14/03/2024
വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയും
സിവിള്‍ കോടതിയിലെ വ്യവഹാരങ്ങളും
ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.
ആമുഖം
എറണാകുളം മുന്‍സിഫ് കോടതി മുമ്പാകെ, സീറോ-മലബാര്‍ സഭയുടെ ഔദ്യോഗിക അംഗീകാരമുള്ള കുര്‍ബാനയര്‍പ്പണരീതി തങ്ങളുടെ ഇടവകയിലും നടപ്പിലാക്കിക്കിട്ടുവാനും സീറോ- മലബാര്‍ സിനഡ് നിയമവിരുദ്ധമായി (illicit) പ്രഖ്യാപിച്ചതും എന്നാല്‍ തങ്ങളുടെ ഇടവകയില്‍ തുടര്‍ന്നു വരുന്നതുമായ ജനാഭിമുഖകുര്‍ബാന വിലക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചില ഇടവകാംഗങ്ങള്‍ സമര്‍പ്പിച്ച പരാതിയില്‍ എതിര്‍കക്ഷികളായ സീറോ-മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്‍റെയും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന്‍റെയും കോടതി സമക്ഷം സമര്‍പ്പിച്ച മറുപടികള്‍ നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതോടൊപ്പംതന്നെ തൃപ്പൂണിത്തുറ സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരിയുടെയും പാലാരിവട്ടം മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയുടെയും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മറുപടികളും വായിക്കുവാനിടയായി. എന്നാല്‍ പരാതിക്കാരുടെ കോടതിസമക്ഷം സമര്‍പ്പിക്കപ്പെട്ട പരാതിയുടെ പകര്‍പ്പ് നവമാധ്യമങ്ങളിലൊന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്ന പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സിവിള്‍ കോടതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി സംബന്ധിയായ വ്യവഹാരത്തിന്‍റെ സാംഗത്യവും സിവിള്‍ കോടതികള്‍ക്ക് ഇങ്ങനെയുള്ള വ്യവഹാരങ്ങളില്‍ എങ്ങനെയാണ് ഇടപെടാന്‍ സാധിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പൊതുജനസമക്ഷമുള്ള സന്ദേഹങ്ങളില്‍ അല്പമാത്രമായ വ്യക്തത വരുത്തുക എന്ന ലക്ഷ്യമാണ് ഈ ലേഖനത്തിനുള്ളത്.
വിശുദ്ധ പൗലോസ് ശ്ലീഹാ കൊറീന്തോസിലെ സഭയെ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്ന ഒരു കാര്യമാണ് തങ്ങളുടെ സഭയ്ക്കകത്തുള്ള പ്രശ്നങ്ങള്‍ സഭയ്ക്കകത്തു തന്നെയാണ് തീര്‍ക്കേണ്ടതെന്നും അത് സഭയ്ക്ക് പുറത്തുള്ള കോടതി മുമ്പാകെ എത്താതെ നോക്കണമെന്നും (cf. 1 കൊറി 6:1-8). ഇത് പൗലോശ്ലീഹായുടെ സ്വന്തം കണ്ടുപിടുത്തമായിരുന്നില്ല; പ്രത്യുത, മലയിലെ പ്രസംഗത്തില്‍ കര്‍ത്താവ് ഈശോമിശിഹാ തന്‍റെ ശ്രോതാക്കളെ ഓര്‍മ്മിപ്പിച്ച കാര്യം തന്നെയായിരുന്നു (cf. മത്താ 5:25). എന്നാല്‍, എല്ലാ കാനോനിക സമിതികളിലും ചര്‍ച്ചചെയ്ത് എല്ലാ സമിതികളുടെയും കാനന്‍ നിയമം നിര്‍ദ്ദേശിച്ചിട്ടുള്ള നൈയാമിക അനുമതിയോടെ എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ ഒരു ഭൂമി വില്‍പ്പന സംബന്ധിയായി, കത്തോലിക്കാസഭയുടെ പരമോന്നത അധികാരിയായ മാര്‍പാപ്പയുടെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന പൗരസ്ത്യ കാര്യാലയവും അതുപോലെ പരമോന്നത നീതിപീഠമായ സിഞ്ഞത്തൂര അപ്പസ്തോലിക്കയും തെറ്റുകാരനല്ല എന്ന് വിധി പ്രസ്താവിച്ചിട്ടുള്ള മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെതിരെ സിവിള്‍ കോടതിയെ സമീപിച്ച് ആദ്യപാപം ചെയ്ത എറണാകുളം- അങ്കമാലി അതിരൂപതയിലെ വിമതര്‍ ഇപ്പോള്‍ അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിവിള്‍ കോടതിയുടെ വിധി വരുമോ എന്നുള്ള ഭീതിയിലാണെന്ന് തോന്നുന്നു.
2022 മാര്‍ച്ച് 25-ാം തീയതി, കത്തോലിക്കാ സഭയുടെ പരമാധികാരി ഫ്രാന്‍സിസ് മാര്‍പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി അയച്ച കത്തില്‍ ആ വര്‍ഷം ഈസ്റ്ററിന് മുമ്പായി ആ രൂപതയിലാകമാനം നിയമാനുസൃതമായ വിശുദ്ധ കുര്‍ബാനയര്‍പ്പണം ആരംഭിക്കണമെന്നും, അനുസരിച്ചില്ലെങ്കില്‍ അത് കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന അവസ്ഥയിലേക്കായിരിക്കും പ്രസ്തുത അതിരൂപതയെ കൊണ്ടെത്തിക്കുക എന്നും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രസ്തുത കത്ത് മാര്‍പാപ്പ എഴുതിയതല്ലെന്നും, അതിലെ ഒപ്പ് മാര്‍പാപ്പയുടെതല്ലെന്നും, വത്തിക്കാന്‍റെ വെബ്സൈറ്റില്‍ ആ കത്ത് കാണുന്നില്ലെന്നും അതിനാല്‍ത്തന്നെ അത് കേരളത്തില്‍ സിനഡനുകൂലികള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നുമായിരുന്നു വ്യാജരേഖ നിര്‍മ്മാണത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ ഉള്‍പ്പെടുന്ന എറണാകുളം വിമതരുടെ വായ്ത്താരി. അതിനാല്‍, മാര്‍പാപ്പ താന്‍ അംഗമായ ഈശോ സഭക്കാരനായ സിറില്‍ വാസില്‍ പിതാവിനെ തന്‍റെ പ്രതിനിധിയായി papal legate) മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (മര്‍ക്കോ 12:1-12) യില്‍ കാണുന്ന തോട്ടത്തിന്‍റെ ഉടമസ്ഥനെപ്പോലെ, എറണാകുളം- അങ്കമാലിയിലെ പ്രശ്നപരിഹാരത്തിനായി പറഞ്ഞയച്ചെങ്കിലും എറണാകുളം വിമതര്‍ അദ്ദേഹത്തെ അനുസരിക്കുന്നതിനുപകരം അസഭ്യവര്‍ഷംകൊണ്ട് അഭിഷേകം നടത്തി വെള്ളകുപ്പികള്‍കൊണ്ട് തലയ്ക്കിട്ടെറിഞ്ഞ് അദ്ദേഹത്തെ ഓടിക്കുവാനാണ് ശ്രമിച്ചത്. അങ്ങനെ, എറണാകുളം വിമതരുടെ കൂറ് കത്തോലിക്കാ സഭയോടോ ആ സഭയുടെ തലവനായ മാര്‍പാപ്പയോടോ അല്ല എന്ന് സ്വകര്‍മ്മം കൊണ്ട് തെളിയിച്ചണ്ട അവരോടുകൂടി ഒരു എക്സ്ട്രാ മൈല്‍ (extra mile) കൂടി പോയി ആണെങ്കിലും എല്ലാവരെയും ചേര്‍ത്ത് പിടിക്കുവാനുള്ള അദമ്യമായ ആഗ്രഹത്താല്‍ പ്രേരിതനായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ 2023 ഡിസംബര്‍ 7-ാം തീയതി ഇറ്റാലിയന്‍ ഭാഷയിലുള്ള തന്‍റെ വീഡിയോ സന്ദേശം മലയാളഭാഷ തല്‍സമയ തര്‍ജ്ജമ എഴുതിക്കാണിച്ചുകൊണ്ട് നല്‍കിയതിലും എറണാകുളം-അങ്കമാലി അതിരൂപതയില്‍ സീറോ-മലബാര്‍ സഭയുടെ സിനഡ് തയ്യാറാക്കി മാര്‍പാപ്പ അംഗീകരിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി ഉടന്‍തന്നെ എല്ലായിടത്തും നടപ്പിലാക്കണമെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍, അതുപോലെ ആ സന്ദേശം വത്തിക്കാന്‍ വെബ്സൈറ്റില്‍ ഇറ്റാലിയനിലും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, വിമതരുടെ അടുത്ത ന്യായം മാര്‍പാപ്പ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നും അതിനാല്‍ത്തന്നെ, തങ്ങള്‍ മാര്‍പാപ്പയുടെ കല്പന അനുസരിക്കുവാന്‍ കടപ്പെട്ടവരല്ല എന്നും തങ്ങളുടെ യൂണിയന്‍ നേതാക്കള്‍ തങ്ങളോട് അനുസരിക്കുവാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ്.
കത്തോലിക്കാസഭ അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേലാണ് പണിയപ്പെട്ടിരിക്കുന്നത് (എഫേ 2:20). ആ അപ്പസ്തോലന്മാരുടെ പിന്‍ഗാമികളാണ് മെത്രാന്മാര്‍ എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ തിരുസഭയെപ്പറ്റിയുള്ള ജനതകളുടെ പ്രകാശം എന്ന ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റ്യൂഷന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുമുണ്ട്. കത്തോലിക്കാ തിരുസഭയില്‍ ആധികാരികമായി പഠിപ്പിക്കുവാന്‍ അധികാരമുള്ളത് മെത്രാന്മാര്‍ക്കാണെന്നും അതെ സൂനഹദോസ് അര്‍ത്ഥശങ്കയ്ക്കിടവരാത്ത രീതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്‍റെ മുഖത്താണ് ദൈവമെന്നും അല്ല മനുഷ്യന്‍ തന്നെയാണ് ദൈവമെന്നും പരസ്യമായി പ്രഖ്യാപിച്ച വിമത വൈദിക നേതാവിനെയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം വരുന്ന വൈദിക-അല്മായ ഗണം ഉറ്റുനോക്കുന്നതായി കാണപ്പെടുന്നത് എന്നത് തീര്‍ത്തും പരിതാപകരവും അപലപനീയമാണെന്നത് വ്യക്തം. ഈ പശ്ചാത്തലത്തില്‍വേണം 2024 ജനുവരിയില്‍ സമ്മേളിച്ച സിനഡ് പിതാക്കന്മാര്‍ എല്ലാവരുംകൂടി ഒപ്പിട്ട കത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ തന്‍റെ 2024 ജനുവരി 15-ാം തീയതിയിലെ കത്തോടുകൂടി രൂപതയിലെ എല്ലാ വൈദികര്‍ക്കും അയച്ചുകൊടുത്തുകൊണ്ട് അന്നുമുതല്‍ സീറോ- മലബാര്‍ സഭയുടെ ഔദ്യോഗിക ബലിയര്‍പ്പണരീതി മാത്രമേ പ്രസ്തുത അതിരൂപതയില്‍ അനുവദനീയമായിട്ടുള്ളൂ എന്ന് വ്യക്തമായി പ്രഖ്യാപിച്ചത്. അതിനുശേഷവും, എല്ലാ സഭാധികാരികളുടെയും വ്യക്തമായ കല്‍പ്പനകളുടെ നഗ്നലംഘനം നടത്തിക്കൊണ്ട് നിയമവിരുദ്ധ ജനാഭിമുഖ ബലിയര്‍പ്പണം തുടര്‍ന്നപ്പോളാണ് വിശ്വാസികളില്‍ ചിലര്‍ തങ്ങളുടെ മൗലീകാവകാശമായ ആരാധനാസ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുന്ന വിമത വൈദികര്‍ക്കെതിരെ സിവിള്‍ കോടതിയെ സമീപിക്കുന്നത്.
1. സിവിള്‍ കോടതിക്ക് ആരാധനാസംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാവുമോ?
വിശ്വാസവും ദൈവാരാധനയും സംബന്ധിയായ കാര്യങ്ങളില്‍ പരമാധികാരം അതാത് മതാധികാരികള്‍ക്ക് തന്നെയാണ്. ഒരു മതത്തിലെ അംഗങ്ങള്‍ എന്ത് വിശ്വസിക്കണം, എങ്ങനെ ആരാധിക്കണം എന്ന് രാജ്യത്തിലെ കോടതികള്‍ക്ക് ഒരിക്കലും തീരുമാനിക്കാനാവില്ല. എന്നാല്‍, ഒരു കോടതിയുടെ അധികാരപരിധിയില്‍ വരുന്ന പൗരന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തര്‍ക്കസംബന്ധിയായ കാര്യം നടന്നത്, അഥവാ നടക്കുന്നത്, അഥവാ നടക്കുവാന്‍ സാധ്യതയുള്ളത് കോടതിയുടെ അധികാരപരിധിക്കകത്തുള്ള സ്ഥലത്ത് അഥവാ സ്ഥാപനത്തിലാണെങ്കില്‍ കോടതിക്കിടപെടാനുള്ള സ്വാതന്ത്ര്യം ഇന്ത്യാരാജ്യത്തിലെ നിയമം സിവിള്‍ കോടതികള്‍ക്ക് നല്‍കിയിട്ടുണ്ട്. അത് ഉപയോഗിക്കുവാന്‍ ഒരു കോടതി തീരുമാനിച്ചാല്‍, കോടതിക്ക് തെറ്റുപറ്റിയെന്ന് പറയാനാവില്ല. കാരണം, കോടതികള്‍ നീതി നടപ്പിലാക്കുവാനുള്ള രാജ്യത്തിന്‍റെ സംവിധാനമാണല്ലോ. നിയമലംഘനം തടയുക, നിയമവാഴ്ച നിലനില്‍ക്കുവാനായി വേണ്ടതെല്ലാം ചെയ്യുക എന്നത് കോടതികളുടെ ദൗത്യത്തിന്‍റെ ഭാഗം തന്നെ. പക്ഷേ, ഇങ്ങനെയുള്ള പരാതികളില്‍ സിവിള്‍ കോടതി ഇടപെടാന്‍ തീരുമാനിച്ചാല്‍ അതിനുള്ള കാരണം അതാത് മതങ്ങളില്‍, അഥവാ പ്രസ്ഥാനത്തില്‍, പ്രസ്തുത പരാതികള്‍ പരിഹരിക്കുവാനുള്ള സംവിധാനങ്ങളോ അധികാരികളോ നടപടിക്രമങ്ങളോ ഇല്ലാത്തതുകൊണ്ട് മാത്രമാകണമെന്നില്ല, മറിച്ച് നടപടികളെടുക്കേണ്ടണ്ട ഉത്തരവാദിത്തപ്പെട്ടവര്‍ അവരുടെ ദൗത്യം വേണ്ടപോലെ സമയാസമയങ്ങളില്‍ നിര്‍വഹിക്കാത്തതുകൊണ്ട് പരാതിക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതായി തെളിയിക്കപ്പെടുമ്പോഴാണ്. നിയമം പൊതുനന്മയ്ക്കുവേണ്ടിയുള്ളതാണ്. അതിനാല്‍ത്തന്നെ നിയമം അനുസരിക്കുവാന്‍, ആര്‍ക്കുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന നിയമമാണോ, ആ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും കടമയുണ്ട്. ഉണ്ടാക്കിയിരിക്കുന്ന നിയമത്തില്‍ മനുഷ്യാവകാശലംഘനമോ, അഥവാ വിശ്വാസപരമോ, ആചാരപരമോ ആയി ഇദംപ്രഥമായി നിലനിന്നിരുന്ന എന്തിന്‍റെയെങ്കിലും ലംഘനമോ ഉണ്ടെന്ന് തോന്നുന്ന ആര്‍ക്കും ആ നിയമം റദ്ദാക്കുവാനായി ആ നിയമം ഉണ്ടാക്കിയ അധികാരികളുടെ മേലധികാരിയെ സമീപിക്കുകയോ, ആ അധികാരിക്ക് മുകളിലുള്ള കോടതിയെ സമീപിക്കുകയോ ചെയ്യാവുന്നതുമാണ്.
എന്നാല്‍, സീറോ-മലബാര്‍ സിനഡ് കുര്‍ബാന അനുഷ്ഠാനസംബന്ധിയായി ഉണ്ടാക്കിയ 50:50 നിര്‍ദ്ദേശം സാധുവായതും നൈയാമികവുമായ ഒരു നിയമമാണെന്ന് അതിനെതിരെ നല്‍കപ്പെട്ട പരാതിയില്‍ കത്തോലിക്കാസഭയുടെ പരമാധികാരിയായ മാര്‍പാപ്പയെ പ്രതിനിധീകരിച്ചുകൊണ്ട് പൗരസ്ത്യകാര്യാലയവും കത്തോലിക്കാസഭയുടെ പരമാധികാരിയായ മാര്‍പാപ്പ നേരിട്ടും പ്രഖ്യാപിച്ചതിനുശേഷം ഇക്കാര്യത്തില്‍ ഇനി ഇടപെടാന്‍ സാധിക്കുകയില്ല എന്ന് കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠമായ സിഞ്ഞത്തൂര അപ്പസ്തോലിക്കയും വ്യക്തമാക്കിയശേഷവും തങ്ങള്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന യുക്തിരഹിതമായ വാദങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം കത്തോലിക്കാസഭയുടെ നന്മയല്ല എന്നതും വ്യക്തം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സീറോ- മലബാര്‍ സഭയില്‍ നൈയാമികമായി നിലനില്‍ക്കുന്ന ഒരു ബലിയര്‍പ്പണരീതിയെ ഇന്നുള്ളൂ: അത് 50:50 രീതിയില്‍ തക്സയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ബലിയര്‍പ്പണരീതി തന്നെ. അതിന് വിരുദ്ധമായ ഒരു ബലിയര്‍പ്പണരീതിയും നൈയാമികമല്ല; അഥവാ നിയമവിരുദ്ധമാണ്.
നിയമവിരുദ്ധനടപടികള്‍ സമൂഹത്തില്‍ അന്തഃഛിദ്രം വിതയ്ക്കും; അശാന്തിക്ക് കാരണമാകും; അതിലൂടെ അനീതി നാട്ടില്‍ നടമാടും. അതിനെ തടയുവാനുള്ള സംവിധാനങ്ങളാണ് പോലീസും കോടതിയും. സീറോ-മലബാര്‍ സഭാനേതൃത്വവും എറണാകുളം-അങ്കമാലി അതിരൂപതാധികാരികളും നിയമലംഘന പ്രവണതകളെ മുളയോടെ നുള്ളുവാന്‍ സമയാസമയങ്ങളില്‍ ശ്രമിക്കാതിരുന്നതു കൊണ്ടുണ്ടായ പ്രതിസന്ധിയാണ് ഇന്ന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ കാണപ്പെടുന്ന കാറ്റ് വിതച്ചുള്ള കൊടുങ്കാറ്റ് കൊയ്യല്‍. നിയമം ഞങ്ങള്‍ക്ക് പുല്ലാണ്, നിയമം ലംഘിക്കാനുള്ളതാണ്, അനുസരിക്കുവാനുള്ളതല്ല, ഞങ്ങള്‍ ഒറ്റക്കെട്ടാണ് എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങള്‍കൊണ്ട് സ്വന്തം അതിരൂപതയിലെയും അതിലെ പരശതം ഇടവകകളിലെയും അന്തരീക്ഷം മലീമസമാക്കിയ ഛിദ്രശക്തികളെ, നിയമവാഴ്ചയില്ലാതെ ഒരു പ്രസ്ഥാനത്തിനും നിലനില്‍ക്കാനാവില്ല എന്ന അടിയുറച്ച ബോധ്യത്തോടുകൂടി നേരിടാന്‍ മടിച്ച ഓരോ കാലഘട്ടത്തിലെ സഭാനേതൃത്വത്തിനും കേരളസഭ മാപ്പ് കൊടുക്കുമോ ഇല്ലയോ എന്ന് ചരിത്രം വിലയിരുത്തട്ടെ.
സീറോ-മലബാര്‍ സഭയില്‍പ്പെട്ട ഏതാണ്ട് തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന വിശ്വാസികള്‍ ലോകമാസകലം അംഗീകരിച്ച് നടപ്പില്‍ വരുത്തിയ വലിയ പ്രശ്നങ്ങളില്ലാതെ അര്‍പ്പിച്ചുപോരുന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി തങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് പറയുന്ന വിമതര്‍ അതിനായി പറയുന്ന ഒരു ന്യായം തങ്ങള്‍ 1968 മുതല്‍ തുടരുന്ന ജനാഭിമുഖബലിയര്‍പ്പണം തങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ആചാരമാണെന്നും കത്തോലിക്കാസഭയുടെ കാനന്‍ നിയമമനുസരിച്ച് 30 വര്‍ഷത്തിലേറെയായി തുടരുന്ന ഒരു ആചാരം നൈയാമികവും സാധുവുമാണ് എന്നതാണ്. എന്നാല്‍ കാനന്‍ നിയമം സാധുവും നൈയാമികവുമായി തുടരുന്നതിന് ഒരു ആചാരം ഒരിക്കലും നിയമവിരുദ്ധമായി തുടങ്ങിയത് ആയിരിക്കരുത് എന്നും അനുശാസിക്കുന്നുണ്ട്. എന്നാല്‍, 1968-ലെ തക്സയില്‍ ആദ്യഭാഗം ജനാഭിമുഖമായി അര്‍പ്പിക്കുവാന്‍ മാത്രമാണ് അനുവാദം നല്‍കിയിരുന്നത്. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, 1968-ലെ തക്സയിലെ നിയമത്തിന് വിരുദ്ധമായാണ് ജനാഭിമുഖബലിയര്‍പ്പണം സീറോ-മലബാര്‍ സഭയില്‍ ആരംഭിച്ചത്. അതിനാല്‍ത്തന്നെ, ജനാഭിമുഖബലിയര്‍പ്പണം സീറോ-മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ നിയമത്തിന്‍റെ ലംഘനവും അതുപോലെതന്നെ സാധുവായ ആചാരത്തിന് പകരം വെറുമൊരു അനാചാരവും തന്നെയായി മാത്രമേ നിയമത്തിന്‍റെ ദൃഷ്ടിയില്‍ കാണാനാവൂ. നിയമത്തില്‍ പറയാത്ത കാര്യങ്ങളിലേ ആചാരങ്ങള്‍ക്ക് സാംഗത്യമുള്ളൂ. നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങളെല്ലാവരും അതേപടി അനുസരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു.
മുകളില്‍ പറഞ്ഞിരിക്കുന്ന തത്വങ്ങള്‍ എല്ലാം പരിഗണിച്ച് വേണം സീറോ-മലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി സംബന്ധിയായ പരാതിയില്‍ സിവിള്‍ കോടതി ഇടപെടണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനും വിധി പറയുവാനും.
കത്തോലിക്കാസഭയില്‍ ബലിയര്‍പ്പണം പരസ്യദൈവാരാധന അഥവാ ലിറ്റര്‍ജിയുടെ ഭാഗമാണ്. അതിനാല്‍ത്തന്നെ, അതിനെ നിയന്ത്രിക്കുവാനുള്ള നിയമസംഹിതകള്‍ കത്തോലിക്കാസഭയുടെ കാനന്‍ നിയമത്തിലും ലിറ്റര്‍ജിക്കല്‍ ഗ്രന്ഥങ്ങളിലുമായി വിശദമായി കൊടുത്തിട്ടുമുണ്ട്. ആ നിയമങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അനുസരിക്കുവാന്‍ ലിറ്റര്‍ജി പരികര്‍മ്മം ചെയ്യുന്ന വൈദികനും അതില്‍ ഭാഗഭാക്കാവുന്ന വിശ്വാസിസമൂഹവും കടപ്പെട്ടിരിക്കുന്നു. അതില്‍ ദുരുപയോഗങ്ങള്‍ കടന്നുകൂടിയാല്‍ അവ തിരുത്തുവാനും ആവശ്യമെങ്കില്‍ കുറ്റം ചെയ്തവരെ ശിക്ഷിക്കുവാനുമുള്ള അധികാരികളും ശിക്ഷാനിയമങ്ങളും ശിക്ഷാനടപടിക്രമങ്ങളും കത്തോലിക്കാ സഭയുടെ കാനന്‍ നിയമത്തിലുണ്ടുതാനും. നിയമവാഴ്ച നടപ്പിലാക്കുവാനും നിയമാനുസൃതമായ ബലിയര്‍പ്പണം നടന്നുകാണുവാനും വേണ്ട നടപടിക്രമങ്ങള്‍ ചെയ്യുവാന്‍ അവകാശവും കടമയും ഉള്ളയാളാണ് രൂപതാ മെത്രാന്‍. എറണാകുളം-അങ്കമാലി അതിരൂപതയെ സംബന്ധിച്ചിടത്തോളം അപ്പസ്തോലിക് അഡ്മിനിട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന്‍റെ കടമയും അവകാശവുമാണ് ആ അതിരൂപതയില്‍ നിയമവിരുദ്ധമെന്ന് സഭ പ്രഖ്യാപിച്ച ബലിയര്‍പ്പണരീതി ആരും തുടരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതും നിയമാനുസൃതമായ വിശുദ്ധ കുര്‍ബാനയര്‍പ്പണം എല്ലാ ഇടവക ദേവാലയങ്ങളിലും എല്ലാ ബലിയര്‍പ്പണ സ്ഥലങ്ങളിലും എല്ലാ കുര്‍ബാനയര്‍പ്പണത്തിനും നടപ്പില്‍ വരുന്നു എന്ന് ഉറപ്പുവരുത്തുന്നതും. ഒരു സര്‍ക്കുലര്‍ അയച്ച് നിയമാനുസൃതം ബലിയര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഒരു മെത്രാന് രൂപതയിലെ ഉത്തരവാദിത്വം. കത്തോലിക്കാസഭയ്ക്ക് മറ്റേത് മതവിഭാഗങ്ങളെപ്പോലെതന്നെ, വിശ്വാസപരവും ആരാധനാപരവുമായ കാര്യങ്ങളില്‍ സ്വയംഭരണാവകാശമുണ്ട്. സാധാരണഗതിയില്‍, സഭയിലെ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ അവരെ ഏല്‍പ്പിച്ച അധികാരശുശ്രൂഷ വിശ്വസ്തതാപൂര്‍വം നിര്‍വഹിക്കുകയും നിയമവാഴ്ചയ്ക്ക് വേണ്ടതെല്ലാം ചെയ്യുകയും ചെയ്യുന്നപക്ഷം അവിടെ അനീതിക്ക് ഇടമുണ്ടാവുകയില്ല; അതിനാല്‍ത്തന്നെ സിവിള്‍ കോടതി ഇടപെടേണ്ടണ്ട ആവശ്യവുമില്ല. എന്നാല്‍, ഉത്തരവാദിത്തപ്പെട്ട മേലധികാരികള്‍ തങ്ങളുടെ കുറ്റകരമോ കുറ്റകരമല്ലാത്തതോ ആയ അനാസ്ഥയില്‍ തുടരുകയും നിയമലംഘനവും അതില്‍നിന്നുളവാകുന്ന അനീതിയും മൗലികാവകാശ ലംഘനവും നടമാടുകയും ചെയ്യുമ്പോള്‍, അതുമൂലം നിയമവാഴ്ച അസാധ്യമാവുകയും സമൂഹത്തില്‍ ഭിന്നതയും അശാന്തിയുമുണ്ടാവുകയും ചെയ്യുമ്പോള്‍ സിവിള്‍ കോടതി അതിലിടപെടേണ്ടതായി വരും. പക്ഷേ, ഇവിടെ സിവിള്‍ കോടതി പുതിയ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ലിറ്റര്‍ജിക്കല്‍ നിയമങ്ങളോ ഉണ്ടാക്കുകയല്ല ചെയ്യുന്നത്, പ്രത്യുത, ഉള്ള നിയമങ്ങളുടെ വെളിച്ചത്തില്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തീര്‍പ്പു കല്‍പ്പിക്കുകയാണ്. അതിനോടനുബന്ധിച്ച് തെറ്റായ ബലിയര്‍പ്പണരീതി വിലക്കുവാനും നിയമാനുസൃതമായ ബലിയര്‍പ്പണത്തിന് ബലിയര്‍പ്പകരെ നിര്‍ബന്ധിക്കുവാനും സിവിള്‍ കോടതികള്‍ക്ക് സാധിക്കും. അങ്ങനെയുള്ള അവസരങ്ങളില്‍, സിവിള്‍ കോടതി, കത്തോലിക്കാസഭയുടെ സ്വയംഭരണാവകാശം കവര്‍ന്നെടുക്കുകയല്ല ചെയ്യുന്നത്, പ്രത്യുത, തങ്ങളുടെ സ്വയംഭരണാവകാശാ ധികാരങ്ങള്‍ വിനിയോഗിക്കുവാന്‍ മറന്നുപോയ അധികാരികള്‍ക്കുവേണ്ടി ആ അധികാരം വിനിയോഗിച്ചുകൊണ്ട് സഭാതനയരുടെ മൗലികാവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കുക മാത്രമാണ്.
ഇതില്‍നിന്ന് തുലോം വ്യത്യസ്തമാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെതിരായ സിവിള്‍, ക്രിമിനല്‍ കേസുകള്‍. അദ്ദേഹം ഒപ്പിട്ട വസ്തുവില്പനകള്‍ കാനന്‍ നിയമമനുസരിച്ച് ശരിയായിരുന്നു എന്ന് കത്തോലിക്കാസഭയുടെ പരമാധികാരവും സിവിള്‍ നിയമമനുസരിച്ച് തെറ്റില്ലാത്തതെന്ന് കേരള ഗവണ്‍മെന്‍റും സാക്ഷ്യപ്പെടുത്തിയശേഷവും ആ വ്യവഹാരങ്ങള്‍ കോടതികളില്‍ തുടരുന്നു. ഇവിടെ കുര്‍ബാനയര്‍പ്പണസംബന്ധിയായ വ്യവഹാരങ്ങളില്‍ നിയമവിരുദ്ധമെന്ന് കത്തോലിക്കാസഭയുടെ പരമാധികാരിയുള്‍പ്പെടെയുള്ള എല്ലാ ഉത്തരവാദിത്തപ്പെട്ട അധികാരികളും വ്യക്തമാക്കിയ, നിയമവിരുദ്ധബലിയര്‍പ്പണം ആരും നടത്തരുത് എന്നും നിയമാനുസൃതമായ ബലിയര്‍പ്പണം സാധിക്കുകയില്ലെങ്കില്‍ ബലിയര്‍പ്പണമേ വേണ്ടായെന്ന പേപ്പല്‍ ഡെലിഗേറ്റിന്‍റെ നിര്‍ദ്ദേശത്തിനും ശേഷമുള്ള നിയമവിരുദ്ധ ബലിയര്‍പ്പണമാണ് സിവിള്‍ കോടതിയുടെ പരിഗണനയ്ക്കായി വന്നിരിക്കുന്നത്. കോടതിയുടെ അധികാരപരിധിക്കുള്ളിലെ എല്ലാവിധ നിയമവിരുദ്ധ നടപടികളും തടയുവാനുള്ള തീരുമാനമെടുക്കുവാനും ആ തീരുമാനം നടപ്പിലാക്കുവാനുമുള്ള സ്വാതന്ത്ര്യം സിവിൾ കോടതിക്കുള്ളതായാണ് നാം അനുമാനിക്കേണ്ടത്.
2. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്‍റെ പ്രാഥമിക തടസ്സവാദം
വിശ്വാസവും ആരാധനയും സംബന്ധിയായ കാര്യങ്ങളിലും അതിനോട് ബന്ധപ്പെട്ട സഭാ ധികാരസംബന്ധിയായ കാര്യങ്ങളിലും കത്തോലിക്കാസഭയുടെ സ്വയംഭരണാധികാരത്തില്‍ സിവിള്‍ കോടതി ഇടപെടാന്‍ പാടില്ല എന്ന പ്രാഥമിക തടസ്സവാദവും ആ തടസ്സവാദം കോടതി നിരാകരിച്ചാല്‍ മറ്റു വാദങ്ങള്‍ വീണ്ടും അവതരിപ്പിക്കുവാനുള്ള അവകാശവും ചോദിച്ചുകൊണ്ടുള്ള പ്രാരംഭ തടസ്സവാദത്തില്‍ സ്വീകാര്യമായതും അല്ലാത്തതുമായ പലതും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയാതെ വയ്യ. സീറോ-മലബാര്‍ സഭയുടെ സിനഡിന്‍റെ വിശുദ്ധ കുര്‍ബാനയര്‍പ്പണസംബന്ധിയായ കാര്യത്തിലെ പരമാധികാരം ബോസ്കോ പുത്തൂര്‍ പിതാവ് അടിവരയിട്ട് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ വിശുദ്ധ കുര്‍ബാന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായ ഒരു പ്രാര്‍ത്ഥനാചടങ്ങ് (it is a prayer ceremony service founded on customs and rituals as far as the Christian Community as a whole is concerned) ആണ് എന്ന വിശദീകരണം കത്തോലിക്കാസഭയുടെ ഔദ്യോഗിക പഠനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. പറയേണ്ടിയിരുന്നത് വിശുദ്ധ കുര്‍ബാന സഭയുടെ ഔദ്യോഗികമായ പരസ്യദൈവാരാധനയാണെന്നും അതിനാല്‍ത്തന്നെ അതില്‍ മെത്രാന്‍ സിനഡിനോ മാര്‍പാപ്പയ്ക്കോ അല്ലാതെ മറ്റാര്‍ക്കും യാതൊന്നും കൂട്ടിച്ചേര്‍ക്കുവാനോ മാറ്റുവാനോ ഉപേക്ഷിക്കുവാനോ സാധ്യമല്ല എന്നും (SC 22/3) അതിന്‍റെ പ്രാര്‍ത്ഥനകള്‍ അതേപടി ചൊല്ലിയാല്‍ മാത്രം പോരാ അതേ തക്സയില്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് അതിലെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതെന്നും അതിലെ അനുഷ്ഠാനവിധിക്കനുസരിച്ചല്ലാത്ത എല്ലാ ബലിയര്‍പ്പണവും നിയമവിരുദ്ധമാണെന്നും ആ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും താന്‍ തന്നെ എല്ലാ വൈദികരെയും അറിയിച്ചിട്ടുള്ളതാകുന്നു എന്നുമായിരുന്നു. കൂട്ടത്തില്‍ പറയാമായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നുകില്‍ ഇങ്ങനെ പറയാമായിരുന്നു: രൂപതയുടെ ഭരണാധികാരി എന്ന നിലയില്‍ നിയമവിരുദ്ധമായി ബലിയര്‍പ്പിക്കുന്നവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റുവാനും അവരെ ശിക്ഷിക്കുവാനുമുള്ള സര്‍വവിധ അധികാരങ്ങളും തനിക്കുള്ളതിനാല്‍ താന്‍തന്നെ അത് ചെയ്തുകൊള്ളാമെന്നും കോടതി അതിലിടപെടേണ്ടണ്ട ആവശ്യമില്ലായെന്നും അല്ലെങ്കില്‍ പറയാമായിരുന്നത്, കത്തോലിക്കാസഭയുടെ കാനന്‍ നിയമമനുസരിച്ച് സ്വയംഭരണത്തിനും ശിക്ഷിക്കാനുമൊക്കെയുള്ള അധികാരം തനിക്കുണ്ടെങ്കിലും അത് പ്രയോഗിക്കുവാന്‍ താന്‍ അശക്തനാണെന്നും അതിനാല്‍ത്തന്നെ വിശ്വാസികളുടെ മൗലികാവകാശമായ നിയമാനുസൃതമായ ബലിയര്‍പ്പണം അവര്‍ക്ക് സാധിച്ചു കൊടുക്കുവാന്‍ താന്‍ പരാജയപ്പെട്ടതിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അതിനാല്‍ത്തന്നെ മെത്രാന്‍ സിനഡിന്‍റെ നിര്‍ദ്ദേശം അനുസരിച്ചുള്ള ബലിയര്‍പ്പണരീതി കോടതി ഉത്തരവുവഴി നടപ്പിലാക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നോ തനിക്ക് അതില്‍ എതിരില്ല എന്നോ ആയിരുന്നു. അതിരൂപതാഭരണം ഏറ്റെടുത്തിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും രാജിവച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെപ്പോലെ വിശ്വാസികളുടെ ന്യായമായ അവകാശമായ നൈയാമിക ബലിയര്‍പ്പണരീതി നടപ്പിലാക്കാന്‍ പരാജയപ്പെടുകയും എന്നത്തേക്കെങ്കിലും അത് നടപ്പിലാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യാതെ ഇത് സഭാധികാരികളുടെ അവകാശമാണ്, അതില്‍ കോടതി ഇടപെടാന്‍ പാടില്ല എന്നുള്ള വാദം 'പട്ടി പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്നിരുന്നാലും, സഭാസംവിധാനത്തിനകത്തെ പരാതിപ്പെടാനുള്ള നൈയാമിക വേദികളിലായിരുന്നു സഭാതനയര്‍ ഈവക പരാതിയുമായി ആദ്യം പോകേണ്ടിയിരുന്നതെന്ന് തന്നെയാണ് ഈ ലേഖകന്‍റെ സുചിന്തിതമായ അഭിപ്രായം. അതിനാല്‍ത്തന്നെ, പരാതിക്കാര്‍ ആരായാലും, അവര്‍ ഇത്തരം കാര്യങ്ങള്‍ക്കായി സഭാക്കോടതിയില്‍ പോകുന്നതിനുപകരം, സിവിള്‍ കോടതിയില്‍ പോയതിനെ അഭിനന്ദിക്കുവാനോ അവരെ പിന്തുണയ്ക്കുവാനോ ഈ ലേഖകന്‍ ഒരുക്കവുമല്ല. എന്നാല്‍, സിവിള്‍ കോടതി, ഇങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍, സഭാനേതൃത്വം നിഷ്ക്രിയമാകുന്ന അവസ്ഥയില്‍ സഭാനിയമപ്രകാരം ബലിയര്‍പ്പിക്കണമെന്നും നിയമലംഘനത്തിലൂടെയുള്ള കുര്‍ബാനയര്‍പ്പണം നിരോധിച്ചിരിക്കുന്നു എന്നും ഉത്തരവിട്ടാല്‍ അത് സഭയുടെ വിശ്വാസാചാരസംബന്ധിയായുള്ള കാര്യങ്ങളിലെ സ്വയം ഭരണാവകാശത്തിലുള്ള കൈകടത്തലായല്ല കാണുക, പ്രത്യുത, ആ സ്വയംഭരണാവകാശത്തെ ഊട്ടിയുറപ്പിക്കുന്നതായിട്ടാണ്.
പൗരസ്ത്യ കാനോനസംഹിതയിലെ 17-ാം കാനോന അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത രീതിയില്‍ വ്യക്തമാക്കുന്ന ഒരു കാര്യമാണ് കത്തോലിക്കാസഭയിലെ വിശ്വാസികളുടെ മൗലികാവകാശത്തിലൊ ന്നാണ് തങ്ങളുടെ സ്വയാധികാരസഭയുടെ നിയമങ്ങളനുസരിച്ച് ദൈവാരാധനയില്‍ പങ്കെടുക്കുവാനുള്ള അവരുടെ അവകാശമെന്നത്. പരസ്യദൈവാരാധന എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണെന്ന് 668-ാം കാനോനയുടെ ഒന്നാം ഖണ്ഡിക വ്യക്തമാക്കുന്നത് സഭയുടെ നാമത്തില്‍ സഭ അംഗീകരിച്ച വ്യക്തികള്‍ സഭ അംഗീകരിച്ച ആചാരാനുഷ്ഠാനങ്ങള്‍ വഴി നടത്തുന്ന ആരാധനയാണ് പരസ്യ ദൈവാരാധനയെന്നാണ്. അതിനാല്‍ത്തന്നെ, സഭ അംഗീകരിച്ച പ്രാര്‍ത്ഥന സ്വന്തയിഷ്ടപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങളോടുകൂടി നടത്തിയാല്‍ അത് സഭയുടെ പരസ്യദൈവാരാധനയാകില്ല; പ്രത്യുത, അത് നിയമലംഘനവും അനാചാരവും മാത്രമാണ്. അതിനാല്‍ത്തന്നെ, അത് 17-ാം കാനോന നല്‍കുന്ന വിശ്വാസികളുടെ മൗലികാവകാശലംഘനവുമാകുന്നു. മൗലികാവകാശലംഘനങ്ങള്‍ക്ക് നേരെ കോടതി കണ്ണടയ്ക്കണമെന്ന് ആവശ്യപ്പെടുവാന്‍ ആര്‍ക്കും സാധ്യമല്ലതാനും.
3. മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സത്യവാങ്മൂലം
സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്‍റെ 2024 ഫെബ്രുവരി 16-ാം തീയതിലെ എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച മറുപടിസത്യവാങ്മൂലം (I.R. No. 2 of 2024 in OS No. 136 of 2024) പല കാരണങ്ങളാല്‍ അഭിനന്ദനാര്‍ഹവും ഇക്കാര്യത്തില്‍ സിവിള്‍ കോടതിക്ക് വ്യക്തമായ ഒരു തീരുമാനമെടുക്കുവാന്‍ സഹായിക്കുന്നതുമാണെന്ന് കാണാവുന്നതാണ്. ലിറ്റര്‍ജി സംബന്ധിയായ നിയമങ്ങള്‍ പൗരസ്ത്യ കാനോനസംഹിതയിലെ മൂന്നാം കാനോനപ്രകാരം കാനന്‍നിയമത്തിലും അതുപോലെതന്നെ ലിറ്റര്‍ജിക്കല്‍ ഗ്രന്ഥങ്ങളിലും കാണുന്നത് എല്ലാവരും അനുസരിക്കുവാന്‍ കടപ്പെട്ടതാണെന്നുള്ള കാര്യം പ്രസ്തുത സത്യവാങ്മൂലം ആദ്യമേതന്നെ വ്യക്തമാക്കുന്നുണ്ട് (No.7, page 2). അതുപോലെതന്നെ, സീറോ-മലബാര്‍ സിനഡിനാണ് വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയെപ്പറ്റി തീരുമാനിക്കുവാനുള്ള അധികാരമെന്നും അങ്ങനെ സിനഡ് എടുത്ത 50:50 തീരുമാനം സാധുവും നൈയാമികവുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുപോലെതന്നെ, തക്സയിലെ പ്രാര്‍ത്ഥനകള്‍ തക്സയില്‍ കൊടുത്തിട്ടുള്ള ആചാരാനുഷ്ഠാനങ്ങള്‍ (rubrics) കൃത്യമായി അനുസരിച്ചുകൊണ്ടാണ് ബലിയര്‍പ്പിക്കേണ്ടതെന്നും ഐശ്ചികമായി തക്സയില്‍ കൊടുത്തിട്ടുള്ളവയൊഴിച്ച് ബാക്കിയെല്ലാക്കാര്യങ്ങളിലും കാര്‍മ്മികന്‍ തക്സയില്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും അദ്ദേഹം കോടതിയെ ധരിപ്പിക്കുന്നു. അതിനാല്‍ത്തന്നെ പ്രസ്തുത പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട ഇടവക വികാരിമാര്‍ക്ക് നിയമവിരുദ്ധമായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാന്‍ യാതൊരു അവകാശമോ അധികാരമോ ഇല്ലെന്നും അതിനാല്‍ത്തന്നെ പരാതിക്കാരുടെ ആവശ്യങ്ങള്‍ കോടതി സാധിച്ചു കൊടുക്കണമെന്ന് കോടതിയോട് അപേക്ഷിക്കുന്നു എന്നുമാണ്. സീറോ- മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആണ് കാനന്‍ നിയമമനുസരിച്ച് സീറോ-മലബാര്‍ സഭയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് സംസാരിക്കുവാന്‍ അധികാരാവകാശങ്ങളുള്ള വ്യക്തി. അദ്ദേഹം പരാതിക്കാരുടെ അപേക്ഷ അനുവദിച്ചു കൊടുക്കണമെന്ന് അപേക്ഷിച്ചതോടുകൂടിത്തന്നെ, സീറോ-മലബാര്‍ സഭയിലെ 35 രൂപതകളില്‍ ഒന്നുമാത്രമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാനടുത്തുള്ള അധികാരങ്ങള്‍ കൈയാളുന്ന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്‍റെ പ്രാരംഭതടസ്സവാദം തികച്ചും അപ്രസക്തമായി എന്നതാണ് വസ്തുത.
4. ഇടവക വികാരിമാരുടെ തടസ്സവാദങ്ങള്‍: ഒരു കാനോനിക അവലോകനം
ഒരു ഇടവക വികാരി ഇടവകയെ നയിക്കേണ്ടതും ഭരിക്കേണ്ടതും കത്തോലിക്കാസഭയുടെ കാനന്‍നിയമമനുസരിച്ചാണ്. ഇടവക വികാരിയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക എന്നത് തന്നെയാണ്. എന്നാല്‍, വിശുദ്ധ കുര്‍ബാന സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയായതിനാല്‍ അത് അര്‍പ്പിക്കേണ്ടത് കാനന്‍ നിയമത്തിലും തക്സായിലും കൊടുത്തിരിക്കുന്ന നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിച്ചുകൊണ്ടായിരിക്കണം. നിയമങ്ങള്‍ അനുസരിക്കണമോ വേണ്ടയോ എന്ന് ഇടവകാംഗങ്ങളുടെ ഭൂരിപക്ഷം നോക്കി തീരുമാനമെടുക്കേണ്ടണ്ട കാര്യമല്ല; പ്രത്യുത, നിയമങ്ങള്‍ അനുസരിക്കുവാനുള്ളതാണ് എന്ന വസ്തുത തന്‍റെ ഭരണത്തിനായി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ പഠിപ്പിക്കുകയും ആ നിയമങ്ങളനുസരിച്ച് മാതൃക കാണിക്കുകയും ചെയ്യുക എന്നതാണ് പഠിപ്പിക്കുക, ഭരിക്കുക, വിശുദ്ധീകരിക്കുക എന്നീ ത്രിവിധ ദൗത്യങ്ങള്‍ രൂപതാമെത്രാനോട് ചേര്‍ന്നുനിന്ന് നിര്‍വഹിക്കുവാനുള്ള വൈദികരുടെ, പ്രത്യേകിച്ച് ഇടവക വികാരിമാരുടെ കടമ.
ഇടവക ജനത്തിന്‍റെ മൗലികാവകാശങ്ങളിലൊന്നാണ് സഭയുടെ ഔദ്യോഗിക ബലിയര്‍പ്പണം നിയമാനുസൃതമായ രീതിയില്‍ത്തന്നെ തങ്ങള്‍ക്ക് ലഭിക്കുക എന്നത്. അത് ലഭിക്കാതെ വരികയും തങ്ങളുടെ അവകാശത്തെപ്പറ്റിയും ഇടവക വികാരിയുടെ ദൗത്യത്തെപ്പറ്റിയും ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും നിയമവിരുദ്ധ ബലിയര്‍പ്പണം തുടര്‍ന്ന ഇടവക വികാരിയെയും ഇടവകയെയും ഒന്നും രണ്ടും പ്രതികളാക്കി കൊടുത്ത പരാതിക്കുള്ള മറുപടിസത്യവാങ്മൂലത്തില്‍, ഇടവക ജനത്തിനുള്ള ഈ മൗലികാവകാശം നിഷേധിച്ചുകൊണ്ടുള്ള വാദങ്ങളാണ് ആമുഖമായിത്തന്നെ വികാരിമാര്‍ അവതരിപ്പിച്ചിരിക്കുന്നത് (cf. No. 2, page 1). നിയമവിരുദ്ധമായ കാര്യങ്ങള്‍ ആരുടെയും അവകാശമല്ല.