BFC Peniel Raja Park

BFC Peniel Raja Park To keep relation with co-believers of the Body of Christ in & out of Rajasthan...

ബെഥേൽ ഫെലോഷിപ്പിൻ്റെ വാർഷിക ആത്മീക സമ്മേളനത്തിന് ഇന്ന് തുടക്കം:   ജയ്പൂർ കേന്ദ്രമാക്കി ഉത്തരേന്ത്യൻ മിഷൻ പ്രവർത്തനങ്ങളിൽ...
30/10/2024

ബെഥേൽ ഫെലോഷിപ്പിൻ്റെ വാർഷിക ആത്മീക സമ്മേളനത്തിന് ഇന്ന് തുടക്കം:

ജയ്പൂർ കേന്ദ്രമാക്കി ഉത്തരേന്ത്യൻ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന ബഥേൽ ഫെല്ലോഷിപ്പിൻ്റെ വാർഷിക ആത്മീക സമ്മേളനം മാൻസരോവർ ചോപ്ര റോയൽ പാലസിൽ ഇന്ന് ആരംഭിക്കുന്നു. വടക്കേ ഇന്ത്യൻ മിഷണറിയും പ്രശസ്ത സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ വൈ യോഹന്നാൻ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമാണ് ബെഥേൽ ഫെല്ലോഷിപ്പ്.

ഇന്നു രാവിലെ പതിനൊന്നു മണിക്കു ബൈബിൾ ക്ലാസ്സോടെ സമ്മേളനം ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് ബെഥേൽ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റ് പാസ്റ്റർ അനു സി സാമുവലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ടോം തോമസ് സങ്കീർത്തനം വായിക്കുകയും പ്രസിഡന്റ് പാസ്റ്റർ വൈ യോഹന്നാൻ ഔദ്യോഗികമായി ഉത്‌ഘാടനം നിർവ്വഹിക്കുകയും ചെയ്യും. ഡോ.ജിബി റാഫേൽ, പാസ്റ്റർ പോൾ മാത്യു (ഉദയ്പൂർ) എന്നിവരാണ് ഇന്നത്തെ മുഖ്യ പ്രസംഗകർ.

ഈ കാലഘട്ടത്തിന്റെ അഭിക്ഷിക്തരായ പ്രസംഗകരാണ് അടുത്ത ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നത്. കൂടാതെ ഈ തലമുറയിൽ ക്രൈസ്തവ സംഗീതലോകത്തു ശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ സണ്ണി വിശ്വാസ്, പാസ്റ്റർ സുജിത് എം സുനിൽ, സുവി. മോസസ് സാമുവേൽ എന്നിവർ ആരാധനയ്ക്കു നേതൃത്വം വഹിക്കുന്നു.

വരും ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ബൈബിൾ ക്ലാസ്, യുവജനങ്ങൾക്കായി പ്രത്യേക സമ്മേളനങ്ങൾ, പ്രാർത്ഥനായോഗങ്ങൾ, വൈകുന്നേരം പൊതു സമ്മേളനം, നവംബർ 2 ശനിയാഴ്ച രാവിലെ ഓർഡിനേഷൻ ശുശ്രൂഷ, ഉച്ചകഴിഞ്ഞു രാജസ്ഥാൻ ബൈബിൾ ട്രെയിനിംഗ് സെൻ്ററിൻ്റെ 17-ാമത് ബിരുദദാന ശുശ്രൂഷ എന്നിങ്ങനെ ദൈവജനങ്ങളുടെ ആത്മീക പരിപോഷണത്തിനുതകുന്ന വിവിധ ശുശ്രൂഷകളാണ് പദ്ധതിയിട്ടിരിക്കുന്നത്.

നവംബർ മൂന്നിന് രാവിലെ എട്ടിന് ആരംഭിക്കുന്ന സഭായോഗത്തിനു പാസ്റ്റർ ടോം തോമസ് നേതൃത്വം നൽകും. പാസ്റ്റർ കെ ജെ കുര്യാക്കോസ്, പാസ്റ്റർ കെ സി തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ്) എന്നിവർ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ വൈ.യോഹന്നാൻ നേതൃത്വം വഹിക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ 2024-ലെ സമ്മേളനത്തിനു സമാപനമാകും.

ബെഥേൽ ഫെലോഷിപ്പ് പ്രസിദ്ധീകരിച്ച 'ബെഥേൽ സ്പിരിച്ച്വൽ സോങ്‌സ്' എന്ന പാട്ടുപുസ്തകത്തിൻ്റെ പുതുക്കിയ ആറാം പതിപ്പും 2025 ലെ കലണ്ടറും 'ബഥേൽ ഹെറാൾഡ്' എന്ന വാർത്താപത്രികയും കൺവെൻഷനോടനുബന്ധിച്ചു പ്രകാശനം ചെയ്യും.

പാസ്റ്റർ വൈ യോഹന്നാൻ്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ ഈ ആത്മീയ സമ്മേളനത്തിന്റെ വിജയത്തിനായി അഹോരാത്രം അദ്ധ്വാനിച്ചു വരുന്നു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ബെഥേൽ ഫെല്ലോഷിപ്പിന്റെ വിശ്വാസസമൂഹത്തെ കൂടാതെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ബെഥേൽ ഫെലോഷിപ്പിന്റെ പ്രാർത്ഥനാ സഹകാരികളും അഭ്യുദയകാംഷികളും ഒരുമിക്കുന്ന ഈ ആത്മീക സമ്മേളനത്തിൽ ജയ്പ്പൂർ പട്ടണത്തിലെ സഭകളുടെ സഹകരണവും ഏറെ പ്രശംസനീയമാണ്.

22/09/2022

"യിസ്രായേൽ ചരിത്രത്തിലെ രണ്ടു കഴുകന്മാരുടെ സ്വാധീനം"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പതിനെട്ടാം (818) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 17:23 "യിസ്രായേലിന്റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും."

രണ്ടു കഴുകന്മാരുടെ ഉപമയിലൂടെ യിസ്രായേലിന്റെ നിജസ്ഥിതിയുടെ വസ്തുതാപരമായ വിശകലനം (17:1-10), ഉപമയുടെ പൊരുൾ തിരിച്ചു മത്സരഗൃഹമായ യിസ്രായേലിനെ ബോധ്യപ്പെടുത്തുന്നു (17:11-21), മശിഹായെ സംബന്ധിച്ചുള്ള പ്രവചനം (17:22-24) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

സമീപകാല യിസ്രായേലിന്റെ ചരിത്രം അഥവാ പ്രവാസത്തിലേക്കു ജനം നീങ്ങുന്നതിനോടനുബന്ധിച്ച സംഭവബഹുലതകളിലേക്കു വിരൽ ചൂണ്ടുന്ന ഒരുപമയാണ് അദ്ധ്യായത്തിന്റെ പ്രാരംഭത്തിൽ പ്രവാചകൻ പ്രസ്താവിക്കുന്നത്. അതിന്റെ വിശദീകരണം വളരെ കൃത്യമായി പ്രവാചകൻ വ്യക്തമാക്കുകയും ചെയ്യുന്നു. ബി സി 597 ൽ യഹൂദാ രാജാവായ യെഹോയാഖീൻ ബാബേലിലേക്കു കൊണ്ടുപോകപ്പെട്ടു (16:12 ഒ. നോ 16:3-4; 2 രാജാ. 24:8-16; 25:27-30). നെബൂഖദ്‌നേസർ സിദക്കിയാവിനെ കാവൽ ഭരണം ഏൽപ്പിച്ചു (16:13 ഒ. നോ 16:5-6; 2 രാജാ. 24:17). സിദക്കിയാവാകട്ടെ മിസ്രയീമിൽ ആകൃഷ്ടനായി ആശ്രയം അവരിലേക്ക്‌ മാറ്റി സ്ഥാപിച്ചു (17:7). ആകയാൽ നെബൂഖദ്‌നേസറുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടി ലംഘിക്കപ്പെട്ടു (16:15-19). സിദക്കിയാവു ബാബേലിൽ വച്ച് മരിക്കുകയും യിസ്രായേൽ പരാജയപ്പെടുകയും ചെയ്തു (17:20-21). ദൈവാശ്രയം വിട്ടുകളഞ്ഞ യിസ്രായേലിനെ പ്രതിരോധിക്കാൻ വലിയ ബലത്തിന്റേയോ വളരെ ജനത്തിന്റെയോ ആവശ്യമില്ലെന്ന (17:9c) പ്രവാചകന്റെ വാക്കുകൾ ആഴമായ ആത്മീക ബുദ്ധിയുപദേശങ്ങളുടെ കലവറയായി കാണുന്നതാണെനിക്കിഷ്ടം! ദൈവാശ്രയം മുറുകെ പിടിക്കാതെ മറ്റേതൊന്നിൽ ആശ്രയിച്ചാലും താത്കാലികമായ നേട്ടത്തിലുപരി നിലനിൽക്കുന്നതൊന്നും അതിലൂടെ ലഭ്യമാകുകയില്ലെന്നു നാം ഓർത്തിരിക്കണം. വേരിറങ്ങുവാൻ തക്ക ആഴമില്ലാത്ത മണ്ണാണ് അത്തരം പരിസരങ്ങളെല്ലാം എന്ന കാഴ്ചപ്പാടാണ് ഇവിടെ അനിവാര്യം. ആഴത്തിൽ വേരിറങ്ങാത്ത പക്ഷം ഉണങ്ങിപ്പോകുവാനും പിഴുതെറിയപ്പെടുവാനും സാധ്യതയുണ്ടന്നു നാം തിരിച്ചറിയണം. യിസ്രായേലിന്റെ തത്സ്മയ ചരിത്രം അത്തരത്തിലുള്ള അടയാളപ്പെടുത്തലുകൾക്കാണ് അടിവരയിടുന്നത്.

പ്രിയരേ, ചരിത്രം വിശദമാക്കുന്ന പാഠങ്ങൾ ചൂണ്ടുപലകകളായി കരുതുന്നതാണ് എക്കാലത്തും അനുകരണീയം. അതിലൂടെയുള്ള ദൈവിക പദ്ധതികളുടെ സ്വാംശീകരണം സുസ്ഥിരമായ ചുവടുവയ്പ്പുകൾ ഉറപ്പാക്കും. അതിന്റെ അടിസ്ഥാനത്തിലുള്ള വേരൂന്നൽ ആഴത്തിലുള്ളതും നിലനിൽക്കുന്നതാണെന്നും നാം വിസ്മരിച്ചുകൂടാ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

21/09/2022

"ഒരു കണ്ണിനും കനിവ് തോന്നാത്ത യിസ്രായേൽ"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പതിനേഴാം (817) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 16:60 "എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും."

വ്യഭിചാരിണിയായ സ്ത്രീയുടെ ഉപമയിൽ അവളുടെ യൗവനത്തിന്റെ വർണ്ണന (16:1-14), അവളുടെ പാപങ്ങൾ (16:15-34), അവളുടെ ശിക്ഷാവിധി (16:35-52), അവളുടെ യഥാസ്ഥാപനം (16:53-63) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിനെ അവിശ്വസ്തയായ ഭാര്യയോട് ഉപമിച്ചു ഈ അദ്ധ്യായത്തിൽ ചിത്രീകരിക്കുന്നു. ഇതിനു തുല്യമായ പ്രമേയത്തിൽ ഹോശേയ 1- 3; യിരെ. 2; യെശ. 1:21; 50:1 മുതലായ തിരുവെഴുത്തുകളിലും യിസ്രായേലിനെ വർണ്ണിക്കുന്നുണ്ട്. യിസ്രായേലിന്റെ ആത്മീക അധഃപതനം ആലങ്കാരികമായി ചിത്രീകരിച്ചിട്ടുള്ള ഈ അദ്ധ്യായത്തിൽ അത്യന്തം ഗുരുതരമായ പാപങ്ങളുടെ തുറന്നെഴുത്തു പച്ചയായ ഭാഷയിൽ വായിച്ചെടുക്കാം. വിഗ്രഹാരാധന ഇത്രയധികം 'ജനകീയമായിരുന്ന' ഒരിടത്തു വ്യഭിചാരം, പരസംഗം, വേശ്യാവൃത്തി മുതലായ എല്ലാ മ്ലേച്ഛതകളും നിർവിഘ്‌നം നടന്നിരുന്നെന്നു മനസ്സിലാക്കുവാൻ പ്രയാസമുണ്ടോ! കനാനിൽ നിന്നുള്ള യിസ്രായേലിന്റെ ഉത്ഭവം (16:3) എന്ന പ്രയോഗം അബ്രഹാമിന്റെ വിളിയിലേക്കുള്ള വിരൽചൂണ്ടലായി കാണുന്നതാണെനിക്കിഷ്ടം! മാത്രമല്ല, "നിന്റെ അപ്പൻ അമോര്യനും അമ്മ ഹിത്യസ്ത്രീയും അത്രേ" എന്ന പ്രസ്താവന അബ്രഹാമിനു മുമ്പ് കനാനിൽ പാർത്തിരുന്ന ജാതികളുടെ പൊതുവായ അഭിസംബോധനയായി കരുതാം. അത്തരം ജാതീയ പാരമ്പര്യങ്ങളിൽ നിന്നും യിസ്രായേൽ ആർജ്ജിച്ചെടുത്ത സമ്പ്രദായങ്ങൾ നന്നായി വിമർശന വിധേയമാകുന്നു ഇവിടെ. ജനനസമയത്തു ഒരു ശിശുവിന് അർഹമായ ന്യായമായ അവകാശങ്ങൾ പോലും സംരക്ഷിക്കപ്പെടുതിരുന്ന (16:4) സംഭവത്തിലേക്ക് ശ്രദ്ധതിരിക്കുന്നു പ്രവാചകൻ. ഒരു കണ്ണിനും കനിവ് തോന്നാതെ വെറും വെറുപ്പിന്റെ പാത്രമായിരുന്ന (16:4) യിസ്രായേലിന്റെ ജനനം മുതൽ യൗവനത്തിന്റെ പടിവാതിൽക്കലോളം യഹോവയായ ദൈവം കരുതി സംരക്ഷിച്ചു. എന്നാൽ യൗവനയുക്തയായി തീർന്ന യിസ്രായേലാകട്ടെ, ദൈവത്തോട് അവിശ്വസ്തത കാണിച്ചതിന്റെ വർണ്ണനയും അതിന്റെ പ്രത്യാഘാതങ്ങളും മുന്നറിയിപ്പിന്റെ ലളിതഭാഷയിൽ പ്രവാചകൻ പ്രസ്താവിക്കുന്നു.

പ്രിയരേ, ആരംഭവും പിന്നിട്ട വഴികളും ദൈവത്തോടുള്ള വിശ്വസ്തത ഊട്ടിയുറപ്പിക്കുന്ന ഘടകങ്ങളായി ഉപയുക്തമാക്കുന്നതാണ് അഭികാമ്യം. അല്ലാതുള്ള ഏതൊരനുക്രമവും വിളിച്ചു വരുത്തുന്ന അപകടങ്ങൾ വിദൂരവ്യാപകമായിരിക്കുമെന്നു മറന്നുപോകരുത്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

20/09/2022

"രണ്ടറ്റവും ഭസ്മമായ മുന്തിരിവള്ളി"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പതിനാറാം (816) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 15:2 "മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാൾ എന്തു വിശേഷതയുള്ളു?"

ഫലമില്ലാത്ത മുന്തിരിയുടെ ഉപമ (15:1-5), ഉപമയുടെ പൊരുൾ (15:6-8) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിനെ മുന്തിരിയോടുപമിച്ചു പ്രതിപാദിച്ചിട്ടുള്ള നിരവധി ഭാഗങ്ങൾ തിരുവെഴുത്തുകളിലുണ്ട്. മശിഹായിലൂടെയുള്ള ജനത്തിന്റെ ഭാവിയനുഗ്രഹങ്ങൾ (ഉൽപ്പ. 49:11) മുന്തിരിയുടെ ഉപമയിലൂടെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, യിസ്രായേലിനെ വിശേഷമായ പദ്ധതിയിലും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിൽ നട്ടു വളർത്തിയെന്ന (സങ്കീ. 80:8-19; യെശ. 5:1-7; യെഹെ.17:5-10; 19:10-14) വിവരണവും തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശുകർത്താവും സഭയും തമ്മിലുള്ള അഭേദ്യവും ഇഴപിണഞ്ഞതുമായ ആഴമായ ബന്ധത്തെ സൂചിപ്പിക്കുവാനും മുന്തിരിയുടെ ഉപമ (യോഹ. 15) പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതായത്, യഹൂദാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ വളർന്നു വന്ന കേവലമൊരു കാട്ടുമുന്തിരി ചെടിയായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഏറെ വിരോധാഭാസം ദ്യോതിപ്പിക്കുന്ന ഉപമയായി ഇതിനെ കാണുന്നതാണെനിക്കിഷ്ടം. നട്ടു സംരക്ഷിക്കപ്പെട്ടു വളർത്തപ്പെട്ട മുന്തിരിവള്ളി എന്നതിനേക്കാൾ മനുഷ്യദൃഷ്ടികൾ എത്തിച്ചേർത്ത വനാന്തർഭാഗത്തു മുളച്ചു വളർന്ന കാട്ടുമുന്തിരി പോലെ വളർച്ചയിലെത്തിയ യിസ്രായേലിന്റെ വിചിത്രമായ ചിത്രം ആഴമുള്ള ആശയങ്ങളുടെ കലവറയല്ലേ! അനുകൂല പരിസരങ്ങളുടെ അഭിവൃദ്ധികൾ സ്വാംശീകരിച്ചു ഫലദായകതയിലേക്കു എത്തേണ്ടതിനു പകരം ഫലശൂന്യമായി പോയ യിസ്രായേലിന്റെ ചരിത്രം ഏറെ വൈഷമ്യകരമായ അടയാളപ്പെടുത്തലായി അവശേഷിക്കുന്നു. കേവലമൊരു ആണി നിർമ്മിക്കുവാൻ പോലും ഉപകരിക്കാത്ത മുന്തിരിച്ചെടിയുടെ രണ്ടറ്റവും (യഹൂദയും ശമര്യയും) ബിസി 597 ൽ ഭാഗികമായും ബി സി 586 ൽ പൂർണ്ണമായും തീയ്ക്കു ഇരയായി പോയിതിന്റെ സൂചന ഈ ഉപമയുടെ കാര്യസാരമാണ്!

പ്രിയരേ, വിപരീത പരിസരങ്ങൾ യിസ്രായേലിനെ തീകൊണ്ടെന്ന പോലെ ഭസ്മമാക്കി കളഞ്ഞു. അതിന്റെ നൈരന്തര്യമായ വായനകൾ ആത്മപരിശോധനയ്ക്കും ദൈവാഭിമുഖതയിലേക്കും നമ്മെ എത്തിക്കുവാൻ ഉതകേണമെന്ന പാഠത്തിനു അടിവരയിടുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

19/09/2022

"സ്വന്ത നീതിയാൽ പ്രാപ്യമാകുന്ന പ്രാണരക്ഷ"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പതിനഞ്ചാം (815) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 14:14 "നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു."

ഹൃദയങ്ങളിൽ വിഗ്രഹങ്ങൾ കരുതുകയും യെരുശലേമിന്റെ നാളെ എന്തെന്നറിയുവാൻ പ്രവാചകന്റെ മുമ്പാകെ വന്ന യിസ്രായേൽ മൂപ്പന്മാരോടുള്ള അരുളപ്പാടു (14:1-11), മാറ്റമില്ലാത്ത ദൈവിക ഇടപെടലിന്റെ നിശിതമായ പ്രഖ്യാപനം (14:11-21), ജനത്തിന്റെയിടയിൽ നിന്നും വേർതിരിക്കപ്പെടുന്ന ശേഷിപ്പ് എന്ന ആശ്വാസം (14:22-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പ്രവാസത്തിൽ പാർക്കുന്ന യഹൂദന്മാരുടെ മൂപ്പന്മാരിൽ ചിലർ യെഹെസ്കേൽ പ്രവാചകന്റെ മുമ്പിൽ വന്ന പശ്ചാത്തലമാണ് ഈ അദ്ധ്യായം. യെരുശലേമിന്റെ ഭാവി എന്തെന്നു ആരായുകയായിരുന്നിരിക്കാം ഈ കൂടിക്കാഴ്ചയുടെ ഉന്നം. അതേസമയം ആഗതരുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള വിഗ്രഹസ്മരണ കൃത്യമായി തിരിച്ചറിഞ്ഞ പ്രവാചകനാകട്ടെ, കടുത്ത ഭാഷയിലാണ് അവരുമായി യഹോവയുടെ അരുളപ്പാടുകൾ അറിയിച്ചത്. അതായത്, കാപട്യം നിറച്ച അവരുടെ മനോഭാവം നന്നായി വിമർശിക്കപ്പെട്ടു. പ്രവാചക വാക്കുകളുടെ ഗാംഭീര്യവും വിട്ടുവീഴ്ചയില്ലാത്ത ദൈവപദ്ധതികളുടെ രൂപരേഖയും 14 മുതൽ 21 വരെയുള്ള വാക്യങ്ങളുടെ വായനയാകുന്നു. നോഹ, ദാനിയേൽ, ഇയ്യോബ് എന്നീ ഭക്തശിരോമണികൾ ജീവിച്ചിരുന്നാൽ പോലും ദൈവിക ന്യായവിധി അഴിവില്ലാതെ നിറവേറപ്പെടും; മേൽപ്പറയപ്പെട്ട ഭക്തന്മാരുടെ നീതി സ്വയരക്ഷയ്ക്കുതകുമെന്നല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ പോലും രക്ഷിക്കുവാൻ പര്യാപ്തമാകുകയില്ല എന്ന വസ്തുത അടിവരയിട്ടു പ്രസ്താവിക്കുന്നു. വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നീ അനർത്ഥകരമായ ന്യായവിധികൾ (14:21) യിസ്രായേലിന്റെ സന്തുലിത ജീവിത നിലവാരത്തെ വളരെ ദോഷകരമായി ബാധിക്കുവാൻ പോകുന്നു. ഈ സ്ഥിതിവിശേഷം ഒഴിവാക്കുവാൻ തുലോം പരിമിതമായ നീതിപ്രവർത്തകരുടെ സത്കർമ്മങ്ങൾ മതിയാകില്ല തന്നെ! മറ്റുള്ളവരുടെ നീതിപ്രവൃത്തികളിൽ ചാരിയുള്ള രക്ഷപെടലിന്റെ സാധ്യതകൾ ഇനിയും അവശേഷിക്കുന്നില്ലെന്ന മുന്നറിയിപ്പിൽ ദൈവപക്ഷത്തിന്റെ പ്രകടീകരണം വായിച്ചെടുക്കരുതോ!

പ്രിയരേ, വേദപുസ്തക ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത യഹോവാ ഭക്തന്മാരായിരുന്നു നോഹ, ദാനിയേൽ, ഇയ്യോബ് മുതലായവർ. അവരുടെ ജീവിത കാലഘട്ടങ്ങൾ ദൈവത്തോടും ജനത്തോടും അവർ പുലർത്തിയ സമീപനം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ചലനങ്ങൾ തന്നെ ആയിരുന്നു. അത്തരം ഭക്തന്മാരുടെ നിഴലിൽ വിടുതൽ പ്രാപിക്കാമെന്ന വ്യാമോഹം അരുതെന്ന സൂചന ശ്രദ്ധേയമല്ലേ! വ്യക്തിപരമായ അനുതാപത്തിന്റെ കണ്ണീരല്ലാതെ മറ്റൊന്നും വിടുതലിനു കാരണമാകില്ലെന്ന പ്രഖ്യാപനം വരികൾക്കിടയിലെ പ്രതിധ്വനിയുമാകുന്നില്ലേ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

18/09/2022

"വ്യാജ പ്രവചനങ്ങളിലെ അപകടങ്ങൾ!"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പതിനാലാം (814) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 13:6 "അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്വാരുമെന്നു അവർ ആശിക്കുന്നു."

ഭോഷ്ക്കു പ്രവചിക്കുന്ന പ്രവാചകന്മാർ (13:1-9), സഫലമാകാത്ത കള്ളപ്രവചനം (13:10-16), കള്ളപ്രവാചകിമാർക്കുള്ള മുന്നറിയിപ്പ് (13:17-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

രണ്ടു വിധത്തിലുള്ള കള്ളപ്രവാചകന്മാരെ തിരുവെഴുത്തുകളിൽ പരിചയപ്പെടുവാനാകും. ഒന്നാമത്തേത്, അന്യദേവന്മാരുടെ പേരുകളിൽ പ്രവചിക്കുന്നവർ (1 രാജാ. 18:19). രണ്ടാമത്തേതാകട്ടെ, യഹോവയുടെ നാമത്തിൽ ഭോഷ്ക്ക് അഥവാ വ്യാജം പ്രവചിക്കുന്നവർ (13:2,3 ഒ.നോ. യിര. 23:9-32). ഈ രണ്ടുകൂട്ടരും ജനത്തോടുള്ള ബന്ധത്തിൽ ചെയ്യുന്നത് ദോഷകരമായ പ്രവൃത്തികളാണെന്നു പ്രവാചകൻ തറപ്പിച്ചു പ്രഖ്യാപിക്കുന്നു. ഈ പ്രവാചകന്മാരെ "ശൂന്യ പ്രദേശങ്ങളിലെ കുറുക്കന്മാർ" (13:4) എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. അതായത്, ശൂന്യപ്രദേശങ്ങളിൽ മാളങ്ങൾ ഉണ്ടാക്കി അതിൽ നിവസിക്കുകയും ഗുണകരമായതൊന്നും പ്രവർത്തിക്കാതെയും കാര്യമായതൊന്നിനും പ്രയോജനമില്ലാത്തതും, നശീകരണത്തിൽ മാത്രം ശ്രദ്ധയൂന്നിയതുമായ ഒരുതരം ജീവിത ശൈലിയാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. സ്വന്തഹൃദയങ്ങളിൽ നിന്നുള്ള വിചാരങ്ങൾ "യഹോവയുടെ അരുൾപ്പാട്" എന്ന ലേബലിൽ അഥവാ പുറംപരിചയത്തിൽ ജനത്തിനു മുമ്പിൽ പ്രസ്താവിക്കുന്നു. ഈ പ്രവചനങ്ങളുടെ ഉത്തരവാദിത്തം ദൈവത്തിൽ ചുമത്തുന്നതിൽ കള്ളപ്രവാചകന്മാർ ബദ്ധശ്രദ്ധ പുലർത്തിയിരുന്നു എന്ന വിരോധാഭാസവും ചൂണ്ടികാണിക്കുവാനുണ്ട്. യഹോവയുടെ നാമം വൃഥാ എടുക്കരുതെന്ന കല്പനാലംഘനത്തിന്റെ പരിധിയിൽ വരുന്ന അനുക്രമമായി ഈ പ്രമേയത്തെ കാണുന്നതാണെനിക്കിഷ്ടം. വ്യാജത്തിന്റെ വാക്കുകൾ ജനത്തിനിടയിൽ വരുത്തിയ പ്രതിഫലനമാകട്ടെ, ദൈവകോപത്തിന്റെ വിളിച്ചു വരുത്തലിനല്ലാതെ മറ്റൊന്നിനും ഉപകരിക്കപ്പെട്ടുമില്ല.

പ്രിയരേ, ദൈവം തന്റെ ജനത്തോടു സദാ സംവദിക്കുന്നവനാണ്. അതിന്റെ മറവിൽ രൂപം പ്രാപിക്കുന്ന വ്യാജത്തിന്റെ കാപട്യങ്ങൾ തിരിച്ചറിയുവാൻ നാം തയ്യാറാകണം. ദൈവശബ്ദം ഒരുവനിൽ നിലനിൽക്കുന്ന പരിവർത്തനങ്ങൾ ഉളവാക്കുകയും ആത്മീക തലത്തിൽ അവൻ വളരുവാൻ അതു കാരണമാകുകയും ചെയ്‌തും. മറിച്ചുള്ള അനുക്രമം ദൈവകോപത്തിനും ന്യായവിധിയ്ക്കും മാത്രം ഉതകുന്നതായിരിക്കുമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

17/09/2022

"മത്സരഗൃഹത്തിന് അടയാളമായ പ്രവാചകൻ"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പതിമൂന്നാം (813) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 12:11 "ഞാൻ നിങ്ങൾക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും."

യാത്രാക്കോപ്പുകൾ തോളിൽ വഹിച്ചു പകൽ സമയത്തു യിസ്രായേലിനു അടയാളമായി പുറപ്പെടുന്ന പ്രവാചകൻ (12:1-16), നടുക്കത്തോടെയും വിറയലോടെയും ഭക്ഷണപാനങ്ങൾ കഴിക്കുന്ന പ്രവാചകൻ ജനത്തിന്റെ ഇടയിൽ മറ്റൊരു അടയാളമായി തീരുന്നു (12:17-20), പ്രവചനത്തിന്റെ കാലപരിധിയ്ക്കു ദീർഘമായ ഒരിടവേളയുണ്ടെന്ന ജനത്തിന്റെ മിഥ്യാധാരണ തിരുത്തപ്പെടുന്നു (12:21-28) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെഹെസ്കേലിന്റെ പ്രവാചക ശുശ്രൂഷ, അടയാളത്തിന്റെ ശുശ്രൂഷ ആയിരുന്നു. യഹോവയായ ദൈവം യെഹെസ്‌കേലിനെ അടയാളത്തിന്റെ പ്രവാചകനായി നിയോഗിച്ചിരുന്നു. സൂചിതമാക്കേണ്ടുന്ന ഒരു വസ്തുതയുടെ പദവിന്യാസം കുറച്ചു ദൃശ്യമോ ശ്രവ്യമോ ആയ രീതിയിലൂടെ സന്ദേശം കൈമാറ്റം ചെയ്യുന്ന രീതിയെ അടയാളം എന്നു വിശേഷിപ്പിക്കാം. അങ്ങനെയെങ്കിൽ യിസ്രായേലിന്റെമേൽ വരുവാനിരിക്കുന്ന പ്രവാസത്തിന്റെ ഗുരുതരമായ സൂചന അടയാളമായി ജനത്തെ ബോധ്യപ്പെടുത്തുവാൻ പ്രവാചകൻ നടത്തുന്ന ശ്രമം തന്റെ മേൽ ഭരമേല്പിച്ചിട്ടുള്ള വലിയ ദൗത്യത്തിന്റെ ഭാഗമായി തന്നെ കരുതരുതോ! പ്രവാസത്തിന്റെ മൂർദ്ധന്യതയിൽ മതിൽ തുരന്ന് പ്രാണരക്ഷാർത്ഥം ഓടിപ്പോകുന്ന സിദക്കിയാ രാജാവിനെയും തന്റെ അനുചരന്മാരെയും (12:1-16) പ്രവാസത്തിന്റെ കാഠിന്യമേറിയ ഓടിപ്പോക്കിനു വിധേയരായി നടുക്കത്തോടെയും വിറയലോടെയും ഭക്ഷണ പാനങ്ങൾ ചെയ്യുന്ന സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥകളെയും (12:17-19) പ്രവാചകൻ പരസ്യമായി അഭിനയിക്കുന്നു. "ഞാൻ നിങ്ങൾക്ക് ഒരടയാളമാകുന്നു; ഞാൻ ചെയ്തതു പോലെ അവർക്കു ഭവിക്കും" (12:11) എന്ന പ്രവചനകന്റെ തുറന്നുപറച്ചിലിന് മാറ്റേറെയുണ്ട്. അതേസമയം പ്രവാചകന്റെ അഭിനയത്തിന്റെ പൊരുൾ "മത്സരഗൃഹമെങ്കിലും പക്ഷെ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും" (12:3) എന്ന ദൈവവിചാരം ഇവിടെ അടിവരയിടപ്പെടുന്നു. എങ്കിലും തങ്ങളുടെ ദുരവസ്ഥയുടെ പരിച്ഛേദം അടയാളമായി പ്രകടിപ്പിക്കുന്ന പ്രവാചകനോടുള്ള ജനത്തിന്റെ മനോഭാവം ആശാവഹമായിരുന്നില്ലെന്നു സംക്ഷേപിക്കുന്നതാണ് ശരി!

പ്രിയരേ, അത്യന്തം കഠിനമായ ഒരു ശുശ്രൂഷാ രീതിയാണ് യഹോവയായ ദൈവം യെഹെസ്കേലിലൂടെ ചെയ്യിച്ചത്. സ്വതം അടിയറവു വച്ച് ദൈവപക്ഷത്തിനു പ്രഥമസ്ഥാനം കൊടുക്കുവാൻ നിർബന്ധിതനായ പ്രവാചകൻ ജനത്തിന്റെ ഇടയിൽ അക്ഷരാർത്ഥത്തിൽ തന്നെ അടയാളമായി ഭവിച്ചു. ദൈവേച്ഛയുടെ പൂർത്തീകരണത്തിന് സ്വതമുപേക്ഷിക്കുന്നവർ ധന്യരാകും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

16/09/2022

"ഹൃദയമാറ്റ ചികിത്സയുടെ ആത്മീക വീക്ഷണം!"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പന്ത്രണ്ടാം (812) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 11:19 "അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും."

യെരുശലേമിന്റെ ദുഷ്ടതകൾ ന്യായം വിധിയ്ക്കപ്പെടുന്നു (11:1-13), പ്രവാസികളോട് അനുഭാവപൂർവ്വമായ ദൈവിക ഇടപെടൽ (11:14-22), ദൈവമഹത്വം യെരുശലേം വിട്ടുപോകുന്നു; പ്രവാചകൻ ദർശനത്തിൽ ബാബേലിൽ അഥവാ കല്ദയദേശത്തു എത്തിച്ചേരുന്നു (11:14-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

കല്പനകളും പ്രമാണങ്ങളും ആചരിക്കാതെ പുറംകാലിനു തട്ടിയെറിഞ്ഞ യിസ്രായേൽ പ്രവാസത്തിന്റെ കാഠിന്യം നന്നായി അനുഭവിക്കുന്നു. താഴ്വരകളിലെ പ്രാവുകൾ മലകളിൽ അഭയം നേടി കുറുകുന്നതുപോലെയുള്ള ശേഷിപ്പ് (7:16) തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞു ദൈവത്തോട് അഭിമുഖമാകുന്നതിന്റെ ശുഭസൂചന ഈ വാക്യങ്ങളുടെ കാര്യസാരമാണ്. അനുതാപവും കരച്ചിലും വചനം അനുസരിക്കുവാൻ അവരിൽ ഉളവാക്കിയ താത്പര്യവും സമർപ്പണവും യഹോവയായ ദൈവം കാണുകയും അതിനനുസരണമായി അവരുടെ ഹൃദയങ്ങളുടെ പുനഃസ്ഥാപനം നടത്തപ്പെടുകയും ചെയ്യുന്നു. ദൈവവചനത്തോടും കല്പനകളോടും മറുതലിപ്പു പുലർത്തുന്ന കല്ലായുള്ള ഹൃദയം മാറ്റിയിട്ടു അലിവും സമർപ്പണവും സ്വഭാവമാക്കിയ പുതിയ ഹൃദയവും, അതായതു മാംസമായുള്ള ഹൃദയം അവരിൽ സ്ഥാപിക്കുന്ന ദൈവിക പര്യാലോചന ഇവിടെ പ്രകടമാക്കുന്നു. തഴമ്പിച്ചു പോയ മനസാക്ഷിയുടെ നിലച്ചുപോയ പ്രവർത്തനം ദൈവോന്മുഖതയ്ക്കു വിഘാതം സൃഷ്ടിക്കുമെന്ന വസ്തുത ഇവിടെ അടിവരയിടപ്പെടുന്നു. വിഗ്രഹാരാധനയും മ്ലേച്ഛതകളും ദൈവപ്രകോപനത്തിനു മാത്രമുതകുന്ന ശീലങ്ങളും യിസ്രായേലിന്റെ ഹൃദയത്തിൽ കുടികൊള്ളുന്നു. അതിന്റെ പ്രതിഫലനം ആത്മീകവും രാഷ്ട്രീയവുമായ പരിസരങ്ങളിൽ അധഃപതനം സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലം വാളിനും ക്ഷാമത്തിനും മഹാമാരിയ്ക്കും ഒടുവിൽ പ്രവാസത്തിനും കാരണമാകുകയും ചെയ്തിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തിൽ യിസ്രായേലിന്റെ സമൂലമായ മടങ്ങിവരവ് 'ഹൃദയമാറ്റ ചികിത്സ' അല്ലാതെ മറ്റൊന്നിനാലും സാധ്യമാകില്ലെന്ന ദൈവപക്ഷം പ്രകടമാക്കുന്നു. മാറ്റിവയ്ക്കപ്പെട്ട പുതിയ ഹൃദയം ദൈവവചനത്തോടും അവിടുത്തെ ഇച്ഛകളോടും ക്രിയാത്മകമായി പ്രതികരിക്കുന്നതും മടങ്ങിവരവിന്റെ പാതകളിൽ കാലൂന്നുവാൻ ജനത്തെ തയ്യറാക്കുന്നതും ആയിരുന്നു.

പ്രിയരേ, ഹൃദയം എല്ലാറ്റിനേക്കാളും വിഷമമേറിയതാണ്. അതിന്റെ കാഠിന്യവും ക്രിയാത്മകമായ പ്രതികരണശേഷിയുടെ പോരായ്മകളും അതിഭയാനകമായ സ്ഥിതിവിശേഷങ്ങൾ ഉളവാക്കുമെന്ന ചരിത്രത്തിന്റെ പുഷ്‌ടീകരണമാണ് മേൽപ്പറയപ്പെട്ട വായനകളിൽ തെളിഞ്ഞു നിന്നതു. എന്നാൽ ഒരു ജീര്ണ്ണോ ദ്ധാരണ പ്രക്രിയയ്ക്കു പകരം പുതിയ ഹൃദയത്തിന്റെ പുനഃസ്ഥാപനമാണ് ഇവിടെ അനിവാര്യമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

14/09/2022

"കെരൂബിന്റെ കരങ്ങളിലെ അഗ്നി"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പതിനൊന്നാം (811) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 10:7 "ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി."

വിശ്വസ്ത ശേഷിപ്പായ പുരുഷന്മാരുടെ നെറ്റിയിൽ അടയാളമിട്ട അതേ പുരുഷൻ നഗരത്തിന്മേൽ തീ വിതറുന്നു (10:1-7), ഒന്നാം അദ്ധ്യായത്തിനു സമാനമായ സിംഹാസന രഥത്തിന്റെ ദർശനം ആവർത്തിക്കപ്പെടുന്നു (10:8-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെരുശലേമിന്റെ മ്ലേച്ഛതകൾ നിമിത്തം കരഞ്ഞുകൊണ്ടിരുന്ന വിശ്വസ്ത ശേഷിപ്പായ പുരുഷന്മാരുടെ നെറ്റിയിൽ അടയാളമിട്ടു വേർതിരിച്ച ശണവസ്ത്രധാരി അടുത്ത ദൗത്യത്തിനായി നിയോഗിക്കപ്പെടുന്നു. അതാകട്ടെ, യെരുശലേമിന്മേൽ പ്രഖ്യാപിക്കപ്പെട്ട മറ്റൊരു ന്യായവിധിയുടെ നടപ്പാക്കലിനോടുള്ള ബന്ധത്തിൽ ആയിരുന്നു. കെരൂബുകളുടെ ഇടയിലെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ കീഴിൽ നിന്നും ഒരു കെരൂബ്, കൈനീട്ടി തീക്കനലെടുത്തു ശണവസ്ത്രം ധരിച്ച പുരുഷന്റെ കരങ്ങളിൽ കൊടുക്കുന്നു. ആ പുരുഷൻ തന്റെ കരങ്ങളിൽ ലഭിക്കപ്പെട്ട തീക്കനലുമായി പുറപ്പെട്ടു പോകുന്നു. നിരോധവും കൊള്ളയടിക്കപ്പെടലും ക്ഷാമവും മഹാമാരിയും നിമിത്തം വെളിപ്പെട്ടു വന്ന ന്യായവിധിയുടെ അടുത്ത ഭാഗം ഇപ്പോൾ നഗരത്തിന്മേൽ കത്തുന്ന തീയായി പ്രകടമാകുന്നു! ബിസി 586 ൽ ബാബേൽ സൈന്യം യെരുശലേമിനെ അക്ഷരാർത്ഥത്തിൽ തീയിട്ടു നശിപ്പിച്ചതിലൂടെ (2 രാജാ. 25:9) ഈ ദർശനം നിവൃത്തിയായി. യെശയ്യാ പ്രവാചകന്റെ ദർശനത്തിൽ തീക്കനലിന്റെ സമാനമായ ദർശനം (യെശ. 6:1-7) പരാമർശിക്കുന്നുണ്ട്. ആ ദർശനത്തിൽ തീയാൽ പ്രവാചകൻ ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. അഗ്നി, ന്യായവിധിയ്ക്കും ശുദ്ധീകരണത്തിനും ഒരേപോലെ ഉപയോഗിക്കപ്പെടുന്നു എന്ന പാഠത്തിനു മാറ്റേറെയുണ്ട്. അനുബന്ധമായി "നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ" (എബ്രായ. 12:29) എന്ന ശ്ലീഹന്റെ വാക്കുകൾ ചേർത്തു ധ്യാനിച്ചാലും! നമ്മുടെ ദൈവം കൃപയുടെയും കരുണയുടെയും ദൈവം മാത്രമല്ല, പ്രത്യുത, ന്യായവിധിയുടെയും ദഹനത്തിന്റെയും ദൈവമാണെന്നും കൂടെ കരുതുന്നത് ദൈവത്തിന്റെ സ്വഭാവശ്രേഷ്ഠതയിലേക്കുള്ള ശരിയായ നടന്നടുക്കലല്ലേ!

പ്രിയരേ, ജനത്തിന്റെ മേൽ അവിടൂന്നു ചൊരിയുന്ന കരുണയുടെ ഘനം ശുദ്ധീകരണത്തിലൂടെയും ന്യായവിധിയിലൂടെയും ദർശിക്കാനാകും. അതേസമയം ദഹിപ്പിക്കുന്ന അഗ്നിയായി വെളിപ്പെട്ടു വരുന്ന ദൈവം അവിടുത്തെ നീതിയെ പ്രകടമാക്കുന്ന സർവ്വാധികാരിയായി തന്റെ ജനത്തോടു വ്യവഹാരം നടത്തുന്നവനാണ്.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

14/09/2022

"മഷിക്കുപ്പിയും വെണ്മഴുവും യഹോവയുടെ മഹത്വവും"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിപ്പത്താം (810) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 9:11 "ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു."

ദേശത്തിലെ മ്ലേച്ഛതകൾ നിമിത്തം കരയുന്ന പുരുഷന്മാരുടെ നെറ്റിയിൽ അടയാളമിട്ടു സംരക്ഷിക്കുകയും അല്ലാതുള്ളവരെ കൊന്നുകളയുകയും ചെയ്യുന്നതിന്റെ ദർശനം (9:1-7), യഹോവ ദേശത്തെ വിട്ടുപോയതിന്റെ നേർക്കാഴ്ച (9:8-11) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെഹെസ്കേലിന്റെ തുടരുന്ന ദർശനത്തിൽ ഒരു വലിയ കൂട്ടക്കൊലയുടെ ചിത്രമാണ് വരച്ചു കാട്ടപ്പെടുന്നത്. വെണ്മഴു കരത്തിലേന്തിയ ആറു പുരുഷന്മാരും അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായി ഒരു പുരുഷനും യഹോവയുടെ ആലയത്തിനകത്തു താമ്രപീഠത്തിനരികെ നിൽക്കുന്നു. അതേസമയം അതിപരിശുദ്ധ സ്ഥലത്തു കൃപാസനത്തിലെ കെരൂബിന്മേൽ ഇറങ്ങി ആവസിച്ചിരുന്ന യഹോവയുടെ മഹത്വം, ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നു നിൽക്കുന്നു (9:3). പിന്നീടത് പുറത്തെ പ്രകാരത്തിലെ കിഴക്കേ ഗോപുരത്തിലേക്കും (10:18-19) പിന്നെ ഒലിവുമലയിലേക്കും (11:23) മാറിപ്പോകുകയും ഒടുവിൽ സഹസ്രാബ്ദ കാലത്തിലെ ആലയത്തിലേക്കു മടങ്ങി വരുന്നതിനെയും ദർശനം (43:2-5) യെഹെസ്കേലിന്റെ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുള്ളത് സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടെ! കൃപാസനത്തിൽ നിന്നും ഉമ്മരപ്പടിയിലേക്കു നീങ്ങിയ യഹോവയുടെ മഹത്വം, ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയും ഓടത്തണ്ടുകൊണ്ടുള്ള എഴുത്തുകോലുമായി നിന്ന പുരുഷനെ ഒരു വലിയ കൂട്ടക്കൊലയ്ക്ക് നിയോഗിക്കുന്ന ദർശനമാണിത്. അതായത്, ആലയത്തിലെ മ്ലേച്ഛതകൾ അതിരുകടന്നു പാരമ്യതയിലെത്തി നിൽക്കുന്നു; അതിനെ കണ്ടു നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റിയിൽ അടയാളമിട്ടു വേർതിരിക്കുവാൻ ആജ്ഞ പുറപ്പെടുന്നു. അടയാളമിടപ്പെടാത്തവരെ പരിഗണനയേതുമില്ലാതെ കൊന്നുകളയുവാൻ വെണ്മഴു കരങ്ങളിലേന്തിയ പുരുഷന്മാർ പിന്നാലെ സഞ്ചരിക്കുന്നു. ഒരു വലിയ സംഹാരത്തിന്റെ ചിത്രമാണ് ഈ ദർശനത്തിന്റെ ആകെത്തുക. "യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല" (9:9c,d; 8:12) എന്ന മനോഭാവത്തിനെത്തിരെയുള്ള യഹോവയുടെ ഇടപെടലായി ഈ അനുക്രമത്തെ കാണുന്നതാണെനിക്കിഷ്ടം!

പ്രിയരേ, യഹോവയുടെ ദേശത്തെ അവിടൂന്നു വിട്ടുകളയുമെന്നോ? ഒരുനാളുമില്ല. അവിടുത്തെ ദൃഷ്ടികൾ ദേശത്തിലെ മ്ലേച്ഛതകളും അതിക്രമങ്ങളും കാണാതിരിക്കുമെന്നോ? ഒരുനാളുമില്ല. ദേശം യഹോവയുടെ മഹത്വത്താൽ നിറയപ്പെടേണമെന്ന ദൈവേച്ഛയ്ക്ക് അനുകൂലമായ സമീപനമാണ് ദൈവപ്രസാദത്തിനു നമ്മിൽ നിന്നും അവിടുത്തെ പ്രതീക്ഷ എന്നു ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

13/09/2022

"ദൈവനീതിയുടെ ചുവരെഴുത്തുകൾ"

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിയൊമ്പതാം (809) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 8:4 "അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനം പോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു."

യഹൂദാ മൂപ്പന്മാർ ദൈവാലയത്തിൽ ചെയ്യുന്ന മ്ലേച്ഛതകൾ (8:1-6), മിസ്രയീമ്യ മാതൃകയിൽ ഇഴജാതികളുടെയും മൃഗങ്ങളുടെയും ചിത്രം വരയ്ക്കപ്പെട്ട യഹോവയുടെ ആലയത്തിന്റെ ഭിത്തികൾ (8:7-12), ഫൊയ്നിക്യരുടെ മാതൃകയിൽ തമ്മൂസിനെ കുറിച്ച് വിലപിക്കുന്ന സ്ത്രീകൾ (8:13-14), പേർഷ്യക്കാരുടെ രീതിയിൽ കിഴക്കോട്ടു തിരിഞ്ഞു സൂര്യനമസ്കാരം ചെയ്യുന്ന പുരുഷന്മാർ (8:15-16), യഹൂദയുടെ അത്യന്തം ഗുരുതരമായ മ്ലേച്ഛതകളും അനിവാര്യമായ ന്യായവിധിയും (8:17-18) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെഹെസ്കേലിന്റെ വിളിയ്ക്കു ശേഷം അതായത് സുമാർ പതിനാലു വർഷങ്ങൾക്കു ശേഷം, തനിക്കുണ്ടായ ദർശനത്തിന്റെ വായനയാണ് ഈ അദ്ധ്യായം. ക്ഷൗരം ചെയ്യപ്പെട്ട തന്റെ തലമുടി (5:1) വളർന്നതിനു ശേഷം (8:3) ദൈവകരങ്ങളാൽ തലമുടിയ്ക്കു പിടിയ്ക്കപ്പെട്ട പ്രവാചകൻ ദിവ്യദർശങ്ങളിൽ യെരൂശലേമിലേക്കു കൊണ്ടുവരപ്പെട്ടു. അതായത്, ശാരീരികമായി പ്രവാചകൻ ബാബേലിൽ (3:15) ആയിരിക്കുന്നു; എന്നാൽ ആത്മാവിൽ പ്രവാചകൻ യെരുശലേം ദൈവാലയത്തിന്റെ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ (8:3) എത്തിച്ചേരുന്നു. ദൈവത്തിന്റെ മഹത്വം ഇറങ്ങി ആവസിക്കുന്ന ആ ഇടത്ത് എമ്പാടും അന്യാരാധനയുടെ വസ്തുക്കൾ (8:3c) അഥവാ "തീഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം" കാണപ്പെടുന്നു. മാത്രമല്ല, മഹാമ്ലേച്ഛതകളും (8:6), വല്ലാത്ത മ്ലേച്ഛതകളും (8:9) ഇഴജന്തുക്കളുടെയും മൃഗങ്ങളുടെയും ചുവർചിത്രങ്ങളും (8:10), തമ്മൂസിനെ ചൊല്ലിവിലപിക്കുന്ന സ്ത്രീകളും (8:14) കിഴക്കോട്ടു മുഖം തിരിച്ചുള്ള സൂര്യാരാധനയും (8:16) ഇങ്ങനെ യിസ്രായേലിന്റെ അതിഭയങ്കര ആത്മീക അധഃപതനത്തിന്റെ ചിത്രം ഇവിടെ വ്യക്തമാക്കപ്പെടുന്നു. ജനത്തിന്റെ മേൽ ഇത്ര ഭയാനകമായ ന്യായവിധി ആഞ്ഞടിക്കുവാൻ കാരണം തിരയുന്നവർക്കു ഉത്തമമായ ഉത്തരമാണ് ഈ അദ്ധ്യായത്തിന്റെ കാതൽപ്രമേയം എന്നു കുറിയ്ക്കുവാനാണ് പ്രേരണ! ജാതീയ ആരാധനയുടെ അതിപ്രസരം യെരുശലേമിൽ കൊടികുത്തി വാഴുന്ന പശ്ചാത്തലമാണ് ഇത്തരമൊരു അനുക്രമത്തിനു കാരണമായതെന്ന് പ്രവാചകൻ അർദ്ധശങ്കയ്ക്കിടയില്ലാത്ത വിധം വരച്ചുകാട്ടുന്നെന്നു സംഗ്രഹിക്കാം!

പ്രിയരേ, ദൈവിക ന്യായവിധിയുടെ പൊരുൾ കണ്ടത്തുക അത്ര 'ആനകേറാമല'യൊന്നുമല്ല! പകരം സമയാസമയങ്ങളിൽ കാലനീതിയുടെ ചുവരെഴുത്തുകളായി വായിച്ചെടുക്കുവാൻ പാകത്തിന് അവ വെളിപ്പെടുത്തപ്പെടുക തന്നെ ചെയ്യും. കാരണം, അവിടുത്തെ നീതിയ്‌ക്കെതിരെ വിരൽചൂണ്ടുവാൻ അവിടൂന്നു ആരെയും അനുവദിക്കുകയില്ല; അത്രതന്നെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

12/09/2022

"മലകളിൽ കുറുകുന്ന താഴ്‌വരയിലെ പ്രാവുകൾ":

“ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ എണ്ണൂറ്റിയെട്ടാം (808) സന്ദേശത്തിലേക്കു സ്വാഗതം!

യെഹെ. 7:16 "എന്നാൽ അവരിൽവെച്ചു ചാടിപ്പോകുന്നവർ ചാടിപ്പോകയും ഓരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും."

യിസ്രായേലിന്റെ ന്യായവിധിയുടെ സ്വഭാവം (7:1-15), ന്യായവിധിയുടെ കെടുതികളിൽ നിന്നും ചാടിപ്പോകുന്ന ചിലർ (7:16-22), സമാധാനവും ദർശനവും ആലോചനയും പൊയ്പ്പോകുന്ന പ്രവാസത്തിന്റെ മുന്നറിയിപ്പ് (7:23-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

നാലുപാടുനിന്നും ദേശത്തിന്മേൽ ചുറ്റിയടിക്കുന്ന ബാബേൽ പ്രവാസത്തിന്റെ ദുരന്തങ്ങൾ കഠിനമായ ഭാഷയിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. മടങ്ങിവരുവാൻ മനസ്സില്ലാതെ അകൃത്യത്തിൽ അഭിരമിക്കുന്ന യിസ്രായേലിനോട് മൃദുസമീപനം ഭാഷയിലോ, ക്രിയയിലോ കൊണ്ടുവരുവാൻ ദൈവത്തിനാകുന്നില്ല. കാരണം, "ആപത്തു സമീപവും" ന്യായവിധിയുടെ "വടിപൂത്തു അഹങ്കാരം തളിർത്തിരിക്കുന്നു" (7:10). അതായതു എത്രയും അടിയന്തിരമായ ഒരു സ്ഥിതിവിശേഷം സംജാതമായ പരിസരത്തിൽ സമാധാനത്തിന്റെ പുറംചികിത്സയ്ക്ക് എന്തു പ്രസക്തി! എങ്കിലും പ്രവാസത്തിന്റെ ദുരന്തങ്ങളിൽ നിന്നും ചാടിപോകുന്ന ഒരു ശേഷിപ്പിനെ സംബന്ധിച്ച പ്രസ്താവന ഇവിടെയും പ്രമേയമാക്കുന്നുണ്ട്. അവരാകട്ടെ, പ്രാവുകളെപ്പോലെ മലകളിലിരുന്നു കുറുകുന്നു എന്നാണ് പ്രവാചകഭാക്ഷ്യം! അതായത്, പ്രാവുകൾ താഴ്വരകളിലെ സുരക്ഷിത ഇടങ്ങളാണ് പാർപ്പിനായി തെരഞ്ഞെടുക്കുന്നത്. എങ്കിലും ഭീതിയുടെ ചുറ്റുപാടുകളിൽ നിന്നുള്ള സുരക്ഷയുടെ ഭാഗമായി പർവ്വതങ്ങളിലേക്കു ചേക്കേറുന്ന പ്രകൃതം പ്രാവുവർഗ്ഗത്തിൽ സാധാരണമാണ്! അങ്ങനെ മലകളിലിരുന്നു കുറുകുന്ന പ്രാക്കളെ (യെശ. 59:11 ഒ.നോ. 6:9) യുദ്ധത്തിന്റെയും അനുബന്ധ കെടുതികളുടെയും ബാക്കിപത്രമായി താന്താങ്ങളുടെ അകൃത്യത്തെ ഓർത്തു നിലവിളിക്കുന്ന യഹൂദനോട് ഉപമിച്ചിരിക്കുന്നു. നിലവിളിക്കുന്ന പാപികളോട് കരുണതോന്നുന്ന ദൈവം ചാടിപ്പോയ ഈ ചെറിയ ശേഷിപ്പിനോട് കരുണയും കൃപയും തോന്നി അവിടുത്തെ മാറോടു ചേർത്ത് കരുണയുടെ തലോടലാൽ ആശ്ലേഷിക്കുമെന്ന വസ്തുതയ്‌ക്കു രണ്ടുപക്ഷമില്ലെന്നു പഠിയ്ക്കുന്നതാണെനിക്കിഷ്ടം!

പ്രിയരേ, വസ്തുതകളെ കൃത്യമായി തിരിച്ചറിയുന്നതല്ലേ അനുതാപത്തിലേക്കുള്ള തുറന്ന വാതായനം! താഴ്വരകളിലെ പ്രാവുകൾ അവയുടെ ആവാസവ്യവസ്ഥിതിയിൽ ഉടലെടുക്കപ്പെടുന്ന അപകടസന്ധികൾ ഒതുങ്ങിതീരുവോളം മലമുകളിൽ കുറുകുവാൻ തയ്യാറാകുന്നതു പോലെ അകൃത്യങ്ങളുടെ ഏറ്റുപറച്ചിൽ അപകടഭീതികളിൽ നിന്നും തന്റെ ജനത്തെ വിടുവിക്കുമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

Address

Gyan Vihar Marg
Jagatpura
302017

Telephone

+919413565059

Website

Alerts

Be the first to know and let us send you an email when BFC Peniel Raja Park posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to BFC Peniel Raja Park:

Share