13/08/2026
രാസലഹരിക്കടത്തിൽ പിടികൂടിയ വിശ്വസ്തനെ പരിചയപ്പെട്ട പശ്ചാത്തലത്തെക്കുറിച്ചു പറഞ്ഞതിലും മെറ്റയോട് തനിക്കെതിരായ സോഷ്യൽമീഡിയ ഉള്ളടക്കം നീക്കണമെന്നു പറഞ്ഞിട്ടില്ലെന്നതിലും മുഖ്യമന്ത്രി പറഞ്ഞത് വാസ്തവമല്ലെന്നാണ് വ്യക്തമായി വരുന്നത്. അതോടെ ജനങ്ങളുടെ ആശങ്ക കൂടുതൽ ശക്തമാവുകയാണ്:
സ്വന്തക്കാരെ സംരക്ഷിക്കാൻ തൂഫാൻ ഓപ്പറേഷൻ അട്ടിമറിയ്ക്കപ്പെടുമോ?
1. മുഖ്യമന്ത്രിയുടെ ‘പിള്ളേരെ’ കാസർഗോഡ് കാലിക്കടവില്‍ നിന്ന് എം ഡി എം എയുമായി പൊക്കിയ കേസിൽ സാക്ഷികളെല്ലാം യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണെന്നത് ഈ ആശങ്കയെ ശക്തിപ്പെടുത്തുന്നു. പിലിക്കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സുധീഷ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സന്ദീപ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. നവനീത് ചന്ദ്രന്‍, എം രഞ്ജിത്ത് എന്നിവരാണ് സാക്ഷികളായി ചേർത്തിരിക്കുന്നത്. കോടതിയിലെത്തിയാല്‍ ഇവരൊരുമിക്കുകയും പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നു പറയുന്ന മുഹമ്മദ് ഹുസൈനുൾപ്പെടെ കേസിൽനിന്ന് ഊരിപ്പോരുകയും ചെയ്യുമെന്ന് സംശയിക്കാതെ പറ്റില്ല.
2. മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോഡിനേറ്ററാണ് പിടിക്കപ്പെട്ടതെന്നതിനെ മുഖ്യധാരാമാധ്യമങ്ങൾ തുടക്കംതൊട്ട് തമസ്കരിക്കുകയും അവഗണിക്കുകയും ചെയ്തത് ലഹരിമാഫിയാശൃംഖലയുടെ ശക്തിയും സ്വാധീനവും തെളിയിക്കുന്നതാണ്.
3. മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോഡിനേറ്ററെന്ന് ഒരാൾക്ക് വെറുതെ അവകാശപ്പെടാനാവുമെന്ന് ഒരാൾക്കും വിശ്വസിക്കാനാവില്ല. അയാളുമായി വി ഡി സതീശനുള്ളത് ഒരു പാർട്ടിപ്രവർത്തകനുമായുള്ള സാധാരണബന്ധം മാത്രമായിരുന്നെങ്കിൽ ഇരുവരുമായി ബന്ധപ്പെട്ട കേരളംകണ്ട ദൃശ്യങ്ങളൊക്കെ വ്യാജമാണെന്നു വരണം! ഏറ്റവും ചുരുങ്ങിയത് അയാളുടെ വീട് സന്ദർശിച്ചതിനെപ്പറ്റി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ തിയ്യതികളെങ്കിലും ജനങ്ങൾക്ക് വിശ്വാസംവരുന്നവിധത്തിൽ തമ്മിൽ ഒത്തുവരണം! ഇവ രണ്ടിലും മുഖ്യമന്ത്രിയെക്കുറിച്ച് പൊതുവിലുള്ള ആക്ഷേപം - വ്യാജം പറയുന്നയാളെന്നത് - ശരിവെക്കുന്നതായിരുന്നു ഇന്നു നടന്ന വാർത്താസമ്മേളനവുമെന്ന് പറയാതിരിക്കാൻ വയ്യ.
4. വാലറ്റത്തുള്ളവരെ മാത്രമല്ല തലപ്പത്തുള്ളവരെ പിടികൂടിയാലേ ലഹരിശൃംഖലയുടെ വേരറുക്കാനാവൂവെന്ന് യൂത്ത്കോൺഗ്രസ് പ്രസിഡണ്ടുകൂടിയായ മന്ത്രി ഒ ജെ ജനീഷ് സതീശൻ്റെ സോഷ്യൽമീഡിയ ക്യാമ്പയിനറുടെ അറസ്റ്റിനുപിന്നാലെ മാധ്യമങ്ങളോടു പറഞ്ഞത് കൂടുതൽ പ്രസക്തമാവുകയാണ്. കൂടെക്കിടക്കുന്നവർക്ക് രാപ്പനി അറിയാമെന്നു വ്യക്തമാക്കുന്നതായിരുന്നു മന്ത്രി ജനീഷിൻ്റെ പ്രസ്താവന. അദ്ദേഹം ഉദ്ദേശിച്ചത് കൂടുതൽ വ്യക്തമാക്കിക്കൊണ്ട്, പിടിയിലായ മുഹമ്മദ് ഹുസൈൻ്റെ ഉന്നതതലബന്ധങ്ങൾ തൂഫാൻ. അന്വേഷകസംഘത്തിന് വെളിപ്പെടുത്തിക്കൊടുക്കുകയാണ് സാമൂഹികഉത്തരവാദിത്തമുള്ള സംഘടനയെന്നനിലയിൽ യൂത്ത് കോൺഗ്രസ് ചെയ്യേണ്ടത്. അല്ലാതെ കേസിൽ പിടികൂടിയതോടെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന വായ്ത്താരിയ്ക്ക് തെല്ലും വിശ്വാസ്യത കല്പിക്കാനാവില്ല.
5. മുഖ്യമന്ത്രിയാവുന്നതിനു മുമ്പും പിമ്പുമുള്ള നിഗൂഢയാത്രകൾക്കൊപ്പം ലഹരിക്കടത്തുനേതാവിൻ്റെ വീട്ടിലേക്കും തിരിച്ചുമുള്ള സതീശൻ്റെ യാത്രകളും തൂഫാൻ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ പ്രബലമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പൊരുത്തക്കേടുകൾ. രഹസ്യമായും പലരെയും കാണേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഹെലിക്കോപ്റ്റർയാത്രാവിവാദ സമയത്തു പറഞ്ഞത് മുഹമ്മദ് ഹുസൈനുമായുള്ള ബന്ധത്തിൻ്റെ കാര്യത്തിൽ എങ്ങനെ കാണണമെന്ന് ജനങ്ങളാകെ ചിന്തിക്കുന്നുണ്ട്. ഇത്തരം ദുരൂഹബന്ധങ്ങൾക്ക് മുൻകൂർ ക്ലീൻചിറ്റ് എടുക്കാനാണോ മുഖ്യമന്ത്രി അന്നാ പ്രസ്താവനനടത്തിയതെന്നതുൾപ്പെടെ കേരളജനതയ്ക്ക് വ്യക്തമാവേണ്ടതുണ്ട്.
6. ജനങ്ങളുടെ ആശങ്ക അകറ്റാൻ വാർത്താസമ്മേളനംകൊണ്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ജനങ്ങളുടെ ആശങ്ക ശക്തമായി ഇനിയും ഉന്നയിക്കാതെ നിവൃത്തിയില്ല. വി ഡി സതീശൻ സർക്കാർ ഇക്കാര്യത്തിൽ ഒത്തുകളിക്കുമെന്ന് വ്യക്തമായി വരുന്ന സ്ഥിതിയ്ക്ക് കേരളസമൂഹം രാഷ്ട്രീയാതീതമായി ഒരുമിച്ച് പ്രതിരോധം തീർക്കണം. ഈ ഘട്ടത്തിൽത്തന്നെ ലഹരിമാഫിയയും ഉന്നതഭരണനേതൃത്വവും തമ്മിലെ അവിഹിതബാന്ധവം തല്ലിക്കൊഴിച്ചില്ലെങ്കിൽ ആഗോളലഹരിമാഫിയയുമായി കേരളം കണ്ണിചേർക്കപ്പെടുന്നത് നാം കാണേണ്ടി വരും.
ജനങ്ങളുടെ ഈ വിവിധ ആശങ്കകൾ ഇനിയും മാറാതെ നിൽക്കുന്ന സ്ഥിതിയ്ക്ക് ഞങ്ങൾ ആവർത്തിക്കുന്നു:
മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണപരിധിയിൽകൊണ്ടുവരാതെ ചെന്നിത്തലയുടെ സംഘം പിടികൂടിയ മാഫിയാശൃംഖലയുടെ ചുരുളഴിയില്ല.
സിറിയക് ചാഴികാടൻ
പ്രസിഡണ്ട്
കേരള യൂത്ത്ഫ്രണ്ട് (എം)
13 ആഗസ്റ്റ് 2026
കോട്ടയം