25/08/2026
96-ാമത് പുനരൈക്യ ആഘോഷ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ചെന്നൈ (ഓഗസ്റ്റ് 23, 2026): 96-ാമത് പുനരൈക്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വാഗത സംഘം ഓഫീസ് (പുനരൈക്യ ആഘോഷ കോർഡിനേഷൻ ഓഫീസ്) ഉദ്ഘാടനം ചെയ്തു. ചെന്നൈ മൊഗപ്പെയറിലെ മാർ ഈവാനിയോസ് നഗറിൽ (മാർ ഗ്രിഗോറിയോസ് കോളേജ് ക്യാമ്പസ്) സംഘടിപ്പിച്ച ചടങ്ങിൽ ഖഡ്കി–പൂനെ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ പക്കോമിയോസ് മെത്രാപ്പോലിത്ത ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കുന്ന ത്രിദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവരെ സ്വീകരിക്കുന്നതിനും, ആവശ്യമായ ഏകോപനങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനുമായാണ് ഈ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.
സെപ്റ്റംബർ 17, 18 തീയതികളിൽ നടക്കാനിരിക്കുന്ന മലങ്കര കാത്തലിക് അസോസിയേഷൻ (MCA) സഭാതല അർദ്ധവാർഷിക അസംബ്ലിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയ എം.സി.എ. സഭാതല നേതാക്കളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. എം.സി.എ. സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്. ആർ., വൈസ് പ്രസിഡന്റ് ശ്രീമതി കുഞ്ഞുമോൾ സാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. വി. എ. ജോർജ് (ജോജി അങ്കിൾ), ഭദ്രാസന പ്രസിഡന്റ് ശ്രീ. ജോസ് അലക്സാണ്ടർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
5,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പുനരൈക്യ ദിനാഘോഷങ്ങൾ അവിസ്മരണീയവും ആത്മീയമായി സമ്പന്നവുമാക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ മഹാസമ്മേളനത്തിൽ എല്ലാ വിശ്വാസികളും അഭ്യുദയകാംക്ഷികളും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.