27/08/2025
നിർവ്യാജ്യമായ സ്നേഹം കൊണ്ടാണ് ബന്ധങ്ങളുടെ രമ്യഹർമ്മ്യം പണിതുയർത്തേണ്ടത്......
ബന്ധങ്ങളുടെ തലപ്പുകളിൽ മാത്രമേ പൂക്കളുടെ നിറച്ചാർത്ത് കാണാൻ കഴിഞ്ഞെന്ന് വരികയുള്ളൂ, കമ്പുകളിൽ നിറയെ മുള്ളുകളാണ്. തീരെ സുദൃഢമാവാത്ത ബന്ധങ്ങളുടെ കൽക്കെട്ടുകളിൽ നിന്നും കല്ലുകൾ മെല്ലെ അടർന്ന് മാറാൻ തുടങ്ങും, ഒരോർമ്മത്തെറ്റ് പോലെ കല്ലുകളുടെ കൂമ്പാരം അവിടെ ശേഷിക്കും.
നിർവ്യാജ്യമായ സ്നേഹം കൊണ്ടാണ് ബന്ധങ്ങളുടെ രമ്യഹർമ്മ്യം പണിതുയർത്തേണ്ടത്!
എവിടെ സ്നേഹവും, കരുതലും ശുഷ്കിച്ച് പോയോ അവിടെ പരസ്പരമുള്ള സൗഹൃദങ്ങളും, ബന്ധങ്ങളും വാടാൻ തുടങ്ങി.
നിർദ്ദയം വെട്ടി മാറ്റുന്ന അടുപ്പങ്ങളുമുണ്ട്, ഉണങ്ങി, എപ്പോൾ വേണമെങ്കിലും ഒടിഞ്ഞ് വീഴാൻ പാകത്തിൽ നിൽക്കുന്ന ശിഖരങ്ങളുമുണ്ട്!
ബന്ധങ്ങൾക്കിടയിൽ വന്ന് ചേർന്ന ഇഴയടുപ്പമില്ലായ്മയെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കുക !
ഒന്ന് ചേർന്ന് നിൽക്കുന്ന ഹൃദ്യമായ അനുഭവങ്ങൾ കടങ്കഥകളായി മാറുകയാണോ?
ജീവിതം ഏറെ തളിർത്തതും, പൂവിട്ടതും മാധുര്യമുള്ള അനുഭവങ്ങളെ പൊഴിച്ചതും സ്നേഹത്തിൻ്റെ നീരുറവ നിർബാധം ഒഴുകിയെത്തിയത് കൊണ്ടാണ്! സ്വാർഥത, പക്ഷെ ബന്ധങ്ങൾക്കിടയിൽ മരുഭൂമികൾ വളരാൻ കാരണമായി!
കോപം, സംശയം, സമ്പത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ, താരതമ്യ വിശകലനങ്ങൾ ഇവയെല്ലാം മുള്ളുകളായി പരിണമിച്ചത് കൊണ്ട് ഒരുമിച്ച് ചേർന്ന് നിൽക്കുക ഇന്നത്തെ മനുഷ്യർക്ക് അസാദ്ധ്യമായി.
ഒന്നായിത്തീരുന്ന രസതന്ത്രം പഴയ തലമുറയ്ക്ക് ഏറെ പരിചിതമായിരുന്നു, പുതിയ കാലം പക്ഷെ അതിന് വേണ്ടി ക്ലേശിക്കുകയാണ്. ഒരുമിച്ചാണ് നടന്ന് നീങ്ങേണ്ടത്, ഒരുമിച്ചാണ് അനുഭവങ്ങളുടെ രുചികൾ നുണയേണ്ടത്, ഒത്തൊരുമിച്ചാണ് സ്തുതികൾ ഈണത്തിൽ പാടേണ്ടത്.
ജീവിതത്തിലേക്ക് ദൈവം ഇറങ്ങി വരാനായി ഒരുമിച്ച്, ഒരേ സ്വരത്തിൽ പാടുകയും, പ്രാർത്ഥിക്കുകയും ചെയ്യുക. 🙏🙏