17/10/2023
മസ്ജിദുൽ അഖ്സയുടെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വവും
- മൗലാനാ മുഫ്തി അബുൽ ഖാസിം നുഅ്മാനി
(മുഹ്തമിം , ദാറുൽ ഉലൂം ദേവ്ബന്ദ്)
بسم اللہ الرحمن الرحیم
الحمداللہ رب العالمین والصلاۃ والسلام علی سید الانبیاء والمرسلین سیدنا ومولانا محمد وآلہ واصحابہ اجمعین. اما بعد۔
ബഹുമാന്യ സഹോദരന്മാരെ,
ഫലസ്ത്വീൻ, മസ്ജിദുൽ അഖ്സ, ഖുദ്സ് ഇവയുമായി ഈമാനികവും വൈകാരികവുമായ ബന്ധമാണ് മുസ്‌ലിംകൾക്കുള്ളത്. അതൊരിക്കലും ഒഴിവാക്കാൻ സാധിക്കുന്നതല്ല. മസ്ജിദുൽ അഖ്സയെ പരാമർശിക്കുന്ന പ്രത്യേകം ആയത്തുകൾ തന്നെ ഖുർആനിലുണ്ട്. ഇതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു:
اعوذ باللہ من الشیطان الرجیم، بسم اللہ الرحمٰن الرحیم،
سُبْحَانَ الَّـذِىٓ اَسْرٰى بِعَبْدِهٖ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ اِلَى الْمَسْجِدِ الْاَقْصَى الذی بَارَكْنَا حَوْلَـهٝ لِنُرِيَهٝ مِنْ اٰيَاتِنَا ۚ اِنَّهٝ هُوَ السَّمِيْعُ الْبَصِيْر(الاسراء:١)
ആശയം:
തന്റെ ദാസനെ ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്നും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് കാണിക്കുന്നതിന് നാം ചുറ്റുഭാഗത്തും അനുഗ്രഹം ചൊരിഞ്ഞ മസ്ജിദുൽ അഖ്‌സയിലേക്ക് പ്രയാണം ചെയ്യിച്ച അല്ലാഹു പരമപരിശുദ്ധനാണ്. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.
ഈ ആയത്തിൽ മസ്ജിദുൽ അഖ്സയെ സംബന്ധിച്ച് വ്യക്തമായി പരാമർശിച്ചിരിക്കുന്നു. തുടർന്ന് അഖ്സയും അതിന്റെ പരിസരവും അനുഗ്രഹീതമാണെന്നും അറിയിക്കുന്നു. ആയത്തിന്റെ ലക്ഷ്യം ആദരവായ റസൂലുല്ലാഹി ﷺ യുടെ ഇസ്റാഅ്, മിഅ്റാജ് യാത്രയെ സംബന്ധിച്ച് വിവരിക്കലാണ്. എന്നാൽ തുടർന്നുള്ള ആയത്തുകളിൽ യഹൂദികളുടെയും ബനൂ ഇസ്റാഈലിന്റെയും ഉയർച്ചയുടെയും പതനത്തിന്റെയും ചരിത്രവും വിവരിച്ചിട്ടുണ്ട്.
▫️ഫലസ്ത്വീനിന്റെ ചരിത്ര പശ്ചാത്തലം
മസ്ജിദുൽ അഖ്സയുമായി ബന്ധപ്പെട്ട് ധാരാളം സംഭവ വികാസങ്ങൾ നടന്നതായി ചരിത്രം പരതുമ്പോൾ നമുക്ക് കാണാൻ സാധിക്കും. ഇവിടം റസൂൽ ﷺ യുടെ മിഅ്റാജിന്റെ പ്രാരംഭ സ്ഥലമാണ്. മിഅ്റാജിന്റെ യാത്രയിൽ റസൂൽ ﷺ മക്കയിൽ നിന്നും മസ്ജിദുൽ അഖ്സയിലേക്ക്
വന്നു. അവിടെ നിന്നും ആകാശ ലോകത്തേക്ക് യാത്ര തിരിച്ചു. ശേഷം മസ്ജിദുൽ അഖ്സയിലേക്ക് മടങ്ങി വന്നിട്ടാണ് തങ്ങൾ ﷺ മക്കയിലേക്ക് പോയത്. മക്കയിൽ നിന്നും മസ്ജിദുൽ അഖ്സ വരെയുള്ള യാത്രക്ക് ഇസ്റാഅ് എന്നും, മസ്ജിദുൽ അഖ്സയിൽ നിന്നും ആകാശലോകത്തിലേക്കുള്ള യാത്രയ്ക്ക് മിഅ്റാജ് എന്നും പറയപ്പെടുന്നു. ഈ യാത്രയിലാണ് അഞ്ച് നേരത്തെ നിസ്കാരം മുസ്‌ലിംകൾക്ക് സമ്മാനമായി ലഭിച്ചത്. മസ്ജിദുൽ അഖ്സയിൽ വെച്ച് റസൂൽ ﷺ മറ്റ് പ്രവാചകന്മാരുമായി സന്ധിച്ചതും അവർക്ക് ഇമാമത് നിന്നും നിസ്കരിച്ചത് ഈ യാത്രയുടെ അവസാനത്തിലാണ്. മസ്ജിദുൽ അഖ്സയോടുള്ള ബന്ധത്തിന്റെ പ്രധാനമായ മറ്റൊരു കാരണം ഇത് മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായിരുന്നു. മദീനയിലേക്കുള്ള പ്രയാണ അനന്തരം പതിനാറ് അല്ലെങ്കിൽ പതിനേഴ് മാസം ആദരവായ റസൂലുല്ലാഹി ﷺ മസ്ജിദുൽ അഖ്സയെ മുന്നിട്ടാണ് നിസ്കാരം നിർവ്വഹിച്ചത്. ഖിബ്‌ല മാറ്റിയതായുള്ള അറിയിപ്പ് നൽകപ്പെട്ട ശേഷം റസൂൽ ﷺ മസ്ജിദുൽ ഹറാമിനെ മുന്നിട്ട് നിസ്കരിക്കാൻ ആരംഭിച്ചു. ഇതിനെ സംബന്ധിച്ചാണ് രണ്ടാമത്തെ ജുസ്ഇലെ ആദ്യ ആയത്തിൽ പ്രതിപാദിച്ചിരിക്കുന്നത് :
سَيَقُوْلُ السُّفَهَآءُ مِنَ النَّاسِ مَا وَلَّاهُـمْ عَنْ قِبْلَتِهِـمُ الَّتِىْ كَانُـوْا عَلَيْـهَا ۚ قُلْ لِّلّـٰهِ الْمَشْرِقُ وَالْمَغْرِبُ ۚ يَـهْدِىْ مَنْ يَّشَآءُ اِلٰى صِرَاطٍ مُّسْتَقِـيْمٍ (البقرۃ:142)
ആശയം : വിവരമില്ലാത്ത വിഡ്ഢികള്‍ ചോദിക്കും: മുസ്‌ലിംകള്‍ അഭിമുഖീകരിച്ചിരുന്ന അവരുടെ ഖിബ്‌ലയില്‍ നിന്നും അവര്‍ പിന്തിരിഞ്ഞു കളഞ്ഞത് എന്തിനാണ്? പറയുക: കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് നേര്‍മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്നു.
ഇതിൽ 'قِبْلَتِهِـمُ الَّتِىْ كَانُـوْا عَلَيْـهَا' എന്നത് കൊണ്ടുള്ള ഉദ്ദേശം മസ്ജിദുൽ അഖ്സയാണ്. മസ്ജിദുൽ അഖ്സയും ഫലസ്ത്വീനും ധാരാളം പ്രവാചകവര്യന്മാരുടെ വാസസ്ഥലവും അന്ത്യവിശ്രമ സ്ഥലവുമാണ്. അവിടെയുളള മസ്ജിദ് ഹസ്രത്ത് സുലൈമാൻ (അ), ഹസ്രത്ത് ദാവൂദ് (അ) കൂടി നിർമ്മിച്ചതാണ്. ഇതിന്റെ ആദ്യ നിർമ്മാണം മലക്കുകളാണ് നിർവ്വഹിച്ചത്. പിന്നീട് ഹസ്രത്ത് സുലൈമാൻ (അ), ഹസ്രത്ത് ദാവൂദ് (അ) കൂടി പുനർ നിർമ്മിച്ചു. ഇക്കാരണത്താൽ മുസ്‌ലിംകൾക്ക് ഈ നാടിനോടും അഖ്സയോടുമുള്ള ബന്ധം അങ്ങേയറ്റം വൈകാരികവും ആഴമേറിയ ഹൃദയബന്ധവുമാണ്.
ഇന്ന് യൂറോപ്പിന്റെ ഗൂഢാ തന്ത്രത്തിലൂടെ അറേബ്യയുടെ മദ്ധ്യേത്തിൽ ഇസ്രയേലിന്റെ രൂപത്തിൽ ഒരു കഠാര കുത്തിയിറക്കിയിരിക്കുന്നു. ഇതിന്റെ ദുരന്തം അന്ന് മുതൽ ഇന്ന് വരെ ലോകം മുഴുവൻ അനുഭവിക്കുകയാണ്. ഇതവരുടെ കുതന്ത്രമായിരുന്നു. അതിനാൽ തന്നെ എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇതിന് പരിപൂർണ്ണ പിന്തുണ നൽകി. അപ്പോൾ നാമമാത്രമായിരുന്ന ഇസ്രയേൽ എന്ന രാജ്യം അവരുടെ ഭൂ പരിധി വിശാലമാക്കുകയെന്ന ലക്ഷ്യത്തിൽ മുന്നേറുക മാത്രമല്ല, മറിച്ച് ഫലസ്ത്വീനിന്റെ യഥാർഥ അവകാശികൾക്ക് മേൽ ക്രൂരമായ അതിക്രമം അഴിച്ചു വിടുകയും ചെയ്തു.
▫️ഫലസ്ത്വീൻ നിവാസികളുടെ അടിയുറപ്പിനും ധൈര്യത്തിനും മംഗളാശംസകൾ
ഇക്കഴിഞ്ഞ പരിശുദ്ധ റമളാനിലാണ് മസ്ജിദുൽ അഖ്സയിൽ നിസ്കരിച്ച് കൊണ്ടിരുന്നവർക്ക് നേരെ ഇസ്റാഈൽ ആക്രമണം നടത്തിയത്. അവരെ മർദ്ദിക്കുകയും, അവർ ചെയ്ത ചെറിയ ചെറുത്തുനിൽപ്പിന്റെ മറവിൽ ഗാസ മുനമ്പിൽ ബോംബെറിഞ്ഞു, അതിൽ ആയിരക്കണക്കിന് ഫലസ്തീനികൾ രക്തസാക്ഷികളാകുകയും പരിക്കേൽക്കുകയും ചെയ്തു. കുട്ടികളും സ്ത്രീകളും പോലും കൊല്ലപ്പെട്ടു. എന്നാൽ ഇസ്രായേൽ പോലെയുള്ള ഒരു നവജാത, അഹങ്കാരവും കലാപകാരികളുമായ ഒരു രാജ്യം മുട്ടുകുത്തി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതുവരെ ചെറുത്തുനിന്ന ധീര മുജാഹിദുകൾ അഭിനന്ദനം അർഹിക്കുന്നു.
▫️ നാം എന്ത് ചെയ്യണം ?
ഈ സാഹചര്യത്തിൽ നാം ചെയ്യണ്ട ചില കർത്തവ്യങ്ങളുണ്ട്. ഒന്നാമതായി മുഴുവൻ മുസ്‌ലിംകളും തങ്ങളുടെ പിന്തുണയും സഹായവും മർദ്ദിതരായ ഫലസ്ത്വീനികൾക്കാണെന്ന് പ്രഖ്യാപിക്കുക. ഇതിലൂടെ ഈ പോരാട്ടത്തിൽ തങ്ങൾ ഒറ്റക്കല്ലെന്നും ലോക മുസ്‌ലിംകൾ മുഴുവനും തങ്ങൾക്കൊപ്പമാണെന്ന ആശ്വാസം അവർക്ക് ലഭിക്കുന്നതാണ്.
ഇന്നത്തെ ലോകം പൊതുജനാഭിപ്രായത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നു; അതിനാൽ, ലോകമെമ്പാടുമുള്ള മുസ്‌ലിംകളും പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്‌ലിംകളും ഫലസ്‌ത്വീനിനെയും ഫലസ്‌ത്വീനിലെ ജനതയെയും പിന്തുണച്ച് ശബ്ദമുയർത്തുകയും ലോകമനസാക്ഷിയെ ഉണർത്താനും പരിശ്രമിക്കണം. പാശ്ചാത്യ രാജ്യങ്ങളും, ഐക്യരാഷ്ട്ര സഭയും, യു.എൻ രക്ഷാ സമിതിയുമെല്ലാം അവരുടെ തന്നെ ഇഷ്ടങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി മാത്രം സമാധാനത്തിനും ശാന്തിക്കും ആഹ്വാനം നടത്തുന്നവരാണ്. അവർക്ക് ആവശ്യമുള്ള സ്ഥലങ്ങളിലെ ജനതയുടെ മേൽ അവരുടെ തീരുമാനം അടിച്ചേൽപ്പിക്കുന്നു. എന്നാൽ അവരുടെ കൺമുമ്പിൽ ഫലസ്ത്വീൻ ജനത ക്രൂരമായി അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതവർ കാണുന്നില്ല. ഇത് കേൾക്കുന്നതിൽ നിന്നും അവരുടെ ചെവികൾക്ക് ബധിരത ബാധിച്ചിരിക്കുന്നു. അതിനാൽ ഫലസ്ത്വീനിലെയും അവിടുത്തെ ജനതയുടെയും വിഷയത്തിൽ യു.എൻ രക്ഷാസമിതി നീതിപൂർണ്ണമായ തീരുമാനം കൈ കൊള്ളുന്നത് വരെ ശബ്ദമുയർത്തൽ നമ്മുടെ ബാധ്യതയാണ്.
അതിനാൽ, ഫലസ്തീൻ വിഷയത്തിൽ അവകാശവും നീതിയും നടപ്പിലാക്കാൻ രക്ഷാസമിതി നിർബന്ധിതരാകുന്ന തരത്തിൽ ഫലസ്തീനിനും ഫലസ്തീനിലെ ജനങ്ങൾക്കും അനുകൂലമായി ശബ്ദം ഉയർത്തേണ്ടത് ആവശ്യമാണ്. ഫലസ്ത്വീൻ ജനതയ്ക്ക് നീതി ലഭിക്കണം. അവരിൽ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു നൽകണം. അതുപോലെ ഇസ്റാഈലിന്റെ ഭാഗത്ത് നിന്നുള്ള കൈയ്യേറ്റങ്ങളും അക്രമങ്ങളും നിർത്തലാക്കുകയും വേണം.
ഇതിനോടൊപ്പം ഫലസ്ത്വീൻ ജനതക്കായി പടച്ചവനോട് നാം മനമുരുകി പ്രാർത്ഥിക്കണം. അല്ലാഹുവേ ഖുദ്സിനെയും അതിന്റെ സമീപസ്ഥരെയും നീ സംരക്ഷിക്കണേ... അവരുടെ അന്തസ്സും അഭിമാനവും നീ തിരിച്ചു നൽകണേ... മസ്ജിദുൽ അഖ്സയെ ജൂതരുടെ കൈയ്യിൽ നിന്നും നീ മോചിപ്പിക്കണമേ... ആമീൻ
▫️പ്രത്യേകം ശ്രദ്ധിക്കുക !
ഈ സന്ദർഭത്തിൽ പ്രത്യേകം ഒരു കാര്യം കൂടി ഉണർത്താൻ ആഗ്രഹിക്കുകയാണ്. ബൈത്തുൽ മഖ്ദിസ് എന്ന് പറയപ്പെടുന്ന സ്ഥലത്താണ് ഖുബ്ബത്തു സഖ്റയും മസ്ജിദ് അഖ്സയും സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇന്ന് മസ്ജിദുൽ അഖ്സ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സ്വർണ്ണ നിറത്തിലുള്ള ഖുബ്ബ അത് യഥാർത്ഥിലുള്ള അഖ്സയല്ല, അത് ഖുബ്ബത്തു സഖ്റയാണ്. അത് അഖ്സയിൽ നിന്നും മാറിയുള്ള മറ്റൊരു കെട്ടിടമാണ്. ഇസ്റാഈലും ജൂത സയണിസ്റ്റുകളും മസ്ജിദുൽ അഖ്സക്ക് നിരന്തരമായി ധാരാളം കേടുപാടുകൾ വരുത്തി കൊണ്ടിരിക്കുകയാണ്. അതിനെ തകർക്കുന്നതിനായുള്ള കുതന്ത്രമാണ് ലോകത്തിന് മുന്നിൽ ഖബ്ബത്തു സഖ്‌റയെ മസ്ജിദുൽ അഖ്‌സ എന്ന് പേരിൽ പ്രചരിപ്പിക്കുന്നത്. അല്ലാഹു കാത്തു രക്ഷിക്കട്ടെ, അവരുടെ ഈ കുതന്ത്രം വിജയിച്ചാൽ അവർ മസ്ജിദുൽ അഖ്സ തകർത്തു കളയുകയും ഖുബ്ബത്തു സഖ്റ കാണിച്ചു കൊണ്ട് മസ്ജിദുൽ അഖ്സക്ക് യാതൊരു കേടുപാടുമില്ലെന്ന് വാദിക്കുകയും ചെയ്യുന്നതാണ്. അതിനാൽ ഇവ രണ്ടിന്റെയും വ്യത്യാസം മനസ്സിലാക്കാൻ മസ്ജിദുൽ അഖ്സയുടെ ചരിത്ര പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടതാണ്.
എന്നാൽ ഖേദകരമെന്ന് പറയട്ടെ, നാം നമ്മുടെ ചരിത്രത്തെ സംബന്ധിച്ച് ബോധവാന്മാരല്ല. ആ നാടിനെ സംബന്ധിച്ചും അവിടെ നടന്ന പ്രധാന സംഭവങ്ങളെ കുറിച്ചും എല്ലാവരും പഠിക്കുകയും പ്രത്യേകിച്ച് വരും തലമുറയെ ബോധവാന്മാരാക്കേണ്ടതുമാണ്.
അല്ലാഹുവേ... ഫലസ്ത്വീൻ ജനതയെ നീ സംരക്ഷിക്കണേ... മസ്ജിദുൽ അഖ്സയെ സംരക്ഷിക്കണേ... അക്രമികളുടെ അക്രമങ്ങൾക്ക് നീ തടയിടണേ... അക്രമിക്കപ്പെട്ടവർക്ക് നീ ആശ്വാസം നൽകണേ.. ലോക മുസ്‌ലിംകളുടെ ഹൃദയത്തിൽ നീ ഉണർവ്വ് നൽകണേ... സ്വന്തം കർത്തവ്യങ്ങൾ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകണേ...
وصلی اللہ تعالی علی خیر خلقہ وآلہ وصحبہ اجمعین۔ آمین برحمتک یاارحم الراحمین۔