28/03/2021
ശഅബാൻ മാസത്തിന്റെ പകുതിയിലെ രാത്രിയെ ചിലർ ലൈലത്തുല്‍ ബറാഅത്ത് [പാപങ്ങളില്‍ നിന്നും മുക്തമാകുന്ന രാവ്] എന്ന പേരിൽ ആചരിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമായും ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. ഒന്നാമത്തെ യാസീന്‍ രിസ്ക് [ഭക്ഷണം] ലഭിക്കാനും രണ്ടാമത്തേത് ആയുസ്സ് ദീര്‍ഘിച്ചുകിട്ടാനും മൂന്നാമത്തേത് പാപം പൊറുക്കാനുമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില വാറോലകളുടെ പിന്‍ബലത്തില്‍ ഈ രാവില്‍ പ്രത്യേക നമസ്കാരങ്ങളും നോമ്പും ആചരിച്ചു വരുന്നു. ശാമുകാരായ ചില താബിഉകളാണ് ഈ അനാചാരത്തിന്റെ വാക്താക്കള്‍ എന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ധേഹത്തിന്റെ ഫതാവല്‍ കുബ്റയില്‍ [2 :80,81] രേഖപ്പെടുത്തുന്നു.
ഇമാം അബൂശാമ (റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക : സൈദ്ബ്നു അസ്ലമില്‍ നിന്നും ഇബ്നു വല്ലഹ് (റ) ഉദ്ധരിച്ചിരിക്കുന്നു : "നമ്മുടെ കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ നിന്നോ മതനേതാക്കളില്‍ നിന്നോ ഒരാളും തന്നെ ശഅ'ബാന്‍ പാതിരാവിന്‍റെ (പുണ്യത്തിലേക്ക്) തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. മക്ഹൂല്‍ ഉദ്ധരിച്ച ഹദീസിലേക്ക് അവര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല. മറ്റുള്ള രാവുകളേക്കാള്‍ (ശഅബാന്‍ പാതിരാവിനു) അവര്‍ യാതൊരുവിധ ശ്രേഷ്ഠതയും കല്‍പ്പിക്കാരുണ്ടായിരുന്നില്ല." [കിതാബുല്‍ ബാഇസ് പേജ് 125, അല്‍ ബിദഅ' പേജ് 46]
ഇമാം അബൂശാമ (റ) ഇബ്നു ദഹ്യയില്‍ നിന്നും വീണ്ടും ഉദ്ധരിക്കുന്നു : "ശഅബാന്‍ പാതിരാവിന്‍റെ ശ്രേഷ്ടതയെക്കുറിച്ച് വന്നിട്ടുള്ള ഒരൊറ്റ ഹദീസും സ്വഹീഹല്ല. അതിനാല്‍ അല്ലാഹുവിന്‍റെ അടിമകളെ, ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നവരെക്കുറിച്ചു നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ക്കവര്‍ ഹദീസുകള്‍ ഉദ്ധരിച്ചുതരുന്നത് നന്മയിലേക്ക് നയിക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടായിരിക്കും. എന്നാല്‍ ഒരു നന്മ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ അത് അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ചര്യയായി വരേണ്ടതുണ്ട്. ഒരു കാര്യം വ്യാജ്യമാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് മതചര്യയില്‍ നിന്നും പുറത്ത് പോയി." [കിതാബുല്‍ ബാഇസ് പേജ് 127]
'ബറാഅത് രാവ്' എന്ന് നാമകരണം ചെയ്തുകൊണ്ട് ഈ രാവില്‍ നടത്തപ്പെടുന്ന പ്രത്യേക നോമ്പിനെയും നമസ്കാരങ്ങളെയും കുറിച്ച് നിരവധി പണ്ഡിതന്മാര്‍ അവയൊക്കെ ബിദ്അത്തുകളാണെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇമാം ശാത്വബിയുടെ ഒരു പ്രസ്താവന ശ്രദ്ധിക്കുക : "ശഅബാന്‍ പകുതിയില്‍ പകല്‍ നോമ്പനുഷ്ടിക്കുക, രാത്രി നമസ്കാരം നിര്‍വഹിക്കുക പോലുള്ള മതത്തില്‍ പ്രത്യേകമായി സമയം നിര്‍ണ്ണയിക്കുകയോ കല്പ്പിക്കുകയോ ചെയ്യാത്ത ആരാധനകള്‍ അനുഷ്ടിക്കല്‍ അനാചാരങ്ങളില്‍പെട്ടതാണ്." [അല്‍ ഇഅ'തിസാം 1 ;53]
ഖുര്‍ആന്‍റെ ഭൂമുഖമുഖത്തെക്കുള്ള ആദ്യത്തെ അവതരണം റമദാന്‍ മാസം 'ലൈലത്തുല്‍ ഖദ്റിലാ' ണെന്നതില്‍ മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. അല്ലാഹു പറയുന്നു : "ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍." [ഖുര്‍ആന്‍ 2:185 ] "തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു." [ഖുര്‍ആന്‍ 97:1] അല്ലാഹു ആ രാവിനെപ്പറ്റി ഒന്നുകൂടി വിശദീകരിക്കുന്നു : "തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു." [ഖുര്‍ആന്‍ 44:3]
മേല്‍ വചനങ്ങളില്‍ പറഞ്ഞ റമദാനിലെ രാവ്, ലൈലത്തുല്‍ ഖദര്‍, ലൈലതുന്‍ മുബാറക്ക എന്നിവയെല്ലാം വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച ആദ്യ രാവിനെ സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ കാര്യമായ യാതൊരുവിധ തര്‍ക്കവുമില്ല. എന്നാല്‍ ജലാലൈനി തഫ്സീറുകാര്‍ ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത് ശഅബാന്‍ പാതിരാവിലാണെന്ന ഒരു സംശയം രേഖപ്പെടുത്തിവെച്ചു. സൂറത്ത് ദുഖാനിലെ മൂന്നാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം : "(തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു) അഥവാ ലൈലത്തുല്‍ ഖദ്റില്‍ അല്ലെങ്കില്‍ ശഅബാന്‍ പാതിരാവില്‍." [ജലാലൈനി 2:652]
ജലാലൈനിയിലെ ഈ പരാമര്‍ശം പ്രാമാണികരായ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇമാം റാസി രേഖപ്പെടുത്തുന്നു : "ലൈലത്തുല്‍ ഖദര്‍ സംഭവിച്ചത് റമദാനിലാണ്. പ്രസ്തുത രാവിലാണ് ഖുര്‍ആന്‍ ആദ്യമായി ഇറക്കപ്പെട്ടത് എന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ദുഖാന്‍ സൂറത്തില്‍ പറഞ്ഞ ലൈലതുന്‍ മുബാറക്ക ശഅബാന്‍ പാതിരാവാണെന്ന ചിലരുടെ വാദത്തിനു യാതൊരു തെളിവും അവരില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല." [തഫ്സീറുല്‍ കബീര്‍ 7:316]
ഇമാം ഇബ്നു കസീര്‍ (റ) സൂറത്ത് ദുഖാനിലെ മൂന്നാം വചനം വിശദീകരിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു : "ഖുര്‍ആനിന്‍റെ (ആദ്യാവതരണം) ശഅബാന്‍ പാതിരാവിലാണെന്നു വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ തെളിവുകളില്‍ നിന്നും വളരെ വിദൂരമാണ്. അത് റമദാനിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സുവ്യക്തമാക്കിയിരിക്കുന്നു." [ഇബ്നു കസീര്‍ 4:137]
✍പി കെ മൊയ്തീന്‍ സുല്ലമി
voiceofislah.com