്റെ സിംബൽ (പ്രതിരൂപമായും) ആയും വചനത്തിൽ അത്തിയെ ദൈവം വെളിപ്പെടുത്തുന്നു.
യേശുവിനെ ഓശാനാ പാടി സ്വന്തം ജീവിതത്തിന്റെ രക്ഷകനായി സ്വീകരിച്ച അനേകർ ഇന്ന് ആ ആദ്യസ്നേഹത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു...! വളരെ പരിതാപകരം തന്നെ. ഓശാനാ പാടാൻ എളുപ്പമാണ്... പക്ഷെ ജീവിത ശോധനകളിൽ വിജയിക്കക എന്നതാണ് പ്രയാസം. യേശുവിനെ രക്ഷകനായി ബുദ്ധിപരമായി സ്വീകരിക്കുമ്പോൾ തന്നെ അവനോടുള്ള വീണ്ടെടുപ്പിൻ സ്നേഹത്തെ നഷ്ടപ്പെട്ട അവസ്ഥയിലും ആകാനുള്ള സാദ്ധ്യത ഉണ്ട് എന്ന് കാണുന്നു...! ഇന്ന് പെന്തക്കോസ്തു അനുഭവത്തിൽ ആയിരുന്ന പലരുടെയും സ്നേഹം തണുത്തു പോയിരിക്കുന്നു. യേശു ദൈവ പുത്രൻ ആണെന്നറിയാം പക്ഷെ പരിഭവവും പിറുപിറുപ്പും നിരാശയും മൂലം വീണ്ടെടുപ്പിൻ സ്നേഹം നഷ്ടപ്പെട്ടിരിക്കുന്നു...!!!
സൃഷ്ടാവിനു വിശന്നപ്പോൾ ഒന്നും കൊടുക്കാത്തവർ ഇന്നും ഉണ്ട്. എനിക്ക് വിശന്നു നിങ്ങൾ എനിക്ക് ഭക്ഷിപ്പാൻ തന്നു എനിക്ക് ദാഹിച്ചു നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു, എന്ന് ഈ യേശു പ്രശംസിക്കുന്നവരായ ചിലരെല്ലാം ഇന്നും ഉള്ളത് കൊണ്ട് ഈ ഭൂമി ഇന്നും ഉരുളുന്നു ! എന്നാൽ യേശുവിനു കുടിക്കാനും കഴിക്കാനും കൊടുത്തിട്ടു പിന്നീട് "എടോ ഞാൻ തനിക്കു അവയെല്ലാം തന്നത് ഞാൻ ഉദ്ദേശിച്ച 'ഇന്നിന്ന...' കാര്യങ്ങൾ എല്ലാം എന്റെ ഇഷ്ട പ്രകാരം ചെയ്‌വാനായിരുന്നു, അങ്ങനെ താൻ ചെയ്യാത്തത് കൊണ്ട് ഞാൻ തന്നതെല്ലാം ഇങ്ങു തിരികെ തന്നേര്" എന്ന് പറഞ്ഞു കഴുത്തിനു കുത്തിപ്പിടിക്കുന്നവരും ഉണ്ട്...! എനിക്ക് ഒരു അച്ചനെ അറിയാം. ഒരിക്കൽ ഒരാൾ അച്ചോ ഇതാ കുറച്ചു രൂപ. അത് ആരെയെങ്കിലും അച്ഛൻ സഹായിച്ചോ... അതിന്റെ ഒരു കണക്കും എന്നോട് പറയണ്ട. അച്ചന്റെ ഇഷ്ടം പോലെ ചെയ്തോ. എന്ന് പറഞ്ഞു കൊടുത്തിട്ടു കുറച്ചു കഴിഞ്ഞു അച്ചാ അത് അച്ചൻ എന്നാ ചെയ്തേ ഞാൻ അത് അച്ചൻ 'ഇന്നിന്ന...' പ്രകാരം എല്ലാമാണ് ചെയ്യുമെന്നാണ് ഓർത്തത്. എന്ന് പറഞ്ഞു അത് മുഴുവൻ തിരികെ മേടിച്ചു. അദ്ദേഹം അതിനു വളരെ കഷ്ടപ്പെട്ടു എന്ന് ഞാൻ അറിയുന്നു...! സ്തോത്രം.
അത് അത്തിപ്പഴത്തിന്റെ കാലം അല്ലായിരുന്നു! ഇതറിയാവുന്ന യേശു എന്നിട്ടും അങ്ങനെ ചെയ്തത് ശരിയോ എന്ന് ചിന്തിച്ചു പോകാം. പക്ഷെ യേശു നമ്മോടും ഇതല്ലയോ പറയുന്നത് ? "സമയത്തും അസമയത്തും ഒരുങ്ങി നില്ക്കാ" എന്നാണു. യജമാനൻ വന്നു വാതിലിൽ മുട്ടുമ്പോൾ തുറന്നു കൊടുക്കെണ്ടതിനു നിയമിച്ചാക്കപ്പെടുന്ന വിശ്വസ്തരായ മേൽവിചാരകന്മാർ അങ്ങനെ ആയിരിക്കണം. എല്ലാം ചെയ്ത ശേഷം "ഞാനോ പ്രയോജനമില്ലാത്ത ദാസൻ ചെയ്യേണ്ടതെ ചെയ്തുള്ളൂ" എന്നും പറയണം. പകൽ മുഴുവൻ പാടത്തു വെയിലിൽ കഠിനമായി അദ്ധ്വാനിച്ചിട്ടു ഭവനത്തിൽ വന്നു ഭക്ഷണം ഉണ്ടാക്കി യജമാനന് വിളമ്പി കൊടുത്തിട്ട് ശുസ്രൂഷിച്ചു നില്ക്കണം !!! എന്നിട്ടും ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ അടുത്ത പണി ചെയ്യാൻ പോകണം !!! ഇത് കഠിനം എന്ന് തോന്നാം. പക്ഷെ തന്റെ കഠിനമായ പാപങ്ങൾ എല്ലാം ക്ഷമിച്ചു തന്ന ആത്മ മണവാളനോടുള്ള ആഴമായ സ്നേഹത്തിൽ ആയിരിക്കുന്ന ആ പാപിനിയായ സ്തീക്കു അങ്ങനെ തോന്നില്ലാ... നിശ്ചയം. നമ്മുടെ ആദ്യ സ്നേഹം നഷ്ടപ്പെട്ടാൽ നാമും പിറുപിറുക്കാൻ ആരംഭിക്കും. അതുണ്ടാകാതെ ഇരിക്കാൻ ശ്രദ്ധിക്കാം. യഹൂദ ജാതി തക്ക സമയത്ത് ഫലം കൊടുക്കാതെ അത് ഉണങ്ങിപ്പോയി. പകരം നമ്മെ തിരഞ്ഞെടുത്തു, നല്ല ഫലം പുറപ്പെടുവിക്കാൻ ആക്കിവച്ചിരിക്കുന്നു.
ഒരിക്കൽ ഞാൻ മാനസാന്തിരപ്പെട്ട കാലത്തു 1973 ൽ ഒരു അക്രൈസ്തവനായ വ്യക്തിയെ സഹായിക്കാൻ അന്നത്തെ അമ്പലമുകളിലെ കൂട്ടായ്മക്കാരെ കൂട്ടി ഞാൻ ശ്രമിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രാർത്ഥനാ കൂട്ടായ്മയിൽ സ്ഥിരം വന്നുകൊണ്ടിരിക്കയും ആയിരുന്നു അന്ന്. കൂലിപ്പണിക്ക് പോയ അദ്ദേഹത്തെ ഒരിക്കൽ പട്ടി കടിച്ചു. അതിനു പേവിഷ ഉണ്ടോ എന്ന് സംശയം. ചികിത്സക്കായി കുറെ രൂപ ഞാൻ പലരിൽ നിന്നും കളക്ഷൻ എടുത്തു അദ്ദേഹത്തിന് കൊടുത്തു. എന്നാൽ ആ തുക മുഴുവനും ചികിത്സക്ക് വേണ്ടിവന്നില്ല. ആ പട്ടിക്ക് പേബാധ ഇല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമായി. അദ്ദേഹം അതുകൊണ്ടു അതിൽ കുറച്ചു രൂപ ഭക്ഷണത്തിനും മറ്റുമായി ചിലവാക്കി. അതറിഞ്ഞ ചിലർ പ്രശ്നമുണ്ടാക്കി. അയാൾക്ക് കൊടുത്തത് വെറുതെയായിപ്പോയി. ആ തുക തിരികെ വാങ്ങണം എന്നവർ പറഞ്ഞു. എന്നാൽ ഞാൻ അതിനെ ശക്തമായി എതിർത്തു. നമ്മുടെ ദാനം സ്വീകരിക്കുന്ന ഒരു ദരിദ്രന് അഭിമാനവും സ്വതന്ത്ര തീരുമാനത്തിന് അവകാശവും ഉണ്ട് എന്ന് ഞാൻ വാദിച്ചു. ദൈവ നാമത്തിൽ നാം ചെയ്യുന്ന ഒരു സഹായം അത് ദൈവത്തിനാണ് കൊടുത്തത്. അതിനു പിന്നെ അവകാശവാദം ഉയർത്തുന്നത് ശരിയല്ല; പാപമാണ്.
ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്ത് ഫലം കായിക്കുന്നതും ഇല വാടാത്താതുമായ വൃക്ഷം പോലെ നമുക്ക് ആയിത്തീരാം. മാർദ്ദവത്വം ഉള്ളതും 'ഫ്ലെക്സിബിലി' ഉള്ളതുമായ ഒരു പുതിയ തുരുത്തിയായി ദൈവ കരങ്ങളിൽ നമുക്കായിത്തീരാം.ഈ ലോകത്തിൽ സ്വയം അലിഞ്ഞു കൊണ്ട് ഈ ലോകത്തിനു സന്തോഷവും സുഖവും കൊടുക്കുന്ന ഉപ്പായി (Salt) നമുക്കും തീരാം.
അങ്ങനെ യേശുവിനെ നമുക്ക് ഹോശന്ന പാടി സ്വീകരിക്കാം, അവന്റെ വിശപ്പ് അകറ്റുകയും ചെയ്യാം. ത്രീയേക ദൈവത്തിനു സ്തുതി. ആമേൻ.
ST GEORGE JACOBITE SYRIAN CHURCH, NEAR INDOOR STADIUM , VENUS CORNER , THALASSERY, KANNUR (DISTRICT), KERALA (STATE) , INDIA