01/04/2025
ഞങ്ങളുടെ വള്ളിക്കിഴിലമ്മയുടെ ഈ വർഷത്തെ മീനഭരണി ഉത്സവം കഴിഞ്ഞ കാലങ്ങളിൽ നിന്ന് വെത്യസ്ഥമായി ഈ വർഷം ആറാട്ടിന് ആനയെ ഒഴിവാക്കി ദശാബ്ധങ്ങൾക്ക് മുമ്പ് .ക്ഷേത്രത്തിൽ നടന്ന് വന്നിരുന്ന ചടങ്ങായ ജീവതയിൽ ആണ് ദേവി എഴുന്നള്ളുന്നത്. വള്ളിക്കീഴിലമ്മയുടെ രഥമാണ് തോളിലേറ്റുന്ന ജീവത. അതിൽ ദേവി കുടികൊള്ളുന്നു എന്നാണു സങ്കൽപം. വലിയൊരു ആലിലയെക്കാൾ വലുപ്പമുള്ള 19 കണ്ണാടികളും സ്വർണത്തിൽ തീർത്ത ഒട്ടേറെ കുമിളകളും ജീവതയിലുണ്ട്. തോളിൽ വയ്ക്കുന്ന തണ്ടിൽ പിച്ചളക്കെട്ടുണ്ട്. സാധാരണ ക്ഷേത്രങ്ങളിലെ ജീവതയുടെ മുന്നിലെ മേൽക്കൂടാരം വട്ടത്തിലാണെങ്കിൽ വള്ളിക്കീഴിലമ്മയുടെ ജീവിത ഗോപുരമാണ്.ജീവത തോളിലേറ്റുന്ന തിരുമേനി ജീവതയിലെ ദേവിയെ നോക്കി ചുവടുവച്ചു കളിപ്പിക്കുകയോ, ചില ക്ഷേത്രങ്ങളിൽ ഭൂമിദേവിയെ നോക്കി ജീവതയെടുക്കുന്നു എന്ന സങ്കൽപ്പത്തിൽ താഴേക്കു നോക്കിയാണ് ഇതു ചെയ്യുന്നത്. ദേവി ജീവതയിൽ എഴുന്നള്ളുമ്പോൾ രണ്ട് വീക്കുചെണ്ട, രണ്ട് ഉരുട്ടുചെണ്ട, മദ്ദളം, ഇലത്താളം, ചുക്കുവിളക്ക്, പാണിവിളക്ക്, രാത്രിയാണെങ്കിൽ കുത്തുവിളക്ക്, രണ്ട് മെഴുവട്ടം തുടങ്ങിയവ അകമ്പടിയായി ഉണ്ടാവും. അൻപൊലിക്ക് എഴുന്നള്ളിക്കുമ്പോൾ രാത്രി ചുക്കുവിളക്ക് ഉണ്ടാവും. മൂന്നു തരം ചുവടാണു ജീവതയുമായി കളിക്കുക. ഏകതാളം, പതിഞ്ഞ താളം, ഓട്ടപ്രദക്ഷിണം എന്നിവയാണത്. വീക്കുചെണ്ടയുടെ താളത്തിനനുസരിച്ച് ജീവത എഴുന്നള്ളിക്കുന്ന തിരുമേനി ചുവടുവയ്ക്കും. വീക്കുചെണ്ടയുടെ താളത്തിൽ ദേവിയുമായി ജീവതയാടുന്നതാണ് ഏകതാളം. ആദ്യം വലത്തോട്ട്, പിന്നെ ഇടത്തോട്ട്, വീണ്ടും വലത്തോട്ട് എന്ന മട്ടിൽ തോളിൽ നിന്നു ജീവതയുമായി മൂന്നു വട്ടം ചരിയുന്നതാണ്. ഏകതാളത്തിലാണു ചുവട് വയ്ക്കുക. ജീവത എഴുന്നള്ളത്ത് ദർശിക്കുന്നത് സകല ഐശ്വര്യങ്ങൾക്കും കാരണമാകും എന്ന് നാം വിശ്വസിക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. (കടപ്പാട്:Sailendrababu Sailendrababu)